വേനൽക്കാലമാകുമ്പോൾ, പ്രത്യേകിച്ച് വന്യജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറുന്നതും അവരും മനുഷ്യരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും അസാധാരണ ദൃശ്യമല്ലാതായിട്ടുണ്ട്. കേരളത്തിലെ കിഴക്കൻ മലയോരങ്ങളിൽ വേനൽക്കാലം തുടങ്ങുന്നതേയുള്ളൂ ഈ വർഷം. ഇതിനകം തന്നെ വയനാട്ടിൽ മൂന്നുപേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചിലർക്ക് പരിക്കേറ്റു. ഇനിയും മാസങ്ങളോളം ഈ സ്ഥിതി തുടരാം എന്നത് ജനങ്ങളിൽ വലിയ ഭയമുണർത്തുന്നു. എൽഡിഎഫ് സർക്കാർ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി വനപാലകരെയും പൊലീസിനെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ ജനാവാസ കേന്ദ്രങ്ങളിലേക്ക് കടന്നുവരുന്നത് ഉടൻ കാണാനായി കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ സർക്കാർ നടപടികൾ എടുത്തിരിക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാനും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുമായി സാധ്യമായ എല്ലാ നടപടികളും സർക്കാർ കെെക്കൊണ്ടുവരുന്നു.
വന്യമൃഗങ്ങളുടെ ഇത്തരം കടന്നുകയറ്റത്തിനു സ്വാഭാവികമായ ചില കാരണങ്ങളുണ്ട്. വന്യമൃഗങ്ങൾക്ക് വംശനാശം വരുന്ന ഒരു സ്ഥിതി ഉണ്ടാകുന്നു എന്നുകണ്ട് കേന്ദ്ര സർക്കാർ ഏതാണ്ട് നാൽപ്പതുവർഷം മുമ്പ് അവയുടെ വംശനാശം തടയുന്നതിനായി ജീവരക്ഷാപരവും നിയമപരവുമായ നടപടികൾ കെെക്കൊണ്ടു. അത് ഫലം കണ്ടു. കഴിഞ്ഞ പത്തുവർഷമായി വിവിധയിനം വന്യമൃഗങ്ങളുടെ എണ്ണത്തിൽ സാരമായ വർധന കാണുന്നതായി കേന്ദ്ര വനംവകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. സിംഹം, കടുവ, പുലി, പന്നി, മാൻ, കാട്ടുപോത്ത് മുതലായി വിവിധ ഇനം കാട്ടുജന്തുക്കളുടെ എണ്ണം വ്യത്യസ്തതോതുകളിൽ വർധിച്ചിട്ടുണ്ട്. പലേടങ്ങളിലും ഇത്രയും മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം സസ്യങ്ങളായോ ജന്തുക്കളായോ ഇല്ലാത്തതുകൊണ്ടാണ് അവ മനുഷ്യർ പാർക്കുന്ന സ്ഥലങ്ങളിലേക്ക് ഇരതേടി കടന്നെത്തുന്നത് എന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. വനനിയമത്തിൽ ഭേദഗതി വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.
കേരളത്തിൽ വന്യമൃഗശല്യം കൂടുതൽ അനുഭവപ്പെട്ടു വരുന്ന വയനാട് സഹ്യപർവ്വത മേഖലയിൽ സസ്യവൃക്ഷാദികളും മൃഗങ്ങളും കൂടുതലുള്ള പ്രദേശമാണ്. കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ട പ്രദേശം വ്യാപിച്ചു കിടക്കുന്നു. കേരളത്തിലെ വനപ്രദേശത്തുള്ള വയനാട്ടിൽ ജനവാസം താരതമേ-്യന കൂടുതലാണ്. അവർ ഉപജീവനത്തിന്റെ ഭാഗമായി സസ്യങ്ങളും വൃക്ഷങ്ങളും ഒപ്പം മൃഗങ്ങളെയും കാര്യക്ഷമമായി വളർത്തുന്നു. ഇത് ആനയെപോലുള്ള സസ്യഭുക്കായ മൃഗങ്ങളെയും കടുവയെപോലുള്ള മാംസഭുക്കുകളെയും ആകർഷിക്കുന്നു. പ്രത്യേകിച്ച് കർണാടകം, തമിഴ്നാട്, വനങ്ങളിൽ അവ വേണ്ടത്ര ലഭിക്കാതെ വരുമ്പോൾ.
കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ കേരളത്തിലാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ നാട്ടിൽ ഉപജീവനമാർഗമൊന്നും ഇല്ലാതായ പാവപ്പെട്ട ജനവിഭാഗങ്ങളെ വനങ്ങളിലേക്ക് കുടിയേറാൻ അന്നത്തെ തിരുവിതാംകൂർ, കൊച്ചി രാജ്യ സർക്കാരുകൾ അനുവദിച്ചിരുന്നു. മലബാറിൽ വയനാട്ടിലേക്ക് ബ്രിട്ടീഷ് കോളനി സർക്കാർ അനുവദിച്ചും അല്ലാതെയും മറ്റു ഗതിയില്ലാത്തവർ കുടിയേറിയിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം കേരള സർക്കാരാണ് ആ കുടിയേറ്റങ്ങളെയെല്ലാം നിയമാനുസൃതമാക്കിയത്. അക്കാലം മുതൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർക്കഥയായിരുന്നു. എന്നാൽ വന്യജീവികളുടെ വംശനാശം ഇതുമൂലം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഇടക്കാലത്ത് കേന്ദ്ര സർക്കാർ വന്യജീവികളെ കൊല്ലുന്നത് നിയമപരമായി തടഞ്ഞു. വന്യജീവി വംശവർധനയ്-ക്ക് അതൊരു കാരണമാണ്. ഇപ്പോൾ ജനവാസത്തിനു വന്യജീവികൾ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നതിനാൽ കുഴപ്പക്കാരായ മൃഗങ്ങളെ കൊല്ലാൻ അനുവദിക്കണം എന്ന ആവശ്യം കൃഷിക്കാർ ഉൾപ്പെടെയുള്ള വനവാസികളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ നാട്ടിലറങ്ങി ശല്യമുണ്ടാക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല.
വന്യജീവി ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും വനസംരക്ഷണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് തടസ്സം നിൽക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കേരളം സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം കഴിഞ്ഞ വർഷം അനുമതി നിഷേധിക്കുകയാണുണ്ടായത്. സ്വാഭാവിക വനസംരക്ഷണം, വന്യജീവി ആക്രമണം തടയൽ, വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകൽ എന്നിവ ഉൾപ്പെടുന്ന സമഗ്രപദ്ധതിയാണ് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. കേരളത്തോട് കേന്ദ്രം വച്ചുപുലർത്തുന്ന നിഷേധ മനോഭാവത്തിന്റെ ഭാഗമായി കേന്ദ്രം ഇതു തള്ളിക്കളഞ്ഞു. ഇത് മറച്ചുവച്ചാണ് പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ ഉറഞ്ഞുതുള്ളുന്നത്. ♦