എൽഐസി തുടക്കം മുതൽ തികച്ചും നൂതനമായ സവിശേഷതകളോടുകൂടിയ ഒരു ഇൻഷ്വറൻസ് കമ്പനിയായിരുന്നു. ലൈഫ് റിസ്ക് കവറേജിനോടൊപ്പം സാധാരണക്കാർക്ക് സമ്പാദ്യത്തിനുള്ള ഒരു ഉപകരണമായിട്ടാണ് ഇൻഷ്വറൻസ് പോളിസി വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കാലാവധി കഴിയുമ്പോൾ സമ്പാദ്യത്തുക ചെറു പലിശയോടൊപ്പം പോളിസി ഉടമകൾക്കു ലഭിക്കും. എന്നുവച്ചാൽ ബാങ്കുകളുടെ ഡെപ്പോസിറ്റ് 2-3 വർഷത്തേക്കാണെങ്കിൽ എൽഐസിയുടെ സമ്പാദ്യം 15-–20 വർഷക്കാലയളവിലേക്കുള്ളതാണ്. ഈ ദീർഘകാല സമ്പാദ്യം നിക്ഷേപിച്ച് നേടുന്ന മിച്ചത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്കു ബോണസായി വിതരണം ചെയ്യും. ഷെയർ ഉടമയായ സർക്കാരിന് 5 ശതമാനമേ ലാഭമായി കിട്ടൂ. പോളിസി ഉടമകളുടെ ഒരു ട്രസ്റ്റി ആയിട്ടാണു സർക്കാർ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് എൽഐസിയെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയല്ല പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഒരു കോർപ്പറേഷനായി രൂപീകരിക്കുകയാണു ചെയ്തത്.
ബാങ്കിംഗ് മേഖലയിൽ നരസിംഹം കമ്മിറ്റിയോടൊപ്പം 1991-ൽ തന്നെ ഇൻഷ്വറൻസ് മേഖലയിലെ പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ ആർ.എൽ മൽഹോത്ര അധ്യക്ഷനായ ഒരു കമ്മിറ്റിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. 1993-ൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ഇൻഷ്വറൻസ് മേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിനു മത്സരം അനിവാര്യമാണെന്നും അതുകൊണ്ട് ഇൻഷ്വറൻസ് മേഖലയിൽ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു മുഖ്യശുപാർശ.
സ്വകാര്യ കമ്പനികൾക്ക് ഇൻഷ്വറൻസ് മേഖലയിൽ പ്രവേശനം അനുവദിക്കണമെങ്കിൽ എൽഐസിയുടെ കുത്തക അവസാനിപ്പിച്ചുകൊണ്ടുള്ള നിയമഭേദഗതി വേണം. ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണം. ഇതിനെതിരെ ജീവനക്കാർ അതിശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചതിന്റെ ഫലമായി 1999-ലേ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDA) നിയമം പാസ്സാക്കാൻ കഴിഞ്ഞുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ 23 സ്വകാര്യ കമ്പനികൾ ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
എൽഐസിയുടെമേൽ പല നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തി. എന്നിട്ടും എൽഐസിയെ തകർക്കാനായില്ല. ഇന്നും പോളിസികളിൽ 70 ശതമാനവും, ബിസിനസിന്റെ 65 ശതമാനവും എൽഐസിയുടേതാണ്.
കമ്പോളമത്സരത്തിൽ എൽഐസിയെ തോൽപ്പിക്കാനാവില്ലെന്ന് വ്യക്തമായി. അതുകൊണ്ട് ഇനി പൊതുമേഖലാ നിയന്ത്രണം ഇൻഷ്വറൻസ് മേഖലയിൽ ഇല്ലായ്മ ചെയ്യണമെങ്കിൽ ഒറ്റവഴിയേയുള്ളൂ – എൽഐസിയെ സ്വകാര്യവത്ക്കരിക്കുക. ഇതിനായി എൽഐസിയുടെ 10 ശതമാനം ഓഹരി വിൽക്കാൻ മോദി സർക്കാർ തീരുമാനിച്ചു.
എന്നാൽ ഇതിനു വലിയ കടമ്പകൾ കടക്കേണ്ടിയിരുന്നു. ലാഭാധിഷ്ഠിതമല്ലാത്ത സർക്കാർ ട്രസ്റ്റി പോലെ പ്രവർത്തിക്കുന്ന എൽഐസിയെ ലാഭാധിഷ്ഠിതമായ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറ്റിയാലേ സ്വകാര്യവൽക്കരണം നടപ്പിലാക്കാനാവൂ. ഇതിനായി 2019-ൽ മോദി സർക്കാർ അവതരിപ്പിച്ച നിയമഭേദഗതി മുതലുള്ള പരിശ്രമം ഫലംകണ്ടത് 2021-ലെ ഫിനാൻസ് ബില്ലിന്റെ മറവിൽ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെയാണ്.
ഈ നിയമഭേദഗതി വഴി എൽഐസിയുടെ ഓഹരി മൂലധനം ഗണ്യമായി 25000 കോടിയായി ഉയർത്തുന്നതിനും ബോണസായി കൊടുത്തുകൊണ്ടിരുന്ന തുകയുടെ ഒരു ഭാഗം ലാഭവിഹിതമായി വിതരണം ചെയ്യുന്നതിനും തീരുമാനമായി. 38 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽഐസിക്ക് മൂല്യമായി കണ്ടത് 5.4 ലക്ഷം കോടി രൂപയാണ്.
യുക്രൈൻ യുദ്ധം ലോക ഓഹരി കമ്പോളത്തെ തകിടംമറിച്ചുവെങ്കിലും ഇന്ത്യാ സർക്കാർ ഓഹരി വിൽപ്പനയുമായി മുന്നോട്ടുപോയി. 10 ശതമാനത്തിനു പകരം വിൽപ്പന 3.5 ശതമാനം ഓഹരി വിൽക്കാൻ തീരുമാനിച്ചു. 2132 രൂപയ്ക്ക് ഐപിഒ വില നിശ്ചയിക്കുമെന്നു പറഞ്ഞത് 947 രൂപയായി ചുരുക്കി. വിൽപ്പനയ്ക്കുവച്ച ഓഹരി മുഴുവൻ വിറ്റു. പക്ഷേ, പിറ്റേന്നു മുതൽ ഓഹരി വില ഇടിയാനും തുടങ്ങി.
എൽഐസി വിൽപ്പനകൊണ്ട് ഏറ്റവും വലിയ നഷ്ടമുണ്ടാകാൻ പോകുന്നത് 30 കോടിയിലേറെ വരുന്ന പോളിസി ഉടമകൾക്കാണ്. അവരുടെ ഭാവി വരുമാനമാണ് മോദി സർക്കാർ വിറ്റ് കാശാക്കുന്നത്. അവർക്ക് ഭാവിയിൽ ബോണസായി ലഭിക്കേണ്ട തുകയുടെ ഒരു ഭാഗമാണ് ഓഹരി ഉടമകളുടെ ലാഭമായി മാറ്റുന്നത്. ഇന്ന് എൽഐസി പോളിസികൾക്ക് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടിയുണ്ട്. സ്വകാര്യവൽക്കരണത്തോടെ അത് ഇല്ലാതാകും. പാവപ്പെട്ടവരും സാധാരണക്കാരും ഇൻഷ്വറൻസ് മേഖലയിൽ അവഗണിക്കപ്പെടും. എൽഐസിയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വിരാമമാകും. സർക്കാരിന് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ഡിവിഡന്റും ഭീമമായ നിക്ഷേപത്തുകയ്ക്കുമേലുള്ള നിയന്ത്രണവും ഇല്ലാതാകും. ♦