2016 നവംബർ 8ന്, നോട്ടുനിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യയുടെ പ്രശ്നം അഴിമതിയും കള്ളപ്പണവും ഭീകരവാദവുമാണെന്നും അവയെ തുടച്ചുനീക്കാനുള്ള ശക്തമായ മാർഗ-മാണ് നോട്ടു നിരോധനം എന്നുമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളോ കൂടിയാലോചനകളോ ഇല്ലാതെ മോദി നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ, ഏതാനും നിമിഷങ്ങൾക്കുമുൻപ് മാത്രമാണ് കേന്ദ്ര മന്ത്രിസഭ പോലും ഇതിനെ സംബന്ധിച്ച് അറിയുന്നത്.
പണത്തിന്റെ ചംക്രമണം അഴിമതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു; അതുകൊണ്ടാണ് മൊത്തം കറൻസിയുടെ 80 മുതൽ 90 ശതമാനവും 500ന്റെയും 1000 ത്തിന്റെയും നോട്ടുകൾ ആയത് എന്നു പറഞ്ഞ് നവംബർ 8ന് അർധരാത്രി വെറും നാലുമണിക്കൂർകൊണ്ട് മോദി സർക്കാർ 500ന്റെയും 1000 ത്തിന്റെയും നോട്ടുകൾ നിരോധിച്ചു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളോ, ഇതു നടപ്പാക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളോ സമ്പദ്ഘടനയിൽ ഇതുണ്ടാക്കുന്ന ആഘാതമോ ഒന്നും തന്നെ മോദിക്കോ കേന്ദ്ര ഗവൺമെന്റിനോ പ്രശ്നമായില്ല. ജനങ്ങൾക്ക് ഡിസംബർ 31 വരെ ബാങ്കുകളിൽനിന്നും 2017 മാർച്ച് 31 വരെ റിസർവ്വ് ബാങ്ക് കാര്യാലയങ്ങളിൽനിന്നും 500ന്റെയും 1000ന്റെയും നോട്ടുകൾ മാറാമെന്നു മോദി പ്രഖ്യാപിച്ചു; അതുകൊണ്ടും തീർന്നില്ല; പുതിയ 500 രൂപ നോട്ടും 2000 രൂപ നോട്ടും സർക്കാർ ഇറക്കുകയും ചെയ്തു. അതായത് ഫലത്തിൽ 1000 രൂപ നോട്ടുകൾക്കുപകരം 2000 രൂപ നോട്ടുകൾ കൊണ്ടുവന്നു. 500 രൂപയുടെ നാല് നോട്ടിനുപകരം ഇപ്പോൾ 2000 രൂപയുടെ ഒരു കള്ളനോട്ട് എന്നതായി ആത്യന്തിക ഫലം.
ലോകത്തിന്നുവരെ ഒരു രാജ്യവും അഴിമതിയെ ചെറുക്കുന്നതിനുവേണ്ടി സ്വന്തം കറൻസി റദ്ദാക്കിയിട്ടില്ല. ഇന്ത്യയിൽ 2016നുശേഷം അഴിമതി വർധിച്ചതല്ലാതെ യാതൊരുവിധ കുറവും ഉണ്ടായിട്ടുമില്ല. ഭരണതലത്തിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം അതിപ്പോഴും ഒരു മുഖ്യഘടകമായി തുടരുന്നു. പഴയ നോട്ടുകൾ റദ്ദു ചെയ്ത് പുതിയ നോട്ടുകൾ കൊണ്ടുവരുമ്പോൾ ബാങ്കുകളിലും സമ്പദ്ഘടനയിലും സമൂഹത്തിലും അതുണ്ടാക്കിയ ആഘാതവും പരിഭ്രാന്തിയും അത്രമേൽ ഭീകരമായിരുന്നു. നോട്ടുകൾ മാറ്റിക്കിട്ടുന്നതിനായി വരിനിന്ന് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത് 115 പേരാണ്. പഴയ നോട്ടുകളും പുതിയ നോട്ടുകളും തമ്മിലുള്ള വലിപ്പ വ്യത്യാസം എടിഎമ്മുകളുടെ സാങ്കേതികതയെ ബാധിച്ചു; അവയുടെ പ്രവർത്തനം നിലച്ചു. എടിഎമ്മുകൾ നന്നാക്കുവാൻ, പുതിയ നോട്ടുകൾക്കനുസരിച്ച് മാറ്റം വരുത്തുവാൻ ടെക്നീഷ്യന്മാർ ഓടിനടന്നു. ഇന്ത്യയുടെ പണകമ്പോളത്തെ പുതിയ നോട്ടുകൾ അച്ചടിച്ചിറക്കിയും മറ്റും സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിന് ആർബിഐക്ക് രണ്ടു വർഷം കൊണ്ട് 13,000 കോടി രൂപയിലേറെ ചെലവഴിക്കേണ്ടിവന്നു.
അനിൽ ബൊകീലിന്റെ അരക്കിറുക്ക് നോട്ടു നിരോധനം ഒരിക്കലും ഭരണതലത്തിലുള്ള ചർച്ചയുടെ ഭാഗമായിരുന്നില്ല. മഹാരാഷ്ട്രയിലുള്ള മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമക്കാരനായ, സാമ്പത്തിക സെെദ്ധാന്തികനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനിൽ ബൊകീൽ എന്ന വ്യക്തിയുടെ ആശയമായിരുന്നു നോട്ടുനിരോധനം. ജനസംഖ്യയുടെ 70 ശതമാനത്തോളം പേർ പ്രതിദിനം കേവലം 150 രൂപ കൊണ്ട് ജീവിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് എന്തിനാണ് 100 രൂപയ്ക്കു മുകളിലുള്ള കറൻസി നോട്ടുകൾ എന്നതായിരുന്നു അയാളുടെ ആശയം. ശുദ്ധമലയാളത്തിൽ പറഞ്ഞാൽ അരക്കിറുക്ക്! മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം അധികം വെെകാതെ, 2013 ജൂലെെയിൽ ബൊകീൽ തന്റെ സുഹൃത്തുക്കളോടൊത്ത് അഹമ്മദാബാദിലെത്തി മോദിയെ കാണുകയും തന്റെ ‘വമ്പൻ ആശയം’ അവതരിപ്പിക്കുകയും ചെയ്തു. മോദി തന്റെ ആശയം വളരെ ശ്രദ്ധയോടെ കേട്ടിരുന്നുവെന്നും അദ്ദേഹം അതിൽ ആകൃഷ്ടനായിയെന്നും രാജ്യത്തെ 86 ശതമാനത്തോളം കറൻസി നിരോധിക്കപ്പെട്ടതിനുശേഷം നൽകിയ അഭിമുഖത്തിൽ ബൊകീൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബൊകീൽ നടത്തുന്ന അർഥക്രാന്തി (സാമ്പത്തികവിപ്ലവം) എന്ന സ്ഥാപനത്തിന്റെ വെബ്സെെറ്റിൽ മോദിക്ക് താൻ കെെമാറിയ നോട്ടു നിരോധനമെന്ന ‘മന്ത്ര’ത്തിന്റെ ഗുണഗണങ്ങൾ എന്തൊക്കെയെന്ന് ബൊകീൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ‘‘ഭീകരവാദവും രാജ്യദ്രോഹ പ്രവർത്തനവും നിയന്ത്രിക്കാം, നികുതി ഒഴിവാക്കുകയെന്ന ലക്ഷ്യം പിൻവലിക്കാം, അഴിമതി ഇല്ലാതാക്കാം, ഗണ്യമായ തൊഴിൽ വളർച്ചയുണ്ടാക്കാം തുടങ്ങിയവയാണ് നോട്ടുനിരോധനത്തിന്റെ നേട്ടങ്ങളായി ബൊകീൽ കുറിച്ചത്. ചിന്താശേഷിയിലെ സാമ്യം കൊണ്ടാകം, ബൊകീലിന്റെ മണ്ടൻ ആശയം മോദി ശിരസ്സാവഹിച്ചു. |
