Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻമുസഫർ നഗറിലെ 
ചോരയിൽ ചവിട്ടി 
മോദിയുടെ 
അധികാരാരോഹണം

മുസഫർ നഗറിലെ 
ചോരയിൽ ചവിട്ടി 
മോദിയുടെ 
അധികാരാരോഹണം

ജി വിജയകുമാർ

നൂറ്റാണ്ടുകളായി മതമെെത്രി നിലനിന്നിരുന്ന ഒരു മേഖലയാണ് പടിഞ്ഞാറൻ യുപി പ്രത്യേകിച്ചും മുസഫർ നഗറും സമീപപ്രദേശങ്ങളും. അവിടെയാണ് ആർഎസ്എസ്/ബിജെപി ആസൂത്രീതമായി വർഗീയതയുടെയും മതവിദേ-്വഷത്തിന്റെയും വിഷവിത്തുവിതച്ചത്. 2013 സെപ്തംബറിലാണ് 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ വർഗീയ ലഹളയ്ക്ക് മുസഫർ നഗറും സമീപപ്രദേശങ്ങളും സാക്ഷ്യം വഹിച്ചത്. 2020–21ലെ കർഷകസമരം ആ ധ്രുവീകരണത്തിൽ അയവു വരുത്തിയെങ്കിലും ആർഎസ്എസും ബിജെപിയും ഇപ്പോഴും വർഗീയചേരിതിരിവ് നിലനിർത്താൻ കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

2023 ആഗസ്ത് 28ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ മുസഫർ നഗർ വർഗീയലഹളയുടെ കേന്ദ്ര ബിന്ദുവായ കവാൽ ഗ്രാമം സന്ദർശിച്ചത് സംഘട്ടനത്തിന്റെ ഓർമകൾ പച്ചപിടിച്ച് നിലനിർത്തുന്നതിനാണ്. ആ സംഘട്ടനങ്ങളിൽ പ്രധാന പ്രതികളിലൊരാളായ ബല്യാൻ മുസഫർ നഗറിൽനിന്നുള്ള ലോക്-സഭാംഗമാണ്–2014ലും 2019ലും. കവാൽ ഗ്രാമത്തിനടുത്തുള്ള കുത്ബ ഗ്രാമവാസിയുമാണ് ബല്യാൻ. 2013നുശേഷം കഴിഞ്ഞ പത്തുവർഷവും ബല്യാൻ ആഗസ്ത് 27ന് ആ പ്രദേശം സന്ദർശിച്ച് ഹിന്ദുവിഭാഗത്തിൽ നിന്ന് കലാപത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട രണ്ടുചെറുപ്പക്കാരുടെ ഓർമ പങ്കുവച്ചു. കഴിഞ്ഞ പത്തുവർഷവും ബല്യാനും യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി നേതാക്കളും എല്ലാ രാഷ്ട്രീയ റാലികളിലും ആ ചെറുപ്പക്കാരുടെ പേരുപറഞ്ഞ് വർഗീയ വിദേ-്വഷം ഇളക്കി വിടുന്നു.

2013 ആഗസ്ത് 27ന് ജാട്ട് വിഭാഗത്തിൽപെട്ട രണ്ടു ചെറുപ്പക്കാർ 12–ാം ക്ലാസ് വിദ്യാർഥികളായിരുന്ന സച്ചിനും ഗൗരവും സഞ്ചരിച്ചിരുന്ന സെെക്കിളിൽ ആ പ്രദേശത്തുകാരൻ തന്നെയായ ഷാനവാസ് എന്ന യുവാവിന്റെ മോട്ടോർ സെെക്കിൾ തട്ടിയ സംഭവത്തെയാണ് 62 ആളുകൾ കൊല്ലപ്പെടുന്നതിനും (42 മുസ്ലീങ്ങളും 28 ഹിന്ദുക്കളും) കൊല്ലപ്പെടുന്നതിനും 93 പേർക്ക് ഗുരുതരമായ പരിക്കേൽക്കുന്നതിനും 50,000 ത്തിലധികം ആളുകൾ ഭവനരഹിതരാക്കപ്പെടുന്നതിനും ഇടയാക്കിയ ഭീകരമായ വർഗീയലഹളയാക്കി മാറ്റപ്പെട്ടത്.

