Saturday, May 4, 2024

ad

Homeഇവർ നയിച്ചവർഎ പി കുര്യൻ: യാഥാസ്ഥിതിക പശ്ചാത്തലത്തിൽനിന്നു വന്ന കമ്യൂണിസ്റ്റ്‌

എ പി കുര്യൻ: യാഥാസ്ഥിതിക പശ്ചാത്തലത്തിൽനിന്നു വന്ന കമ്യൂണിസ്റ്റ്‌

ഗിരീഷ്‌ ചേനപ്പാടി 

പ്രഗത്ഭനായ സ്‌പീക്കർ എന്ന്‌ എതിരാളികളെക്കൊണ്ടു പോലും പറയിച്ച സമർഥനായ സഭാനാഥനായിരുന്നു എ പി കുര്യൻ. കുറഞ്ഞ കാലയളവിലേ (1980‐82) സ്‌പീക്കറായിരുന്നുള്ളൂവെങ്കിലും എല്ലാവർക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. സഭ പലപ്പോഴും പ്രക്ഷുബ്ധമാകുമ്പോൾ അനുനയപൂർവമുള്ള അദ്ദേഹത്തിെന്റെ ഇടപെടലുകൾ സഭയെ മിക്കപ്പോഴും ശാന്തമാക്കിയിരുന്നു.

1987‐91 കാലത്ത്‌ മുഖ്യമന്ത്രി ഇ കെ നായനാരുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി എ പി കുര്യനായിരുന്നു. വളരെ പ്രഗത്ഭനായ ഭരണാധികാരി എന്ന ഖ്യാതി നേടാൻ അദ്ദേഹത്തിന്‌ വളരെ വേഗം സാധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ മുഖ്യമന്ത്രിയെ കാണാൻ എത്തുന്നവർക്ക്‌ എ പി കുര്യൻ വലിയ സഹായമാണ്‌ നൽകിയിരുന്നത്‌. സന്ദർശകരെ പലരെയും മുഖ്യമന്ത്രിക്കുവേണ്ടി കണ്ടിരുന്നതും പ്രശ്‌നങ്ങൾക്ക്‌ പരിഹാരണമുണ്ടാക്കിയിരുന്നതും പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയ്‌ക്ക്‌ എ പിയായിരുന്നു. ജനകീയ പ്രശ്‌നങ്ങളോട്‌ എന്നും താൽപര്യവും കൂറും പുലർത്തിയിരുന്ന എ പി, അവ പരിഹരിക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധിച്ചു.

ജനങ്ങളുടെ ആവലാതികൾക്ക്‌ പരിഹാരമുണ്ടാക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. ചുവപ്പുനാടയിൽ ഫയലുകൾ കുരുങ്ങിക്കിടക്കാതിരിക്കാൻ അദ്ദേഹം തികഞ്ഞ ജാഗ്രത പുലർത്തി. അപേക്ഷകളും പരാതികളുമായി എത്തുന്നവർക്ക്‌ വീണ്ടും വീണ്ടും ഓഫീസിൽ കയറിയിറങ്ങാതെ തന്നെ പരിഹാരമുണ്ടാക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച എ പി, കുറേക്കാലം പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌. പ്ലാന്റേഷൻ രംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ച കുര്യൻ, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കുകയും പരിശോധിക്കുകയും ചെയ്‌തിട്ടുള്ള നേതാവാണ്‌. തന്റെ പൊതുജീവിതത്തിന്റെ മഹാഭൂരിപക്ഷം സമയവും തോട്ടം തൊഴിലാളികൾക്കു വേണ്ടിയാണ്‌ എ പി അധ്വാനിച്ചത്‌. അങ്ങേയറ്റം ദുരിതം സഹിച്ചിരുന്ന തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നിരവധി പോരാട്ടങ്ങളിലൂടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിലും അദ്ദേഹം എക്കാലവും മുന്നിട്ടുനിന്ന്‌ പ്രവർത്തിച്ചു.

