Thursday, May 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്സാമ്പത്തികശാസ്ത്രം പരാജയപ്പെട്ടപ്പോൾ

സാമ്പത്തികശാസ്ത്രം പരാജയപ്പെട്ടപ്പോൾ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 27

മ്മുടെ നാട്ടിൽ വിഷുഫലം പറയുക എന്നൊരു ഏർപ്പാടുണ്ട്. വിഷുദിനത്തിൽ വീട്ടിൽ വന്ന് വരാൻപോകുന്ന വർഷത്തെകുറിച്ച് പ്രവചനം നടത്തുന്ന ഒരേർപ്പാട്. ഈ വർഷം നല്ല വിള കിട്ടുമോ, മഴ എങ്ങനെയുണ്ടാവും, വലിയ വെള്ളപ്പൊക്കമുണ്ടാകുമോ എന്നൊെക്കെ കവടിനിരത്തി പറയുന്ന ഒരേർപ്പാട്. ശാസ്ത്രീയ ഘടകങ്ങൾ ഒന്നും ഇതിലില്ല, വെറും ജ്യോതിഷ പ്രവചനം. ചെറിയ ദക്ഷിണ കൊടുത്ത് അവസാനിപ്പിക്കുന്ന ഒരു നാടൻ സമ്പ്രദായം! സാമ്പത്തികമേഖലയിലുമുണ്ട് സമാനമായ ഏർപ്പാടുകൾ. സ്ഥിതിവിവര കണക്കുകളുടെയും ഗണിതശാസ്ത്ര മോഡലുകളുടെയും പിൻബലത്തോടെ, വരുംവർഷത്തെ സാമ്പത്തിക പ്രവചനങ്ങൾ നടത്തുക. ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടെ ഒരു വ്യത്യാസമുണ്ട്, സംഗതി ശാസ്ത്രീയമാണ്. (എന്താണ് ശാസ്ത്രീയം, എന്താണ് ശാസ്ത്രീയമല്ലാത്തത് എന്ന തത്വചിന്താപരമായ ചോദ്യത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രശ്നംകൂടി ഇതിലുണ്ട്). ആധുനിക കംപ്യൂട്ടറുകളുപയോഗിച്ച്, വലിയ സാമ്പത്തിക മാതൃകകൾ (Economic models) വെച്ചുകൊണ്ട്, ലോകത്തെ മുന്തിയ ബിസിനസ്സ് സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങിയവർ നടത്തുന്ന വിശകലനങ്ങൾ. ലോക സാമ്പത്തികരംഗം വരുംനാളുകളിൽ ഏതു വഴിക്കുപോകും എന്നതിനെക്കുറിച്ച് ഇവർ പ്രവചനങ്ങൾ നടത്താറുണ്ട്. മുഖ്യധാരാ സാമ്പത്തികശാസ്ത്രം എന്ന വ്യവഹാരം ചോദ്യം ചെയ്യപ്പെടാനാവാത്ത ഒന്നായി നിലനിൽക്കുന്ന ഒന്നാണ് എന്നതിനാൽ പൊതുവെ ഇവരുടെ പ്രവചനങ്ങൾ ശാസ്ത്രീയ സത്യമായി നാമെല്ലാം വിശ്വസിച്ചു പോരുന്നുമുണ്ട്. ഇത്തരത്തിൽ ആഗോള സാമ്പത്തിക ചലനങ്ങളും വാർത്തകളും ധനകാര്യ വിശകലനങ്ങളും നടത്തുന്ന അന്താരാഷ്ട്രരംഗത്തെ ഏറ്റവും സുപ്രധാനമായ സ്ഥാപനമാണ് ബ്ലൂംസ്ബെർഗ്. 2008 സാമ്പത്തിക വർഷത്തെപ്പറ്റിയും അവർ ഒരു പ്രവചനം നടത്തി. 2008 ഏറെ ശുഭകരമായിരിക്കുമെന്നാണ് വർഷത്തിന്റെ തുടക്കത്തിൽ ബ്ലൂംസ്ബെർഗ് പ്രവചിച്ചത്.ശരാശരി 11 ശതമാനം സാമ്പത്തിക വളർച്ച ആ വർഷം ഉണ്ടാകുമെന്നായിരുന്നു പ്രവചനം. എന്നാൽ സംഭവിച്ചതോ? അമേരിക്കൻ ഓഹരിവിപണി സൂചികയിൽ ആ വർഷം ഉണ്ടായ ഇടിവ് 38 ശതമാനം! ഓഹരികമ്പോളങ്ങളിൽ 29 ലക്ഷം കോടി ഡോളറിന്റെ നഷ്ടം!

