Sunday, July 14, 2024

ad

Homeഇവർ നയിച്ചവർഎം പി നാരായണൻ നമ്പ്യാര്‍: കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്‌

എം പി നാരായണൻ നമ്പ്യാര്‍: കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

രുക്കുപോലെ ഉറച്ച ശരീരത്തിനും മനസ്സിനും ഉടമയായിരുന്നു എം പി നാരായണൻ നമ്പ്യാര്‍ എന്ന കമ്യൂണിസ്റ്റ്‌. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോടും നിസ്സഹകരണപ്രസ്ഥാനത്തോടും കുട്ടിക്കാലംമുതൽ അഭിനിവേശം പുലർത്തിയ അദ്ദേഹം കൗമാരപ്രായത്തിൽ തന്നെ സ്വാതന്ത്ര്യസമര പോരാളിയായി മാറിയിരുന്നു. സന്പന്ന കുടുംബത്തിലാണ്‌ ജനിച്ചതെങ്കിലും കുട്ടിയായിരിക്കുമ്പോൾ ത്യാഗത്തിന്റെയും സേവനത്തിന്റെയും വഴികളാണ്‌ അദ്ദേഹം തിരഞ്ഞെടുത്തത്‌.

കർഷകപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ അതിന്റെ സജീവ പ്രവർത്തകനും പിന്നീട്‌ നേതാവുമായിത്തീർന്ന അദ്ദേഹം കർഷക താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ്‌ കാഴ്‌ചവെച്ചത്‌. പി കൃഷ്‌ണപിള്ളയും എ കെ ജിയും ഉൾപ്പെടെയുള്ള നേതാക്കളുടെ സമരോജ്വലമായ ജീവിതത്തിന്റെ ശിക്ഷണം കുട്ടിക്കാലം മുതൽ ലഭിച്ച അദ്ദേഹം അടിയുറച്ച പോരാളിയായിരുന്നു. കൊടിയ മർദനങ്ങളും കഠിന യാതനകളും ജയിൽവാസവുമെല്ലാം അദ്ദേഹത്തിലെ കമ്യൂണിസ്റ്റിനെ കരുത്തനാക്കിയിട്ടേയുള്ളൂ. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയും സിപിഐ എമ്മും നേരിട്ട പരീക്ഷണഘട്ടങ്ങളിലെല്ലാം പതറാതെ പാർട്ടിക്കൊപ്പം നിന്ന അദ്ദേഹം രാഷ്‌ട്രീയ എതിരാളികളുടെ പോലും ആദരവ്‌ പിടിച്ചുപറ്റി.

1915 ആഗസ്‌ത്‌ 28നാണ്‌ പഴയ ചിറയ്‌ക്കൽ താലൂക്കിലെ കല്യാശ്ശേരിയിൽ മാണിക്കോത്ത്‌ പുതിയവീട്ടിൽ നാരായണിയുടെയും ഏറന്പാല കേളു നായനാരുടെയും പുത്രനായി എം പി നാരായണൻ നമ്പ്യാര്‍ ജനിച്ചത്‌. അച്ഛനമ്മമാരുടെ ഒന്പത്‌ മക്കളിൽ നാലാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. നാരായണൻ കുട്ടിയായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ അന്തരിച്ചു. കല്യാശ്ശേരിയിലെ സന്പന്ന കുടുംബമായിരുന്നു മാണിക്കോത്ത്‌ പുതിയവീട്‌. പാടങ്ങളും പുരയിടങ്ങളുമായി നിരവധി ഭൂസ്വത്തുക്കൾ ഈ കുടുംബത്തിനുണ്ടായിരുന്നു. നെല്ലും തേങ്ങയും ഇതര ഭക്ഷ്യവസ്‌തുക്കളും കൊണ്ട്‌ സന്പന്നമായിരുന്നു എംപിയുടെ വീട്.

അമ്മാവൻ എം പി കൃഷ്‌ണൻ നമ്പ്യാരുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളർന്നത്‌. ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായി ജോലിയിൽ പ്രവേശിച്ച എം പി കൃഷ്‌ണൻ നമ്പ്യാര്‍ തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിൽ ചീഫ്‌ ഇൻസ്‌പെക്ടറായാണ്‌ റിട്ടയർ ചെയ്‌തത്‌. എ കെ ജിയുടെ അമ്മയുടെ ഇളയ സഹോദരിയായിരുന്നു കൃഷ്‌ണൻ നമ്പ്യാരുടെ ഭാര്യ.

കല്യാശ്ശേരി എലിമെന്ററി സ്‌കൂളിൽ നിന്ന്‌ അഞ്ചാം ക്ലാസ്‌ പാസ്സായതിനുശേഷം ആറാം ക്ലാസിൽ നാരായണൻ പഠിച്ചത്‌ കൊല്ലം ജില്ലയിലെ ചവറ ഗവൺമെന്റ്‌ ഹൈസ്‌കൂളിലാണ്‌. അമ്മാവൻ അവിടത്തെ ഹെഡ്‌മാസ്റ്ററായിരുന്നതിനാൽ അദ്ദേഹം അനന്തരവനെ ചവറയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അടുത്തവർഷം കല്യാശ്ശേരി എലിമെന്ററി സ്‌കൂൾ ഹയർ എലിമെന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. അതോടെ നാരണായണൻ ചവറയിൽനിന്ന്‌ നാട്ടിൽ വന്ന്‌ പഴയ സ്‌കൂളിൽ ഏഴാം ക്ലാസിൽ ചേർന്നു.

ഒരുവർഷമേ ചവറയിൽ പഠിച്ചുള്ളൂവെങ്കിലും ആയുഷ്‌കാലം മുഴുവൻ അവിസ്‌മരണീയമായ ഓർമ സമ്മാനിച്ച വർഷമായിരുന്നു അത്‌. എംപിയുടെ രാഷ്‌ട്രീയ ജീവിനത്തിന്‌ അടിത്തറ പാകിയ സംഭവവും അതായിരുന്നു.

ഗാന്ധിജിയെ അടുത്തു കാണാനും അദ്ദേഹത്തെ സ്‌പർശിക്കാനും കഴിഞ്ഞു എന്ന അപൂർവാനുഭവം നാരായണന്‌ ലഭിച്ചത്‌ ചവറയിൽവെച്ചായിരുന്നു. ഗാന്ധിജി തിരുവിതാംകൂറിൽ പര്യടനം നടത്തിയ സമയത്ത്‌ ചവറയിൽ വന്പിച്ച സ്വീകരണം അദ്ദേഹത്തിന്‌ ഒരുക്കപ്പെട്ടു. നാരായണന്റെ അമ്മാവൻ കൃഷ്‌ണൻ നമ്പ്യാരായിരുന്നു ആ സ്വീകരണസമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ. അന്നത്തെ സബ്‌ രജിസ്‌ട്രാർ ഓഫീസിന്‌ സമീപമുള്ള മൈതാനിയിലായിരുന്നു സ്വീകരണം.

ഗാന്ധിജി സ്‌റ്റേജിലെത്തിയത്‌ വിസ്‌മയത്തോടെയാണ്‌ നാരായണൻ കണ്ടത്‌. അമ്മാവന്റെ നിർദേശമനുസരിച്ച്‌ ഗാന്ധിജിയുടെ പാദത്തിൽ തൊട്ട്‌ നാരായണൻ നമസ്‌കരിച്ചു. അതിരറ്റ സ്‌നേഹവാത്സല്യങ്ങളോടെ ഗാന്ധിജി അദ്ദേഹത്തെ ആശ്ലേഷിച്ചു.

ഭൂപാല മംഗളഗാനത്തിനെതിരെ പ്രതിഷേധിച്ചപ്പോൾ
ഗാന്ധിജിയെ കണ്ടതിന്റെ ഓർമകളും മഹാത്മാവിന്റെ ഉശിരോടെയുള്ള പോരാട്ടങ്ങളും നാരായണന്റെ മനസ്സിൽ അതിരറ്റ സ്വാതന്ത്ര്യദാഹം ഉളവാക്കി. ബ്രിട്ടീഷ്‌ കോയ്‌മയോടുള്ള പുച്ഛവും വെറുപ്പും ആ ബാലനിൽ നാൾക്കുനാൾ വർധിച്ചു.

വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത്‌ ബ്രിട്ടീഷ്‌ രാജാവിനെ സ്‌തുതിക്കുന്ന ഭൂപാല മംഗളഗാനമായിരുന്നു പാടിയത്‌. മുഴുൻ വിദ്യാർഥികളും അത്‌ പാടണമെന്നായിരുന്നു അന്നത്തെ വ്യവസ്ഥ. ഒരുദിവസം ഭൂപാല മംഗളം പാടിക്കഴിഞ്ഞപ്പോൾ ‘മഹാത്മാഗാന്ധി കീ ജയ്‌’ എന്ന്‌ മുദ്രാവാക്യം ഏതോ ക്ലാസിൽനിന്ന്‌ ഇടിമുഴക്കം പോലെ കേട്ടു. ബ്രിട്ടീഷ്‌ ഭക്തനായിരുന്ന ഹെഡ്‌മാസ്റ്റർ എല്ലാ ക്ലാസുകളിലും കയറി പരിശോധിച്ചു; മുദ്രാവാക്യം വിളിച്ച ആളിനെ പിടികൂടിയേ അടങ്ങൂ എന്ന വാശിയോടെ. ഏഴാം ക്ലാസിൽ നാരായണന്റെ അടുത്തിരുന്ന വിദ്യാർഥി ഗോപാലവാര്യർ ഒട്ടും പതറാതെ നിശ്ചയദാർഢ്യത്തോടെ, താനാണ്‌ മുദ്രാവാക്യം വിളിച്ചതെന്ന്‌ പ്രഖ്യാപിച്ചു. തൊട്ടടുത്തിരുന്ന നാരായണനും ടി രാഘവനും കുറ്റം സ്വയം ഏറ്റുകൊണ്ട്‌ ധീരമായി പ്രഖ്യാപിച്ചു: ‘‘ഞങ്ങളും മുദ്രാവാക്യം വിളിച്ചു’’.

മൂവർക്കും പൊതിരെ തല്ലുകിട്ടി. അത്‌ നാട്ടിൽ പാട്ടായി. ഗാന്ധിജിക്ക്‌ സിന്ദാബാദ്‌ വിളിച്ച കുട്ടികളെ തല്ലിയ അധ്യാപകനെതിശര വ്യാപകമായ പ്രതിഷേധം ഉയർന്നു. തൊട്ടടുത്തദിവസം തന്നെ രക്ഷിതാക്കളും മറ്റു നാട്ടുകാരും ബ്രിട്ടീഷ്‌ ഭക്തനായ ഹെഡ്‌മാസ്റ്ററെ വളഞ്ഞു.

ഏഴാം ക്ലാസ്‌ പാസായതിനുശേഷം തുടർന്ന്‌ പഠിക്കാനുള്ള താൽപര്യം നാരായണന്‌ കുറഞ്ഞു. തുടർന്ന്‌ അദ്ദേഹം സേലത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക്‌ പോയി. എന്നാൽ അമ്മാവന്റെയും സഹോദരങ്ങളുടെയും സേലത്തെ ബന്ധുക്കളുടെയും നിർബന്ധംമൂലം കല്യാശ്ശേരിയിലേക്ക്‌ നാരായണൻ മടങ്ങി. എല്ലാവർക്കുും ഒന്നേ നിർദേശിക്കാനുണ്ടായിരുന്നുള്ളൂ: നാരായണൻ തുടർന്ന്‌ പഠിക്കണം.

നാട്ടിൽ തിരിച്ചെത്തിയ നാരായണൻ സ്‌കൂളിൽ തുടർന്ന്‌ പഠിക്കാൻ താൽപര്യം കാണിച്ചില്ല. സംഗീതവും ചിത്രമെഴുത്തും ജ്യോത്സ്യവും പഠിക്കാൻ രണ്ട്‌ അധ്യാപകരുടെ കീഴിൽ അദ്ദേഹം ചേർന്നു. ചിത്രരചനയുടെയും സംഗീതത്തിന്റെയും ജ്യോതിഷത്തിന്റെയും ക്ലാസുകൾ പുരോഗമിച്ചുവരവെയാണ്‌ താൻ പഠിച്ച സ്‌കൂളിൽ ഐതിഹാസിക സമരം നടന്നത്‌.

ഹരിജൻ വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചേ മതിയാകൂ
ചില സവർണ പ്രമാണിമാരുടെ എതിർപ്പുമൂലം കല്യാശ്ശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ഉൾപ്പെടെ അന്ന്‌ ഹരിജൻ വിദ്യാർഥികൾക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. തങ്ങളുടെ മക്കളുടെ കൂടെ ഹരിജൻ വിദ്യാർഥികൾ ഇരുന്നാൽ അത്‌ അയിത്തമാണെന്ന്‌ പറഞ്ഞാണ്‌ സവർണർ രംഗത്തുവന്നത്‌. എന്നാൽ അതിനെതിരെ അവരുടെ കുടുംബങ്ങളിലെ ഇളംതലമുറക്കാർ തന്നെ ആവേശത്തോടെ രംഗത്തുവന്നു. ഇളംതലമുറക്കാരിൽ ഏറെയും കോൺഗ്രസ്‌ പ്രവർത്തകരും സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളുമായിരുന്നു. നാരായണനും ഹരിജനങ്ങൾക്കെതിരായ വിവേചനത്തിനെതിരെ ശക്തമായി രംഗത്തുവന്നു.

1930 മാർച്ചിലാണല്ലോ ഗാന്ധിജിയുടെ പ്രശസ്‌തമായ ദണ്ഡിയാത്ര ആരംഭിച്ചത്‌: അന്ന്‌ ഉപ്പിന്റെ ഉൽപാദനവും വിതരണവും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ കുത്തകയായിരുന്നു. ഉപ്പിന്‌ പുതിയതായി നികുതിയും സർക്കാർ ഏർപ്പെടുത്തി. ഏപ്രിൽ 6ന്‌ അതിരാവിലെ ഗാന്ധിജിയും അനുയായികളും ദണ്ഡിയിലെ കടൽത്തീരത്തെത്തി നിയമം ലംഘിച്ച്‌ ഉപ്പ്‌ കുറുക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങൾ നിയമലംഘനം നടത്തി. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനേറ്റ ഉഗ്രൻ പ്രഹരമായിരുന്നു ഉപ്പ്‌ സത്യാഗ്രഹം.

ഉപ്പ്‌ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന്‌ പയ്യന്നൂർക്ക്‌ യാത്ര പുറപ്പെട്ടു. ജാഥയ്‌ക്ക്‌ കല്യാശ്ശേരിയിൽ സ്വീകരണം നൽകപ്പെട്ടു. ജാഥാംഗങ്ങൾക്ക്‌ ഉച്ചഭക്ഷണമൊരുക്കിയത്‌ നാരായണന്റെ അമ്മാവൻ എം പി കൃഷ്‌ണൻ നമ്പ്യാരുടെ വീട്ടിലായിരുന്നു. കല്യാശ്ശേരി ഹയർ എലിമെന്ററി സ്‌കൂളിന്‌ സമീപമായിരുന്നു സ്വീകരണമൊരുക്കിയത്‌. ജാഥയുടെ വിയജത്തിന്‌ സജീവമായി പ്രവർത്തിച്ചവരുടെ കൂട്ടത്തിൽ നാരായണനുമുണ്ടായിരുന്നു. പി കൃഷ്‌ണപിള്ളയെ നാരായണൻ അടുത്തു കാണുന്നതും പരിചയപ്പെടുന്നതും അന്നാണ്‌.

ഉപ്പ്‌ സത്യാഗ്രഹ ജാഥയോടെ കല്യാശ്ശേരി ഗ്രാമം ബ്രിട്ടീഷ്‌ അധികാരികളുടെ കണ്ണിലെ കരടായി. അവർ 144 പ്രഖ്യാപിച്ചു. അതോടെ പൊലീസ്‌ തലങ്ങും വിലങ്ങും റോന്തു ചുറ്റി.

ഉപ്പ്‌ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പോയ നാരായണനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കർണാടക വനാതിർത്തിയിൽ ഇറക്കിവിട്ടു. കൂട്ടത്തിൽ തമിഴ്‌നാട്‌ സ്വദേശിയായ മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. വഴിക്കുനിന്ന്‌ കണ്ട ലോറി ഡ്രൈവറുടെ സഹായത്തോടെ തിരിച്ച്‌ കോഴിക്കോട്ടെത്തി.

1930കളുടെ മധ്യത്തിൽ നടന്ന കർഷകസംഘം ചിറയ്‌ക്കൽ താലൂക്ക്‌ സമ്മേളനത്തിൽ ആദ്യന്തം പങ്കാളിയായിരുന്നു നാരായണൻ. സമ്മേളനം കെ പി ആർ ഗോപാലനെ പ്രസിഡന്റായും കെ എ കേരളീയനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. നാരായണന്റെ വലിയച്ഛന്റെ മകൻ കൂടിയായ കെ പി ആറിന്റെ മാർഗനിർദേശങ്ങൾ നാരായണന്റെ രാഷ്‌ട്രീയപ്രവർത്തനങ്ങൾക്ക്‌ കൂട്ടായുണ്ടായിരുന്നു.

1937ൽ മലബാർ കർഷകസംഘം രൂപീകരിക്കപ്പെട്ടു. മലബാർ കർഷകസംഘത്തിന്റെ രണ്ടാം സമ്മേളനം കോഴിക്കോടിനടുത്ത്‌ ചേവായൂരിലാണ്‌ ചേർന്നത്‌. ആ സമ്മേളനത്തിൽ പങ്കെടുക്കാൻ കരിവെള്ളൂരുനിന്ന്‌ പോയ ജാഥാംഗങ്ങളിൽ ഒരാൾ നാരായണനായിരുന്നു. ജാഥയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടുപേർ നാരായണനും കാന്തലോട്ട്‌ കുഞ്ഞമ്പവുമായിരുന്നു.

പഠനത്തിനൊപ്പം സമരവും തുടർന്ന നാരായണൻ പറശ്ശിനിക്കടവ്‌ ഹൈസ്‌കൂളിൽ നിന്ന്‌ എട്ടാം ക്ലാസ്‌ പാസായി. അന്ന്‌ അധ്യാപകനായി ജോലി ലഭിക്കാൻ എട്ടാം ക്ലാസ്‌ പാസായാൽ മതിയായിരുന്നു. അങ്ങനെ കീച്ചേരി മാപ്പിള സ്‌കൂളിൽ അധ്യാപകനായി നാരായണൻ നിയമിക്കപ്പെട്ടു.

ബക്കളം സമ്മേളനത്തിന്റെ പ്രാധാന്യം
1938 ഏപ്രിൽ 14ന്‌ ബക്കളത്തിനു സമീപം മങ്ങാട്ടുപറമ്പിൽ ചേർന്ന പത്താം കേരള രാഷ്‌ട്രീയ സമ്മേളനം ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌. കോൺഗ്രസിനുള്ളിൽ ഇടതു‐വലത്‌ വിഭാഗങ്ങൾ ശക്തിയാർജിച്ചുവരുന്ന സമയമായിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ ആഭിമുഖ്യം പുലർത്തിയ ഇടതുപക്ഷവിഭാഗത്തെ പരാജയപ്പെടുത്താൻ കെ കേളപ്പന്റെയും കെ എ ദാമോദര മേനോന്റെയും നേതൃത്വത്തിൽ വലതുവിഭാഗം കച്ചകെട്ടിയിറങ്ങിയ സമയമായിരുന്നു അത്‌.

സമ്മേളനത്തിന്റെ പ്രചാരണത്തിനായി ഇ കെ നായനാരുടെയും നാരായണന്റെയും നേതൃത്വത്തിൽ ബാലസംഘം ജാഥ പര്യടനം നടത്തി. ഒരു ജാഥയുടെ ക്യാപ്‌റ്റൻ നാരായണനായിരുന്നു. അദ്ദേഹം ആദ്യമായി പ്രസംഗിച്ചത്‌ ഈ ജാഥാ പര്യടനസമയത്തായിരുന്നു.

രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനം മഹാസംഭവമാക്കുന്നതിൽ കോൺഗ്രസിലെ ഇടതുപക്ഷ നേതാക്കൾ വിജയിച്ചു. നാരായണൻ ഉൾപ്പെടെയുള്ള ഒട്ടനവധി നേതാക്കളുടെയും പ്രവർത്തകരുടെയും ആഴ്‌ചകൾ നീണ്ട പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്‌ സമ്മേളനം ചരിത്രവിജയം നേടിയത്‌. ബക്കളം സമ്മേളനത്തോടെ ചിറയ്‌ക്കൽ താലൂക്കിലെ കോൺഗ്രസ്‌, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൻ കീഴിലായി. കർഷകസംഘങ്ങളും ട്രേഡ്‌ യൂണിയനുകളും അതേത്തുടർന്ന്‌ വ്യാപകമായി രൂപീകരിക്കപ്പെട്ടു. കായികമേഖലയിൽ കൂടുതൽ ശ്രദ്ധിക്കാനും ഗ്രന്ഥശാലകൾ വ്യാപകമായി രൂപീകരിക്കാനും ബക്കളം സമ്മേളനത്തെത്തുടർന്ന്‌ കോൺഗ്രസ്‌‐കർഷകസംഘം നേതാക്കൾ രംഗത്തിറങ്ങി. നാരായണനും സജീവമായി ഇതിനായി ഉത്സാഹത്തോടെ പ്രവർത്തിച്ചു.

തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെട്ടു. അതോടെ അതിനെ അടിച്ചമർത്താനുള്ള ശ്രമവുമായി ദിവാൻ സർ സി പി രാമസ്വാമി അയ്യർ മുന്നോട്ടുപോയി. ഈ പശ്ചാത്തലത്തിൽ തിരുവിതാംകുറിലെ സമരത്തെ സഹായിക്കാൻ സമരസഹായസമിതിക്ക്‌ കെപിസിസി രൂപം നൽകി. സമരത്തോട്‌ ഐക്യദാർഡ്യം പ്രകടിപ്പിക്കാനും സമരത്തിന്‌ വ്യാപകമായി പ്രചാരണം നൽകുന്നതിനുമായി എ കെ ജിയുടെ നേതൃത്വത്തിൽ ഒരു കാൽനടപ്രചാരണജാഥ സംഘടിപ്പിക്കാൻ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു.

അങ്ങനെ 1938 സെപ്‌തംബർ 10ന്‌ മലബാർ ജാഥ കോഴിക്കോട്ടുനിന്ന്‌ പുറപ്പെട്ടു. ജാഥയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു നാരായണൻ. പതിനായിരക്കണക്കിന്‌ ജനങ്ങൾ ജാഥയെ സ്വീകരിക്കാൻ ആവേശത്തോടെ തിരുവിതാംകൂർ രാജ്യാതിർത്തിയിൽ കാത്തുനിന്നു. മുദ്രാവാക്യമുഖരിതമായ അന്തരീക്ഷത്തിൽ ജാഥാംഗങ്ങൾ തിരുവിതാംകൂറിൽ പ്രവേശിക്കാൻ ശ്രമിച്ചു. പൊലീസ്‌ അവരെ തടഞ്ഞു. നാരായണൻ ഉൾപ്പെടെയുള്ള ജാഥാംഗങ്ങൾ പൊലീസിനെ വെട്ടിച്ച്‌ തിരുവിതാംകൂറിൽ പ്രവേശിച്ചു. പൊലീസ്‌ അവരെ അറസ്റ്റ്‌ ചെയ്‌ത്‌ ആലുവ സബ്‌ ജയിലിലടച്ചു. ഒരാഴ്‌ചത്തെ തടവിനുശേഷം നാരായണനെയും സഹതടവുകാരെയും പെരുന്പാവൂർ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. അവിടെ ഏതാനും ദിവസത്തെ തടവിനുശേഷം നാരായണനെയും കൂട്ടരെയും വിട്ടയച്ചു. അപ്പോഴേക്കും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ഉശിരനായ പ്രഭാഷകൻ എന്ന ഖ്യാതി നേടാൻ നാരായണനു കഴിഞ്ഞു. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും പല ഭാഗങ്ങളിലും പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ ആ യുവാവ്‌ നിയോഗിക്കപ്പെട്ടു. ഒളിവിലുള്ള പ്രവർത്തനങ്ങളായിരുന്നു അത്‌. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ സഹായിച്ചുകൊണ്ട്‌ വിവിധ പ്രദേശങ്ങളിൽ അദ്ദേഹം പര്യടനം നടത്തി.

1940ൽ അദ്ദേഹം കല്യാശ്ശേരിയിൽ മടങ്ങിയെത്തി. അധികം താമസിയാതെ പാപ്പിനിശ്ശേരിയിലെ ആറോൺ കന്പനി മില്ലിൽ തൊഴിലാളികൾ പണിമുടക്കി. പണിമുടക്കിനെ സഹായച്ചതിനും സ്ഥലത്ത്‌ പ്രഖ്യാപിക്കപ്പെട്ട 144 ലംഘിച്ചതിനും നാരായണൻ ഉൾപ്പെടെയുള്ളവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഏതാനും ദിവസത്തെ ജയിൽവാസത്തിനുശേഷം അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങി.

ആറോൺ മിൽ കേസിന്റെ പേരിൽ വീണ്ടും അറസ്റ്റിലായ നാരണായണനെ തലശ്ശേരി, കോഴിക്കോട്‌ സബ്‌ ജയിലുകളിലാണ്‌ താമസിപ്പിച്ചത്‌. കോഴിക്കോട്‌ സബ്‌ ജയിലിൽവച്ച്‌ കെ കേളപ്പൻ, കോഴിപ്പുറത്ത്‌ മാധവമേനോൻ, എ വി കുട്ടിമാളു അമ്മ തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളുമായി അടുത്തിടപഴകാനുള്ള അവസരം അദ്ദേഹത്തിന്‌ ലഭിച്ചു.

1939 ഡിസംബറിലാണല്ലോ പാറപ്പുറം സമ്മേളനം നടന്നത്‌. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ഒന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി മാറിയത്‌ ആ സമ്മേളനത്തിലായിരുന്നു. കല്യാശ്ശേരിയിലും താമസിയാതെ കമ്യൂണിസ്റ്റ്‌ പാർട്ടി സെൽ രൂപീകരിക്കപ്പെട്ടു. അപ്പോഴേക്കും ജയിൽമോചിതനായ നാരായണനും പാർട്ടി അംഗമായി.

രണ്ടാംലോക യുദ്ധത്തിന്റെ സ്വഭാവത്തിൽ പൊടുന്നനവെ മാറ്റം വന്നു. ഹിറ്റ്‌ലർ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെയാണതുണ്ടായത്‌. സോവിയറ്റ്‌ യൂണിയനെ സംരക്ഷിക്കേണ്ടത്‌ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരുടെ കടമയാണെന്ന്‌ വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ യുദ്ധത്തെ സഹായിക്കാൻ താൽപര്യമുള്ള കമ്യൂണിസ്റ്റുകാർക്ക്‌ പട്ടാളത്തിൽ ചേരാമെന്നും പാർട്ടി നിർദേശിച്ചു.

അങ്ങനെ 1942 ഫെബ്രുവരിയിൽ അദ്ദേളം പട്ടാളത്തിൽ ചേർന്നു. സൈനികപരിശീലനകാലത്തും അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി ബന്ധം തുടർന്നു. അഞ്ചുവർഷത്തെ സൈനികസേവനത്തിനുശേഷം 1947 ഫെബ്രുവരിയിൽ അദ്ദേഹം പട്ടാളത്തിൽനിന്ന്‌ രാജിവെച്ചു.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടി കൽക്കത്ത തീസിസ്‌ അംഗീകരിച്ചതോടെ കമ്യൂണിസ്റ്റുകാർ വ്യാപകമായി വേട്ടയാടപ്പെട്ടു. നാട്ടിലെത്തി പാർട്ടി പ്രവർത്തിനത്തിൽ മുഴുകിയ നാരായണനും അറസ്റ്റിലായി. വെല്ലൂർ ജയിലിലടയ്‌ക്കപ്പെട്ട അദ്ദേഹത്തിന്റെ സഹതടവുകാർ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലമുതിർന്ന നേതാക്കളായിരുന്നു. എ കെ ജി, എ വി കുഞ്ഞന്പു തുടങ്ങിയവർ അതിൽപെടും. സഖാക്കൾ കായികപരിശീലനം നേടണം എന്നത്‌ നിർദേശമായിരുന്നു. അഞ്ചുവർഷത്തെ സൈനികസേവനത്തിൽനിന്ന്‌ നാരായണന്‌ ലഭിച്ച പരിശീലനം ഇവിടെ മുതൽക്കൂട്ടായി. സഖാക്കൾക്ക്‌ കായിക പരിശീലനം നൽകാനുള്ള ചുമതല നാരായണനും രാമനുണ്ണി എന്ന മറ്റൊരു സഖാവിനുമായിരുന്നു.

ഒന്പതുമാസത്തെ കഠിനതടവിനു വിധിക്കപ്പെട്ട നാരായണനെ സേലം ജയിലിലാണടച്ചത്‌. പഴയ മദിരാശി സംസ്ഥാനത്തെ കുപ്രസിദ്ധരായ കുറ്റവാളികൾക്കൊപ്പമാണ്‌ നാരായണൻ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ തടവുകാരെയും പാർപ്പിച്ചത്‌.

1951ൽ മദിരാശി ഗവൺമെന്റ്‌ മലബാർ കുടിയാൻ നിയമം കൊണ്ടുവന്നു. മലബാർ കുടിയാൻ നിയമത്തിലെ അനീതികൾ ചൂണ്ടിക്കാട്ടി മലബാർ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ അസംബ്ലി മാർച്ച്‌ നടത്താൻ തീരുമാനിച്ചു. കുടിയാന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നതായിരുന്നു മാർച്ചിന്റെ ആവശ്യം. മാർച്ചിനു മുന്പായി ഒന്നരലക്ഷം പേരുടെ ഒപ്പ്‌ ശേഖരിച്ചു. ഒപ്പുശേഖരണ പ്രവർത്തനങ്ങളിലും ജാഥയിലും നാരായണൻ സജീവമായി പങ്കെടുത്തു. 1953 ഡിസംബറിലായിരുന്നു ചരിത്രപ്രധാനമായ അസംബ്ലി മാർച്ച്‌.

തളിപ്പറന്പ്‌, മാടായി ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച എം പി നാരായണൻ നമ്പ്യാര്‍ 1961 മുതൽ കർഷകസംഘത്തിന്റെ വാളണ്ടിയർ ക്യാപ്‌റ്റനായിരുന്നു. 1964ൽ പാർടി ഭിന്നിച്ചപ്പോൾ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായി. കർഷകസംഘം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്‌, അഖിലേന്ത്യാ കിസാൻ കൗൺസിൽ അംഗം എന്നീ നിലകളിൽ ദീർഘകാലം അദ്ദേഹം കർഷകപ്രസ്ഥാനത്തിന്‌ നേതൃത്വം നൽകി.

കല്യാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ ധീരമായ നേതൃത്വമാണ്‌ നൽകിയത്‌. ഒട്ടനവധി വികസനപ്രവർത്തനങ്ങൾക്കാണ്‌ ഈ കാലയളവിൽ കല്യാശ്ശേരി സാക്ഷ്യം വഹിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്‌ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട നാടകട്രൂപ്പായ ‘സംഘചേതന’യുടെ രൂപീകരണകാലം മുതൽ ദീർഘകാലം അതിന്റെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. നല്ല കലാസ്വാദകനും നടനുമൊക്കെയായിരുന്ന അദ്ദേഹം പുതിയ കലാകാരരെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധപതിപ്പിച്ചു.

2007 ജൂൺ 4ന്‌ എം പി നാരായണൻ നമ്പ്യാര്‍ അന്ത്യശ്വാസം വലിച്ചു. സരോജിനിയാണ്‌ ജീവിതപങ്കാളി. നിർമല, ശോഭ എന്നിവർ മക്കൾ.

കടപ്പാട്‌: രാധാകൃഷ്‌ണൻ പട്ടാന്നൂർ എഴുതിയ ‘പോർനിലങ്ങളിൽ ഇടവേളകളില്ലാതെ’ എന്ന എം പി നാരായണൻ നന്പ്യാരുടെ ജീവചരിത്രം.
പ്രസാധകർ: ചിന്ത പബ്ലിഷേഴ്‌സ്‌

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 10 =

Most Popular