2002ല്‍ ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരായി നടന്ന ഭീകരമായ വംശഹത്യക്കിടയില്‍ നടത്തിയ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്കും ഗുജറാത്ത് ഗവണ്‍മെന്റ് സ്വാതന്ത്ര്യദിനത്തിന്റെ അതേ ദിവസം തന്നെ മാപ്പ് നല്‍കി വിട്ടയച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 75 വര്‍ഷം തികഞ്ഞതിനോടനുബന്ധിച്ചു നടന്ന അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്ക് മായാത്ത കളങ്കമായി. ഈ മാപ്പ് നല്‍കലിന്റെ വാര്‍ത്ത പരസ്യമായപ്പോള്‍ തനിക്കും തന്റെ 14 കുടുംബാംഗങ്ങള്‍ക്കുമെതിരായ ഈ കുറ്റകൃത്യത്തിലെ ഏക അതിജീവിതയായ ബില്‍ക്കിസ് ബാനോവിന് ഇങ്ങനെ മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ: നീതിയുടെ അന്ത്യമാണോ ഇത്?
ബില്‍ക്കീസ് ബാനോ കേസിനെ സംബന്ധിച്ച് എപ്പോള്‍, എവിടെ സംസാരമുണ്ടായാലും എഴുതിയാലും ഗോധ്രതീവണ്ടിയുടെ കംപാര്‍ട്ടുമെന്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ചും ആ കംപാര്‍ട്ടുമെന്റിനുള്ളിലുണ്ടായിരുന്നവരെക്കുറിച്ചും പരാമര്‍ശിക്കുന്നത് പതിവായിരിക്കുന്നു. ഗോധ്ര സ്റ്റേഷനടുത്ത് താമസക്കാരായ ന്യൂനപക്ഷ സമുദായാംഗങ്ങളാണ് ഈ സംഭവത്തിനുത്തരവാദികള്‍ എന്നും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവരില്‍ പലരും ദീര്‍ഘകാലമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയുമാണ്; ഇവരുടെ പ്രവൃത്തിയാണ് കലാപത്തിനു കാരണമെന്നും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇതെല്ലാം കാരണമാണ് ഈ വിശദാംശങ്ങള്‍ ഇവിടെ അവതരിപ്പിച്ചത്. ഗോധ്ര സ്റ്റേഷനില്‍ തങ്ങള്‍ കണ്ടതും എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുമായൊന്നും പൊരുത്തപ്പെടുന്നതല്ല പ്രചരിപ്പിക്കപ്പെടുന്ന ഈ സിദ്ധാന്തം.
ഗോധ്ര സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം ഞങ്ങള്‍ ഇക്ബാല്‍ പ്രൈമറി സ്കൂള്‍ ക്യാമ്പിലേക്ക് പോയി; അവിടെ ഞങ്ങള്‍ ബില്‍ക്കീസ് ബാനോവിനെ കണ്ടു. അവളുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയെ സംബന്ധിച്ച റിപ്പോര്‍ട്ടാണിത്: ‘‘ഗോധ്രയിലെ ഇഖ്ബാല്‍ പ്രൈമറി സ്കൂള്‍ ക്യാമ്പില്‍ ദാഹോദ് ജില്ലയിലെ രണ്‍ധിക്പൂര്‍ വില്ലേജില്‍നിന്നുള്ള യാക്കൂബ് പട്ടേലിന്റെ ഭാര്യ ബില്‍ക്കീസ് ബാനോ എന്ന 21 