Sunday, November 24, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻബലാത്സംഗം രാഷ്ട്രീയ ആയുധമാകുമ്പോൾ

ബലാത്സംഗം രാഷ്ട്രീയ ആയുധമാകുമ്പോൾ

ആർ പാർവതി ദേവി

സ്വതന്ത്ര ഇന്ത്യയിൽ മണിപ്പൂരിന് സമാനമായി ഗുജറാത്ത് മാത്രമേ ഉള്ളൂ. വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രയോഗശാലകൾ ആണ് രണ്ടും. ബലാത്‌സംഗത്തെ രാഷ്ട്രീയ ആയുധമായി കണക്കാക്കുന്ന സംഘപരിവാർ പ്രത്യയശാസ്ത്രമാണ് ഗുജറാത്തിലും മണിപ്പൂരിലും കലാപം നടത്തുന്നവരെ നയിക്കുന്നത്. വി ഡി സവർക്കർ തന്റെ “ഇന്ത്യ ചരിത്രത്തിന്റെ ആറു സുവർണ ഘട്ടങ്ങൾ’ എന്ന ഗ്രന്ഥത്തിൽ ബലാത്‌സംഗത്തെക്കുറിച്ച് പറയുന്നത് അമ്പരപ്പിക്കുന്നതാണ്. ശിവജിയും ചിനാജി അപ്പെയും മുസ്ലിം സ്ത്രീകളെ ബലാത്‌സംഗം ചെയ്യാത്തത് ശരിയായില്ല എന്നാണ് അദ്ദേഹം പറയുന്നത്. (ഈ പുസ്തകം സൗജന്യമായി ഓൺലൈനിൽ ലഭ്യമാണ് ) ആ പുസ്തകത്തിലുടനീളം പകയും വെറുപ്പും വർഗീയതയുമാണ് പ്രകടിപ്പിച്ചത്. ഇതെല്ലാം വായിച്ചും പഠിച്ചും മറ്റു മതങ്ങളും ഗോത്രങ്ങളും ആജന്മശത്രുക്കളാണെന്ന് ധരിച്ചുവശാകുകയും അവസരം കിട്ടുമ്പോൾ അത് ഏറ്റവും ക്രൂരമായ വിധത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് സംഘപരിവാറുകാർ എന്നാണ് മണിപ്പൂരും ഗുജറാത്തും വ്യക്തമാക്കുന്നത് . ഒരു നിമിഷത്തെയോ ഒരു ദിവസത്തെയോ പ്രകോപനമാണ് ഇക്കൂട്ടരെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതിയാൽ തെറ്റി. വളരെ ആസൂത്രിതമായി വർഷങ്ങളോളം നടത്തിവന്ന വിദ്വേഷ പ്രചരണമാണ് കലാപത്തിൽ ഒടുങ്ങുന്നത്. ഗുജറാത്തിലെ ഹിന്ദുത്വത്തിന്റെ വളർച്ച നിരവധിപേർ പഠന വിധേയമാക്കിയിട്ടുണ്ട്. വിഷലിപ്‌തമായ ആശയപ്രചരണങ്ങൾ വഴി മതാത്മകതയ്ക്ക് വളക്കൂറുള്ള മണ്ണവർ ഒരുക്കുന്നു. ശാസ്ത്രബോധവും യുക്തി ചിന്തയും ജനാധിപത്യ മൂല്യങ്ങളും അട്ടിമറിച്ചുകൊണ്ട് മതബോധം ഓരോരുത്തരുടെയും ഉള്ളിൽ വേരുറപ്പിക്കുന്നു. സംഘപരിവാറിലൂടെ രാഷ്ട്രീയത്തിലെത്തിയ നരേന്ദ്ര മോഡി അധികാരകേന്ദ്രത്തിലെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി.

ഗുജറാത്ത് ഹിന്ദുത്വത്തിന്റെയും ഫാസിസത്തിന്റെയും പരീക്ഷണകേന്ദ്രമായി മാറിയത് ഒരു ദിവസം നേരം പുലർന്നപ്പോൾ അല്ല. ആഗോളവത്കരണവും മുതലാളിത്തവും മൂലധന ശക്തികളും പിടിമുറുക്കിയ ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ നിന്നും രക്ഷ നേടാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരുടെ ഉള്ളിലേക്ക് യുക്തിരഹിതമായ മതചിന്തകൾ കടത്തിവിടാൻ അവർ ദൈവവിശ്വാസവും പുരാണങ്ങളും ഇതിഹാസങ്ങളും ഭക്തിയും ആയുധമാക്കുന്നു. ഭക്തിയെ പോലും ഒരു ചരക്കാക്കി വില്പന നടത്തുന്നു. മനുഷ്യന്റെ ഏറ്റവും ദുർബലമായ അവസ്ഥയെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ള കുടിലമായ രീതികൾ സംഘപരിവാറിനറിയാം.