‘‘മറ്റ്‌ തൊഴിലാളിരംഗങ്ങളിൽ പ്രവർത്തിക്കുമ്പോഴും ബാംബൂ മേഖലയിലെ തൊഴിലാളികളോട്‌ കൂടുതൽ സ്‌നേഹവും പ്രതിബദ്ധതയും കുര്യൻ പ്രകടിപ്പിച്ചു. പട്ടിണിക്കൂലിക്ക്‌ ജോലിചെയ്‌ത പതിനായിരക്കണക്കായ ബാംബൂ തൊഴിലാളികളെ സംഘടിപ്പിച്ച്‌ അവകാശബോധമുള്ളവരാക്കി സംഘടനയ്‌ക്ക്‌ കീഴിൽ അണിനിരത്തി. അവരുടെ ജോലിയും കൂലിയും സംരക്ഷിക്കാൻ കേരള സ്‌റ്റേറ്റ്‌ ബാംബൂ കോർപറേഷൻ രൂപീകരിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ മുൻകൈയെടുത്തത്‌ കുര്യനായിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കോർപറേഷൻ ചെയർമാനായപ്പോൾ നാലുതവണ അവരുടെ കൂലി വർധിപ്പിച്ചു. ക്ഷേമനിധി നടപ്പാക്കി. തൊഴിലാളികൾ സ്വപ്‌നത്തിൽപോലും ചിന്തിക്കാതിരുന്ന പ്രോവിഡന്റ്‌ ഫണ്ട്‌ നടപ്പാക്കിയതും കുര്യന്റെ ശ്രമഫലമായായിരുന്നു’’.

(ഓർമയിൽ ഒളിമങ്ങാതെ‐ പി കരുണാകരൻ പേജ്‌ 95, 96)
1930ൽ തുറവൂർ പഞ്ചായത്തിലെ അയ്യന്പിള്ളി വീട്ടിൽ എം കെ പൗലോസിന്റെയും മറിയാമ്മയുടെയും മകനായാണ്‌ കുര്യൻ ജനിച്ചത്‌. യാഥാസ്ഥിതിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. തുറവൂർ സെന്റ്‌ അഗസ്റ്റ്യൻ അപ്പർ പ്രൈമറി സ്‌കൂൾ, മാണിക്യമംഗലം എൻഎസ്‌എസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം.

ആലുവ യുസി കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹം വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകനും നേതാവുമായി ഉയർന്നു. അപ്പോഴേക്കും സജീവ രാഷ്‌ട്രീയപ്രവർത്തകനായി മാറിയ അദ്ദേഹത്തിന്‌ കോളേജ്‌ പഠനം പൂർത്തിയാക്കാനായില്ല. 1951ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. 1954ലെ ട്രാൻസ്‌പോർട്ട്‌ സമരത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്‌ ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നു.

കർഷകരെയും കുടികിടപ്പുകാരെയും സംഘടിപ്പിക്കുന്നതിൽ നിതാന്ത ജാഗ്രത എ പി പുലർത്തി. കർഷകസംഘം എറണാകുളം ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ താലൂക്ക്‌ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ ജില്ലയിലൊട്ടാകെ പാർട്ടിക്ക്‌ വേരോട്ടമുണ്ടാക്കുന്നതിന്‌ അദ്ദേഹം നിസ്‌തുലമായ സംഭാവനയാണ്‌ നൽകിയത്‌.

മികച്ച ട്രേഡ്‌ യൂണിയൻ പ്രവർത്തകൻ കൂടിയായിരുന്ന എ പി കുര്യൻ നിരവധി ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ടെൽക്ക്‌, കാംകൊ, ട്രാവൻകൂർ റയോൺസ്‌, തോഷിബ ആനന്ദ്‌ തുടങ്ങിയ സ്ഥാപനങ്ങളിലെ ട്രേഡ്‌ യൂണിയനുകളുടെ പ്രസിഡന്റായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കതിൽ സവിശേഷമായ ശ്രദ്ധയാണ്‌ അദ്ദേഹം നടത്തിയത്‌.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്ന അദ്ദേഹം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയറ്റിലും ആദ്യംമുതലേ അംഗമായിരുന്നു. സിപിഐ എമ്മിനും കർഷകസംഘത്തിനും വിവിധ ട്രേഡ്‌ യൂണിയനുകൾക്കും ജില്ലയിലൊട്ടാകെ വളർച്ച നേടാൻ കുര്യന്റെ സമർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനം ഏറെ സഹായകമായി.

സൗമ്യവും സത്യസന്ധവുമായ അദ്ദേഹത്തിന്റെ പെരുമാറ്റവും സമർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളും എതിരാളികൾക്കുപോലും എ പി കുര്യനെ സ്വീകാര്യനാക്കി. 1967 മുതൽ തുടർച്ചയായ നാലുതവണ അദ്ദേഹം അങ്കമാലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

1972‐73ൽ നിയമസഭയുടെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയർമാനായി അദ്ദേഹം നിയോഗിക്കപ്പെട്ടു.