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരി കഴിയുന്നുണ്ട്. അവള്‍ ഞങ്ങളോട് പറഞ്ഞത് തന്റെ ഗ്രാമത്തിലും പുറത്തുമുള്ള ആള്‍ക്കൂട്ടം ഗ്രാമത്തിലുള്ള മുസ്ലീങ്ങളുടെയെല്ലാം വീടുകള്‍ ആക്രമിക്കുകയുണ്ടായി എന്നാണ്; തന്റെ പല കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവള്‍ക്ക് ആ ഗ്രാമത്തില്‍നിന്നു ഓടിരക്ഷപ്പെടേണ്ടിവന്നു. അവളോടൊപ്പം അവളുടെ അമ്മയുണ്ടായിരുന്നു; അവളുടെ മൂന്നുവയസ്സുകാരിയായ മകള്‍ സാലിഹ ഉണ്ടായിരുന്നു; മുംതാസ്, മുന്നി എന്നീ രണ്ട് സഹോദരിമാരുണ്ടായിരുന്നു; അവളുടെ സഹോദരന്മാരായ ഇര്‍ഫാനും അസ്ലാമും ഉണ്ടായിരുന്നു; അവളുടെ മാതൃസഹോദരന്‍ മജീദും അവളുടെ പിതാവിന്റെ രണ്ട് സഹോദരിമാര്‍ സുഗ്രയും ആമിനയും അവരിലൊരാളുടെ ഭര്‍ത്താവുമുണ്ടായിരുന്നു; ആമിനയുടെ പുത്രന്‍ യൂസഫും അവളുടെ മൂന്ന് പെണ്‍മക്കള്‍ ഷമീമും മുംതാസും മെദീനയും ഉണ്ടായിരുന്നു. ഷമീമിന്റെ പുത്രന്‍ ഹുസൈനുണ്ടായിരുന്നു. ബില്‍ക്കീസ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു; പിതാവിന്റെ സഹോദരീ പുത്രി ഷമീമിന്റെ പ്രസവം അടുക്കാറായിരുന്നപ്പോഴാണ് അവര്‍ക്ക് ഗ്രാമത്തില്‍നിന്നും ഓടിപ്പോകേണ്ടതായി വന്നത്.
ആദ്യം അവര്‍ രക്ഷതേടിയെത്തിയത് 5–6 കിലോമീറ്റര്‍ അകലെയുള്ള ചുന്ദഗി വില്ലേജിലാണ്. അവിടെ ബിജല്‍ ദാമറിന്റെ വീട്ടില്‍ അഭയം തേടി. അവിടെ സുരക്ഷിതമല്ലാതിരുന്നതുമൂലം അവിടെ നിന്നുപോകാന്‍ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു; അവിടെനിന്ന് അവര്‍ കൗജേറിലേക്ക് നടന്നു; അവിടെ ഒരു മോസ്കില്‍ അഭയം തേടി. ഇവിടെ വച്ച് ഷമീം ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു; ഒരു മിഡ്വൈഫിന്റെ സഹായം അവള്‍ക്ക് ലഭിച്ചു; എന്നാല്‍ അതിനുശേഷം പെട്ടെന്നുതന്നെ അവിടെനിന്നും രക്ഷപ്പെടാന്‍ അവരോട് ആവശ്യപ്പെടുകയുണ്ടായി. പിന്നീട് അവര്‍ കുദ്ര വില്ലേജില്‍ എത്തുന്നതുവരെ നടന്നു. അവിടെ ചില ആദിവാസി നായിക്കുമാര്‍ ഷമീമിന്റെ അവസ്ഥ കണ്ട് ദയ തോന്നി തങ്ങളുടെ കുടിലുകളില്‍ അവരെ താമസിപ്പിച്ചു. ഈ ആദിവാസികള്‍ പരമദരിദ്രരായിരുന്നെങ്കിലും അഭയംതേടിയെത്തിയവര്‍ക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ പോലും അവര്‍ നല്‍കി. അതിനുശേഷം ആ സ്ഥലവും ഉപേക്ഷിച്ച് മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാന്‍ അവരോട് ആവശ്യപ്പെടുകയുണ്ടായി; എന്നാല്‍ രണ്ട് ആദിവാസികള്‍ അവരെ ഛപ്പട്വാഡ് ഗ്രാമംവരെ അനുഗമിച്ചു. ഇവിടെ നിന്ന് അവര്‍ പനിവേല ഗ്രാമത്തിലേക്ക് പോവുകയായിരുന്നു; എന്നാല്‍ അവരുടെ ഗ്രാമത്തില്‍ നിന്ന് വാഹനങ്ങളില്‍ പിന്തുടര്‍ന്ന് വന്നവര്‍ അവര്‍ക്ക് മുന്നിലെത്തി. ആ സമയത്ത് അവര്‍ വളരെ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുന്നിന്‍പ്രദേശത്തായിരുന്നു. പിന്തുടര്‍ന്നുവന്ന അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി, അതില്‍ മൂന്നുപുരുഷന്മാര്‍ ബില്‍ക്കീസിനെ ബലാത്സംഗം ചെയ്തു. മറ്റു യുവതികളും കൂട്ടബലാത്സംഗത്തിനിരയായതായും അവള്‍ പറഞ്ഞു. അവളുടെ കുഞ്ഞിനെ അവര്‍ തട്ടിയെടുത്ത് കൊലപ്പെടുത്തി; പിന്നീട് അവന്മാര്‍ അവരെയെല്ലാം മാരകമായി ആക്രമിച്ചു; നവജാത ശിശു ഉള്‍പ്പെടെ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ കൂട്ടത്തില്‍ മരിച്ചതായി കണക്കാക്കി, അവളെയും അവിടെ ഉപേക്ഷിച്ചു. അവരെയെല്ലാം കല്ലുകൊണ്ട് മൂടിയിട്ടിരുന്നു. ഒരു രാത്രി മുഴുവനും പിറ്റേന്ന് പകല്‍ ഏറെ സമയവും അവള്‍ അവിടെ കിടന്നു, ലിംഖേഡ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരാണ് അവരെ കണ്ടെത്തിയതും രക്ഷിച്ചതും. മറ്റുള്ളവരുടെ ശവശരീരങ്ങള്‍ അവിടെ ഉപേക്ഷിച്ചു; അവളെ ലിംഖേഡ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി; എന്നിട്ട് അവിടെ നിന്നാണ് ക്യാമ്പിലെത്തിച്ചത്. ഇവിടെ നിന്ന് അവളെ ഗോധ്ര ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവളെ വൈദ്യപരിശോധന നടത്തുകയും അവളുടെ മൊഴി രേഖപ്പെടുത്തുകയും തന്നെ ബലാത്സംഗം ചെയ്യുകയും തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ആളുകളുടെയെല്ലാം പേര് അവള്‍ പറഞ്ഞു.
അവളെ വൈദ്യപരിശോധന നടത്തിയതായും ബലാൽസംഗം ചെയ്യപ്പെട്ടതിന്റെ തെളിവുകളും തന്മൂലമുണ്ടായ മുറിവുകളും കണ്ടെത്തിയതായുമുള്ള വസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഈ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയില്ലയെന്നും ആ ഡോക്ടര്‍മാര്‍ പറഞ്ഞു.
ബില്‍ക്കീസിന്റെ പിതാവിനെയും ഭര്‍ത്താവിനെയും ദാഹോദിലെ മറ്റൊരു ക്യാമ്പില്‍ കണ്ടെത്തി; അവളുടെ സഹോദരന്‍ സയ്ദ് അവളോടൊപ്പം ഗോധ്രയിലുണ്ട്. അഞ്ചു മാസം പ്രായമുണ്ടായിരുന്ന അവളുടെ ഭ്രൂണത്തിന് അപ്പോഴും ജീവനുണ്ട്.