റോഡപകടം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ സച്ചിന്റെയും ഗൗരവിന്റെയും കൂട്ടുകാർ സംഘടിച്ചെത്തി ഷാനവാസിനെ തല്ലിച്ചതച്ച് മൃതപ്രായനാക്കി. അതേ തുടർന്ന് അയാൾ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. തുടർന്ന് ഷാനവാസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംഘടിച്ചെത്തി സച്ചിനെയും ഗൗരവിനെയും കൊലപ്പെടുത്തി. 2012 മുതൽ ആ പ്രദേശത്ത് നടത്തി വന്നിരുന്ന വർഗീയപ്രചാരണങ്ങളാണ് യാദൃച്ഛികമായ റോഡ് അപകടത്തെ വർഗീയ സംഘർഷമാക്കി സംഘപരിവാർ മാറ്റിയത്. സച്ചിനും ഗൗരവും കൊല്ലപ്പെട്ടത് ‘‘ഹിന്ദു സഹോദരിയുടെ മാനം കാക്കാനുള്ള ശ്രമത്തിനിടയി’’ലാണെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചാണ് സംഘപരിവാർ ഈ സംഭവത്തെ മുസഫർ നഗർ ജില്ലയിലും അയൽജില്ലകളിലുമാകെ പടർന്നുപിടിച്ച വലിയൊരു കലാപമാക്കി മാറ്റിയത്.

ജാട്ട് ജാതിപ്പഞ്ചായത്തുകൾ ചേർന്നാണ് പ്രതികാരത്തിനുള്ള ആഹ്വാനം പുറപ്പെടുവിച്ചത്. സെപ്തംബർ 7ന് മുസഫർ നഗറിൽ ചേർന്ന മഹാപഞ്ചായത്തിനെതുടർന്നാണ് സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് മുസഫർ നഗറും സമീപപ്രദേശങ്ങളും കത്തിയെരിയുകയായിരുന്നു. കലാപത്തെ തുടർന്ന് ആയിരക്കണക്കിന് മുസ്ലീങ്ങളാണ് തങ്ങളുടെ സർവതും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി ആ നാടുവിട്ട് പലായനം ചെയ്തത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇവർക്കായി 60ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടു. അസ്ഥി പോലും മരവിച്ചു പോകുന്ന കൊടും തണുപ്പിൽ ആ കൂടാരങ്ങളിൽ അവർ കഴിഞ്ഞുകൂടി. മനുഷ്യവാസോചിതമല്ലാത്ത സാഹചര്യങ്ങളിൽ അവിടെ കഴിഞ്ഞതിനെ തുടർന്ന് നിരവധി പേർ മരണപ്പെട്ടു. ഈ ക്യാമ്പുകളിൽ പിറന്നു വീണ കുഞ്ഞുങ്ങളിലേറെയും അപ്പോൾ തന്നെ മരണപ്പെട്ടത് ആ ദിവസങ്ങളിലെ പത്ര വാർത്തകളായിരുന്നു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നടത്തിയ പഠനത്തിൽ കണ്ടത് കുറഞ്ഞത് കുട്ടികൾ ഉൾപ്പെടെ നൂറുപേരെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലെ ദയനീയ സാഹചര്യത്തിൽ മരണപ്പെട്ടതായാണ്. യഥാർഥത്തിൽ വർഗീയ ലഹളയുടെ ഇരകളാണ് ഇവരും.

