കേരളം തനത് വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയതെന്നും, കടബാധ്യതയുടെയും കമ്മിയുടെയും കാര്യത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് വരുത്തിയെന്നതും മലയാള പത്രങ്ങൾ കൂടാതെ ടൈംസ് ഓഫ് ഇന്ത്യയിലെയും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെയും ലേഖനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ധനദൃഢീകരണത്തിന്റെ പാതയിലാണ് (fiscal consolidation) എന്നും ഈ ലേഖനങ്ങൾ കണക്കുകൾ സഹിതം പറഞ്ഞുറപ്പിച്ചു.
തനത് നികുതി വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിന് നേട്ടങ്ങളുടെ വർഷങ്ങളാണ്. 2013-–14 മുതലുള്ള കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ വാർഷിക വളർച്ച നിരക്ക് നോക്കുക.
2013–14, 2015-–16 കാലങ്ങളിൽ 10 ശതമാനമോ അതിൽ താഴെയോ ആണ് തനത് നികുതി വരുമാനത്തിന്റെ വളർച്ച. കോവിഡും പ്രളയവും കാരണമുള്ള തളർച്ചയ്ക്കുശേഷം 2021-–22 ലും 2022-–23 ലും കേരളം നേടിയത് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ തനത് വരുമാന വളർച്ചയാണ് 22 ഉം 23 ഉം ശതമാനം.
2011-–12 മുതൽ 2016-–17 സാമ്പത്തിക വർഷം വരെ അഞ്ചുവർഷം (യുഡിഎഫിന്റെ ഭരണകാലം) കൊണ്ട് തനത് വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് വെറും 16,000 കോടി രൂപ മാത്രം (2011-–12 ൽ 25,700 കോടി രൂപ 2016–-17 ൽ 42100 കോടി രൂപ). അതുകഴിഞ്ഞുള്ള 5 വർഷം പ്രളയവും കോവിഡും കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നികുതി വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മാത്രം ഈ സർക്കാർ സമാഹരിച്ച തനത് വരുമാനം 24,300 കോടി രൂപയാണ്.
2020-–21 ൽ ഏകദേശം 47,600 കോടി രൂപ മാത്രമായിരുന്ന തനത് നികുതി വരുമാനം രണ്ടു വർഷം കൊണ്ട് 71900 കോടി രൂപയിലധികമായി വർദ്ധിച്ചു. ഏകദേശം 51 ശതമാനം വർദ്ധനവ്. തനത് നികുതി വരുമാനത്തിലെ വാർഷിക വളർച്ച നിരക്ക് 23 ശതമാനത്തിലും അധികമാണ്.
മൊത്തം റവന്യൂ വരുമാനത്തിൽ തനത് വരുമാനത്തിന്റെ അനുപാതം 2020–-21 ൽ 56 ശതമാനം ആയിരുന്നത് 2022–-23 ൽ 65.6 ശതമാനമായി വർദ്ധിച്ചു. 2023-–24 ൽ ഇത് 70 ശതമാനത്തിലും അധികമാവും.
വർഷം | തനത് നികുതി വളർച്ചാ നിരക്ക് |
2011‐12 | 18.4 |
2012‐13 | 16.9 |
2013‐14 | 6.4 |
2014‐15 | 10.1 |
2015‐16 | 10.7 |
2016-17 | 8.2 |
2017-18 | 10.2 |
2018-19 | 9 |
2019-20 | -0.6 |
2020-21 | -5.3 |
2021-22 | 22.4 |
2022-23 | 23.4 |
അതായത് മൊത്തം റവന്യൂ വരുമാനത്തിൽ കേന്ദ്ര അനുപാതം കുറഞ്ഞു കുറഞ്ഞു വരുന്നു.
രാജ്യത്തെ ഏതാണ്ട് മുഴുവൻ ഉൽപ്പന്നങ്ങൾക്കുമേലും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്നും കവർന്നെടുത്ത് ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷവും തനത് നികുതി വരുമാനത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമായി നാം കാണുന്നില്ല. ♦