ഇനി ഭീകരവാദ പ്രവർത്തനത്തിന്റെ കാര്യം. ഒന്നാമതായി കള്ളനോട്ട് സൃഷ്ടിക്കുന്ന ഒരു പ്രശ്നമല്ല ഭീകരവാദം. പാകിസ്താന്റെ പങ്കിനെക്കുറിച്ച് നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോൾ മോദി വാതോരാതെ വർത്തമാനം പറഞ്ഞു; ഭീകരവാദത്തെ നോട്ടു നിരോധനം ഉന്മൂലനം ചെയ്യുമെന്നായിരുന്നു വാദം. എന്നാൽ, നോട്ടുനിരോധനത്തിനുശേഷം കാശ്മീരിൽ ഭീകരവാദികൾ അപഹരിച്ച ജീവനുകളുടെ എണ്ണം വർധിക്കുകയാണുണ്ടായത്. 2016ൽ ഭീകരവാദികൾ കൊലപ്പെടുത്തിയത് 267 പേരെയായിരുന്നെങ്കിൽ 2017ൽ അത് 357 ഉം 2018ൽ 452 ഉം ആയി ഉയർന്നു. 2019ൽ ഇത് 283ഉം 2020ൽ 321ഉം ആയിരുന്നു. 2021ൽ ലോക്ഡൗൺ ആയിരുന്നതിനാൽ അക്രമങ്ങൾ കുറവായിരുന്നു. യഥാർത്ഥത്തിൽ അടുത്തകാലത്ത് കാശ്മീർ ഏറ്റവും സമാധാനപരമായി പോയത് 2012ലും (കൊലകൾ –121 എണ്ണം) 2013ലും (കൊലകൾ 172 എണ്ണം) ആണ്; ഇത് നോട്ടുനിരോധനത്തിനു മുൻപാണ്. താഴ്-വരയിൽ കൊല്ലപ്പെടുന്ന മനുഷ്യരിൽ അധികവും സാധാരണക്കാരാണ്. കള്ളപ്പണമോ നോട്ടുനിരോധനമോ അക്കാര്യത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നുമില്ല.
നോട്ടുനിരോധനത്തെക്കുറിച്ച് മോദി ആലോചിച്ചപ്പോൾ തന്നെ ആർബിഐ അതിനെ താക്കീതു ചെയ്യുകയും അതൊരു വലിയ പിഴവായി മാറുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ മൂഢൻ ആശയത്തെ എതിർത്തതുമൂലം ആർബിഐ ഗവർണർ രഘുറാം രാജൻ രാജിവയ്ക്കാൻ നിർബന്ധിതനായി. പിന്നീടുവന്ന ഊർജിത് പട്ടേൽ ഗവർണർ സ്ഥാനമേറ്റെടുത്ത് ആഴ്ചകൾക്കുള്ളിൽ നോട്ടുനിരോധനത്തെ അംഗീകരിക്കാൻ നിർബന്ധിതനായി. എന്നാൽ നവംബർ 8ന് വെെകിട്ട് 5.30ന്, മോദി നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കുമുൻപ് ചേർന്ന ആർബിഐയുടെ അടിയന്തരയോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് 2018 നവംബറിൽ ഈ മിനിറ്റ്സ് പത്രങ്ങൾക്കു ചോർന്നു; തൊട്ടടുത്ത മാസം ഊർജിത് പട്ടേൽ രാജിവയ്ക്കുകയും ചെയ്തു. ആർബിഐ മിനിറ്റ്സ് വ്യക്തമാക്കുന്നതിങ്ങനെ.
ഗവൺമെന്റ് ആർബിഐയ്ക്കു നൽകിയ നിർദേശങ്ങൾ
♦ 2011നും 2016നുമിടയ്ക്ക് സമ്പദ്ഘടനയുടെ വളർച്ച 30 ശതമാനമാണ്; എന്നാൽ ഉയർന്ന ഡിനോമിനേഷനിലുള്ള കറൻസി നോട്ടുകൾ അതിഭീകരമായ നിരക്കിൽ വളർന്നിരിക്കുന്നു.
♦ നിലവിൽ രാജ്യത്തെ സംവിധാനത്തിൽ 400 കോടി രൂപയുടെ കള്ളനോട്ടുണ്ട്.
♦ അതിനാൽ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ അസാധുവാക്കണം.
ആർബിഐ ഗവൺമെന്റിനു നൽകിയ മറുപടി
♦ ഗവൺമെന്റ് ചൂണ്ടിക്കാണിച്ച സാമ്പത്തികവളർച്ച ശരിയായ കാര്യമാണ്; അതേസമയം കറൻസിയിലെ വർധനവ് നാമമാത്രവും നാണയപ്പെരുപ്പത്തിനനുസൃതമായി ക്രമീകരിക്കാനാവാത്തതുമാണ്. അതിനാൽ ഈ വാദം നോട്ടുനിരോധനത്തിനുള്ള ശുപാർശയ്ക്ക് മതിയായതല്ല.
♦ കള്ളപ്പണത്തിൽ അധികവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് ഭൂമിയോ സ്വർണമോ ആയിട്ടാണ‍്. പണമായിട്ടല്ല; അതുകൊണ്ടുതന്നെ കറൻസി റദ്ദുചെയ്യുന്നതുകൊണ്ട് കള്ളപ്പണം തടയലിന് യാതൊരു ഗുണവുമുണ്ടാവില്ല.
♦ നോട്ടുനിരോധനം ജിഡിപിയിൽ പ്രതികൂലമായ സ്വാധീനമുണ്ടാക്കും.
♦ 400 കോടി രൂപയുടെ കള്ളനോട്ട് എന്നുപറയുന്നത്, സമ്പദ്ഘടനയിൽ നിലവിലോടിക്കൊണ്ടിരിക്കുന്ന, മൊത്തം പണത്തിനോട്, അതായത് 18 ലക്ഷം കോടി രൂപയോട് താരതമ്യപ്പെടുത്തുമ്പോൾ തീരെ തുച്ഛമായ തുകയാണ് (അതായത് 0.02 ശതമാനം മാത്രം).
ഇവയെല്ലാം ചൂണ്ടിക്കാണിച്ച ആർബിഐ മോദിയുടെ ഹിതം അംഗീകരിക്കുകയാണ് പിന്നീടുണ്ടായത്. അതുകൊണ്ടാണ് മിനിറ്റ്സ് പുറത്തുവിടാൻ ആർബിഐ തയ്യാറാകാത്തത്.
നോട്ടുനിരോധനം നടപ്പാക്കിയിട്ട് ഇന്ന് 7 വർഷത്തിലേറെ ആയിരിക്കുന്നു. ജനങ്ങൾക്ക് ദുരിതവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയും നൽകിയതല്ലാതെ നോട്ടുനിരോധനംകൊണ്ട് മറ്റൊരു ഗുണവുമുണ്ടായിട്ടില്ല. 2016–17 ന്റെ നാലാം പാദത്തിയിൽ ജിഡിപി വളർച്ചയിലുണ്ടായ കൂറ്റൻ ഇടിവുതന്നെ അതായത് ഒന്നാം പാദത്തിയിലെ 10.4 ശതമാനത്തിൽനിന്നും നാലാം പാദത്തിയിൽ ജിഡിപി വളർച്ച 6.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതുതന്നെ ഇതിന്റെ മികച്ച തെളിവാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും അനിയന്ത്രിതമായവിധം വർധിച്ചിരിക്കുന്നു. കൃഷി അടക്കമുള്ള അസംഘടിത മേഖല പൂർണമായും തകർന്നിരിക്കുന്നു. ബിസിനസ് കേന്ദ്രങ്ങളായ മുംബെെ, പൂനെ, താനെ, കൊൽക്കത്ത, ബംഗളൂരു, ഹെെദരാബാദ് തുടങ്ങിയ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റുകാരുടെ എണ്ണത്തിൽ നോട്ടുനിരോധനത്തിനുശേഷം വലിയ ഇടിവുണ്ടായി. രാജ്യത്തെ ഫാക്ടറികളിലെ നിക്ഷേപം 2016–17 കാലത്ത് 10.3 ശതമാനത്തോളം ചുരുങ്ങി. 2002–03 മുതലിങ്ങോട്ടുണ്ടായതിൽ വെച്ചേറ്റവും ദയനീയമായ സ്ഥിതിയായിരുന്നു ഇത്. ചുരുക്കത്തിൽ നാനാമേഖലകളിലും സമ്പദ്ഘടനയിലാകെയും തകർച്ചയ്ക്കിടയാക്കിയ നടപടിയാണ് നോട്ടുനിരോധനം. ♦
അവലംബം: ആകാർ പട്ടേലിന്റെ The Price of Modi Years