മണിപ്പൂരിലും കഴിഞ്ഞ ഏതാനും കാലമായി ഇതാണ് നടന്നു വന്നത്. അറുന്നൂറോളം ഗോത്ര വിഭാഗങ്ങൾ അവിടെയുണ്ട്. ഭൂരിപക്ഷമായ മെയ്-ത്തി വിഭാഗങ്ങൾ എല്ലാമേഖലകളിലും ആധിപത്യം സ്ഥാപിക്കുകയും കുക്കികൾക്ക് അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി അവിടെ ഏറെ നാളായി തുടരുന്നു. കുക്കികൾ പ്രധാനമായും ക്രിസ്ത്യാനികളും മെയ്-ത്തികൾ ഹിന്ദുക്കളുമാണ്. ഇരു കൂട്ടരിലും കുറച്ച് മുസ്‌ലീങ്ങളുമുണ്ട്. മെയ്-ത്തികളും കുക്കികളും പലപ്പോഴും ആയുധമെടുക്കുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിലാണ് മെയ്‌ത്തി വിഭാഗത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്താൻ ബിജെപി സർക്കാർ നീക്കം തുടങ്ങിയത്. ഇതിൽ പ്രതിഷേധിച്ച് കുക്കി യുവാക്കൾ മെയ് മൂന്നിന് പ്രകടനം നടത്തുകയും അത് അക്രമത്തിൽ കലാശിക്കുകയും ചെയ്തു. അതോടെ പരിധികളില്ലാത്ത കലാപത്തിലേക്ക് മണിപ്പൂർ നീങ്ങി.

എന്നാൽ മുൻപൊരിക്കലും ഇല്ലാത്തതരത്തിൽ ആരാധനാലയങ്ങൾ തകർക്കുകയും സ്ത്രീകൾക്ക് നേരെ കടന്നാക്രമണങ്ങൾ നടക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് മണിപ്പൂരിലെ ജനാധിപത്യ വിശ്വാസികൾ അമ്പരക്കുകയാണ്.വർഗീയത ഗോത്രവിഭാഗങ്ങൾക്കിടയിൽ ഇല്ലാത്തതാണ് . വംശഹത്യ അവരുടെ അജൻഡ ആയിരുന്നില്ല.

നിരീക്ഷകർ കൃത്യമായി ചൂണ്ടിക്കാട്ടുന്നത് സംഘപരിവാർ നടത്തിവരുന്ന വിദ്വേഷ പ്രചരണം ആണ് ഈ അവസ്ഥ സൃഷ്ടിച്ചതെന്നാണ്. പുതിയ കുറേ ചരിത്ര കഥകളും അടുത്തയിടെയായി മണിപ്പൂരിൽ പ്രചരിക്കുന്നുവെന്ന് അവിടം സന്ദർശിച്ച ജോൺ ബ്രിട്ടാസ് എം പി പറയുന്നു. മഹാഭാരതത്തിലെ അർജുനന്റെ നാലാമത്തെ ഭാര്യ ചിത്രാംഗദ മണിപ്പൂരുകാരിയാണെന്നും കൃഷ്ണന്റെ ഭാര്യ രുഗ്മിണി ഇപ്പോഴത്തെ അരുണാചൽപ്രദേശിൽ നിന്നാണെന്നും മറ്റുമുള്ള പുതിയ കണ്ടെത്തലുകൾ ചില ചരിത്രകാരന്മാരും പടച്ചുവിടുന്നുണ്ട്. ഇതിനെതിരായി ചില പ്രതിഷേധങ്ങളും മണിപ്പൂരിൽ നടന്നു.

എങ്ങനെയാണ് ഹിന്ദുത്വവർഗീയത സമൂഹത്തിൽ പടിപടിയായി കടന്നുകയറുന്നതെന്ന് മണിപ്പൂർ മനസ്സിലാക്കി തരുന്നു. നിർദോഷവും നിഷ്കളങ്കവുമെന്ന് തോന്നുന്ന ഗൂഢമായ പ്രവർത്തനങ്ങൾ ആണ് വർഗീയതയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്നത്. ഫാസിസ്റ്റു ഭരണകൂടം വളരെ ബോധപൂർവം നിശ്ശബ്ദത പാലിക്കുന്നതാണെന്നും കാണാം.

ഭരണകൂട ഭീകരതയാണ് ഗുജറാത്തിലെന്നപോലെ മണിപ്പൂരിലും അരങ്ങേറിയത്. സർക്കാർ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ വാക്കുകൾ അർത്ഥരഹിതമാകുമല്ലോ.

