Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെഗ്രീസിൽ കർഷകരുടെ സമരം

ഗ്രീസിൽ കർഷകരുടെ സമരം

ടിനു ജോർജ്‌

ലോകത്തുടനീളം പ്രധാന രാജ്യങ്ങളിൽ കർഷകർ സമരത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് 2024 ന്റെ ആദ്യ രണ്ടു മാസങ്ങൾക്കുള്ളിൽ കണ്ടുവരുന്നത്. ഇന്ത്യയിൽ എന്നപോലെ ജർമനിയിലും ഫ്രാൻസിലും ബെൽജിയത്തിലും ഗ്രീസിലുംതുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ മെച്ചപ്പെട്ട കാർഷിക സാഹചര്യങ്ങൾക്കും അതിജീവനത്തിനും വേണ്ടി കർഷകജനസാമാന്യം പോരാട്ട മുഖത്താണ്. ഫെബ്രുവരി പതിമൂന്നിന് ന്യൂ ഡെമോക്രസി ഗവൺമെന്റുമായി നടന്ന ചർച്ചയും ഫലം കാണാതെ വന്നതോടെ പോരാട്ടം തുടരുമെന്ന് ഗ്രീസിലെ കർഷകർ ആഹ്വാനം ചെയ്തിരിക്കുന്നു. കാർഷിക ആവശ്യത്തിനുപയോഗിക്കുന്ന ഡീസൽ നികുതി മുക്തമാക്കുക, വൈദ്യുത ചാർജുകൾ കുറയ്ക്കുക, ഭക്ഷ്യസാധനങ്ങൾക്കും മൃഗപരിപാലനത്തിനും സബ്സിഡികൾ അനുവദിക്കുക തുടങ്ങി വിവിധ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് നടത്തിവന്നിരുന്ന സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീസിലൂടനീളം പ്രധാന റോഡുകൾ ഉപരോധിച്ചുകൊണ്ട് കർഷകർ നടത്തിയ ഒരാഴ്ച നീണ്ട സമരമാണ് ചർച്ചയ്ക്ക് തയ്യാറാവാൻ ന്യൂ ഡെമോക്രസി ഗവൺമെന്റിനെ നിർബന്ധിതമാക്കിയത്. എന്നാൽ വൈദ്യുതി ചാർജിൽ നേരിയ ഇളവ് നൽകാം എന്നതിനപ്പുറം കർഷകർ ഉയർത്തിയ മറ്റൊരു ആവശ്യവും അംഗീകരിക്കാൻ തയ്യാറല്ല എന്ന പ്രധാനമന്ത്രി ക്വാറിയാകോസ്‌ മിറ്റസോറ്റകിസിന്റെ (Kyriakos Mitsotakis) നിലപാട് കർഷക യൂണിയനുകൾ അംഗീകരിക്കാൻ തയ്യാറായില്ല. യൂറോപ്യൻ യൂണിയൻ പുതുതായി ഇറക്കിയ പൊതുകാർഷിക നയം പുനഃക്രമീകരിക്കുവാനുള്ള ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രളയകാലത്ത് കർഷകർക്കുണ്ടായ വരുമാന നഷ്ടത്തിനു പകരമായി മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്നും ഗ്രീസിലുള്ളതല്ലാത്ത ഉൽപ്പന്നങ്ങൾക്ക് രാജ്യത്തിന്റെ ലേബൽ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും തുടങ്ങി നിർണായകമായ ആവശ്യങ്ങൾ കർഷകർ മുന്നോട്ടുവെച്ചു. ഒപ്പംതന്നെ ലോകത്തെവിടെ യുദ്ധം നടന്നാലും യൂറോപ്യൻ യൂണിയന്റെ തീട്ടൂരത്തിന് വഴങ്ങി യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രാജ്യത്തെ സമ്പത്ത് ചെലവഴിക്കുകയും അതിന്റെ സാമ്പത്തികഭാരം കർഷകർക്കും തൊഴിലാളികൾക്കുംമേൽ ചുമത്തുകയും ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ സമീപനത്തെയും കർഷകർ എതിർത്തു. ചരിത്രപ്രധാനമായ ഈ കർഷക സമരത്തിന് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയും ആൾ വർക്കേഴ്സ് മിലിറ്റന്റ് ഫ്രന്റ് (PAME) എന്ന ട്രേഡ് യൂണിയനും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പൊതുവിൽ ജർമ്മനി, ഫ്രാൻസ്, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കർഷകർ പ്രക്ഷോഭത്തിലാണ്. ഉയർന്ന ഉൽപാദനച്ചെലവും എന്നാൽ താഴ്ന്ന വരുമാനവുമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിട്ടുള്ള നയങ്ങളാണ് ആഭ്യന്തര കമ്പോളങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന് കർഷകരും കർഷക പ്രസ്ഥാനങ്ങളും ആരോപിക്കുന്നുണ്ട്. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഇറക്കിയ വിലകുറഞ്ഞ കാർഷികോല്പന്നങ്ങളുടെ ഇറക്കുമതി, ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യ – നാറ്റോ യുദ്ധത്തിൽ ഉക്രൈന് പണവും ആയുധങ്ങളും എത്തിച്ചു കൊടുക്കുന്ന ജർമ്മനിയുടെയും ഫ്രാൻസിന്റെയും നടപടി, അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കർഷകരുടെ സബ്സിഡികളും നികുതിയിളവും വെട്ടിച്ചുരുക്കികൊണ്ട് നികത്തുന്ന ഗവൺമെന്റുകളുടെ ചൂഷണാധിഷ്ഠിത നിലപാട്, തുടർച്ചയായി ഉണ്ടാകുന്ന പ്രളയം, കാട്ടുതീ തുടങ്ങിയ കാലാവസ്‌ഥാ പ്രതിസന്ധികൾ എന്നിവയെല്ലാം യൂറോപ്പിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളെപോലെതന്നെ ഗ്രീസും ശക്തമായ കർഷകപ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് എന്നാണ് നിലവിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular