Wednesday, March 4, 2026

ad

Homeഇലക്‌ഷൻ കാമ്പയിൻവൈദ്യുതി മേഖലയും കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ

വൈദ്യുതി മേഖലയും കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ

ഡോ. ടി എം തോമസ് ഐസക്

1991ൽ തന്നെ വൈദ്യുതി ഉൽപ്പാദനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിന് നിയമം ഭേദഗതി ചെയ്തു. സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ പിരിച്ചുവിടാനും വിഭജിച്ച് കമ്പനികളാക്കി മാറ്റാനും നിയമത്തിന്റെ ഭാഗമായി വ്യവസ്ഥ ചെയ്യപ്പെട്ടു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന വൈദ്യുതി ബോർഡുകൾ ഉദ്പാദനം, പ്രസരണം, വിതരണം എന്നിവയ്ക്കായി പ്രത്യേകം മൂന്നു കമ്പനികളായി വിഭജിക്കപ്പെട്ടു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ വൈദ്യുതി ഉദ്പാദന രംഗത്ത് സ്വകാര്യ മൂലധനം ആകര്‍ഷിക്കുന്നതിനു നടപടി സ്വീകരിക്കപ്പെട്ടു. എംഒയു അടിസ്ഥാനത്തിലാണ് സ്വകാര്യ വൈദ്യുതി ഉദ്പാദനക്കമ്പനികള്‍ കടന്നു വന്നത്. ഈ കമ്പനികളുമായിട്ട് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വൈദ്യുതി കമ്പനികൾ സർക്കാർ ഗ്യാരണ്ടിയോടെ വൈദ്യുതി വാങ്ങുന്നതിനുള്ള പവർ പർച്ചെയ്സ് കരാറുകൾ ഒപ്പുവച്ചു. ഈ കരാറുകളൊക്കെ സംസ്ഥാന സർക്കാരുകൾക്കു വലിയ ധനനഷ്ടമാണ് ഉണ്ടാക്കിയത്. മഹാരാഷ്ട്രയിലെ എൻറോൺ കരാറാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധം.

2004-ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾ സജീവചർച്ചാവിഷയമാക്കി. ശക്തമായ തൊഴിലാളി ചെറുത്തുനിൽപ്പിനെത്തുടർന്ന് യുപിഎ സർക്കാരിന്റെ കാലത്ത് ഒരുകാൽ പിന്നോട്ടുവയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി.

എന്നാൽ അങ്ങനെ തോറ്റു പിൻവാങ്ങാൻ മോദി സർക്കാർ തയ്യാറല്ല. സംസ്ഥാനങ്ങള്‍ പൂര്‍ണ്ണതോതില്‍ സ്വകാര്യ വല്‍ക്കരണത്തെ സഹായിക്കാത്തതാണ് ഉദ്ദേശിച്ച നിലയില്‍ കാര്യങ്ങള്‍ പോകാത്തത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തൽ. മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുണ്ടാക്കുന്ന വൈദ്യുതി വിറ്റഴിക്കാനുള്ള മാര്‍ക്കറ്റ് തുറക്കുകയും വേണം. ഇതിനുവേണ്ടി 2014-ൽ വൈദ്യുതി നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചു. തൊഴിലാളികളുടെ സംഘടിത എതിർപ്പുമൂലം ഇതിൽ നിന്നു പിൻവലിയേണ്ടി വന്നു. തുടർന്ന് 2018, 2020 വർഷങ്ങളിൽ വിഫലമായ ശ്രമങ്ങൾ വീണ്ടും നടത്തി. 2021-ൽ ഭേദഗതി നിയമം പാസ്സാക്കിയെങ്കിലും കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ നിയമം പിൻവലിക്കേണ്ടി വന്നു. ഇപ്പോൾ 2022 ആഗസ്റ്റ് 28-ന് അഞ്ചാം തവണ 2003-ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനു നിയമം അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. പാർലമെന്റിനകത്ത് പ്രതിപക്ഷ പാർട്ടികളും പുറത്ത് രാജ്യത്തെ വൈദ്യുതി ജീവനക്കാരും വൻ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് ബില്ല് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കു വിടാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി.

എന്തൊക്കെയാണ് ഈ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്?
ഒന്ന്, വൈദ്യുതി മേഖലയുടെ പൂർണ്ണ അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്നു. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷനേയും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനേയും നിയമിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നു. വൈദ്യുതി നിരക്ക് നിർണ്ണയമടക്കമുള്ള കാര്യങ്ങൾ കേന്ദ്ര താരിഫ് നയമനുസരിച്ചായിരിക്കും. വൈദ്യുതി മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ലാതാകും.

രണ്ട്, വൈദ്യുതി ഡിസ്ട്രിബ്യൂഷൻ മേഖല ഡീ ലൈസന്‍സ് ചെയ്യുന്നു. ഏത് സ്വകാര്യ കമ്പനിക്കും ഏത് പ്രദേശത്തും വൈദ്യുതി വിതരണം നടത്താം. അതിന് പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ലൈസന്‍സൊന്നും വേണ്ട.

മൂന്ന്, പുതിയ വിതരണ കമ്പനിക്ക് ഇഷ്ടമുള്ള ഉപഭോക്താക്കൾക്കു വൈദ്യുതി നൽകാം, നൽകാതിരിക്കാം. സ്വാഭാവികമായി ഈ സ്വകാര്യ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക ഇപ്പോൾ ഉയർന്ന നിരക്കുള്ള ഹൈടെൻഷൻ-വാണിജ്യ ഉപഭോക്താക്കളെയായിരിക്കും. വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാന്‍ തയ്യാറാകുന്ന സ്വകാര്യകമ്പനികള്‍ കുറഞ്ഞ നിരക്കു നല്‍കുന്ന സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി പോലുള്ള ആവശ്യങ്ങള്‍ക്കും വൈദ്യുതി നല്‍കാന്‍ തയ്യാറാകില്ല. അങ്ങനെ വരുമ്പോൾ സാധാരണ ഉപഭോക്താക്കൾക്കും നാട്ടിൻപുറങ്ങളിലും വൈദ്യുതി എത്തിക്കുന്നതു പൊതുമേഖലാ സ്ഥാപനത്തിന്റെ മാത്രം ബാധ്യതയായിത്തീരും. ക്രോസ് സബ്സിഡി ഇല്ലാതാകുന്നതോടുകൂടി പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതിൽ ഉയർത്തുകയോ അല്ലെങ്കിൽ നഷ്ടം കുമിഞ്ഞുകൂടി തകരുകയോ ചെയ്യും. വെടക്കാക്കി തനിക്കാക്കാമെന്നൊരു ചൊല്ലുണ്ടല്ലോ. അതുതന്നെയാണ് വിദ്യ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + fifteen =

Most Popular