ഇതായിരുന്നു നീതിക്കുവേണ്ടിയുള്ള ബില്‍ക്കീസിന്റെ സുദീര്‍ഘവും ധീരോദാത്തവുമായ തെരച്ചിലിന്റെ ആരംഭം; ഈ പ്രയാണത്തിന്റെ ഓരോ നിമിഷത്തിലും അക്കാലത്ത് മോദി ഗവണ്‍മെന്റിന്റെ അനുഗ്രഹാശിസ്സുകളോടെ ഗുജറാത്ത് പൊലീസും ഭരണസംവിധാനമാകെയും അവളെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. നീതിക്കുവേണ്ടിയുള്ള ബില്‍ക്കീസിന്റെ പോരാട്ടത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച ഒരുള്‍ക്കാഴ്ച ലഭിക്കണമെങ്കില്‍ ബിജെപി വിരുദ്ധ, മോദി വിരുദ്ധ ബ്രിഗേഡിന്റെ ഭാഗമെന്ന് ആരോപിക്കാനാവാത്ത ആരിലേക്കെങ്കിലും തിരിയുന്നതാവും നല്ലത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് മോദി ആഗ്രഹിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ നരേന്ദ്രമോദിക്കായി വാദിച്ച ഹരീഷ് സാല്‍വെ തന്നെ ബില്‍ക്കീസ് ബാനോവിന്റെ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി 2003 സെപ്തംബര്‍ 11ന് ഇന്ത്യന്‍ എക്സപ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു; ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാനും മുന്‍ ചീഫ് ജസ്റ്റിസുമായ എ എസ് ആനന്ദാണ് അദ്ദേഹത്തെ ഈ കേസുമായി ബന്ധിപ്പിച്ചത്. സാല്‍വെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഭരണസംവിധാനത്തിന്റെ പരാജയത്തെ പ്രതിനിധീകരിക്കുന്നതായതുകൊണ്ടാണ് ഞാന്‍ അവളുടെ കേസ് ഏറ്റെടുത്തത്. ഗുജറാത്തിലെ പൊലീസിന്റെയും കോടതികളുടെയും പരാജയം….ജസ്റ്റിസ് ആനന്ദ് ഈ കേസ് ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ റിക്കാര്‍ഡുകളാകെ പരിശോധിച്ചു; തുടര്‍ന്ന് ഈ അനീതിക്കെതിരെ പൊരുതാന്‍ ഞാന്‍ തീരുമാനിച്ചു.”
ബില്‍ക്കീസിന്റെ മൊഴി രേഖപ്പെടുത്തുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും വൈദ്യപരിശോധന റിപ്പോര്‍ട്ടു പ്രകാരം ബലാത്സംഗക്കുറ്റം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു പറഞ്ഞ് ഗുജറാത്ത് പൊലീസ് കേസ് അവസാനിപ്പിക്കുകയാണുണ്ടായത് എന്ന് റിക്കാര്‍ഡുകള്‍ വ്യക്തമാക്കി.
ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ഇടപെടലാണ് കേസിനെ സജീവമാക്കി നിര്‍ത്തിയത്; എന്നാല്‍ ഈ കേസില്‍ നീതിയുടെ ചക്രങ്ങള്‍ വേദനാജനകമായവിധം മന്ദഗതിയിലാണ് നീങ്ങിയത്. ഒടുവില്‍ മഹാരാഷ്ട്രയിലെ ഒരു സിബിഐ കോടതിയിലേക്ക് വിചാരണയ്ക്കായി മാറ്റപ്പെട്ടു; 11 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ബില്‍ക്കീസിന് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു; ഗുജറാത്ത് സര്‍ക്കാര്‍ അവള്‍ക്ക് വീടും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കോടതി വിധിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടതായി വന്നു; അതേ സമയം ജോലിയും വീടും ഇപ്പോഴും കൈയെത്താദൂരത്താണ്.
കേസിലെ 11 കുറ്റവാളികളെ മോചിപ്പിക്കുന്നതുതന്നെ ഞെട്ടിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതായിരിക്കെ, മനുവാദിþഹിന്ദുത്വ ബ്രിഗേഡിലെ അംഗങ്ങളുടെ പ്രതികരണങ്ങളാകട്ടെ അപലപനീയവും ആപത്ത് സൂചിപ്പിക്കുന്നതുമാണ്. ഈ കൊടുംക്രിമിനലുകള്‍ ജയില്‍മോചിതരായപ്പോള്‍ ഹാരാര്‍പ്പണം നടത്തിയും മധുരപലഹാരങ്ങള്‍ നല്‍കിയും അവരെ സ്വീകരിക്കുകയായിരുന്നു; മാപ്പു നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് ഗവണ്‍മെന്റ് നിയോഗിച്ച ഒരു കമ്മിറ്റിയിലെ ഒരംഗംകൂടിയായ ബിജെപി എംഎല്‍എ പറഞ്ഞത് ഈ ക്രിമിനലുകളെല്ലാം ബ്രാഹ്മണരും സല്‍സ്വഭാവികളുമാണെന്നാണ്. എന്നാൽ ഗുജറാത്ത് ഗവൺമെന്റിന്റെ ഈ തീരുമാനത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് പ്രതികളെ വിട്ടയച്ച നടപടി ബോബെ ഹെെക്കോടതി റദ്ദുചെയ്തത് സുപ്രീം കോടതി ശരിബെച്ചു. ♦