ഇന്ത്യയിലെ ടെലികോം രംഗത്ത് സ്വകാര്യമേഖലയ്ക്ക് 1991-ൽ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണു പങ്കാളിത്തം അനുവദിച്ചത്. ആ മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന സുഖ്റാമിനെ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു (2011 നവംബര്‍). വാജ്‌പേയി സര്‍ക്കാരില്‍ 1999–-2001 കാലത്ത് ടെലികോം വകുപ്പു കൈകാര്യം ചെയ്ത രാംവിലാസ് പാസ്വാനും 2001-–2003 വരെ ആ വകുപ്പു ഭരിച്ച പ്രമോദ് മഹാജനും അഴിമതിയുടെ പേരുദോഷം കേള്‍പ്പിച്ചവരാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സ്പെക്ട്രം അഴിമതി ആ സർക്കാരിന്റെ അടിത്തറതന്നെ തോണ്ടി. കൊടിയ അഴിമതിയുടെ സാധ്യതകളാണ് ടെലികോം പൊതുമേഖലയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനു പ്രചോദനമായത്.
ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990-കളിൽ മൂന്നായി വിഭജിച്ചു. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എംടിഎന്‍എല്‍, മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബിഎസ്എന്‍എല്‍, വിദേശ സംവേദനത്തിനുള്ള വിഎസ്എന്‍എല്‍ എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍.
1600 കോടി രൂപയുടെ ക്യാഷ് റിസര്‍വും മുന്‍വര്‍ഷത്തെ ലാഭമായ 1,400 കോടി രൂപയുമടക്കം 3,000 കോടി രൂപ റിസര്‍വ് ഉണ്ടായിരുന്ന വിഎസ്എന്‍എല്ലിന്റെ 45 ശതമാനം ഷെയറുകള്‍ വെറും 2,590 കോടി രൂപയ്ക്കാണ് ടാറ്റയ്ക്കു വിറ്റത്. അങ്ങനെ വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 20,000 കോടി രൂപയുടെ സ്വത്താണ് ടാറ്റയുടെ നിയന്ത്രണത്തില്‍ വന്നുചേര്‍ന്നത്. വിനിയോഗിക്കാത്ത ഭൂമി തന്നെ 667 ഏക്കറോളമുണ്ടായിരുന്നു.
മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബിഎസ്എന്‍എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ.
2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബിഎസ്എന്‍എല്‍ സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തുകൊണ്ട് ബാക്കി ലാൻഡ് ലൈനുകളുടെ നഷ്ടം ബിഎസ്എന്‍എല്ലിനുമേൽ അടിച്ചേൽപ്പിച്ചു. ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുത്താൻ അനുവദിച്ചില്ല.
ബിഎസ്എന്‍എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. 2014-ലാണ് 4ജി സേവനം രാജ്യത്ത് ആരംഭിച്ചത്. സ്വകാര്യ കമ്പനികൾക്കു ഈ സ്പെക്ട്രം ലഭ്യമായി. ജീവനക്കാരുടെ സമരവും പ്രക്ഷോഭവുമെല്ലാം ഉണ്ടായിട്ടും 2019 ഒക്ടോബറിലാണ് ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം അനുവദിക്കാൻ തീരുമാനമെടുത്തത്. ഇപ്പോൾ 5ജിയുടെ ലേലം നടക്കുമ്പോൾ ബിഎസ്എന്‍എല്ലിന് 4ജി പോലും ലഭ്യമല്ല.
2019-ൽ 1.53 ലക്ഷം ജീവനക്കാരിൽ 78,569 ജീവനക്കാരെ വിആർഎസ് കൊടുത്തു പിരിച്ചുവിട്ടു. ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ സമ്പത്ത് പരിചയസമ്പന്നരായ വിദഗ്ധരുടെ വലിയൊരു സേനയാണ്. അതാണ് കേന്ദ്ര സർക്കാർ ഒറ്റയടിക്ക് ഇല്ലാതാക്കിയത്. 2022-ൽ വീണ്ടും മറ്റൊരു പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. പുനരുദ്ധാരണ പാക്കേജ് ഒരു കൊലച്ചോറാണോയെന്നു സംശയിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ♦