2008 സെപ്റ്റംബർ മാസം ലേമാൻ ബ്രദേഴ്സ് എന്ന ധനകാര്യസ്ഥാപനം തകർന്നതാണ് ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കൻ കോർപ്പറേറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തകർച്ചയായിരുന്നു 6 ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള ഈ സ്ഥാപനത്തിന്റെ തകർച്ച. 1930കളിലെ മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് മുതലാളിത്ത ലോകം നീങ്ങുകയാണോ എന്നുപോലും സംശയങ്ങളുണ്ടായി. ഭാഗ്യത്തിന്, അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല. ക്രമേണ മരണവക്‌ത്രത്തിൽനിന്ന് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഒരുവിധത്തിൽ രക്ഷപെട്ടു. പക്ഷെ അന്ന് തുടങ്ങിയ പ്രതിസന്ധിയുടെ നിഴലിലാണ് ഇന്നും വികസിത രാജ്യങ്ങളിലെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥകൾ.

ഇവിടെ പക്ഷെ നമ്മുടെ ചർച്ചാവിഷയം 2008ലെ സാമ്പത്തികപ്രതിസന്ധിയല്ല. ഇത്തരമൊരു പ്രതിസന്ധി എന്തുകൊണ്ട് മുൻകൂട്ടി കാണാൻ ആഗോള സാമ്പത്തിക വിദഗ്ധർക്ക് കഴിഞ്ഞില്ല എന്നതാണ്. കണ്ണിൽ എണ്ണലെണ്ണയൊഴിച്ച്, ലോകത്തെ സകലമാന ഡാറ്റകളുമുള്ള സൂപ്പർ കമ്പ്യൂട്ടറുകൾക്ക് മുന്പിലിരുന്ന് ലോകത്തെ സാമ്പത്തികചലനങ്ങൾ വീക്ഷിക്കുന്ന അതിവിദഗ്ദരായ ടെക്നോക്രാറ്റുകൾക്ക് ഇങ്ങിനെയൊരു മഹാ ദുരന്തം ലോകത്തെ വന്നു ഗ്രസിക്കാൻ പോവുകയാണെന്നുള്ളതിന്റെ ചെറിയൊരു സൂചനപോലും തരാൻ എന്തുകൊണ്ട് കഴിഞ്ഞില്ല? ഒരു ശാസ്ത്രം എന്ന നിലയിൽ മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെ സമ്പൂർണ പരാജയത്തെയാണോ ഇത് കുറിക്കുന്നത്? അതോ ഇവരുടെ രീതിശാസ്ത്രമാണോ പരാജയപ്പെട്ടത്? അതോ മുതലാളിത്ത ലോകത്തെ സാമ്പത്തിക ചലനങ്ങൾ പ്രവചനാതീതമാണോ?

വളരെ സങ്കീർണമായ ഗണിതശാസ്ത്ര മാതൃകകൾക്കു മുകളിലാണ് ഇന്നത്തെ സാമ്പത്തികശാസ്ത്രം കെട്ടിപ്പടുത്തിരിക്കുന്നത്. കേവലം പഴയ Economics അല്ല Econometrics ആണ് ഇന്നത്തെ സാമ്പത്തികശാസ്ത്രം .ചരക്കുകളുടെ ഉല്പാദനപ്രക്രിയയും വിപണനവും അതിന്റെ മുഴുവൻ സങ്കീർണതകളും ആവാഹിക്കുവാൻ ശ്രമിക്കുന്ന ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കിയ സാമ്പത്തിക മാതൃകകളെ മുൻനിർത്തിയാണ് ഇന്നത്തെ അർത്ഥശാസ്ത്ര വിശകലനങ്ങൾ. 2008ലെ സാമ്പത്തിക പ്രവചനങ്ങൾ പാടെ പാളിയത്, ഈയൊരു രീതിശാസ്ത്രത്തിന്റെ പരാജയത്തെയാണോ സൂചിപ്പിക്കുന്നത് എന്ന ചോദ്യം ഗൗരവപൂർവം ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടു. കൃത്യമായ പ്രവചനങ്ങൾ നടത്താൻ കഴിഞ്ഞില്ലെങ്കിലും വരാനിടയുള്ള കൊടും തകർച്ചയുടെ സൂചനകൾപോലും നൽകാൻ എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യമുയർന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സന്ദർശനം നടത്തവേ എലിസബത്ത് രാജ്ഞിതന്നെ ചോദിച്ചു “എന്തുകൊണ്ട് നിങ്ങൾക്ക് ഇതിനെകുറിച്ച് ഒരു സൂചന പോലും തരാൻ കഴിഞ്ഞില്ല’’

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ കൂടപ്പിറപ്പാണ് കൂടെക്കൂടെയുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധികൾ. ഏറിയും കുറഞ്ഞും അത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന പ്രവണതയാണ് ചരിത്രത്തിലുടനീളം കാണാൻ കഴിയുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകളായിരിക്കും അതിന് പൊതുവെ ഒരു അപവാദം. 2008ലെ പ്രതിസന്ധി, അതിനു മുൻപുള്ള പതിറ്റാണ്ടിലെ തുടർ പ്രതിസന്ധികളുടെ ഏറ്റവും ഉയർന്ന രൂപമായിരുന്നു എന്ന് വേണമെങ്കിൽ കരുതാം. കടത്തിന് മുകളിൽ കടം കയറ്റി സമ്പദ്‌വ്യവസ്ഥയെ ഊതിവീർപ്പിച്ചു നിർത്തിയതിന്റെ പരിണാമമാണ് 2008ൽ കണ്ടത് എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഊഹക്കച്ചവടത്തെമാത്രം ആസ്പദമാക്കി സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാമെന്ന് കരുതുന്ന പണ്ഡിതലോകത്തിന് ഇത്തരം സിദ്ധാന്തങ്ങളൊന്നും സ്വീകാര്യമല്ല എന്നുമാത്രം. ഇവിടെ നമ്മുടെ ചർച്ചാവിഷയം വ്യത്യസ്തമാണ് എന്നതുകൊണ്ട് അതിലേക്ക് ദീർഘമായി പോകുന്നില്ല. എന്തുകൊണ്ട് വരാൻപോകുന്ന ഗുരുതരമായ പ്രതിസന്ധിയെ മുൻകൂട്ടി കാണാൻ മുഖ്യധാരയിലെ സാമ്പത്തിക വിദഗ്ധർക്ക് കഴിഞ്ഞില്ല. അതിനു പിന്നിൽ, അടിസ്ഥാനപരമായ തകരാറുകൾ എന്തെങ്കിലും സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളിലോ അതിന്റെ പ്രയോഗത്തിലോ ഉണ്ടോ എന്നതാണ് നമ്മുടെ ചോദ്യം.

കമ്പോള തകർച്ചയുടെ പ്രവചനാതീത സ്വഭാവത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആവർത്തിച്ച് പലരും പറയുന്ന ഒരു കഥയുണ്ട് . 1720ൽ ഇംഗ്ലണ്ടിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി കരുതപ്പെട്ടിരുന്ന സൗത്ത് സീ കമ്പനിയിൽ നിക്ഷേപിച്ച പണമത്രയും നഷ്ടപ്പെട്ട സാക്ഷാൽ ഐസക് ന്യൂട്ടന്റെ കഥ. ന്യൂട്ടന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘ആകാശഗോളങ്ങളുടെ സഞ്ചാരങ്ങൾ എനിക്ക് കണക്കുകൂട്ടി പ്രവചിക്കാൻ പറ്റും, പക്ഷെ മനുഷ്യ മനസിന്റെ ഭ്രാന്തൻ വ്യതിയാനങ്ങളെ എനിക്ക് പ്രവചിക്കാനാവില്ല’. അക്കാലത്തെ ഏറ്റവും വലിയ ഒരു ജീനിയസിന് പ്രവചിക്കാൻ പറ്റാത്ത കാര്യം മറ്റുള്ളവർക്കെങ്ങിനെ സാധിക്കും എന്നതാണ് ചോദ്യം.

നിലവിൽ രൂപപ്പെടുത്തിയിട്ടുള്ള എക്കണോമെട്രിക് മോഡലുകളെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളുടെ പരിമിതിയാണ് കൺമുന്പിലുള്ള യാഥാർഥ്യങ്ങളെ കാണുന്നതിൽനിന്നും പലപ്പോഴും വിദഗ്ധരെ തടയുന്നതെന്ന വിമർശനം ശക്തമായി അക്കാദമിക് കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയർന്നുവരുന്നുണ്ട്. ഒരു തരം അക്കാദമിക് യാഥാസ്ഥിതികതയിലാണ് മുഖ്യധാരാ സാമ്പത്തികശാസ്ത്രം ആണ്ടു മുഴുകിയിരിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും യഥാർത്ഥ ഉല്പാദകരും ഉപഭോക്താക്കളും മാത്രമാണ് ഈ മാതൃകകളിൽ ഇടം പിടിച്ചിരിക്കുന്നത്. ധനകാര്യമേഖലയെ നിയന്ത്രിക്കുന്ന ബാങ്കുകളും സ്ഥാപനങ്ങളും, ലാഭംമാത്രം മുൻനിർത്തി അവർ നടത്തുന്ന ഇടപെടലുകളും ഈ മാതൃകകളിൽ ഇനിയും ഇടം പിടിച്ചിട്ടില്ല. ഒരു ശാസ്ത്രമെന്ന നിലയിൽ സാമ്പത്തികശാസ്ത്രം പരാജയപ്പെടുന്നത് ഇവിടെയാണ് എന്ന അഭിപ്രായം അക്കാദമിക് വിദഗ്ദരിൽ പലരും പങ്കുവെയ്ക്കുന്നുണ്ട്‌. പല രാജ്യങ്ങളിലുള്ള സെൻട്രൽ ബാങ്കുകൾപോലും യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത ഇത്തരത്തിലുള്ള മാതൃകകളാണ് ഉപയോഗിക്കുന്നത്.

2008ലെ സാമ്പത്തിക പ്രതിസന്ധി മൂർത്തരൂപം കൈക്കൊള്ളുന്നത് ബാങ്കുകൾ കൈക്കൊണ്ട നയസമീപനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. വളരെ റിസ്ക് സാധ്യതകളുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചുകൊണ്ടും അമിതമായ കടബാധ്യതകളിലേക്ക് ഉപഭോക്താക്കളെ തള്ളിവിട്ടുകൊണ്ടുമുള്ള ബാങ്കുകളുടെ നടപടികളാണ് പ്രതിസന്ധി അനിവാര്യമാക്കിയത്. വളരാനുള്ള സ്വാഭാവിക വഴികളടഞ്ഞ ധനമൂലധനത്തിന്റെ വെപ്രാളങ്ങളാണ് ഇത്തരം സമീപനങ്ങൾക്ക് പിന്നിൽ. സമ്പദ്‌വ്യവസ്ഥയിലുള്ള ധനമൂലധനത്തിന്റെ ഈ കൈകടത്തലുകളൊന്നും തന്നെ ഒരു അക്കാദമിക് വ്യവഹാരങ്ങളിലും പ്രത്യക്ഷപ്പെടാറില്ല.

2008ലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച മുഖ്യധാരാ അക്കാദമിക് ലോകത്തിന്റെ സമീപനത്തെ വളരെ വിമർശനാത്മകമായി സമീപിക്കുന്ന ഒരു പഠനം പ്രഗത്ഭരായ എട്ട് സാമ്പത്തികവിദഗ്ദർ ചേർന്ന് നടത്തിയിട്ടുണ്ട്. ദാലം റിപ്പോർട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഈ പഠനത്തിൽ പ്രധാനമായും പറയുന്ന ഒരു സംഗതി സാമ്പത്തികശാസ്ത്ര ലോകത്തെ മുഖ്യധാരാ സമീപനങ്ങൾക്ക് യഥാർത്ഥ ലോകവുമായുള്ള ബന്ധം നഷ്ടപെട്ടുവെന്നാണ്. ഇത്തരത്തിലൊരു പ്രതിസന്ധി ഉരുണ്ടുകൂടുന്നത് സംബന്ധിച്ച ദീർഘനാളത്തെ ചരിത്രത്തെ മുഖ്യധാരാ സാമ്പത്തികവിദഗ്ധർക്ക് പാടെ അവഗണിച്ചുവെന്നും പ്രതിസന്ധി രൂപപ്പെട്ടു തുടങ്ങിയപ്പോൾപോലും അതിന്റെ രൂക്ഷതയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നുവെന്നും ഈ റിപ്പോർട്ട് പറയുന്നു. കമ്പോളവും സമ്പദ്‌വ്യവസ്ഥയും അടിസ്ഥാനപരമായി സന്തുലിതമായ ഒന്നാണെന്ന തെറ്റായ ധാരണയാണ് അക്കാദമിക് പ്രഫഷനുകളിലുള്ളവർ എടുക്കുന്ന തെറ്റായ സമീപനത്തിന്‌ കാരണമെന്ന്‌ ഈ റിപ്പോർട്ട് ശക്തമായ വിമർശനം ഉയർത്തുന്നു. സാമ്പത്തിക തീരുമാനങ്ങളും സാമൂഹിക മേഖലയിലെ ചലനങ്ങളുമായുള്ള ബന്ധം അവഗണിക്കുന്നതാണ് മറ്റൊരു പ്രശ്നം. മറ്റ് സാമൂഹികശാസ്ത്ര മേഖലകളിൽ നിന്നുള്ള കണ്ടെത്തലുകൾ ഉൾച്ചേർക്കാനാവാത്ത സാമ്പത്തിക മാതൃകകളാണ് പ്രതിസന്ധിയുടെ മൂലകാരണമെന്നാണ് ഈ റിപ്പോർട്ടിലെ നിഗമനം. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ്‌ ‘മൂലധനം’ വായിക്കാനെടുത്തൂ എന്നിങ്ങനെയുള്ള വാർത്തകൾ ചേർത്തുവെയ്ക്കാവുന്നതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − two =

Most Popular