ആഗോളവൽക്കരണ പരിഷ്കാരങ്ങൾ ആരംഭിച്ചശേഷം ഇന്ത്യയിലെ സ്വത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിൽ അസമത്വം ഭീതിജനകമായി ഉയരുകയാണുണ്ടായത്. പട്ടിക 1ൽ ഇന്ത്യയിലെ 1961 മുതൽ 2020 വരെയുള്ള സ്വത്തുടമസ്ഥതയിലുണ്ടായ അസമത്വ വർദ്ധനയുടെ ചിത്രം കാണാം.
പട്ടിക 1
ഇന്ത്യയിലെ സ്വത്തിലെ അസമത്വം
വർഷം | ഏറ്റവും സമ്പന്ന 1% വിഹിതം | ഏറ്റവും താഴത്തുള്ള 50%‐ ന്റെ വിഹിതം |
1961 | 11.9 | 12.3 |
1971 | 11.2 | 11.8 |
1981 | 12.5 | 10.9 |
1991 | 16.1 | 8.8 |
2002 | 24.4 | 8.2 |
2012 | 30.7 | 6.4 |
2020 | 42.5 | 2.8 |
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുവിഹിതം 1991-ൽ 16.1 ശതമാനം ആയിരുന്നത് 2020-ൽ 42.5 ശതമാനമായി ഉയർന്നു. അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം പേരുടെ സ്വത്ത് വിഹിതം ഈ കാലയളവിൽ 8.8 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി താഴ്ന്നു.
വരുമാനത്തിന്റെ വിഹിതമെടുത്താലും ഏതാണ്ട് ഇതേ ചിത്രമാണ് തെളിയുന്നത് (പട്ടിക 2). 1991-–2020 കാലത്ത് ഏറ്റവും പണക്കാരായ ഒരു ശതമാനം കുടുംബങ്ങളുടെ വരുമാന വിഹിതം 10.4 ശതമാനത്തിൽ നിന്ന് 21.7 ശതമാനമായി ഉയർന്നു. അതേസമയം, ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങളുടെ വരുമാനം വിഹിതം ഇതേ കാലയളവിൽ 22.2 ശതമാനത്തിൽ നിന്ന് 14.7 ശതമാനമായി താഴ്ന്നു.
പട്ടിക 2
വർഷം | ഏറ്റവും സമ്പന്ന 1% വിഹിതം | ഏറ്റവും താഴത്തുള്ള 50%‐ ന്റെ വിഹിതം |
1961 | 13 | 21.2 |
1971 | 11.7 | 22.8 |
1981 | 6.9 | 23.5 |
1991 | 10.4 | 22.2 |
2002 | 17.1 | 19.7 |
2012 | 21.7 | 15.1 |
2020 | 21.7 | 14.7 |
ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണം 2022-ൽ 166 ആയി. ഇവരിൽ ഏറ്റവും വലിയ 10 പേരുടെ വരുമാനം 2021-ൽ 19 ലക്ഷം കോടി രൂപ ആയിരുന്നത് 2022-ൽ 28 ലക്ഷം കോടി രൂപയായി. 33 ശതമാനത്തിന്റെ വർദ്ധന. അതേസമയം, ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനത്തിന്റെ വരുമാനം 3 ശതമാനം മാത്രമേ ഉയർന്നുള്ളൂ. ♦