Sunday, April 28, 2024

ad

Homeലേഖനങ്ങൾവെളുക്കാൻ തേച്ച് പാണ്ടായ കഥ, രക്തം രക്തത്തെ തിരിച്ചറിയുന്ന കഥയും

വെളുക്കാൻ തേച്ച് പാണ്ടായ കഥ, രക്തം രക്തത്തെ തിരിച്ചറിയുന്ന കഥയും

എ കെ രമേശ്

ഫെബ്രുവരി 16ന് സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയൻ ഐക്യവേദിയും ഒന്നിച്ച് ആഹ്വാനം ചെയ്ത ഗ്രാമീണ ബന്ദും പണിമുടക്കും കാറ്റുപിടിക്കാൻ തുടങ്ങിയതോടെ, ഐക്യപ്രസ്ഥാനത്തിൽ വിള്ളലുണ്ടാക്കാനായാണ് രാഷ്ട്രീയേതര സംയുക്തകിസാൻ മോർച്ച (SKMNP) എന്ന പേരിൽ ആർഎസ്‌എസ്‌ അനുകൂലികളെ സംഘടിപ്പിച്ചുകൊണ്ട് ഫെബ്രുവരി 13ന് ദില്ലിയിലേക്ക് ഒരു ട്രാക്റ്റർ റാലി സംഘടിപ്പിച്ചത്. പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടായി മാറിയ അനുഭവമാണ് ആർഎസ്‌എസിനുണ്ടായത്.

യുദ്ധസമാനമായ രീതിയിൽ നിലയുറപ്പിച്ച പൊലീസ് പതിവു രീതിയിൽ പ്രതികരിച്ചതോടെ സംഘപരിവാറുകാർ തങ്ങൾ ആർഎസ്‌എസുകാരാണ് എന്ന കാര്യം മറന്നു. 13ന്റെ സമരത്തിൽ തങ്ങൾ ഇല്ലെങ്കിലും സമരംചെയ്തവർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് എന്നാണ് സംയുക്ത കിസാൻ മോർച്ച പറഞ്ഞത്.

ശത്രു സൈന്യത്തോടെന്നവണ്ണം പ്രക്ഷോഭകരെ നേരിട്ട നടപടിയിൽ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം രേഖപ്പെടുത്തുക കൂടി ചെയ്തതോടെ കർഷകർ സ്വന്തം രക്തം തിരിച്ചറിഞ്ഞു. ശത്രുപക്ഷത്താണ് സർക്കാർ എന്ന് അവരിൽ പലർക്കും ബോധ്യപ്പെടു കയും ചെയ്തു.

എന്നാൽ സർക്കാർ ഉന്നമിട്ടത് ഫെബ്രുവരി 16ന്റെ പ്രക്ഷോഭത്തെയാണ്. ഫെബ്രുവരി 13ന്റെ സമരത്തെ ഫെബ്രു 16നു നടക്കുന്ന പ്രക്ഷോഭത്തെ തകർക്കാനുള്ള ഒരു മറയായാണ് സർക്കാർ ഉപയോഗിച്ചത്. സംയുക്ത കിസാൻ മോർച്ച 13ന്റെ പരിപാടികളിൽ കക്ഷിയല്ല എന്ന് പരസ്യ പ്രസ്താവനയിറക്കിയിട്ടും, അതിന്റെ നേതാക്കളെ പലേടത്തും അറസ്റ്റുചെയ്ത് തടവിലിട്ടത് 13ന്റെ സമരത്തിന്റെ പേരിലാണ്. കിസാൻസഭാ നേതാവ് രാം നാരായൺ കുരാരിയ അടക്കം മധ്യപ്രദേശിൽ 5 എസ്.കെ.എം നേതാക്കളെ തടവിലടച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ അഡ്വ. അഞ്ജനാ കുരാരിയയും കിസാൻ സംഘർഷ് സമിതി നേതാവ് അഡ്വ. ആരാധനാ ഭാർഗവയും ബി കെ യു (ടിക്കായത്ത്) നേതാവ് അനിൽ യാദവും എൻ.എ.പി.എം നേതാവ് രാജ്കുമാർ സിൻഹയും സിആർപിസി 151 ചുമത്തപ്പെട്ട് ജയിലിലാണ്.

കർഷകരെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങൾ മാത്രമല്ല സമരത്തിന് ആധാരമായി ഉന്നയിക്കുന്നത്. വൻകിട കുത്തകകളും ഭൂപ്രഭുക്കളും ഒഴികെയുള്ള മുഴുവൻ ജനവിഭാഗങ്ങൾക്കും ദുരിതം സമ്മാനിക്കുന്ന നയങ്ങൾക്കെതിരെയാണ് പോരാട്ടം. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷത്തെയും ഈ പ്രക്ഷോഭത്തിൽ അണിനിരത്താനാവണം.സ്വന്തം പിള്ളാരെ മറ്റുള്ളവരിൽനിന്ന് ഇൻസുലേറ്റ് ചെയ്ത് കൂടെ നിർത്താനുള്ള സംഘപരിവാറിന്റെ പൊയ്‌വെടിയും പാഴായിരിക്കുന്നു.

അത്തരമൊരു സാഹചര്യത്തിലാണ് എല്ലാ ആയാരാമൻമാരെയും ഗയാരാമൻമാരെയും കാശ് കൊടുത്ത് വശത്താക്കി ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത്. ഇലക്ടറൽ ബോണ്ടും ഇ.വി.എമ്മും മാത്രം കൊണ്ട് ജയിച്ചുവരാനാവില്ല എന്ന തോന്നലാണ് ഏത് അണ്ടനെയും അടകോടനെയും താലപ്പൊലിയോടെ സ്വീകരിച്ചുകൊണ്ട് കാവി പുതപ്പിക്കുന്നതിലേക്ക് എത്തിക്കുന്നത്. ഓരോ സംയുക്ത പ്രക്ഷോഭവും അവരുടെ പാരനോയിയ വർദ്ധിപ്പിക്കുക തന്നെയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 16 =

Most Popular