Monday, October 14, 2024

ad

HomeUncategorisedദൃശ്യബോധം പൂക്കുന്ന കാലം

ദൃശ്യബോധം പൂക്കുന്ന കാലം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയെ അറിയുവാനും ചുറ്റുപാടുകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിലൂടെ കുട്ടികളിൽ ആനന്ദവും സംവേദനശക്തിയും നല്ല മനസ്സും സ്വരൂപിക്കാനും അവർക്ക് കഴിയുന്നത്, സർഗാത്മകമായി തന്റെ കഴിവുകൾ പാട്ടായും വരയായും നൃത്തമായും കളികളായും കുട്ടികൾ അടയാളപ്പെടുത്തുമ്പോഴാണ്. എല്ലാ കലാരൂപങ്ങളിലും ഇത് ദൃശ്യമാകുന്നുണ്ടെങ്കിലും ഇവിടെ ചിത്രകലയെ കുറിച്ചാണ് പരാമർശിക്കുന്നത്. ഒരു കടലാസും പെൻസിലും കിട്ടിയാൽ ചെറിയൊരു കുട്ടിയും വരയ്ക്കും- കുത്തി വരയ്ക്കുകയെങ്കിലും ചെയ്യും. ചിത്രരചനാ ബോധത്തിൽ നിന്നാണ് കുത്തിവര അവർ നടത്തുന്നത്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന രൂപത്തെ കണ്ടെത്തുമ്പോഴാണ് ചിത്രകലയിലേക്ക് കുട്ടി അടുത്തു തുടങ്ങുന്നത്.പ്രകൃതിയെ അറിയുന്നത്, ചുറ്റുപാടുകളെ അറിയുന്നത്, വീട്ടിലുള്ള മറ്റു വസ്തുക്കളെ കുറിച്ച് അറിയുന്നതുമൊക്കെ.ഒരു പാത്രത്തിന്റെ രൂപമല്ല ഒരു കുപ്പിയുടെ.. അങ്ങനെ വൈവിധ്യമുള്ള വസ്തുക്കൾ, വീട്ടുപകരണങ്ങൾ, പച്ചക്കറികൾ,പുറത്തേക്ക് നോക്കിയാൽ വ്യത്യസ്തങ്ങളായ ഇലകൾ, പൂക്കൾ, മരങ്ങൾ അങ്ങനെ വൈവിധ്യങ്ങളിലൂടെയുള്ള രൂപ ബോധത്തിലേക്ക് കുട്ടികൾ അറിയാതെ കടന്നുപോകുന്നു. രൂപ ബോധവും ദൃശ്യബോധവുമാണ് കുട്ടികളെ മറ്റ് വിഷയങ്ങളുടെ പഠനത്തിലേക്കും കൂടുതൽ സഹായിക്കുന്നത്. കുട്ടികളിൽ ദൃശ്യബോധം ഉയരാനുള്ള സാഹചര്യമാണ് രക്ഷകർത്താക്കളും അധ്യാപകരും പ്രത്യേകിച്ച് കലാധ്യാപകർ ഒരുക്കേണ്ടത്. കലയും, ശാസ്ത്രവും, സാങ്കേതികവിദ്യയു മൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു.

ശാസ്ത്രം പഠിക്കുന്നത് ശാസ്ത്രബോധം വളർത്താനെന്നതുപോലെ കലാപഠനം പ്രകൃതിയെ പഠിക്കാനും, പരിസ്ഥിതിബോധം വളർത്താനും, പാരമ്പര്യ കലകളെ കുറിച്ചറിയാനും, സമകാലിക ജീവിതാവബോധം ലഭ്യമാക്കാനും അവർക്ക് വഴി തുറക്കുന്നു.അങ്ങനെ കലയുടെ ലളിത ഭാവനകൾക്ക് ചിറകു വയ്ക്കുവാനും കഴിയുന്നു. സമഗ്രമായ കലയിലേക്ക് കുട്ടി എത്തുമ്പോഴാണ് കലയിൽ മാത്രമല്ല പഠനത്തിനും പൂർണ്ണത ലഭിക്കുന്നത്, നല്ല ചിന്തയും പ്രവർത്തിയും കൈവരുന്നതോടൊപ്പം ലാവണ്യാനുഭവത്തിലേക്കും അവർക്ക് എളുപ്പം കടന്നുചെല്ലാനാകുന്നു.നാം കാണുന്ന വസ്തുക്കളെ എങ്ങനെയാണ് ഒരു ദൃശ്യമാക്കി മാറ്റേണ്ടത്.ഏറ്റവും പ്രധാനം വസ്തുവിനെ ശരിയായി കാണുക എന്നതാണ്- പിന്നീടത് ദൃശ്യമാക്കി മാറ്റുന്നു.ദൃശ്യത്തിൽ നിന്ന് പുതിയൊരു കാഴ്ചയിലേക്കും ദർശനത്തിലേക്കും കടന്നുചെല്ലുന്നു. കുട്ടികളുടെ വരകൾ തന്റെ ചുറ്റുപാടുകളിൽ നിന്ന് പ്രകൃതിയിലൂടെ വളരുമ്പോഴാണ് കലകളിലൂടെ അവർക്ക് വളരാൻ കഴിയുന്നത്-പ്രത്യേകിച്ച് ചിത്ര ശിൽപ്പ കലകളിൽ. അങ്ങനെ കടന്നു ചെല്ലുമ്പോഴാണ് ഉയർന്ന ദർശന ബോധമുള്ള ചിത്രങ്ങൾ വരയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. ചലനാത്മകമായ രൂപ നിർമ്മിതികൾ അവരിൽനിന്ന് പുറത്തുവരുന്നു- അത്തരത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ബാല ചിത്രകാരർ നിരവധിയാണ് നമുക്കുള്ളത്. അവരിൽ ഒരാളാണ് എ പി അലീന എന്ന ബാല ചിത്രകാരി. അലീനയുടെ ചിത്രപ്രദർശനം ജനുവരി ആദ്യ ആഴ്ചയിൽ തിരുവനന്തപുരം മ്യൂസിയം ഗാലറിയിലാണ് സംഘടിപ്പിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. വിവിധ ശൈലീ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള നൂറോളം ചിത്രങ്ങളാണ് അവിടെ പ്രദർശിപ്പിച്ചിരുന്നത്. ഛായാചിത്രങ്ങൾ, പ്രകൃതിയും മനുഷ്യരൂപങ്ങളും ചേരുന്ന പെയിന്റിങ്ങുകൾ, വിഷയ ചിത്രങ്ങൾ, മൃഗങ്ങൾ,പക്ഷികൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയൊക്കെ ചേരുന്ന ദർശനലാവണ്യംപ്രദർശനത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ജലച്ചായം, പോസ്റ്റർ കളർ, എണ്ണച്ചായം, ക്രയോൺ തുടങ്ങിയ മാധ്യമങ്ങളിലുള്ളവയായിരുന്നു ചിത്രങ്ങൾ. നിറങ്ങളുടെ ശക്തി പൂർണമായും ഉപയോഗപ്പെടുത്തുവാനുള്ള ശ്രമം അലീന ചിത്രങ്ങളിൽ പ്രകടമാക്കുന്നുണ്ട്. തിരുവനന്തപുരം കാർമൽ സ്കൂളിലെ പത്താം ക്ലാസുകാരിയായ അലീന വരച്ച ചിത്രം ശിശുദിന സ്റ്റാമ്പായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ- സംസ്ഥാനതലത്തിലുള്ള വിവിധ ചിത്രരചന മത്സരങ്ങളിലും സ്കൂൾ കലോത്സവങ്ങളിലും മറ്റ് സാംസ്കാരിക സംഘടനകളുടെചിത്രരചന മത്സരങ്ങളിലും സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള അലീന കൂടുതൽ കലാപഠനങ്ങളിലേക്ക് സജീവമാവുകയാണ്.

അനുബന്ധം:
“ചിത്രം വലിയ കടലാസിൽ കഴിയുന്നത്ര വലുതാക്കി വരയ്ക്കുകയാണ് വേണ്ടത്. അല്പം മുതിർന്ന കുട്ടികൾ സാധ്യതയുള്ളേടത്തോളം വസ്തുക്കൾ,പ്രകൃതിദൃശ്യങ്ങൾ, മനുഷ്യരൂപങ്ങൾ,പക്ഷി മൃഗാദികൾ എന്നിവ പഠനം ചെയ്യണം( അതായത് നോക്കി വരയ്ക്കണം) മറ്റ് ചിത്രങ്ങൾ അപ്പടി പകർത്താൻ ശ്രമിക്കുന്നത് സ്വന്തമായ കഴിവിനെ ജീവിപ്പിക്കാൻ ഉതകുകയില്ല. കൂട്ടത്തിൽ ഒന്ന് രണ്ട് ചെറിയ സംഗതികൾ കൂടി ഓർമ്മിക്കുന്നത് നന്നായിരിക്കും. ചിത്രങ്ങൾ കഴിയുന്നതും വലിയ കടലാസിൽ വലിയ ബ്രഷുകൾ ഉപയോഗിച്ച് വലുതാക്കി വരയ്ക്കണം. വരയ്ക്കുമ്പോൾ കൈയുടെ ഭാഗം കടലാസിലൂന്നാതെ കയ്യിന്ന് വേണ്ടിടത്തോളം ചലന സ്വാതന്ത്ര്യം കൊടുക്കുക. വൃത്തങ്ങളോ ചതുരങ്ങളോ, നേർവരകളോ വരയ്ക്കാൻ മറ്റു ഉപകരണങ്ങളുടെ സഹായം തേടാതിരിക്കുക. പുതിയ മീഡിയങ്ങളുടെ ഉപയോഗക്രമം അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കിയശേഷം അവ കൈകാര്യം ചെയ്യുക. മുതിർന്ന കുട്ടികൾ റിയലിസത്തിലേക്ക് കടക്കുമ്പോൾ പേഴ്സ്പെക്റ്റിവിനെ സംബന്ധിച്ച് അൽപ്പമെങ്കിലും ബോധമുണ്ടാകാൻ മേശ കസേര തുടങ്ങിയ വീട്ടുപകരണങ്ങൾ നോക്കി വരയ്ക്കുന്നത് സഹായകമായിരിക്കും’.
(1973ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിഖ്യാത ചിത്രകാരനായിരുന്ന എ എസ് എഴുതിയത്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular