Saturday, May 18, 2024

ad

Homeമുഖപ്രസംഗംകർഷകരോടും വാഗ്ദാനലംഘനം

കർഷകരോടും വാഗ്ദാനലംഘനം

വരികൾ അച്ചടിച്ചു വരുമ്പോഴേക്കും രാജ്യത്തെ കർഷകരും തൊഴിലാളികളും വിവിധ തൊഴിലാളി – കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരരംഗത്തായിരിക്കും. അത് ഒഴിവാകണമെങ്കിൽ അതിനുമുമ്പ് ആ സമരസമിതിയുടെ പ്രതിനിധികളും സർക്കാരുമായി 15–ാം തീയതി വ്യാഴാഴ്ച വെെകുന്നേരം നടത്തുന്ന ചർച്ചയിൽ സർക്കാർ അവരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മുൻകൂട്ടിയുള്ള പ്രതികരണങ്ങളും ഭാവഹാവാദികളും അതിനുള്ള സാധ്യതയല്ല സൂചിപ്പിക്കുന്നത്. ബിജെപി 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നതിനുമുമ്പ് കർഷകർക്ക് ആവർത്തിച്ചു നൽകിക്കൊണ്ടിരുന്ന വാഗ‍്ദാനങ്ങൾ ഒന്നും തന്നെ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പത്തുവർഷമായിട്ടും നടപ്പാക്കിയില്ല. അതിൽ ഒന്നായിരുന്നല്ലോ ഉൽപാദനച്ചെലവും അതിന്റെ പകുതിയും ചേർത്തുള്ള തുക താങ്ങുവിലയായി പ്രഖ്യാപിക്കാമെന്നത്. ‘‘ഇപ്പറഞ്ഞതു തന്നെയേ ഉള്ളൂ’’ എന്നു പണ്ടാരോ പറഞ്ഞതിനെ അനുസ്മരിപ്പിക്കുന്നതാണ് മോദി സർക്കാരിന്റെ വാഗ്ദാനങ്ങൾ പലതും.

2014ലെ തിരഞ്ഞെടുപ്പിനുമുമ്പ് നരേന്ദ്ര മോദി സകല സംസ്ഥാനങ്ങളിലും ചെന്നു ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എന്തെല്ലാമായിരുന്നു? ഓരോ ആളുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം, ബിജെപി അധികാരത്തിൽ എത്തിയാൽ, നിക്ഷേപിക്കാം; വിദേശത്തേക്ക് വൻകിടക്കാർ കടത്തിയ കള്ളപ്പണം മുഴുവൻ പിടിച്ചെടുക്കും, അങ്ങനെ ചെയ്താൽ ഇതിനൊക്കെ ആവശ്യമായ പണം ഉണ്ടാകും എന്നെല്ലാമായിരുന്നല്ലോ മോഹന സുന്ദര വാഗ്ദാനങ്ങൾ. ജനങ്ങളുടെ വോട്ട് നേടി രണ്ടു തവണ അധികാരത്തിൽ വന്നിട്ടും അവയെക്കുറിച്ച് ഒരു മിണ്ടാട്ടവുമില്ല.

മോദിയും പരിവാരവും തൊഴിലാളികൾക്കും കൃഷിക്കാർക്കും ബഹുജനങ്ങൾക്കാകെയും നൽകിയ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ട് അദാനി, അംബാനി ആദിയായ കുത്തകകൾക്ക് ഓരോ വർഷവും കൂടുതൽ കൂടുതൽ ലാഭം ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. അതിനാൽ മോദിയും സംഘവും വരുന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് അധികാരത്തിൽ തുടരുന്നതിനുവേണ്ടി എന്തു സഹായവും ചെയ്യുന്നതിന് ആ വിത്തപ്രഭുക്കളെല്ലാം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ സമയത്താണ് കൃഷിക്കാരുടെ സംഘടനകൾ തങ്ങൾക്ക് മോദി സർക്കാർ നൽകിയ ഒരു വാഗ്ദാനവും നടപ്പാക്കിയിട്ടില്ല എന്നതിൽ പ്രതിഷേധിച്ച് അവ നടപ്പാക്കിക്കിട്ടുന്നതിനായി സമരത്തിനു ഇറങ്ങിയിരിക്കുന്നത്. പഞ്ചാബിൽനിന്ന് ഹരിയാന വഴി ഡൽഹിക്ക് ഒരു വിഭാഗം കർഷകർ വൻ പ്രകടനമായി നീങ്ങുന്നു. അതിന്റെ ഭാഗമാണ് പഞ്ചാബിൽനിന്നും മറ്റുമുള്ള കർഷകർ ഹരിയാനയിലെ സിൻഘു അതിർത്തിയിൽ പ്രകടനമായി എത്തിയത്. ഹരിയാനയിലെ ബിജെപി സർക്കാർ ദേശീയപാതയിൽ വലിയ കിടങ്ങു കുഴിച്ച് അതുവഴി ഡൽഹിയിലേക്കുള്ള ഗതാഗതമാകെ സ്തംഭിപ്പിച്ചിരിക്കുയാണ്. ഡൽഹിക്കല്ല, ഹരിയാനയിലേക്കുപോലും സമരക്കാരെ കയറ്റില്ല എന്ന വാശിയിലാണ് ഭരണകർത്താക്കൾ. അതിനുള്ള പരിഹാരം സമരക്കാർ കണ്ടോളും.

അതല്ല പ്രശ്നം. കർഷകർ ഉയർത്തിയിട്ടുള്ള ആവശ്യങ്ങളാണ്. കൃഷിക്കാരാണ് ജനങ്ങളെ പോറ്റി വളർത്തുന്നത്. ഭക്ഷണത്തിനുള്ള അരിയും ഗോതമ്പും കരിമ്പും പച്ചക്കറികളും പലവ്യഞ്ജനങ്ങളും മാത്രമല്ല, ഉടുക്കാനുള്ള വസ്ത്രം നിർമിക്കാനുള്ള പരുത്തി ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നത് കൃഷിക്കാരാണ്. സമൂഹത്തിന്റെ നിലനിൽപിനായുള്ള ഭക്ഷ്യപദാർഥങ്ങളും പല വ്യാവസായികോൽപന്നങ്ങളും ഉൽപാദിപ്പിക്കുന്ന കൃഷിക്കാരാണ് രാജ്യത്തിന്റെ ഒരു പ്രധാന ചാലകശക്തി. കൃഷിക്കുപയോഗിക്കുന്ന കാലികളെപ്പോലെയാണ് സർക്കാരും അതിനെ നിയന്ത്രിക്കുന്ന വ്യവസായ – വ്യാപാര പ്രമുഖരും കൃഷിക്കാരെയും കണക്കാക്കുന്നത്; അവയോടെന്ന പോലെയാണ് അവരോടും സർക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്നവരുടെയും മനോഭാവവും സമീപനവും. കാലികളെപ്പോലെ അവരും തങ്ങളുടെ കൽപനകളെയും ചൂഷണത്തെയും അടിച്ചമർത്തലിനെയും ഒരു പ്രതിഷേധവും കാണിക്കാതെയും ചോദ്യം ചെയ്യാതെയും അംഗീകരിച്ചു നടപ്പാക്കുമെന്നതാണ് വ്യവസായി വ്യാപാരികളുടെയും അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഭരണാധികാരികളുടെയും ഉറച്ച ധാരണ. കാരണം, കൃഷിക്കാർ തങ്ങൾക്ക് ന്യായമായ വില കിട്ടുന്നില്ല എന്നു മുറുമുറുക്കുന്നതിലും പ്രാദേശികമായി പ്രതിഷേധിക്കുന്നതിലും അപ്പുറം പോകില്ല എന്നാണ് അവർ കരുതിയത്. അതായിരുന്നല്ലോ അനുഭവം.

എന്നാൽ 2021–22ൽ കർഷകരുടെ ഒരു വമ്പിച്ച സമരം നടന്നു. താങ്ങുവില ഉൾപ്പെടെ പല ആവശ്യങ്ങളും അന്ന് ഉന്നയിച്ചിരുന്നു. അവയിൽ പ്രധാനം മോദി സർക്കാർ കൊണ്ടുവന്ന‍് പാർലമെന്റ് പാസ്സാക്കിയ കാർഷിക പരിഷ്കരണത്തിന്റെ പേരിലുള്ള മൂന്നു കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുകയായിരുന്നു. കർഷക വിരുദ്ധ നിയമം പിൻവലിച്ചെങ്കിലും താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. അന്നു രൂപീകരിച്ച സംയുക്ത കിസാൻ മോർച്ചയിലെ ചില അരാഷ്ട്രീയ സംഘങ്ങൾ ചേർന്നാണ് ഇപ്പോൾ ആദ്യം സമരം ആരംഭിച്ചത്. ഫെബ്രുവരി 16ന് മറ്റു സംഘടനകളും സമരത്തിനിറങ്ങും; 15നു വെെകുന്നേരം കേന്ദ്രമന്ത്രിമാരുടെ ഒരു സംഘം, സമരനോട്ടീസ‍് നൽകിയവരും സമരത്തിലുള്ളവരുമായി ചർച്ച നടത്തും. ആദ്യം സമരത്തിനിറങ്ങിയത് പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി, രാജസ്താൻ എന്നിവിടങ്ങളിലെ കൃഷി വികസിതമേഖലയിലെ കൃഷിക്കാരാണ്. ഭക്രാ–നംഗൽ അണക്കെട്ടിൽനിന്നും ഗംഗയിലെ അണക്കെട്ടുകളിൽനിന്നും ജലസേചനം ചെയ്യുന്ന പ്രദേശങ്ങളിലെ താരതമേ-്യന കൂടുതൽ വിള ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സംഘടിത കൃഷിക്കാരാണ് അവർ. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും ഈ പ്രദേശങ്ങളിലുമുള്ള സാധാരണ കൃഷിക്കാരേക്കാൾ കൂടുതൽ സംഘടിതരാണ് അവർ; അതുകൊണ്ടുതന്നെ കൂടുതൽ ഉൽപ്പാദനം നടത്തുന്നവരാണ്.

മോദി സർക്കാർ മുമ്പ് മൂന്നു കർഷകദ്രോഹ നിയമങ്ങൾ കൊണ്ടുവന്നപ്പോൾ അതിനെതിരെ ഉയർന്ന, 2021–22ലെ സമരത്തെത്തുടർന്ന് കാർഷികനിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതമായി. ഇത്തവണ അവർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ വിവിധ വിളകൾക്ക് മിനിമം താങ്ങുവില, കടം റദ്ദാക്കൽ, കാർഷികമേഖലയെ ബാധിക്കുന്ന അന്താരാഷ്ട്ര കരാറുകൾ റദ്ദാക്കൽ, കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും മിനിമം 5000 രൂപ പെൻഷൻ എന്നിവയാണ്. ഇവയിൽ ചിലവ 2021–22 ൽത്തന്നെ ഉന്നയിക്കപ്പെട്ടതാണ്. കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം താങ്ങുവില ലഭിക്കലാണ്. ഉൽപ്പാദന ചെലവും, പൂർണമായും തങ്ങൾ അധ്വാനിച്ചതിനുള്ള ഒരു ചെറിയ പ്രതിഫലവും. ഇതാണ് കൃഷിക്കാർ ആവശ്യപ്പെടുന്ന മിനിമം താങ്ങുവിലയുടെ അടിസ്ഥാനം. തൊഴിലാളികളുടെ മിനിമം കൂലി, കച്ചവടക്കാർക്ക് മിനിമം വില ഉൾപ്പെടെയുള്ളവ എല്ലാം കണക്കാക്കുന്നത് അവരുടെ അധ്വാനശേഷി ഉൾപ്പെടെ ചെലവഴിച്ച തുക കണക്കിലെടുത്താണ്. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് പ്രധാനമായും കച്ചവടക്കാരാണ്. അവർ കൃഷിക്കാർക്ക് നൽകുന്ന വിലയും തങ്ങളുടെ അധ്വാനത്തിനും മുതലിനുമുള്ള പ്രതിഫലവും ചേർത്താണ് ചരക്കിന്റെ വിൽപ്പന വില നിശ്ചയിക്കുന്നത്. തങ്ങൾ ഇറക്കിയ അധ്വാനം ഉൾപ്പെടെയുള്ള മൂലധനവും പലിശയും തിരികെ ലഭിക്കണമെന്നതാണ് ഏത് കച്ചവടത്തിന്റെയും അടിസ്ഥാനം.

കൃഷിക്കാർക്ക് ഇത് ലഭിക്കാത്തതുകൊണ്ടാണ് കൃഷി നഷ്ടത്തിലാകുന്നത്. ദരിദ്രരും അസംഘടിതരുമായ കൃഷിക്കാർക്കാണ് തങ്ങൾ ഇറക്കിയ മുതലിനും അധ്വാനത്തിനുമുള്ള പ്രതിഫലം ലഭിക്കാതിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് സാധാരണയായി അസംഘടിതരും ദരിദ്രരുമായ കൃഷിക്കാർക്കാണ്. അവരുടെ കൃഷി തകരുന്നതിനും ഭൂമി നഷ്ടപ്പെടുത്തി അവർ കർഷകത്തൊഴിലാളികളാകേണ്ടി വരുന്നതിനുമുള്ള പ്രധാന കാരണം അവരുടെ ദാരിദ്ര്യവും അസംഘടിത സ്ഥിതിയുമാണ്. ഈ സ്ഥിതിയെ വലിയ അളവുവരെ അതിജീവിച്ചവരാണ് പഞ്ചാബിലെയും മറ്റും സാധാരണ കൃഷിക്കാർ. കഴിഞ്ഞ കാലത്ത് സർക്കാർ നടപ്പാക്കിയ ജലസേചന സൗകര്യങ്ങളുടെയും മറ്റും ഫലമായി അവരുടെ കൃഷി കാലാവസ്ഥയെ ആശ്രയിച്ചല്ലാതായി. പുതിയ വിത്ത്, വളം ആദിയായവ അവർക്ക് കൂടുതൽ വിളവു നൽകി. എന്നിട്ടും കുത്തക വ്യാപാരികൾക്ക് അനുകൂലമായ സർക്കാരിന്റെ നയവും നിലപാടും കൃഷിക്കാരെ കുഴപ്പത്തിലാക്കുന്നു. അതിൽ നിന്ന് അവരെ രക്ഷിക്കുന്നതിനു സർക്കാരിനേ കഴിയൂ. കർഷകപ്രക്ഷോഭം ഉയർത്തുന്ന പ്രധാന പ്രശ്നം അതാണ്. സർക്കാരിന്റെ കാർഷികനയവും നടപടികളും കൃഷിക്കാരെ അനുകൂലിക്കുന്നതാകണം, കുത്തക വ്യാപാരികളെ കേന്ദ്രീകരിച്ചുള്ളതാകരുത്. കർഷകസംഘടനകൾ സമരത്തിൽ ഉന്നയിച്ചിട്ടുള്ള പ്രധാന മുദ്രാവാക്യങ്ങൾ അത് ഉറപ്പുവരുത്തുന്നതിനാണ്. എന്നാൽ അതിനു പരിഹാരം കാണാനല്ല, ആവശ്യമുന്നയിക്കുന്ന ജനവിഭാഗത്തെ അടിച്ചമർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. മോദി വാഴ്ചയെത്തന്നെ തൂത്തെറിഞ്ഞുകൊണ്ടേ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാകൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × five =

Most Popular