Saturday, November 23, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻബാങ്കിങ് മേഖല

ബാങ്കിങ് മേഖല

ബാങ്കിങ് മേഖലയിലെ നിയോലിബറൽ പരിഷ്കാരങ്ങൾക്കു വഴിതെളിച്ചത് നരസിംഹം കമ്മിറ്റി റിപ്പോർട്ടാണ്. ഈ കമ്മിറ്റിയുടെ പരിഷ്കാര യുക്തി വളരെ ലളിതമായിരുന്നു. ബാങ്കുകളുടെ ലാഭം തുച്ഛമാണെന്നാണ് കമ്മിറ്റി വാദിച്ചത്. ബാങ്കിങിന്റെ സാമൂഹ്യലക്ഷ്യങ്ങൾ പാടേ അവഗണിച്ചു. ലാഭം ഒന്നുമാത്രമാക്കി കാര്യക്ഷമതയുടെ അളവുകോൽ.

പരിഹാരമായി നരസിംഹം കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇവയായിരുന്നു: ബാങ്കിംഗ് മേഖലയിലെ മത്സരം ശക്തിപ്പെടുത്താൻ പുതിയ സ്വകാര്യ ബാങ്കുകൾക്ക് അനുവാദം കൊടുക്കുക. അവരുമായിട്ടുള്ള മത്സരശേഷി നേടുവാൻ പൊതുമേഖലാ ബാങ്കുകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരിക. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ ബാങ്കുകളെപ്പോലെ പ്രവർത്തിക്കുന്നവയായി മാറ്റിയെടുക്കുക.

ലാഭം വർദ്ധിപ്പിക്കാനെന്നു പറഞ്ഞ് നടപടികൾ എടുത്തുവെങ്കിലും കഴിഞ്ഞ 30 വർഷക്കാലത്തെ പൊതു അനുഭവം നഷ്ടത്തിന്റേതായിരുന്നു. 2008-ലെ ആഗോള ബാങ്കിംഗ് ഭൂമികുലുക്കത്തിൽപ്പോലും നമ്മുടെ രാജ്യത്തെ ബാങ്കുകൾ പൂർണസുരക്ഷിതമായിരുന്നു. നിഷ്ക്രിയാസ്തികൾ 2008–-09-ൽ 2 ശതമാനം മാത്രമായിരുന്നു. എന്നാൽ ആ ദശാബ്ദം കഴിഞ്ഞപ്പോൾ ബാങ്കുകളുടെ നിഷ്ക്രിയാസ്തികൾ പടിപടിയായി ഉയരാൻ തുടങ്ങി. പട്ടികയിൽ കാണാവുന്നതുപോലെ നിഷ്ക്രിയാസ്തികൾ 2012–-13-ൽ 3.6 ശതമാനമായി ഉയർന്നു. 2017–-18-ൽ അത് 14.6 ശതമാനമായി വർദ്ധിച്ചു.

ബാങ്കുകളുടെ നിഷ്ക്രിയാസ്തികൾ, എഴുതിത്തള്ളിയ കടം, സർക്കാർ ധനസഹായം

വർഷം നിഷ്‌ക്രിയാസ്‌തികൾ (ലക്ഷം കോടി രൂപ) നിഷ്‌ക്രിയാസ്‌തികൾ വായ്‌പയുടെ ശതമാനമായി എഴുതിത്തള്ളിയ കടം (ലക്ഷം കോടി രൂപ) സർക്കാർ ധനസഹായം (ലക്ഷം കോടി രൂപ)
2012-13 1.65 3.6 0.27 0.12
2013-14 2.28 4.4 0.14 0.15
2014-15 2.78 5.0 0.49 0.07
2015-16 5.40 9.3 1.56 0.25
2016-17 6.85 11.7 0.81 0.25
2017-18 8.96 14.6 1.20 0.90
2018-19 7.40 11.6 2.36 1.06
2019-20 6.78 8.50 2.34 0.69
2020-21 5.77 1.15 0.20

10.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം 2012–13 നും 2020–21നും ഇടയ്ക്ക് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളി. എന്നാൽ ഇങ്ങനെ നഷ്ടപരിഹാരത്തുക വകയിരുത്തി എഴുതിത്തള്ളുമ്പോൾ അത്രയും തുകയ്ക്കു ലാഭമില്ലെങ്കിൽ ബാങ്കിന്റെ മൂലധനത്തിൽ നിന്നും പിൻവലിക്കേണ്ടി വരും.

എന്നാൽ ആസ്തികളുടെ എത്ര ശതമാനം ഓഹരി മൂലധനമായി വേണമെന്നും അന്തർദേശീയ കരാറിൽ വ്യവസ്ഥയുണ്ട്. ഈ തോതിനേക്കാൾ കുറയാതിരിക്കണമെങ്കിൽ സർക്കാർ ധനസഹായം കൊടുത്തേതീരൂ. അങ്ങനെ 2012–13-നും 2020–-21നും ഇടയ്ക്ക് 3.69 ലക്ഷം കോടി രൂപ ഇന്ത്യാ സർക്കാരിന്റെ ഖജനാവിൽ നിന്നും ബാങ്കുകൾക്കു നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ കോർപ്പറേറ്റുകളാണ് ഈ വായ്പകളിൽ സിംഹപങ്കും എടുത്തിട്ടുള്ളത്. എന്നാൽ ഇവരുടെ ആരുടെയും പേര് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. എങ്കിലും 2016 ലോക്-സഭയിലെ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാൾ വലിയ വായ്പകളുള്ള വൻകിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്.

കിട്ടാക്കടം എഴുതിത്തള്ളുകയല്ല, മറിച്ച് സർഫാസി നിയമം ഉപയോഗപ്പെടുത്തി അവ പിരിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എന്നാൽ കണക്കുകൾ കാണിക്കുന്നത് കിട്ടാക്കടത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമേ ഓരോ വർഷവും പിരിച്ചെടുക്കുന്നുള്ളൂവെന്നതാണ്.

ഇങ്ങനെ തട്ടിപ്പിനായി ബോധപൂർവ്വം വായ്പ എടുക്കുന്നവർക്ക് തുടർന്നു വായ്പകൾ നൽകില്ലായെന്നായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്ന നിയമം. എന്നാൽ 2023 ജൂണിൽ ഇവർക്കും ഒറ്റത്തവണ തീർപ്പിനുള്ള സൗകര്യം ബാധകമാക്കി. അങ്ങനെ ബാധ്യതയുടെ 25-–50 ശതമാനം ഒറ്റത്തവണ തീർപ്പിലെത്തിയാൽ വീണ്ടും വായ്പ നൽകാനുള്ള അനുവാദവും കേന്ദ്ര സർക്കാർ നൽകി.

ഇതിനിടയിൽ ബാങ്കിംഗ് മേഖലയിൽ പുതിയ സ്വകാര്യ ബാങ്കുകൾക്ക് അനുവാദം നൽകി. വിദേശ ബാങ്കുകൾക്കും ബാങ്കിംഗ് മേഖലയെ തുറന്നുകൊടുത്തു. അങ്ങനെ ബാങ്കിംഗ് മേഖലയിൽ സ്വകാര്യമേഖലയുടെ പങ്ക് ഗണ്യമായി ഉയർന്നു. 2014-ൽ 82 ശതമാനം ബാങ്ക് ബ്രാഞ്ചുകളും പൊതുമേഖലാ ബാങ്കുകളുടേതായിരുന്നു. 2021-ൽ ഇത് 68 ശതമാനമായി കുറഞ്ഞു. മൊത്തം വായ്പാ അക്കൗണ്ടുകളുടെ 65 ശതമാനം പൊതുമേഖലയ്ക്ക് ഉണ്ടായിരുന്നത് 37.5 ശതമാനമായി കുറഞ്ഞു. മൊത്തം വായ്പയുടെ 75 ശതമാനം പൊതുമേഖലയ്ക്ക് ആയിരുന്നത് ഇപ്പോൾ 58 ശതമാനമായി ഇടിഞ്ഞു.

പൊതുമേഖലാ ബാങ്കുകളൊന്നും ഇതുവരെ സ്വകാര്യവൽക്കരിച്ചിട്ടില്ലെങ്കിലും അവയുടെ ഓഹരികൾ മൂലധന സമാഹരണത്തിനായി വിൽക്കുന്ന സമീപനമാണ് ഇപ്പോൾ കൈക്കൊള്ളുന്നത്. 12 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 56.9 ശതമാനം ഓഹരിയേ ഇന്നു സർക്കാരിനുള്ളൂ.

ഇതൊന്നും പോരാഞ്ഞിട്ട് രണ്ട് പൊതുമേഖലാ ബാങ്കുകളെങ്കിലും ഹോൾസെയിലായി വിൽക്കണമെന്ന വാശിയിലാണു കേന്ദ്രസർക്കാർ. 2021–-22-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ഒരുപക്ഷേ, ഇക്കാര്യവും ലോകസഭാ തിരഞ്ഞെടുപ്പു കഴിയാൻ മാറ്റിവച്ചിരിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular