2017 മാർച്ച് മാസത്തിനുശേഷം ഡൽഹിയിലെ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ)യിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. സ്ഥാപനം നഷ്ടത്തിലാണെന്ന് കാണിച്ച് പാപ്പർ ഹർജി നൽകിയതിനെത്തുടർന്നാണിത്. അതിനായുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വാർത്താ ഏജൻസിയെ കോർപറേറ്റുകളുടെ കയ്യിലെത്തിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ജീവനക്കാർ ആരോപിക്കുന്നു. അതാണ് ഈ സ്ഥാപനത്തെ വിൽക്കാൻ നടത്തുന്ന ശ്രമങ്ങളിൽ കാണുന്നത്. ഇതിനെതിരെയും 2017 മാർച്ച് മുതലുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണമെന്നും സ്ഥാപനം വിൽക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടത്തുന്ന ഏതെങ്കിലും സാമ്പത്തിക ഒത്തുതീർപ്പിന്റെ സമയത്ത് ജീവനക്കാരുടെ ശമ്പള കുടിശ്ശികയ്‌ക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ജീവനക്കാർ പ്രതിഷേധിച്ചത്. നാഷണൽ അലയൻസ് ജേർണലിസ്റ്റ്‌സ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്‌സ്, ആന്ധ്രപ്രദേശ് വർക്കിങ്ങ് ജേർണലിസ്റ്റ് ഫെഡറേഷൻ, യുഎൻഐ എന്നീ സംഘടനകൾ ചേർന്ന് സംയുക്ത പ്രസ്‌താവന ഇറക്കുകയുണ്ടായി.
ജീവനക്കാർ തങ്ങളുടെ ശമ്പള കുടിശ്ശിക ലഭിക്കുന്നതിനായുള്ള നിയമനടപടികളുമായി മുന്നോട്ടു പോകവെയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഈ സ്ഥാപനം ലേലത്തിന് വിൽപനയ്‌ക്ക് വെച്ചത്. ആദ്യം ഒന്നിലധികം പേർ മുന്നോട്ടുവന്നെങ്കിലും ഗൗതം അദാനിയുടെ ബന്ധുവായ രാകേഷ് രമൺഭായിയുടെ ഒറ്റ ലേലത്തിന് അത് ലഭിച്ചതായി പറയപ്പെടുന്നു. മത്സരാധിഷ്‌ഠിത ലേലത്തിന്റെ അഭാവത്തിൽ ഇത് തുച്ഛവിലയ്‌ക്ക് വിൽക്കപ്പെടാനുള്ള സാധ്യത ജീവനക്കാരും സംഘടനകളും മുന്നിൽ കാണുന്നു.
പാപ്പർ പ്രക്രിയയ്‌ക്കിടയിൽ ജീവനക്കാരും മുൻ ജീവനക്കാരും ഉൾപ്പെടെയുള്ള, കുടിശിക കിട്ടാനുള്ളവരിൽനിന്നും ക്ലെയിമുകൾ ക്ഷണിച്ചിരുന്നു. കരാർ ജീവനക്കാരുൾപ്പെടെ 700ലധികം ജീവനക്കാർ ഏകദേശം 125 കോടി രൂപയുടെ ക്ലെയമുകൾ സമർപ്പിച്ചിരുന്നു. ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശിക 18‐42 ലക്ഷം രൂപ വരെയുണ്ട്. കൂടാതെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കും ഒരു വലിയ തുക കുടിളിക നൽകാനുണ്ട്.
നിലവിലെ ജീവനക്കാർക്കും വിരമിച്ചവർക്കും മരണപ്പെട്ട ജീവനക്കാരുടെ അവകാശികൾക്കും ലഭിക്കേണ്ട തുക ന്യായമായ രീതിയിൽ എത്രയുംവേഗം നൽകണമെന്ന് സംഘടനകളും ജീവനക്കാരും ആവശ്യപ്പെടുന്നു. ബാങ്കുകൾക്കും മറ്റ് കോർപറേറ്റ് സ്ഥാപനങ്ങൾക്കുമല്ല, തൊഴിലാളികൾക്കാണ് മുൻഗണന നൽകേണ്ടത്. അതുകൊണ്ട് ഇവർ ഉന്നയിച്ച ആവശ്യങ്ങളിന്മേൽ എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്. നിലവിലെ രീതിയിൽതന്നെ മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജീവനക്കാരുടെയും ജേർണലിസ്റ്റ് സംഘടനകളുടെയും തീരുമാനം. ♦