1972ൽ അങ്കമാലിയിൽ തീവണ്ടി തടയൽ സമരത്തിനു നേതൃത്വം കൊടുത്ത കുര്യന്‌ ഭീകരമായ മർദനമാണ്‌ ഏൽക്കേണ്ടിവന്നത്‌. ജനപ്രതിനിധിയെന്ന പരിഗണനപോലും നൽകാതെയായിരുന്നു പൊലീസിന്റെ ഭീകരമായ ക്രൂരത.

അടിയന്തരാവസ്ഥക്കാലത്ത്‌ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സന്ദർശനത്തിനെത്തി. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജനാധിപത്യാവകാശങ്ങളെയും അട്ടിമറിച്ച പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരുടെ മുൻനിരയിൽ എ പി കുര്യനുണ്ടായിരുന്നു. പൊലീസ്‌ അക്ഷരാർഥത്തിൽ തേർവാഴ്‌ച തന്നെയാണ്‌ പ്രതിഷേധിച്ചവർക്കുനേരെ നടത്തിയത്‌. ‘മിസ’ തടവുകാരനായി അറസ്റ്റ്‌ ചെയ്യപ്പെട്ട കുര്യനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. പതിനാറു മാസക്കാലം കഴിഞ്ഞാണ്‌ അദ്ദേഹം ജയിൽമോചിതനായത്‌.

1977ൽ അടിയന്തരാവസ്ഥയിൽ നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ്‌ മുന്നണിയാണ്‌ നേടിയത്‌. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ തറപറ്റിയപ്പോഴും കേരളത്തിൽ അവർക്ക്‌ മുന്നേറാൻ സാധിച്ചു. അന്നും അങ്കമാലി സീറ്റിൽ വിജയിക്കാൻ കുര്യന്‌ സാധിച്ചു. കേരളത്തിലെ തന്നെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി അത്‌ നിരീക്ഷിക്കപ്പെട്ടു.

1980ലെ തിരഞ്ഞെടുപ്പായപ്പോൾ മുന്നണി ബന്ധങ്ങൾ പാടേ മാറി. അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ്‌ പിളർന്നിരുന്നല്ലോ. കേരളത്തിൽ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ (യു), സിപിഐ, ആർഎസ്‌പി, കേരള കോൺഗ്രസ്‌ എം എന്നീ പാർട്ടികൾ സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫിലെ ഘടകകക്ഷികളായി.

ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ ഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌, കേരള കോൺഗ്രസ്‌ ജെ തുടങ്ങിയ കക്ഷികൾ ചേർന്ന്‌ ഐക്യജനാധിപത്യമുന്നണി രൂപീകരിച്ചു.

1980ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി മികച്ച വിജയം നേടി. അങ്കമാലിയിൽനിന്ന്‌ തുടർച്ചയായ നാലാം തവണയും വിജയിച്ച എ പി കുര്യൻ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ നടപടികളിൽ പ്രധാനപ്പെട്ട പല പരിഷ്‌കാരങ്ങൾക്കും നേതൃത്വം നൽകാൻ ഹ്രസ്വമായ കാലയളവേ ലഭിച്ചുള്ളൂവെങ്കിലും അദ്ദേഹത്തിന്‌ സാധിച്ചു. സബ്‌ജക്ട്‌ കമ്മിറ്റി ആദ്യമായി രൂപീകരിക്കപ്പെട്ടത്‌ എ പി കുര്യൻ സ്‌പീക്കറായിരുന്ന കാലത്താണ്‌.

1987‐91 കാലത്ത്‌ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചത്‌ എ പി കുര്യനായിരുന്നുവെന്ന്‌ ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ?

പ്ലാന്റേഷൻ കോർപറേഷൻ ഡയറക്ടർ, ബാംബൂ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട മേഖലകളിലെ തൊഴിലാളികളുടെ ഉന്നമനത്തിന്‌ ഏറെ സഹായകമായി.

പാർട്ടി ഏൽപിച്ച ചുമതലകളെല്ലാം ചിട്ടയായും ഭംഗിയായും മാതൃകാപരമായും നിർവഹിച്ച നേതാവായിരുന്നു എ പി കുര്യൻ.

2001 ആഗസ്‌ത്‌ 30ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

കുഞ്ഞമ്മായാണ്‌ ജീവിതപങ്കാളി. പോളി കെ അയ്യന്പിള്ളി, വിജി, ജോബ്‌ എന്നിവരാണ്‌ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 12 =

Most Popular