മെയ്‌ത്തി വിഭാഗക്കാർ കുക്കി സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതിന്റെ വീഡിയോ പുറത്തു വരുന്നതുവരെ മണിപ്പൂരിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് പൊതുസമൂഹം അറിഞ്ഞിരുന്നില്ല. പക്ഷേ കേന്ദ്ര സർക്കാരും മണിപ്പൂർ സംസ്ഥാന സർക്കാരും എന്തായാലും ഇതൊന്നും അറിയാതിരിക്കാൻ വഴിയില്ലല്ലോ. നരേന്ദ്ര മോദിയുടെ ഇന്റലിജൻസ് വകുപ്പ് റിപ്പോർട് ചെയ്യുന്നുണ്ടാവില്ലേ ? 50000 അർധസൈനിക വിഭാഗങ്ങളെ അവിടെ വിന്യസിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നിട്ടും കലാപം മാസങ്ങൾ നീണ്ടുനിൽക്കുന്നു.

മെയ്‌ത്തി വിഭാഗത്തിൽ പെട്ട ബിജെപി നേതാവായ ബീരേൻ സിങ് മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത് പൊലീസും പട്ടാളവും നീതിന്യായ സംവിധാനവും നിർജീവമായതിനുപിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ട്.

വീഡിയോ പുറത്തുവരുകയും ഇന്ത്യയാകെ രോഷാഗ്നി ആളിപ്പടരുകയും ചെയ്തപ്പോൾ മാത്രം ,സംഭവം നടന്ന് 77 ദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി 36 സെക്കൻഡ് മണിപ്പൂരിനെക്കുറിച്ച് പറഞ്ഞു. പറഞ്ഞത് ഇതാണ്: ‘‘അക്രമികളെ വെറുതെ വിടില്ല. മണിപ്പൂരിന്റെ പെൺമക്കൾക്ക് നീതി ഉറപ്പു നൽകും’’. എത്രമാത്രം അവഹേളനപരമാണ് ഈ പ്രസ്താവന. മാസങ്ങളായി മണിപ്പൂർ ആളിക്കത്തുകയാണ്. 360 പള്ളികൾ കത്തിച്ചു. എൺപതിലേറെ ക്ഷേത്രങ്ങൾ തകർത്തു. വീടുകളും സ്‌കൂളുകളും അഗ്നിക്കിരയായി. അനേകർ പലായനം ചെയ്തു. 60000 പേർക്ക് വീട് നഷ്ടമായി. ഏഴ് വയസ്സുള്ള ഒരു പെൺകുട്ടി കേരളത്തിൽ പോലും എത്തി. നൂറു കണക്കിന് കൊലപാതകങ്ങൾ. ബലാത്‌സംഗങ്ങൾ . വീഡിയോയിൽ കണ്ട സംഭവം മാത്രമല്ല. മറ്റു പല സംഭവങ്ങളും ഇപ്പോൾ വെളിച്ചത്ത് വന്നു തുടങ്ങി. യഥാർത്ഥ കണക്കുകൾ ഇനിയും പുറത്തു വരാൻ ഇരിക്കുന്നതേയുള്ളൂ . പക്ഷേ പ്രധാനമന്ത്രി കുറ്റകരമായ മൗനം അവലംബിക്കുന്നു.

ഗുജറാത്തിലെ സ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. 2002 മെയിൽ ഗോധ്രയിലേക്കുള്ള തീവണ്ടി അക്രമികൾ തീവെക്കുകയും ഹിന്ദു തീർത്ഥാടകർ കൊല്ലപ്പെടുകയും ചെയ്തതിന്റെ പ്രതികാരമെന്ന രീതിയിൽ ആണ് മുസ്ലിങ്ങൾക്ക് നേരെ ഉന്മൂലനലക്ഷ്യത്തോടെയുള്ള കടന്നാക്രമണങ്ങൾ സംഘപരിവാർ ശക്തികൾ അഴിച്ചുവിട്ടത്. നരേന്ദ്ര മോദി അന്നവിടെ മുഖ്യമന്ത്രി. മൂന്നു ദിവസത്തെ കലാപത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ഞെട്ടിക്കുന്നതാണ് . രേവതി ലോൾ എഴുതിയ വെറുപ്പിന്റെ ശരീരശാസ്ത്രം എന്ന പുസ്തകത്തിൽ അക്രമികളെ നേരിൽക്കണ്ട് സംസാരിച്ചതിന്റെ വിവരണങ്ങളുണ്ട്. തങ്ങൾ എന്തുകൊണ്ടിങ്ങനെ ബലാത്‌സംഗം ഉൾപ്പടെയുള്ള അതിക്രമങ്ങൾ ചെയ്തു എന്നതിനെ കുറിച്ചവർ പറയുന്നുണ്ട് . തങ്ങളുടെ ഹിന്ദുത്വബോധം മുസ്‌ലിങ്ങളെ ശത്രുക്കളായി കണക്കാക്കുന്നു എന്നതാണ് അവരുടെ വിശദീകരണത്തിന്റെ രത്നച്ചുരുക്കം.

ഗുജറാത്തിൽ 2002ൽ നടന്ന സംഭവങ്ങളിൽ ഏറ്റവും കടുത്ത ക്രൂരതയാണ് ബിൽക്കിസ് ബാനു അനുഭവിച്ചത്. അഞ്ചു മാസം ഗർഭിണിയായിരുന്ന 21 വയസ്സ് മാത്രം ഉണ്ടായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്‌സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകളെ തറയിലെറിഞ്ഞു കൊല്ലുകയും ചെയ്തു. ബിൽക്കിസിന്റെ കുടുംബത്തിലെ 14 പേരാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിനിടയിൽ ബോധം നഷ്ടപ്പെട്ടതിനാൽ മരിച്ചെന്ന് കരുതി അക്രമികൾ ഉപേക്ഷിച്ചു പോയത് കൊണ്ട് മാത്രം ബിൽക്കിസ് ബാനു ഇന്നും ജീവിച്ചിരിക്കുന്നു.

ബിൽക്കിസ് ബാനുവിന്റേത് ധീരമായ പോരാട്ടം ആയിരുന്നു. എല്ലാ ഭീഷണികളെയും അവഗണിച്ചുകൊണ്ട് നടത്തിയ നിയമ യുദ്ധത്തിൽ ബിൽക്കിസ് ബാനു വിജയിച്ചു. 11 പേരെ കോടതി ശിക്ഷിച്ചു. എന്നാൽ ശിക്ഷ കാലയളവ് പൂർത്തിയാക്കുന്നതിനു മുൻപ് 2022 ൽ നരേന്ദ്ര മോഡി കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക ഉത്തരവിൽ ഒപ്പു വച്ചു . അവരുടെ നല്ല നടപ്പിന് കൊടുത്ത ഉപഹാരം. ജയിൽ മോചിതരായ ഇവരെ വിശ്വഹിന്ദു പരിഷത്തും കൂട്ടരും ഹാരം അണിയിച്ച് ആഘോഷമായി സ്വീകരിച്ചു. പലരും അവരുടെ കാൽ തൊട്ടുതൊഴുതു.

ഗുജറാത്ത് കലാപത്തിന് ശേഷം മതസ്വാതന്ത്ര്യത്തിനു ഹാനി വരുത്തിയ വ്യക്തി എന്ന കാരണത്താൽ ഒരു പതിറ്റാണ്ടോളം നരേന്ദ്ര മോദിയെ അമേരിക്ക അവരുടെ മണ്ണിൽ കാലുകുത്താൻ അനുവദിച്ചിരുന്നില്ല. ബി ബി സി ഡോക്യൂമെന്ററി ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കിയതിന് എന്തൊക്കെ രീതിയിൽ അവർ പ്രശ്നങ്ങൾ നേരിട്ടു എന്നത് നാം കണ്ടതാണല്ലോ.

മതരാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യൻ ജനത കൂടുതൽ രൂക്ഷമായി അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. സ്വേച്ഛാധിപത്യ ഭരണം ജനതയെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുന്നു. മണിപ്പൂരിൽ പ്രതികൾ അഴിഞ്ഞാട്ടം തുടരുകയാണ്. വളരെ കുറച്ചു പ്രതികൾ മാത്രമേ അറസ്റ്റിലായിട്ടുള്ളൂ. എന്നാൽ മെയ്‌ത്തികളെ അവഹേളിച്ചു എന്ന ആരോപണത്തിൽ ഹൈദരാബാദ് സർവകലാശാല പ്രൊഫസർ ഡോ ഹൗസിങ്ങിനെതിരെ നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നു. ഒരു മാധ്യമത്തിന് അഭിമുഖം കൊടുത്തപ്പോൾ കലാപത്തെ അപലപിച്ചതാണ് അദ്ദേഹം ചെയ്ത ‘കുറ്റം’.

എന്നാൽ യഥാർത്ഥ കുറ്റവാളിയായ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിനെ തൽസ്ഥാനത്തു നിന്നും മാറ്റുന്നതിന് ബി ജെ പിക്കോ നരേന്ദ്ര മോദിക്കോ കഴിയില്ല. കാരണം ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നരേന്ദ്ര മോഡിയും അന്ന് സ്ഥാനം ഒഴിഞ്ഞില്ല. മണിപ്പൂരിന്റെ അയൽ സംസ്ഥാനങ്ങളിലേക്കും സംഘർഷത്തിന്റെ അലയൊലികൾ എത്തിത്തുടങ്ങി. മിസോറാം അശാന്തമാണ്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതും പ്രശ്നം സങ്കീർണമാക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular