Saturday, September 21, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഒരു സംഘപരിവാറുകാരന്റെ 
തുറന്നുപറച്ചിലുകൾ

ഒരു സംഘപരിവാറുകാരന്റെ 
തുറന്നുപറച്ചിലുകൾ

യോധ്യയിലെ രാമജന്മഭൂമി ന്യാസിന്റെ തലവനായിരുന്നല്ലോ രാമചന്ദ്ര പരമഹംസൻ. ഏറെക്കാലം മഹന്ത്സേനയുടെ തലവനായിരുന്ന പരമഹംസൻ താൻ പ്രതിനിധീകരിക്കുന്ന സംഘടന രാജ്യത്തു നടത്തിവരുന്ന എല്ലാ വിധ നീചപ്രവൃത്തികളും യാതൊരു മറയുമില്ലാതെ അഭിമാനത്തോടെ തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുൻപ് അനേ-്വഷണാത്മക മാധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ ‘ഐഡ’ത്തിലെഴുതിയ “Deceit, Deception and Disinformation: Sangh Parivar’s Triple D in Ayodhya’ എന്ന ലേഖനത്തിൽ പരമഹംസന്റെ ഈ രീതിയെപ്പറ്റി വിശദീകരിക്കുകയും തന്റെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്.

ഉദാഹരണത്തിന്, ബാബറി മസ്ജിദ് പൊളിക്കുന്നതിൽ കലാശിച്ച, 1992 ഡിസംബറിലെ കർസേവയെക്കുറിച്ച് അന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരമഹംസൻ നൽകിയ മറുപടി ‘‘ഇപ്പോഴാണ് ഇതിന്റെ സംവിധാനം രൂപപ്പെടുത്താൻ സാധിച്ചത്; ആത്മഹത്യാ സ്ക്വാഡിന്റെ രൂപീകരണമടക്കമുള്ള ഇതിന്റെ തയ്യാറെടുപ്പുകൾ സംഘപരിവാർ നേരത്തെതന്നെ നടത്തിവന്നിരുന്നു’’ എന്നായിരുന്നു. എത്ര ആത്മനിഷ്ഠമായ തുറന്നുപറച്ചിൽ! പരമഹംസനും പിന്നെ വിനയ് കാത്തൃാറും സ്വീകരിച്ച ഈ തുറന്നുപറച്ചിൽ സമീപനം സംഘപരിവാർ തീരുമാനപ്രകാരമായിരുന്നു എന്നതും ഉറപ്പാണ്.

പ്രധാനമായും ഗുസ്തിക്കാരനും വ്യത്യസ്ത ആയോധനകലകളിൽ ജ്ഞാനവുമുണ്ടായിരുന്ന പരമഹംസൻ തന്റെ ശ്രോതാക്കളോട് അക്രമത്തിലും കുതന്ത്രങ്ങളിലും ഒരു തെറ്റും കാണുന്നില്ലെന്ന് പറഞ്ഞിരുന്നു. തങ്ങളുടെ യഥാർഥ അജൻഡ വെളിപ്പെടുത്താതെ സാമൂഹ്യ–ജനാധിപത്യ മൂല്യങ്ങളുടെ പുറംമോടിയിൽ വർത്തമാനം പറയുന്ന മറ്റ് ആർഎസ്എസ് നേതാക്കളെ അപേക്ഷിച്ച് അഹങ്കാരത്തോടും പൊങ്ങച്ചത്തോടും കൂടി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പരമഹംസന്റെ വാക്കുകൾ സംഘപരിവാറിന്റെയും അനുബന്ധ സംഘടനകളുടെയും യഥാർഥ അജൻഡകളോട് അടുത്തുനിൽക്കുന്നതാവുമെന്ന് അക്കാലത്തെ റിപ്പോർട്ടർമാർക്കും അറിയാമായിരുന്നു. ഒരു റിപ്പോർട്ടർ എന്ന നിലയിൽ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള സംഭാഷണങ്ങളിൽ പലപ്പോഴും ‘‘1949 ഡിസംബർ 22–23ന് അർധരാത്രിയിൽ ‘പോരാളികളായ’ പുരോഹിതന്മാരായ അഭിറാം ദാസിനും റാം സകൽദാസിനും സുദർശൻ ദാസിനുമൊപ്പം ബാബറി മസ്ജിദിനുള്ളിൽ രാംലല്ല വിഗ്രഹം ഒളിച്ചുകടത്തിയവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്ന് പരമഹംസൻ പറഞ്ഞിട്ടുണ്ട്. അയോധ്യയിലും ഫെെസാബാദിലും ഹിന്ദു മേധാവിത്വം സ്ഥാപിക്കുന്നതിനുവേണ്ടി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കലാപകാരികളെ അന്ന്, 1934 ൽ, 21 വയസ്സുകാരനായ താൻ എങ്ങനെയാണ് നയിച്ചതെന്നും പരമഹംസൻ മറ്റൊരു വേളയിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

2002 മാർച്ചിൽ വെങ്കിടേഷ് രാമകൃഷ്ണനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ പരമഹംസൻ തിരിച്ചൊരു ചോദ്യം ചോദിച്ചു: ‘‘ക്യാ ബോലാ ഥാ മേംനെ, കാം ജാരി ഹേ നാ!! (ഞാനെന്താണ് പറയേണ്ടത്, പണി നടന്നുകൊണ്ടിരിക്കുകയാണ്, മതിയോ?) പരമഹംസന്റെ ഈ പ്രതികരണം നടന്ന് കുറച്ചുദിവസങ്ങൾക്കകം നൂറുകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിനു മുസ്ലീങ്ങളെ ആക്രമിക്കുകയും ചെയ്ത ഗുജറാത്ത് കലാപം അരങ്ങേറി. ഗുജറാത്ത് കലാപകലുഷിതമായി നിൽക്കുന്ന സന്ദർഭത്തിൽ പരമഹംസൻ വീണ്ടും വായതുറന്നു: ‘‘ദളിതരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിന്റെയും മതനിരപേക്ഷതയുടെയും പേരിലോ സാമൂഹ്യനീതിയുടെയും സോഷ്യലിസത്തിന്റെയും പേരിലോ രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ചെറുത്തുനിൽപ്പിനൊന്നുംതന്നെ ഹിന്ദുത്വമെന്ന ആശയത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവില്ല. ഹിന്ദുരാഷ്ട്ര മിഷന്റെ പരീക്ഷണശാലകളായ ഗുജറാത്തും അയോധ്യയും തെളിയിച്ചതും തെളിയിച്ചുകൊണ്ടിരിക്കുന്നതും അതാണ്.’’

സംഘപരിവാർ ബാബറി മസ്ജിദ് തകർത്ത് 3 ദിവസത്തിനുശേഷം, 1992 ഡിസംബർ 9ന്, അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെങ്കിടേഷ് രാമകൃഷ്ണൻ അടക്കമുള്ള ഒരു കൂട്ടം മാധ്യമപ്രവർത്തകർ പരമഹംസനെ കാണാനെത്തി. ആ സമയം തന്റെ ശിഷ്യരുമൊത്ത് പകിട കളിച്ചുകൊണ്ടിരുന്ന പരമഹംസൻ തലയുയർത്തി പത്രപ്രവർത്തകരെ നോക്കിക്കൊണ്ട് ചോദിച്ചു ‘‘ഇസ് ഖേൽ മേം ബക്കരി ജീത്ത് സക്തി ഹേ. ലേകിൻ അസലി സൻസാർ മേം കർ സക്താ ഹേ ക്യാ?’’ (ഈ കളിയിൽ ആടിനു ജയിക്കാം, അങ്ങനെയെങ്കിൽ യഥാർഥ ജീവിതത്തിലും അതായിക്കൂടെ?). യാതൊരു മടിയും കൂടാതെ, എന്നാൽ ആലങ്കാരികമായി ഹിന്ദുത്വ മേധാവിത്വ ആശയം ഉറച്ചുസ്ഥാപിക്കുകയായിരുന്നു പരമഹംസൻ ഈ വാക്കുകളിലൂടെ.

2003ൽ രോഗാതുരനായി മരിക്കുന്നതുവരെ പരമഹംസൻ പറഞ്ഞതെല്ലാം തന്റെ സംഘടനയും താനും ചേർന്ന് ഇന്ത്യയെന്ന മഹാരാജ്യത്തുനടത്തിയ കുടിലതന്ത്രങ്ങളുടെയും ചതിയുടെയും വഞ്ചനകളുടെയും സൂചനകൾ അഥവാ ആഖ്യാനങ്ങളായിരുന്നു. മരിക്കുന്നതിനു മുൻപൊരിക്കൽ പരമഹംസൻ പറഞ്ഞു, ‘‘യേ തൊ സിർഫ് ജാൻകി ഹേ, അബ് കാശി, മഥുര ബാകി ഹേ’’ (ഇതൊരു ട്രെയ്ലർ മാത്രമാണ്, ഞങ്ങളുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണ്). ഈ വാക്യം പിന്നീട് സംഘപരിവാർ പ്രവർത്തകരുടെ മുദ്രാവാക്യമായി മാറി. പറഞ്ഞതു ശരിയാണ്; അയോധ്യയിൽ രാമക്ഷേത്രം പണിതതുകൊണ്ടൊന്നും ബിജെപിയോ സംഘപരിവാറോ അടങ്ങുകയില്ല എന്നുറപ്പാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 3 =

Most Popular