പത്തുവർഷം പിന്നിട്ടിട്ടും ആ നാട്ടിൽ നിന്ന് പലായനം ചെയ്തവരിൽ ഏറെയും ഇനിയും തിരിച്ചുവന്നിട്ടില്ല. നിരവധി മുസ്ലിം കുടുംബങ്ങൾ തങ്ങളുടെ വീടും സ്ഥലവും വിറ്റ് മറ്റു പ്രദേശങ്ങളിൽ പകരം സ്ഥലം വാങ്ങി പാർപ്പുറപ്പിച്ചു. ഒരു വിഭാഗം തങ്ങളുടെ പൂർവിക സ്വത്ത് വിൽക്കാൻ തയ്യാറാകാതെ അഭയാർഥികളായി കഴിയുന്നു. കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്റെ ഗ്രാമമായ കുത്ബയിൽ (ഇവിടെയാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്) 2,500 മുസ്ലിങ്ങളുണ്ടായിരുന്നു. അവിടെ ഇപ്പോൾ അവശേഷിക്കുന്നത് ഒരു മോസ്-ക്കും ഈദ്ഗാഹും മാത്രമാണ്. ഈ പ്രദേശത്ത് മുസ്ലിങ്ങൾ അധിവസിച്ചിരുന്നുവെന്നതിന്റെ ഓർമപ്പെടുത്തലായി. ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ലിസാധ് ഗ്രാമത്തിൽ (ശാമിലി ജില്ല) ലഹളയ്ക്കു മുൻപ് മൂവായിരം മുസ്ലിങ്ങൾ താമസിച്ചിരുന്നു. ഇപ്പോൾ അവിടെ ഒരേയൊരു മുസ്ലിം കുടുംബമാണ് അവശേഷിച്ചിട്ടുള്ളത്. മടങ്ങിവരാൻ അവർക്ക് ഭയമാണ്. പത്തുവർഷം കഴിഞ്ഞിട്ടും ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുവെന്നർഥം. മുസഫർനഗർ കലാപത്തെത്തുടർന്ന് 40,000ത്തിലേറെ ആളുകൾ അവിടെനിന്ന് പലായനം ചെയ‍്തു. എല്ലാവരും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന മുസ്ലിങ്ങൾ. ചില ഹിന്ദു കുടുംബങ്ങളും കലാപകാലത്ത് അവിടെനിന്ന് പലായനം ചെയ്തെങ്കിലും അവരെല്ലാം ഏതാനും ദിവസങ്ങൾക്കകം മടങ്ങിവന്നിരുന്നു.

കലാപത്തെത്തുടർന്ന് പൊലീസ് 510 എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 19 കൊലപാതകകേസുൾപ്പെടെ 165 കേസുകളിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. വധശ്രമം ഉൾപ്പെടുന്ന 47 കേസുകളിലും റിപ്പോർട്ട് സമർപ്പിച്ചു. എഫ്ഐആറുകളിൽ അനേ-്വഷണ വേളയിൽ തന്നെ 14 എണ്ണം കേസെടുക്കാതെ ഉപേക്ഷിച്ചു. 15 എണ്ണം തെളിവ് കണ്ടെത്താനായില്ലെന്ന പേരിൽ കോടതി അന്തിമ റിപ്പോർട്ട് നൽകി. 18 എഫ്ഐആറുകളിൽ മാത്രമാണ് പൊലീസ് ചാർജ് ഷീറ്റ് കോടതിയിൽ നൽകിയത്.

കലാപം നടന്ന് 8 വർഷത്തിനുശേഷം 2021 സെപ്തംബറിൽ പിടിഐ വാർത്താ ഏജൻസി മുസഫർ നഗറിൽനിന്ന് റിപ്പോർട്ട് ചെയ്തത് കൊലപാതകം, ബലാത്സംഗം, കൊള്ള, കൊള്ളിവയ്പ് എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത 1,117 പേരെ (97 കേസുകളിലായി) തെളിവില്ലെന്നു പറഞ്ഞ് കുറ്റവിമുക്തരാക്കിയെന്നാണ്. യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നതിനുശേഷം ഇത്തരം 77 കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല. സംഗീത് സോം, സുരേഷ് റാണ എന്നീ ബിജെപി എംഎൽഎമാരും ഭരതേന്ദു സിങ് എന്ന ബിജെപി എംപിയും സംഘപരിവാറിന്റെ തീപ്പൊരിയെന്നറിയപ്പെടുന്ന സാധ്വി പ്രാചിയും ഉൾപ്പെടുന്ന ഒരു കേസു മാത്രം അന്ന് നിലവിലുണ്ടായിരുന്ന നിയമത്തിലെ പഴുതുപ്രകാരം പിൻവലിക്കാൻ കോടതി അനുവദിച്ചു.

ഈ കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും സൃഷ്ടിച്ച ചോരപ്പുഴയിൽ ചവിട്ടിയാണ് 2014ൽ മോദി അധികാരത്തിൽ വന്നത്. കാരണം ഈ ലഹള സൃഷ്ടിച്ച വർഗീയ ധ്രുവീകരണമാണ് ബിജെപിക്ക് യുപിയിലെ സീറ്റുകളാകെ തൂത്തുവാരാൻ അവസരമൊരുക്കിയത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular