സാധാരണക്കാരുടെ സമ്പത്തിലെ വിഹിതം രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്, എത്ര പേർക്ക് തൊഴിലുണ്ട്? എന്താണ് തൊഴിലുകളുടെ സ്വഭാവം? രണ്ട്, തൊഴിലെടുക്കുന്നവർക്ക് എന്ത് കൂലി അല്ലെങ്കിൽ വരുമാനം ലഭിക്കുന്നു?
ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 34 ശതമാനമേ ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നുള്ളൂ. തൊഴിൽ അന്വേഷിച്ചാലും കിട്ടില്ല എന്നുള്ളതുകൊണ്ട് സ്ത്രീകളടക്കം ഗണ്യമായൊരു വിഭാഗം തൊഴിലിനുള്ള ആഗ്രഹമേ ഉപേക്ഷിച്ചു. രണ്ട്, തൊഴിലെടുക്കുന്നവരിൽ 10 ശതമാനം മാത്രമേ നല്ല വരുമാനമുള്ള സംഘടിതമേഖലയിൽ പണിയെടുക്കുന്നവരായിട്ടുള്ളൂ. ബാക്കിയുള്ളവർ താഴ്ന്ന ഉല്പാദനക്ഷമതയും വരുമാനവുമുള്ള ചെറുകിട, പരമ്പരാഗത മേഖലകളിലാണ് തൊഴിലെടുക്കുന്നത്. ഉള്ള തൊഴിൽ ഇവരെല്ലാവരുംകൂടി പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. മൂന്ന്, തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുന്നു. ഇത് മോദിയുടെ കാലത്തെ ഒരു സവിശേഷ പ്രതിഭാസമാണ്.
ഇന്ത്യയിൽ സാധാരണഗതിയിൽ 2-3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. തൊഴിൽ ഇല്ലായെങ്കിലും തൊഴിൽ മേഖലയിൽ നാമമാത്രമായി എന്തെങ്കിലും തൊഴിൽ ചെയ്ത് ചടഞ്ഞുകൂടുകയായിരുന്നു ഇന്ത്യയിലെ പതിവ്. അതുകൊണ്ടാണ് തൊഴിലില്ലായ്മ ഇത്ര താഴ്ന്നിരുന്നത്. നോട്ട്നിരോധനത്തെത്തുടർന്ന് തൊഴിലില്ലായ്മ ഉയരാൻ തുടങ്ങി. മോദി ഭരണകാലത്ത് അത് 6-8 ശതമാനമായി ഉയർന്നു. അതോടെ ഇതുവരെ നടത്തിവന്നിരുന്ന തൊഴിൽ തൊഴിലില്ലായ്മ സാമ്പിൾ സർവ്വേ നിർത്തിവച്ച് പീരിയോഡിക്കൽ ലേബർ ഫോഴ്സ് സർവ്വേ എന്ന പേരിൽ പുതിയ കണക്കെടുപ്പ് ആരംഭിച്ചു. ഇതുപ്രകാരം തൊഴിലില്ലായ്മയിൽ സമീപകാലത്തു കുറവുവന്നു.
എന്നാൽ പുതിയ സർവ്വേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെങ്കിലും തൊഴിലെടുക്കുന്നവരുടെ ശതമാനം കുറഞ്ഞതായും കാണാം. 2020 ജനുവരിയിൽ 41 കോടി ആളുകൾ തൊഴിലെടുത്തിരുന്നെങ്കിൽ 2023 ജനുവരിയിൽ 40.9 കോടി ആളുകളേ തൊഴിലെടുക്കുന്നുള്ളൂ. തൊഴിൽ കിട്ടാതെ മനംമടുത്ത് തൊഴിൽസേനയിൽ നിന്നും ആളുകൾ പിൻവാങ്ങി സ്വയംതൊഴിലുകളിലോ വീട്ടുതൊഴിലുകളിലോ ഏർപ്പെടുകയാണ്. രണ്ടാമതു പറഞ്ഞ വീട്ടുതൊഴിലുകൾ പരിഗണിക്കാതെയുള്ള സർവ്വേയാണ് സിഎംഐഇ എന്ന സ്ഥാപനം നടത്തുന്നത്. ഈ സർവ്വേകൾ പ്രകാരം തൊഴിലില്ലായ്മ ഉയർന്നുതന്നെ തുടരുകയാണ്.
കൂലിയിലെ മുരടിപ്പ്
കൂലിയുടെ വർദ്ധനയാവട്ടെ അതീവ മന്ദഗതിയിലായിരുന്നു. 2014 ഡിസംബറിനും 2018 ഡിസംബറിനും ഇടയിൽ കർഷകത്തൊഴിലാളിയുടെയും ഗ്രാമീണ തൊഴിലാളിയുടെയും കൂലി 0.5 ശതമാനം വീതമാണ് പ്രതിവർഷം ഉയർന്നത്.
മോദി ഭരണകാലത്ത് കർഷകത്തൊഴിലാളികളുടെ കൂലി 2014-–15-ൽ 225 രൂപയായിരുന്നത് സ്ഥിരവില നിലവാരത്തിൽ 2021-–22-ൽ 240 രൂപയായേ വർദ്ധിച്ചുള്ളൂ. കെട്ടിട നിർമ്മാണ തൊഴിലാളികളുടെ കൂലിയിൽ വർദ്ധനയേ ഉണ്ടായില്ലായെന്നു പറയാം. കാർഷികേതര മേഖലയിലാവട്ടെ കൂലി 234 രൂപയിൽ നിന്ന് 245 രൂപയായിട്ടേ ഉയർന്നുള്ളൂ.
വിലക്കയറ്റം
യഥാർത്ഥ കൂലി വർദ്ധിക്കാതിരുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം രണ്ടാം മോദി സർക്കാരിന്റെ കാലത്ത് വിലക്കയറ്റത്തിന് ആക്കം കൂടിയതാണ്. കോവിഡിനുശേഷം വിലക്കയറ്റം റിസർവ്വ് ബാങ്കിന്റെ ടാർജറ്റായ 6 ശതമാനത്തിനു മുകളിലായി. പലിശ നിരക്ക് അടിക്കടി ഉയർത്തി ഒരു വർഷംകൊണ്ടാണ് വിലക്കയറ്റം ഇപ്പോൾ 6 ശതമാനത്തിൽ താഴെയാക്കിയത്. 2014-നെ അപേക്ഷിച്ച് 2023 മെയിൽ മൊത്ത വിലസൂചിക 30 ശതമാനം ഉയർന്നിട്ടുണ്ട്. ഭക്ഷ്യവിലകൾക്ക് 43-–56 ശതമാനമാണ് വർദ്ധനവ്. അതുപോലെതന്നെ പെട്രോൾ വിലകളും ഉയർന്ന നിലയിൽ തുടരുകയാണ്. ഇവ രണ്ടുമാണ് വിലക്കയറ്റത്തിനു കാരണം.
എൻഡിഎ സർക്കാർ അധികാരത്തിൽവന്ന 2014 മെയ് മാസത്തിൽ പെട്രോളിന്റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേയ്ക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങിന്റെ വർദ്ധന! ഡീസലിന്റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർദ്ധന! മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില ലിറ്ററിന് 65 രൂപയായിരുന്നു. അന്ന് ക്രൂഡോയിൽ വില ബാരലിന് 98 ഡോളർ ആയിരുന്നു. ഇപ്പോൾ ക്രൂഡോയിലിന്റെ വില 73 ഡോളർ മാത്രമാണ്. എന്നാൽ ഇന്ത്യയിലെ പെട്രോളിന്റെ വില ലിറ്ററിനു 100 –110 രൂപയാണ്. നികുതി വർദ്ധനവിലൂടെ അന്തർദേശീയതലത്തിൽ ക്രൂഡോയിലിനുണ്ടായ വിലയിടിവിന്റെ നേട്ടം മുഴുവൻ കേന്ദ്രം കവർന്നെടുത്തു. 2014-–15-ൽ 1.26 ലക്ഷം കോടി രൂപയായിരുന്നു പെട്രോളിൽ നിന്നുള്ള നികുതി വരുമാനം. 2021-–22-ൽ അത് 4.32 ലക്ഷം കോടി രൂപയായി ഉയർന്നു.
വിലക്കയറ്റത്തിന്റെ ഫലമായി ജീവിതച്ചെലവ് വർദ്ധിച്ചു. ചെലവിനു പണം കണ്ടെത്തിയത് സമ്പാദ്യത്തിൽനിന്നു പണം പിൻവലിച്ചുകൊണ്ടാണ്. ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ ധനആസ്തികൾ ദേശീയവരുമാനത്തിന്റെ 15.4 ശതമാനമായിരുന്നത് 10.9 ശതമാനമായി താഴ്ന്നു. അതുപോലെതന്നെ ജനങ്ങൾക്കുള്ള വായ്പാലഭ്യത കുറഞ്ഞു. ബാങ്കുകൾ സാധാരണക്കാർക്ക് വായ്പ നൽകുന്നതിൽനിന്ന് പിൻവലിഞ്ഞ് ആ ചുമതല ബാങ്കിതര സ്ഥാപനങ്ങളെ ഏൽപ്പിക്കുകയാണ്. ഇതിന്റെ ഫലമായി സാധാരണക്കാർ നൽകേണ്ട പലിശനിരക്ക് ഗണ്യമായി ഉയർന്നു. ഇതും ജീവിതച്ചെലവ് വർദ്ധിപ്പിച്ചു.
ജനസംഖ്യ പെരുകുന്നു, എന്നാൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. തൊഴിലില്ലായ്മ പെരുകുന്നു. 34 ശതമാനം പേർക്കേ തൊഴിലുള്ളൂ. അതും താഴ്ന്ന വരുമാന മേഖലകളിൽ. കൂലി വർദ്ധനവില്ല. ഇന്ത്യയിലെ ശരാശരി പൗരന്റെ വരുമാനം എടുത്താൽ ഇക്കാര്യത്തിൽ 142-–ാം സ്ഥാനത്ത് ആയതിൽ അത്ഭുതപ്പെടാനുണ്ടോ? ♦



