Saturday, May 18, 2024

ad

Homeമുഖപ്രസംഗംകർഷകസമരത്തിന് 
അഭിവാദ്യങ്ങൾ

കർഷകസമരത്തിന് 
അഭിവാദ്യങ്ങൾ

കൃഷിക്കാരോട് കടുത്ത അനീതിയാണ് മോദി സർക്കാർ കെെക്കൊണ്ടുവരുന്നത്. ഇതിനു രണ്ടുവർഷം മുമ്പ് കൃഷിക്കാർ രാജ്യവ്യാപകമായി സമര രംഗത്തായിരുന്നു, ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്. അന്ന് അവർ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെങ്കിലും അവരുടെ താൽപ്പര്യങ്ങൾക്കെതിരായി കൊണ്ടുവന്ന മൂന്നു നിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതമായി. സർക്കാർ അതിനു തയ്യാറാവുകയും കർഷകർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് അന്നു സമരം പിൻവലിക്കപ്പെട്ടത്. എന്നാൽ, കുത്തകകൾക്കും ഭൂപ്രഭുക്കൾക്കും വേണ്ടി തങ്ങളെ മോദി സർക്കാർ പൂർണമായി വഞ്ചിച്ചു, എന്നു ബോധ്യമായതോടെയാണ് കൃഷിക്കാരുടെ വിവിധ സംഘടനാകൂട്ടായ്മകൾ ഒത്തുചേർന്നു സമരത്തിനിറങ്ങിയത്. കൃഷിക്കാർക്ക് മൊത്തം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർന്ന തുകയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്ന വില നൽകണമെന്ന് മോദി സർക്കാർ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ച അന്തരിച്ച ശാസ്ത്രഞ്ജൻ എം എസ് സ്വാമിനാഥൻ അധ്യക്ഷനായ കമ്മിറ്റി നിർദേശിച്ചിരുന്നു.

പുതിയ മുദ്രാവാക്യങ്ങൾ ഒന്നുമല്ല അവർ ഇത്തവണ ഉന്നയിച്ചിട്ടുള്ളത്. വിളകൾക്ക് മിനിമം താങ്ങുവില നിയമാധിഷ്ഠിതമായി ഉറപ്പുചെയ്യണം, കടങ്ങൾ എഴുതിത്തള്ളണം, കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന അന്താരാഷ്ട്ര കരാറുകൾ റദ്ദാക്കണം, കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ഏറ്റവും കുറഞ്ഞത് 5000 രൂപ വീതം മിനിമം പെൻഷൻ നൽകണം എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ. ഇത് എഴുതുമ്പോൾ മന്ത്രിമാർ സമരസംഘടനകളുടെ പ്രതിനിധികളുമായി ചർച്ച തുടങ്ങിയിട്ട് ദിവസങ്ങളായി. അത് എവിടെയും എത്തിയതായി സൂചനയില്ല. പകരം കൃഷിക്കാരുടെ നേരെ വെടിയുണ്ട വർഷിക്കുകയാണ് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് ചെയ്തത്. വെടിവയ്പിൽ ഒരാൾ മരിച്ചു. അല്ലാതെയും ഏതാനും മരണങ്ങൾ കൃഷിക്കാരുടെ ഭാഗത്തുണ്ടായി. ഇത് കാണിക്കുന്നത് ഇന്ത്യയിലെ ഗ്രാമീണ ജനസാമാന്യത്തിന്റെ മുഖ്യപങ്ക് വരുന്ന കൃഷിക്കാരുടെ ജീവിത പ്രാരാബ്ധങ്ങളോട് മോദി സർക്കാരിന് ഒരു കരുണയും അനുഭാവവും ഇല്ല എന്നാണ്. അതിനാൽ അവർക്ക് സമരം തുടരുകയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ല.

ഇന്ത്യൻ ഭരണകൂടം ബൂർഷ്വ–ഭൂപ്രഭു വർഗങ്ങൾ പിന്തുണയ്-ക്കുന്ന കുത്തക വർഗ നേതൃത്വത്തിലുള്ളതാണ് എന്ന സിപിഐ എമ്മിന്റെ വിലയിരുത്തലിനെ പൂർണമായി ശരിവയ്ക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ കൃഷിക്കാരോടുള്ള സമീപനം. കുത്തകകൾക്കും വൻകിട മുതലാളിമാർക്കും നിർബാധം ചൂഷണം ചെയ്യാവുന്ന ജനവിഭാഗമായി ബിജെപിയും മോദി സർക്കാരും അവരെ വിലയിരുത്തുന്നു. അല്ലായിരുന്നെങ്കിൽ, കൃഷിക്കാരുടെ ന്യായമായ ആവശ്യങ്ങൾ അവർ ഇതിനകം അംഗീകരിക്കുമായിരുന്നു. അതിനുപകരം അധികാരം ഏറ്റതുമുതൽ മോദി പ്രഭൃതികളുടെ നിരന്തര താൽപ്പര്യം അദാനി, അംബാനി തുടങ്ങിയ കുത്തകകളുടെ താൽപ്പര്യ സംരക്ഷണമായിരുന്നു. കൃഷിക്കാർക്ക് ന്യായമായ ഉൽപ്പന്നവിലയും മറ്റ് ആനുകൂല്യങ്ങളും നൽകിയാൽ അത് കുത്തകകളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകും എന്നതുകൊണ്ടാണ് മോദി സർക്കാർ അവ അനുവദിക്കാത്തത് എന്നാണ് കൃഷിക്കാരുടെയും പല നിരീക്ഷകരുടെയും വിലയിരുത്തൽ. ഇതേ മുതലാളിത്ത താൽപ്പര്യങ്ങളുള്ള കോൺഗ്രസ് നയിച്ച സർക്കാരുകളും കൃഷിക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് എതിരായിരുന്നു.

കൃഷിക്കാർ രാജ്യവ്യാപകമായി സമരം ചെയ്തിട്ടും അതിനുനേരെ മുഖം തിരിച്ചുനിൽക്കുകയാണ് മോദി സർക്കാർ. കുത്തക താൽപ്പര്യത്തിനും മുതലാളിത്ത താൽപ്പര്യത്തിനു പൊതുവിലും, അനുകൂലമാണ് മോദി സർക്കാരിന്റെ നയവും നടപടികളും. ധനമന്ത്രി നിർമല സീതാരാമൻ ഈയിടെ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽപോലും കുത്തക പ്രീണന സമീപനമേയുള്ളൂ. കൃഷിക്കാരോട് നീതി ചെയ്യണമെന്ന ആഗ്രഹപ്രകടനമോ ചെയ്യാൻ തയ്യാറാണ് എന്ന സൂചനയോ ഒന്നുംതന്നെ അതിലില്ല. ആ നിലയ്ക്ക് സമരവുമായി മുന്നോട്ടുപോവുക, ഡൽഹി നഗരത്തിലെത്തി തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെയും ജനങ്ങളുടെയും സമക്ഷത്തിൽ അവതരിപ്പിക്കുക എന്നതേ അവർക്ക് കരണീയമായിട്ടുള്ളൂ. രാജ്യത്തിന്റെ, ഇന്ത്യാ സമൂഹത്തിന്റെ, വളർച്ച എന്നാൽ ഇന്നാട്ടിലെ മുതലാളിമാരുടെ വളർച്ചയല്ല, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മറ്റും വളർച്ചയാണ്. സർക്കാർ ഈ അടിസ്ഥാന വസ്തുത അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ സ്-തംഭനാവസ്ഥയ്ക്ക് കാരണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − fourteen =

Most Popular