കാർഷിക മേഖലയിൽ സർക്കാർ നിക്ഷേപം മുരടിച്ചു. അതുപോലെതന്നെ ഔപചാരിക ബാങ്കിംഗ് മേഖലയിൽ നിന്നുള്ള കാർഷിക വായ്പകളും ചുരുങ്ങി. നിയോലിബറൽ പരിഷ്കാരങ്ങളുടെ ഭാഗമായി സർക്കാർ ചെലവുകൾ കർശനമായും വെട്ടിച്ചുരുക്കി. ഈ വാള് വീണതു കൂടുതൽ കാർഷിക മേഖലയുടെ മേലായിരുന്നു. യഥാർത്ഥ വില നിലവാരത്തിൽ കാർഷിക മേഖലയിലെ പൊതുനിക്ഷേപം ശുഷ്കിച്ചു. ഇതുമൂലം 1990-കൾ രൂക്ഷമായ കാർഷിക മുരടിപ്പിന്റെ കാലമായി മാറി.
രൂക്ഷമായ കാർഷിക മുരടിപ്പും കർഷക ആത്മഹത്യകളും കർഷക പ്രതിഷേധങ്ങളും എൻഡിഎയുടെ ഒന്നാം സർക്കാരിന്റെ തിരഞ്ഞെടുപ്പു തോൽവിയിൽ ഒരു പ്രധാന പങ്കുവഹിച്ചു. ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽവന്ന യുപിഎ സർക്കാർ പൊതുമിനിമം പരിപാടിയിൽ വാഗ്ദാനം ചെയ്തതുപോലെ സ്വാമിനാഥൻ കമ്മീഷനെ നിയോഗിച്ചു. കാർഷിക മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ വകയിരുത്തി. ചുരുക്കത്തിൽ ഇടതുപക്ഷ പിന്തുണയോടെയുള്ള യുപിഎ സർക്കാരിന്റെ കാലത്ത് 90-കളിലെ നിയോലിബറൽ കാർഷിക നിലപാടുകളിൽ അയവുവരുത്തുന്നതിനു കേന്ദ്രസർക്കാർ നിർബന്ധിതമായി. ഇതിന്റെ ഫലമായി കാർഷിക മേഖലയിൽ ഉണർവുണ്ടായി.
മോദി സർക്കാർ കൃഷിക്കാരുടെ വരുമാനം 2022-നുള്ളിൽ ഇരട്ടിയാക്കുമെന്നാണു പ്രഖ്യാപിച്ചത്. പക്ഷേ യാഥാർത്ഥ്യം ഇതിൽ നിന്നും എത്രയോ അകലെയാണ്. കൃഷിക്കാരുടെ യഥാർത്ഥ വരുമാനം വർദ്ധിക്കുകയല്ല, ഇടിയുകയാണു ചെയ്തത്. 2011-–12 മുതൽ തുടർച്ചയായി കർഷക വരുമാനം ഇതുപോലെ മുരടിച്ച ഒരു കാലം ഉണ്ടായിട്ടില്ല.
സർക്കാർ ഇങ്ങനെ പിൻവാങ്ങുകയാണെങ്കിൽ ആരാണ് കാർഷിക മേഖലയിൽ നിക്ഷേപം നടത്തുക? കോർപ്പറേറ്റുകൾ അല്ലെങ്കിൽ അഗ്രി ബിസിനസ്. കോർപ്പറേറ്റുകൾക്കു വഴിയൊരുക്കാനാണ് പുതിയ കാർഷിക നിയമങ്ങളും ഭൂപരിഷ്കരണ നിയമ ഭേദഗതികളും മോദി സർക്കാർ കൊണ്ടുവന്നത്.
ഭൂപരിഷ്കരണം
ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള വാചകമടിപോലും അവസാനിപ്പിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഭൂപരിധി നിയമങ്ങൾ വേണ്ടെന്നുവച്ചിരിക്കുകയാണ്. ആദിവാസികളുടെ ഭൂ അവകാശങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ഖനനത്തിനും മറ്റും വേണ്ടി ഭൂമി കോർപ്പറേറ്റുകൾക്കു വിട്ടുകൊടുക്കുകയാണ്. ഭൂരഹിതരായ കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ഭൂമി എന്നതു ദിവാസ്വപ്നമായി മാറും.
ഇത്തരമൊരു വികസനതന്ത്രം ഒറ്റയടിക്ക് നടപ്പാക്കുക പ്രയാസകരമാണ്. അതുകൊണ്ട് അവയെ കാൽനൂറ്റാണ്ടുകൊണ്ടാണ് നടപ്പാക്കിയത്. ഓരോ ചുവടുവയ്പ്പും കർഷക പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി. മുന്നോട്ടുവച്ച കാല് പലപ്പോഴും പിന്നോട്ട് എടുക്കേണ്ടി വന്നു. ഏറ്റവും അവസാനം സ്വീകരിച്ച നടപടിയാണ് കോവിഡിന്റെ മറവിൽ പാർലമെന്റിൽപ്പോലും ആവശ്യമായ ചർച്ച നടത്താതെ പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾ. കർഷക സമരത്തെത്തുടർന്ന് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് ബിജെപി സർക്കാർ താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്. ♦