Friday, November 22, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഗുജറാത്ത് വംശഹത്യയെ മറയ്ക്കാനുള്ള നീക്കം

ഗുജറാത്ത് വംശഹത്യയെ മറയ്ക്കാനുള്ള നീക്കം

കെ ആര്‍ മായ

2002ലെ ഗുജറാത്ത് വംശഹത്യയിലെ മായാത്ത രക്തമുദ്രയാണ് ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടജീവിതം. ദരിദ്രയും നിരക്ഷരയും നിസ്സഹായയുമായ ഒരു സ്ത്രീയുടെ നെടുനാള്‍ നീണ്ട പോരാട്ടത്തെയാകെ റദ്ദുചെയ്തുകൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികള്‍ക്ക് വിടുതല്‍ അനുവദിച്ചത്; സ്വാതന്ത്ര്യദിനത്തില്‍ 11 കൊടുംകുറ്റവാളികള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചത്. അന്നേദിവസം തന്നെയാണ് സ്ത്രീയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ പ്രസംഗിച്ചത്.

പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കീൻസ് ബാനു സുപ്രീംകോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ കക്ഷി ചേർന്നുകൊണ്ട് തീസ്റ്റ സെതൽവാദും സുഭാഷിണി അലിയും നടത്തിയ ഇടപെടൽ കേസിൽ ഗുജറാത്ത് ഗവൺമെന്റ് പ്രതികളെ വെറുതെ വിട്ടത് മഹാരാഷ്ട്ര ഹൈക്കോടതി റദ്ദു ചെയ്യുകയും സുപ്രീംകോടതി അത് ശരിവെയ്ക്കുകയും ചെയ്തു. അങ്ങനെ ആ കൊടും കുറ്റവാളികൾ വീണ്ടും ജയിലഴിക്കകത്തായി.

2002ല്‍ ഗുജറാത്തില്‍ ആര്‍എസ്എസും തീവ്രഹിന്ദുത്വവാദികളും മുസ്ലീങ്ങള്‍ക്കുനേരെ ഭീകരമായ അക്രമമഴിച്ചുവിട്ടപ്പോള്‍ പ്രാണരക്ഷാര്‍ഥം നാടുവിട്ടുപോകവേയാണ് ബില്‍ക്കീസ് ബാനുവും കുടുംബവും ആക്രമിക്കപ്പെട്ടത്. 16 അംഗമടങ്ങുന്ന ആ കുടുംബത്തിലെ 8 പേരെ കൊലപ്പെടുത്തി. അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെയും മറ്റ് രണ്ടു സ്ത്രീകളെയും കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനു ശേഷം ആ രണ്ടു സ്ത്രീകളെയും വെട്ടിക്കൊലപ്പെടുത്തി. ബാനുവിന്റെ 3 വയസ്സായ മകളെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. അന്ന് ഇതിനെല്ലാം സാക്ഷിയായി മൃതപ്രായയായിക്കിടന്ന ബില്‍ക്കീസ് ബാനുവാണ് പിന്നീട് നീതി കിട്ടുംവരെ പോരാടിയത്.

ജസ്റ്റിസ് വര്‍മ അധ്യക്ഷനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവങ്ങള്‍ വിലയിരുത്താന്‍ ഗോധ്രയിലെ ക്യാമ്പിലെത്തിയതാണ് ബാനുവിന്റെ നിയമപ്പോരാട്ടത്തിന് വഴിയൊരുക്കിയത്. പൊലീസ് കേസ് തേച്ചുമായ്ച്ചുകളയാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ബാനു തന്റെ ശ്രമം തുടര്‍ന്നു. 2003ല്‍ കേസ് സിബിഐ അന്വേഷണത്തിനു വിട്ടു. ബിജെപിയുടെ മുന്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ശൈലേഷ് ഭട്ടടക്കം 13 പേരെ സിബിഐ അറസ്റ്റുചെയ്തു. 2008 ജനുവരിയില്‍ മുംബൈ പ്രത്യേക കോടതി, കുറ്റക്കാരായി കണ്ടെത്തിയ 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീടത് മുംബൈ ഹൈക്കോടതിയും ശരിവച്ചു. ഹിന്ദുത്വവര്‍ഗീയതയാല്‍ പ്രചോദിതരായി കൊടുംകുറ്റകൃത്യം ചെയ്ത ഈ 11 പേരെയാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍, സ്വാതന്ത്ര്യദിനത്തില്‍ മോചിപ്പിച്ചത്. ഇതിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍ പ്രതികളുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവയാണെന്നാണ് പറയുന്നത്. ഇതില്‍ ”കുറ്റകൃത്യത്തിന്റെ സ്വഭാവം” കണക്കിലെടുത്താല്‍ ബലാത്സംഗം, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷയില്‍ ഇളവുനല്‍കില്ലെന്നുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തന്നെ 2014ലെ വിജ്ഞാപനത്തിനെതിരും അതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനവുമാണ്. നിലവിലെ നിയമമനുസരിച്ചാണെങ്കില്‍ പ്രതികള്‍ വധശിക്ഷയ്ക്കര്‍ഹരുമാണ്.

യാഥാര്‍ഥ്യമിതായിരിക്കെ, ഈ കേസിലെ എല്ലാ പ്രതികള്‍ക്കും സ്വാതന്ത്ര്യദിനത്തില്‍ മോചനം നല്‍കിയതിനുപിന്നില്‍ ബിജെപി–ആര്‍എസ്എസിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ട്. ഗുജറാത്തിനെ ബാധിച്ച വംശഹത്യയുടെ രക്തക്കറ കഴുകിക്കളയുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. അതു മുന്‍കൂട്ടിക്കണ്ട് പ്രതികളുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. പ്രതികളിലൊരാള്‍ സുപ്രീംകോടതിക്ക് നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഗോധ്ര ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു കമ്മിറ്റി രൂപീകരിച്ച് 11 പ്രതികളെയും മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. അങ്ങനെ ഈ കുറ്റവാളികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നേരിട്ടു പിന്തുണ നല്‍കുകയായിരുന്നു. 1992 ജൂലൈ 9ലെ സുപ്രീംകോടതി വിധിയിലെ നിർദ്ദേശപ്രകാരം പ്രതികളുടെ മോചനത്തിനായുള്ള അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നു കോടതി നിര്‍ദേശിച്ചു. അങ്ങനെയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഈ 11 പ്രതികളുടെ മോചനത്തിന് വഴിയൊരുക്കിയത്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മീഷന് രഹസ്യമൊഴി നല്‍കിയതിന്റെ പേരിലാണ് ഗുജറാത്തിലെ, ബിജെപിയുടെ തന്നെ ഉന്നത നേതാവും മോദിക്കുമുമ്പ് കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന ഹരേണ്‍ പാണ്ഡ്യ കൊലചെയ്യപ്പെട്ടത്. ഹരേണ്‍ പാണ്ഡ്യ ഡല്‍ഹിയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് കൊല്ലപ്പെട്ടത്. ഹരേണ്‍ പാണ്ഡ്യയെ വധിച്ചതാരെന്ന് തനിക്ക് അറിയാമെന്നു പറഞ്ഞ തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഗോധ്ര സംഭവത്തെത്തുടര്‍ന്ന്, കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി ഉള്‍പ്പെടെ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊല അരങ്ങേറിയത് ‘‘ഹിന്ദുക്കളുടെ വികാരം ആളിക്കത്തും; അത് തടയരുത്’’ എന്ന മോദിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് തുറന്നുപറഞ്ഞ, ആ യോഗത്തില്‍ പങ്കെടുത്ത, അന്ന് ഗുജറാത്ത് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജയ്ഭട്ട് ഇന്നും ജയിലിലാണ്. ആ കേസില്‍ നരേന്ദ്രമോദിക്കും മറ്റ് അറുപത്തി മൂന്നുപേര്‍ക്കും പ്രത്യേകാന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത് ഈയടുത്തയിടെ സുപ്രീംകോടതി ശരിവച്ചു. മോദിയും കൂട്ടരും രക്ഷപ്പെടുകയും ചെയ്തു.

ബില്‍ക്കീസ് ബാനു കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ”ധീരമായ മൊഴി” എന്നാണ് പ്രതികളുടെ ഭീഷണിക്കു മുന്നില്‍ തളരാത്ത ബാനുവിന്റെ മൊഴിയെ വിശേഷിപ്പിച്ചത്. മകള്‍ ഉള്‍പ്പെടെ 8 കുടുംബാംഗങ്ങളാണ് ഹിന്ദുത്വ വര്‍ഗീയ വാദികളുടെ കൊലവാളിനിരയായത്. 6 പേരെ കാണാതായി. ചോരയിറ്റുന്ന പാവാടയുമായി 5 മാസം ഗര്‍ഭിണിയായ താന്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ക്കിടയിലൂടെ കുന്നുകയറിയ രംഗം ബില്‍ക്കീസ് ബാനു കോടതിയില്‍ വിവരിച്ചിരുന്നു. നീതിപീഠം ശിക്ഷിച്ച ആ പ്രതികളാണ് അധികാരത്തിന്റെ പിന്‍ബലത്തില്‍ ഇപ്പോള്‍ മോചിതരായത്. അതിനെയാണ് സുപ്രീകോടതിയുടെ ഇടപെടൽമൂലമാണ് പ്രതികൾക്ക് വീണ്ടും ജയിലിൽ കിടക്കേണ്ടിവന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular