Thursday, November 21, 2024

ad

HomeസിനിമFallen Leaves: അരികുജീവിതത്തിൽ നിന്നും അടർന്നുവീഴുന്നവർ

Fallen Leaves: അരികുജീവിതത്തിൽ നിന്നും അടർന്നുവീഴുന്നവർ

രാധാകൃഷ്‌ണൻ ചെറുവല്ലി

വിഖ്യാത ഫിന്നിഷ്‌ ചലച്ചിത്രകാരനായ അകി കൗരിസ്‌മേകി (Aki Kaurismaki) സംവിധാനം ചെയ്‌ത സിനിമയാണ്‌ Fallen Leaves. അകി കൗരിസ്‌മേകിയുടെ പ്രോലിറ്റേറിയറ്റ്‌ ട്രയോളജി സീരീസിന്റെ തുടർച്ചയായി ഈ സിനിമയെ നിരൂപകലോകം നിരീക്ഷിച്ചിട്ടുണ്ട്‌. 2023ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്‌കാരവും സിഡ്‌നി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ചിക്കാഗോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച സംവിധായകനുള്ള അവാർഡും ഉൾപ്പെടെ പതിനഞ്ചിലേറെ അന്താരാഷ്‌ട്ര അവാർഡുകൾ ഫാളൻ ലീവിസ്‌ നേടി.

കൗരിസ്‌മേകി ചലച്ചിത്രത്തിലെ മിനിമലിസ്റ്റിക്‌ സ്‌കൂളിൽപെട്ടയാളായി പാശ്ചാത്യനിരൂപകർ വിലയിരുത്തുന്നു. എന്നാൽ ഏതെങ്കിലും ഒരു ബ്രാൻഡിങ്‌ അദ്ദേഹത്തിന്‌ ശരിയായി ഇണങ്ങുമെങ്കിൽ അത്‌ പ്രോലിറ്റേറിയറ്റ്‌ ചലച്ചിത്രകാരൻ എന്നതാണ്‌. ഫിൻലാന്റിലെ കൊട്ടിഘോഷിക്കപ്പെടുന്ന ഉയർന്ന പ്രതിശീർഷ വരുമാനവും സാമൂഹ്യക്ഷേമ പ്രവർത്തനവുമൊന്നും ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന തൊഴിലാളികളിലേക്ക്‌ എത്തുന്നില്ലെന്ന്‌ അദ്ദേഹത്തിന്റെ സിനിമകൾ അതിശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്‌.

ഫാളൻ ലീവ്‌സ്‌‐ കൊഴിഞ്ഞ ഇലകൾ‐ യഥാർഥത്തിൽ മുഖ്യധാരാ ജീവിതത്തിൽ പിടിച്ചുനിൽക്കാനാകാതെ കൊഴിഞ്ഞുവീണ/ഇപ്പോഴും വീണുകൊണ്ടിരിക്കുന്ന മനുഷ്യരുടെ കഥയാണ്‌. ഫിൻലാന്റിന്റെ തലസ്ഥാനനഗരമായ ഹെൽസിങ്കി നഗരമാണ്‌ യഥാർഥ സ്ഥലം. അകി കൗരിസ്‌മേകിയുടെ കഥാപാത്രങ്ങൾ ഹെൽസിങ്കിക്ക്‌ പുറത്തുകടക്കാൻ ശ്രമിക്കുന്നവരാണ്‌.

അൻസ ഏകയാണ്‌. പാരന്പര്യമായി കിട്ടിയ ഏതാനും മുറികളുണ്ട്‌. പൂർവികർ മദ്യത്തിൽ മുങ്ങിമരിച്ചവരാണ്‌. കാലം സമകാലികമെന്ന്‌ ഓർമിപ്പിക്കുന്നത്‌ അൻസയുടെ റേഡിയോയാണ്‌. റേഡിയോ നിരന്തരം യുദ്ധവാർത്തകൾ പ്രക്ഷേപണം ചെയ്‌തുകൊണ്ടിരിക്കുന്നു. ഉക്രൈൻ‐റഷ്യ യുദ്ധമാണ്‌. സെലൻസ്‌കിയുടെ വീരവാദങ്ങൾ നാറ്റോ ഇടപെടലുകൾ എല്ലാം കേട്ടുമടുക്കുമ്പോൾ അവൾ അത്‌ ഓഫ്‌ ചെയ്യും. അല്ലെങ്കിൽ വിഷാദഗാനങ്ങൾ പൊഴിക്കുന്ന സ്‌റ്റേഷനിലേക്ക്‌ മാറ്റിപ്പിടിക്കും.

അൻസയെപ്പോലെ ഏകാകിയാണ്‌ ഹോളപ്പ. ഇരുന്പ്‌ യന്ത്രങ്ങളിൽനിന്നും തുരുന്പു മാറ്റുന്ന ജോലിചെയ്യുന്ന താൽക്കാലിക തൊഴിലാളി. ജോലിസ്ഥലത്ത്‌ മദ്യപിക്കുന്നതു കാരണം തൊഴിലിടത്തുനിന്നും പുറത്താക്കപ്പെടുമ്പോൾ അയാൾ വേറൊരിടം തേടും.

തികച്ചും അപചരിതരായ ഈ രണ്ടു മനുഷ്യരുടെ പ്രണയവും കലഹവും കൂടിച്ചേരലുമാണ്‌ സിനിമയുടെ മുഖ്യപ്രമേയം.

കാലാവധി കഴിഞ്ഞ്‌ വേസ്റ്റ്‌ ബാസ്‌കറ്റിലേക്ക്‌ പോകേണ്ട തീറ്റസാധനം അൻസ ബാഗിൽ സൂക്ഷിച്ചത്‌ പിടിക്കപ്പെടുന്നു. ഫിൻലാന്റിൽ ഉദാരവൽക്കരണത്തിന്റെ ഭാഗമായി മുളച്ചുവന്ന സൂപ്പർ മാർക്കറ്റുകളിൽ സേവനവേതന വ്യവസ്ഥകളില്ല. ലോകത്തെന്പാടുമെന്നപോലെ മുതലാളിത്ത ഉദാരവൽക്കരണം പാവപ്പെട്ട അടിത്തട്ട്‌ മനുഷ്യരോട്‌ ചെയ്യുന്നതുതന്നെയാണ്‌ ഹെൽസിങ്കിയിലും ചെയ്‌തത്‌. അൻസ ‘ഫയർ’ ചെയ്യപ്പെട്ടു. അവളോട്‌ ഐക്യപ്പെട്ട്‌ തങ്ങളുടെ ബാഗുകളിൽ ഒളിപ്പിച്ച കേക്കിൻ കഷണങ്ങൾ അവളുടെ സഹപ്രവർത്തകകളായ സ്‌ത്രീകൾ സെക്യൂരിറ്റിക്കാരനെ കാണിക്കുന്നു. എന്നാൽ തുറന്നുപറഞ്ഞതിന്റെ പേരിൽ അവരെ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കുന്നു.

ആളൊഴിഞ്ഞ വീഥികളും ഇലകൾ കൊഴിഞ്ഞുവീഴുന്ന ചവിട്ടുവഴികളും കരോക്കെ ഗാനം പൊഴിക്കുന്ന നിശാബാറുകളും ഈ സിനിമയുടെ നാഡീസ്‌പന്ദനം പോലെ പ്രവർത്തിക്കുന്നു. ഹോളപ്പ തന്റെ ‘സഹമുറിയനായ’ ഹൗത്താരിയെന്ന മധ്യവയസ്‌കനൊപ്പം നിശാക്ലബിലേക്ക്‌ പോകുന്നു. പഴയ ഗാനങ്ങളുടെ കരോക്കെ ട്യൂണുകൾക്കൊപ്പം അവർ പാടുന്നു. ആർക്കും പാടാം. മിക്ക പാട്ടുകളും സ്‌നേഹരാഹിത്യത്തെപ്പറ്റിയും ദാരിദ്ര്യത്തെപ്പറ്റിയും ഭരണകൂട വഞ്ചനകളെപ്പറ്റിയുമാണ്‌. ഹൗത്താരി ഒരു സംഗീത ട്രൂപ്പിലെ ഗാനയകനാകാൻ കൊതിച്ച വ്യക്തിയാണ്‌. ഫാക്ടറിയിൽനിന്നും പുറന്തള്ളുന്ന പാഴ്‌വസ്‌തുക്കളാണ്‌ അയാളുടെ കൂട്ടുകാർ. കരോക്കേ ഗാനങ്ങളും അൽപം വോഡ്‌ക്കയും അയാളെ സ്വന്തം സ്വത്വത്തോട്‌ ചേർത്തുപിടിക്കും. ഏതാനും മണിക്കൂർ നേരത്തേക്കെങ്കിലും ഹോളപ്പയുടെ നിർബന്ധത്തിന്‌ വഴങ്ങി ഹൗത്താരി ഒരു പാട്ടുപാടുന്നു. ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ ഗാനം. അയാൾക്ക്‌ പലരുടെയും പ്രശംസ കിട്ടുന്നു. എന്നാൽ അയാൾ പ്രണയം പകുക്കാൻ കൊതിച്ച ഒരുവൾ മാത്രം അയാളെ പരിഗണിക്കുന്നില്ല. ഗാനസഭയിൽ ഒരു കുപ്പി ബിയറിനുമുന്നിൽ അൻസയും കൂട്ടുകാരിയും ഇരിപ്പുണ്ട്‌. അവിടെവച്ച്‌ അൻസയുടെയും ഹോളപ്പയുടെയും കണ്ണുകൾ ഉടക്കി.

ഒരുദിവസം വീട്ടിലേക്ക്‌ മടങ്ങുംവഴി വഴിയിൽ മദ്യപിച്ച്‌ അബോധാവസ്ഥയിലായ ഹോളപ്പയെ അൻസ കണ്ടു. ഏറെനേരം അരികിലിരുന്നു. അയാൾ കണ്ണുതുറന്നപ്പോൾ അവൾ വീട്ടിലേക്ക്‌ പോയി. അൻസയ്‌ക്ക്‌ ബാറിൽ പാത്രങ്ങൾ കഴുകുന്ന ജോലി കിട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തെ അവർ മാറ്റിയെടുത്തു. എന്നാൽ കൂലി കിട്ടേണ്ട ദിവസം മയക്കുമരുന്ന്‌ സൂക്ഷിച്ചതിന്‌ ബാറുടമയെ പൊലീസ്‌ അറസ്റ്റുചെയ്യുന്നു. കൈയിൽ ഒരു പെന്നി പോലുമില്ലാതെ വിഷമിച്ചുനിന്ന അവളെ ഹോളപ്പ ഒരു കപ്പ്‌ കാപ്പി കുടിക്കാൻ ക്ഷണിച്ചപ്പോൾ അവൾ ഒപ്പം പോയി. ഒരു മേശയ്‌ക്കിരുവശവും സ്വയം നഷ്ടപ്പെട്ടിരിക്കുന്നു, അവർ. നിനക്ക്‌ വിശക്കുന്നുണ്ടാവും ഞാനൊരു കഷണം കേക്ക്‌ വാങ്ങിത്തരാം എന്ന്‌ ഹോളപ്പ പറയുന്നു. വിശപ്പ്‌ മാറ്റാൻ നിവർത്തിയില്ലാത്ത മനുഷ്യരുടെ അവസ്ഥയോട്‌ അങ്ങേയറ്റം എംപതറ്റിക്കായ സമീപനമാണ്‌ കൗരിസ്‌മേകി ഇവിടെ സ്വീകരിക്കുന്നത്‌. ഒരുനേരത്തെ അന്നത്തിന്‌ അപരന്റെ ഔദാര്യം വേണ്ടിവരുന്നു. ദരിദ്രർ സൗഭ്രാത്രത്തോടെ ദാരിദ്ര്യം പകുത്തെടുക്കുന്നു.

ഒരുമിച്ചൊരു ‘സോന്പി’ ചിത്രം കണ്ടിറങ്ങുന്ന അൻസയും ഹോളപ്പയും കുറേനേരം തിയേറ്ററിനു മുന്നിൽ നിന്നു. അതിനടുത്താണ്‌ തന്റെ വീടെന്ന്‌ അവൾ പറയുന്നുണ്ട്‌. എന്നാൽ പരസ്‌പരം പേരു ചോദിക്കുന്നില്ല. പേരില്ലാത്തവരായിത്തീരുന്ന, പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യരെപ്പറ്റി കൗരിസ്‌കേമിയുടെ മറ്റു ചില ചിത്രങ്ങളും സൂചിപ്പിക്കുന്നുണ്ട്‌. The man without a past എന്ന ചിത്രത്തിൽ പേരു മാത്രമല്ല ഭൂതകാലമാകെ മറന്നുപോവുകയാണ്‌ കഥാനായകൻ.

മദ്യപനായ ഹോളപ്പയോട്‌ തന്നെ കാണാൻ താൽപര്യമുള്ളപ്പോൾ വിളിക്കണമെന്നു പറഞ്ഞ്‌ ടെലഫോൺ നന്പർ കൈമാറുന്നു. അടുത്ത നിമിഷം തന്നെ അതു കളഞ്ഞുപോവുകയും ചെയ്‌തു. ഹെൽസിങ്കി നഗരത്തിൽ അവരിരുവരും അപരിചിതരായിത്തന്നെ. കൗരിസ്‌മേകി തന്റെ ചിത്രത്തിൽ വൈരുദ്ധ്യം നിറഞ്ഞ കാലത്തേയാണ്‌ നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്‌. ഉക്രൈൻ യുദ്ധം റേഡിയോയിലൂടെ അറിയുന്നു. എന്നാൽ ദൃശ്യങ്ങൾ കാണിക്കുന്ന ടെലിവിഷനില്ല. മൊബൈൽഫോൺ പ്ര്യത്യക്ഷപ്പെടുന്നില്ല. കാലത്തെ ചിലപ്പോൾ ഫ്രീസ്‌ ചെയ്‌തു നിർത്തുകയാണ്‌. ലോകത്ത്‌ ഹാപ്പിനസ്‌ ഇൻഡക്‌സിൽ ഒന്നാംസ്ഥാനത്ത്‌ നിൽക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന ഫിൻലാന്റിന്റെ യഥാർഥ മുഖം കഥാപാത്രങ്ങളിലൂടെ സംവിധായകൻ പൊളിച്ചുകാട്ടുന്നു.

ഏറെ പരസ്‌പരം തേടിയശേഷം കണ്ടെത്തുന്നത്‌ അൻസയും ഹോളപ്പയും ഒരു വിരുന്നിലാണ്‌. അവൾ ഒരുക്കിയ പരിമിത വിഭവങ്ങൾ അവളുടെ മേശയിൽ. ഒരു ചെറിയ കുപ്പി മദ്യം കരുതാൻ അവൾ മറന്നില്ല. എന്നാൽ അതയാൾക്കു മതിയാവുന്നതല്ല. സദാ കോട്ടിനുള്ളിൽ സൂക്ഷിക്കുന്ന മദ്യക്കുപ്പിയിൽനിന്നും അയാൾ മദ്യം അകത്താക്കുന്നു. എതിർത്ത അവളോട്‌ ആരും തനിക്കുമേൽ അധികാരം പ്രയോഗിക്കുന്നത്‌ താൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ്‌ അയാൾ ഇറങ്ങിപ്പോകുന്നു. അന്ന്‌ രാത്രി അയാൾ ട്രെയിൻ മുട്ടി കോമയിലായി. അവൾ അത്‌ അറിയുന്നില്ല. ഇതിനിടയിൽ തെരുവിൽനിന്നും അവൾക്ക്‌ ഒരു നായയെ കിട്ടി. അതിനെ കുളിപ്പിച്ച്‌ ചരടിൽ കെട്ടി അവൾ സദാ ഒപ്പം കൂട്ടും. ഒരുദിവസം കൂട്ടുകാരിൽയിൽനിന്നും ഹോളപ്പയുടെ അവസ്ഥ മനസ്സിലാക്കിയ അൻസ ആശുപത്രിയിലെത്തി. കോമയിലായ അയാൾക്ക്‌ പുസ്‌തകം വായിച്ചുകൊടുക്കുന്നു. അവൾ അയാളെ കാണാൻ എന്നും എത്തും. അയാൾ കോമയിൽത്തന്നെയാണ്‌.

ഒരുനാൾ ഹോളപ്പ കണ്ണുതുറക്കുന്നു. ഇലകൾ കൊഴിഞ്ഞുവീഴുന്ന ഒരു ശരത്‌കാലത്ത്‌ ഊന്നുവടിയുടെ സഹായത്തോടെ നടന്നുപോകുന്ന ഹോളപ്പയും ഒപ്പം ചേർന്നു നടക്കുന്ന അൻസയും അവളുടെ നായയും അകന്നുപോകുമ്പോൾ സിനിമ തീരുന്നു.

അതുല്യമായ ആഖ്യാനശൈലിയാണ്‌ കൗരിസ്‌മേകിയുടേത്‌. ഒരു കാർട്ടൂൺ പരന്പരയുടെ ആഖ്യാനംപോലെയാണ്‌ കഥ പറയുന്നത്‌. ചിലപ്പോൾ ചാർലി ചാപ്ലിന്റെ സിനിമയെ അനുസ്‌മരിപ്പിക്കും. ഈ സിനിമയിൽ അൻസയുടെ നായയുടെ പേര്‌ ചാപ്ലിൻ എന്നാണ്‌. ചാപ്ലിൻ കൗരിസ്‌മേകിയുടെ അബോധത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. എല്ലാത്തരം വരേണ്യതകളെയും ഈ സിനിമ തിരസ്‌കരിക്കുന്നു. യുവായിരുന്നപ്പോൾ ഇഷ്ടിക കെട്ടുന്ന തൊഴിലാളിയായും, പാത്രം കഴുകുന്നയാളായും പോസ്റ്റുമാനായും ജോലി ചെയ്‌തിട്ടുള്ള കൗരിസ്‌മേകി സ്വാനുഭവത്തെ ക്രിയാത്മകമായി സൗന്ദര്യാത്മകമായി ഈ സിനിമയിൽ വിളക്കിച്ചേർക്കുന്നു. കരോക്കേ ഗാനങ്ങളാൽ സമൃദ്ധമാണ്‌ സൗണ്ട്‌ ട്രാക്ക്‌. സംവിധായകനു പറയാനുള്ളതെല്ലാം ഈ ഗാനങ്ങൾ വഴി പറയുന്നു. അതുല്യമാണിതിന്റെ സൗണ്ട്‌ ട്രാക്ക്‌. ഏറെ സംഭാഷണങ്ങളില്ല, ദശ്യപ്പൊലിമകളില്ല, നഗരവർണനകളില്ല, അമിതാഹ്ലാദങ്ങളില്ല. സിനിമയെ ആദ്യന്തം പൊതിഞ്ഞുനിൽക്കുന്ന വിഷാദാത്മകത ഈ കാലത്തോടുള്ള പ്രതികരണമാണ്‌. റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ്‌ ഫിൻലാന്റ്‌. അതിനാൽ ഉക്രൈൻ യുദ്ധവും നാറ്റോ സൈന്യത്തിൽ ചേരലും ഫിന്നിഷ്‌ നൈരാശ്യത്തിന്റെ പ്രതിഫലനമാണ്‌.

ശക്തമായ ഇടതുപക്ഷബോധ്യമുള്ള കൗരിസ്‌മേകി പലപ്പോഴും അമേരിക്കയുടെ ഇടപെടലുകളെ ശക്തമായി എതിർക്കുകമൂലം അവാർഡുകൾ തിരസ്‌കരിച്ചിട്ടുണ്ട്‌. ഗാസ അധിനിവേശത്തിനെതിരെ കലാകാരന്മാരെ കൂട്ടിച്ചേർത്ത്‌ പ്രതിഷേധിക്കാനും അദ്ദേഹം മുൻകൈയെടുത്തു. ഈ പൊളിറ്റിക്കൽ സിനിമയെ അങ്ങനെതന്നെ അടയാളപ്പെടുത്താൻ തയ്യാറല്ല പാശ്ചാത്യലോകം. എന്നാൽ കാലദേശങ്ങൾ കടന്ന്‌ ‘ഫാളൻ ലീവ്‌സ്‌’ സഞ്ചരിക്കുന്നു. കാണേണ്ടവർ അതു കാണുന്നു. കല അതിന്റെ സൗമ്യവും തീഷ്‌ണവുമായ യാത്രയ്‌ക്കിടെയിൽ സമാനനമസ്‌കരെ കണ്ടെത്തുകതന്നെ ചെയ്യും. ‘ഈ സിനിമ MUBIയിൽ ഇപ്പോൾ സ്‌ട്രീംചെയ്യുന്നുണ്ട്‌.)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 6 =

Most Popular