ഗുജറാത്ത്, ഗോവ മാതൃകയിൽ ഈ കോൺഗ്രസ്സുകാർ എങ്ങോട്ടാണ് പോകുന്നത്. ഗാന്ധിയെയും നെഹ്‌റുവിനെയും ആക്ഷേപിച്ച് മോഡി തൊട്ടുള്ള ബി.ജെ.പി നേതാക്കൾ പാർലമെന്റിനകത്തും പുറത്തും പ്രസംഗങ്ങൾ നടത്തുമ്പോഴാണ് ഗുജറാത്ത്, ഗോവ നിയമസഭകളിൽ മോഡിയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയത്തെ കോൺഗ്രസ് സാമാജികർ കൂടി പിന്താങ്ങുന്നത്. അയോധ്യയിൽ ബാബ്‌റിമസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി മോഡിയെ അഭിനന്ദിച്ചുകൊണ്ട് ബി.ജെ.പി കൊണ്ടുവന്ന പ്രമേയങ്ങളെയാണ് അതാത് നിയമസഭകളിൽ കോൺഗ്രസുകാർ കൂടി പിന്താങ്ങിയത്.
രാമക്ഷേത്രപ്രതിഷ്ഠ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ള മോഡിയുടെ രാഷ്ട്രീയക്കളിയാണെന്നും കോൺഗ്രസ് പാർടി നേതാക്കൾ അതിൽ പങ്കെടുക്കില്ലെന്നും എ.ഐ.സി.സി വർക്കിംഗ് കമ്മറ്റി പ്രസ്താവന ഇറക്കിയിരുന്നു. എന്നിട്ടും യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ പ്രതിഷ്ഠാചടങ്ങ് പൊലിപ്പിക്കാനായി സരയൂവിൽ മുങ്ങിക്കുളിച്ച് രാമക്ഷേത്രത്തിൽ കൈകൂപ്പി നിന്നു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ആ സംസ്ഥാനത്ത് ജനുവരി 22-ന് പൊതുഅവധി നൽകി രാമപ്രതിഷ്ഠാദിനം ആഘോഷപൂർണ്ണമാക്കി.
ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്ന് തിരിച്ചറിയാനുള്ള വിവേചനം പോലും നഷ്ടപ്പെട്ടവരെപോലെ ശശി തരൂരിനെപോലുള്ള നേതാക്കൾ ബാലരാമപ്രതിഷ്ഠയിൽ ആവേശംകൊള്ളുന്ന ട്വീറ്റുകൾ ചെയ്തു. ഗാന്ധിഭക്തന്മാരെന്ന് പറയുന്നവർ ഗോഡ്‌സെ ഭക്തന്മാരുടെ രാമനിലും പ്രതിഷ്ഠാചടങ്ങുകളിലും ആവേശംകൊള്ളുന്നതാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അയോധ്യയിൽ മോഡി പ്രതിഷ്ഠിച്ചിരിക്കുന്നത് ധർമ്മശാസ്ത്രവിധിപ്രകാരമുള്ള രാമവിഗ്രഹത്തെയല്ലെന്നും അത് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള രാഷ്ട്രീയ പ്രതിഷ്ഠയാണെന്നും ശങ്കരാചാര്യന്മാർവരെ പറയുന്നു. പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് തന്ത്രവിധിപ്രകാരം നിഷ്ഫലമായിരിക്കുമെന്നാണ് ഉത്തരാഖണ്ഡിലെ അവിമുക്തേശ്വരാനന്ദ സരസ്വതി അടക്കമുള്ള ശങ്കരാചാര്യന്മാർ ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് അയോധ്യയിൽ മോഡി നടത്തിയത് രാമപ്രതിഷ്ഠയല്ലെന്നും അത് 2024-ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രതിഷ്ഠയാണെന്നും കാര്യവിവരമുള്ള എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ കോൺഗ്രസുകാർക്ക് മാത്രം അത് മനസ്സിലാക്കാനാവുന്നില്ല. അവർ മോഡിയുടെ രാമപ്രതിഷ്ഠ ഭക്തിപുരസ്സരം ട്വീറ്റ് ചെയ്തും നിയമസഭകളിൽ മോഡിയെ അഭിനന്ദിച്ചുള്ള പ്രമേയങ്ങളിൽ കൈപൊക്കിയും കോൺഗ്രസ്സുകാർ ‘രാമക്ഷേത്ര’ത്തിൽ പുളകിതരാവുകയാണ്. വാത്മീകിയുടെ രാമനല്ല ആർ.എസ്.എസിന്റെ രാമനെന്ന് തിരിച്ചറിയാനുള്ള വിവേകംപോലും കോൺഗ്രസുകാർക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
1989-ലെ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വത്തെ ഇനി അവഗണിക്കാനാവില്ലെന്ന് പറഞ്ഞത് രാജീവ് ഗാന്ധിയാണ്. 1984-ൽ ആർ.എസ്.എസിന്റെ കൂടി സഹായത്തോടെ ഇന്ദിരാഗാന്ധി വധത്തിന്റെ സഹതാപതരംഗത്തിൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിൽവന്ന രാജീവ് ഗാന്ധിയാണല്ലോ രാമഭക്തി പൊതുബോധമാക്കി ഹിന്ദുത്വത്തിന് വളരാൻ രാമാനന്ദസാഗറിന്റെ രാമായണം സീരിയൽ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്തത്.
1983-ൽ രാമക്ഷേത്രത്തിന്റെ താഴ് തുറന്നുകിട്ടാനുള്ള ഹിന്ദുത്വവാദികളുടെ നീക്കങ്ങൾക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് കേന്ദ്രത്തിലെയും യു.പിയിലെ അന്നത്തെ കോൺഗ്രസ് സർക്കാരുകളായിരുന്നു. 1949 മുതൽ അടച്ചുപൂട്ടിയ പള്ളി 1986-ലെ ഫൈസാബാദ് കോടതിയുടെ വിധിയെ നിമിത്തമാക്കി തുറന്നുകൊടുത്തതും കോൺഗ്രസ് സർക്കാരുകളായിരുന്നു. ബാബ്‌റിമസ്ജിദിനെ തർക്കപ്രശ്‌നമാക്കി തകർക്കുന്നതിലേക്കെത്തിച്ചത് നെഹ്‌റുവിനെപോലും ധിക്കരിച്ച ജി.ബി.പന്തുമുതലുള്ള കോൺഗ്രസ് നേതാക്കൾക്കുള്ള പങ്ക് അനിഷേധ്യമായ വസ്തുതയാണ്.
ഇന്നിപ്പോൾ ബി.ജെ.പി നേതാക്കളും അവരുടെ ഉന്മാദം പിടിപെട്ട വർഗീയകൂട്ടങ്ങളും രാജ്യമാകെ ഗാന്ധിക്കും നെഹ്‌റുവിനുമെതിരെ അസഭ്യങ്ങൾ പറഞ്ഞുനടക്കുകയാണ്. ഗാന്ധിഘാതകനായ ഗോഡ്‌സെയെ ആദർശവൽക്കരിക്കുകയും ബ്രിട്ടീഷുകാർക്കുവേണ്ടി ഏജൻസി പണിയെടുത്ത സവർക്കറെ ദേശീയപുരുഷനാക്കുകയുമാണ്. അതിലൊന്നും കോൺഗ്രസുകാർക്ക് ഒരക്ഷരം പ്രതിഷേധമില്ല. അവരെല്ലാം അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ മോഡിയെ അഭിനന്ദിക്കുകയും ഹിന്ദുത്വത്തിന് നൽകിയ സംഭാവനകളുടെ പേരിൽ സ്തുതിക്കുകയുമാണ്!
കോഴിക്കോട് എൻ.ഐ.ടിയിലെ ഒരു അധ്യാപിക ഗാന്ധിരക്തസാക്ഷിദിനത്തിൽ ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനമാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ആ പ്രതിഷേധമുഖത്തൊന്നും ഒരു കോൺഗ്രസുകാരനെയും കാണാനാവില്ല. ഗാന്ധിയെയും നെഹ്‌റുവിനെയും കുറ്റവാളികളാക്കി ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ വീരപുരുഷനാക്കി ആർ.എസ്.എസുകാർ ചരിത്രത്തെയാകെ തലകീഴാക്കുമ്പോൾ അതിനെതിരായി ഒരക്ഷരം മിണ്ടാൻ കോൺഗ്രസുകാർക്ക് നേരമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വവുമായി പ്രത്യയശാസ്ത്ര ബാന്ധവം പുലർത്തുന്ന കോൺഗ്രസുകാർ രാഷ്ട്രീയമായി മോഡി സർക്കാരിനെ എതിർക്കാനുള്ള ത്രാണി നഷ്ടപ്പെട്ട് മോഡിയെ അഭിനന്ദിക്കുന്ന ബി.ജെ.പി പ്രമേയങ്ങളുടെ പിന്തുണക്കാരായി അധഃപതിക്കുകയാണ്. ♦