| കെ ആർ മീരയുടെ ഘാതകൻ എന്ന നോവലിലെ 42–ാം അധ്യായത്തിൽനിന്ന് |
ആ യാത്രയ്ക്കു കളമൊരുക്കിയതു പരമാർത്ഥ് ആയിരുന്നു. അന്നു ഡോക്ടറെയും നിഷച്ചേച്ചിയെയും കണ്ടതിൽപ്പിന്നെ ഞാൻ കിടപ്പായി. ഒന്നാമത്, കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ. രണ്ടാമത്, മനഃസംഘർഷം. ഒരു ദിവസം ഉച്ചയ്ക്ക് പരമാർത്ഥ് വന്നു പശുക്കൾക്കും എരുമകൾക്കും ആധാർ ഏർപ്പെടു ത്തിയതായി അറിയിച്ചു. ഞാൻ പാതിയുറക്കത്തിൽ ആയിരുന്നു. അതുകൊണ്ട് ഉണർന്നപ്പോൾ എനിക്ക് അതു ശരിക്കും സംഭവിച്ചതാണോ എന്നു തീർച്ച വന്നില്ല. തലേന്നു പരമാർത്ഥ് വന്നിരുന്നോ എന്നു ഞാൻ അമ്മയോടു ചോദിച്ചു. “ഒരുപാടു നേരം വർത്തമാനം പറഞ്ഞല്ലോ’ എന്ന് അമ്മ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കു പേടിയായി. പറയാൻ പാടില്ലാത്തത് എന്തെങ്കിലും പറഞ്ഞോ എന്നതായിരുന്നു പേടി. സത്യത്തിൽ അവനെ അങ്ങനെ പേടിക്കേണ്ടിയിരുന്നില്ല. പതിനാറു തികയാത്ത ഒരുത്തൻ. പോലീസുകാരനോ ജഡ്ജിയോ കുടുംബത്തിലെ കാരണവരോ ഒന്നും അല്ലാത്ത ഒരുത്തൻ. അവന്റെ നിഷ്കളങ്കത ആണ് എന്നെ പേടിപ്പിച്ചത്. അതിന് ഒരു ക്രൂര സ്വഭാവം ഉണ്ടായിരുന്നു. അവനോടു സംസാരിക്കുമ്പോൾ, അവൻ നെറ്റിയിൽ ഓറഞ്ച് നിറമുള്ള കുറിയും കയ്യിൽ വർണ്ണച്ചരടുകളും കെട്ടി ഏതോ ഇരുട്ടു മുറിയിൽ ഇരുന്ന് ‘വൈരികളുടെ ചുടുചോര കുടുകുടു കുടിക്കണ്ടേ’ എന്നു പാടുന്ന ചിത്രം മനസ്സിൽ തെളിഞ്ഞു. അതിനാൽ അവനോടു സംസാരിക്കുന്നതിനുമുമ്പു രണ്ടുവട്ടം ചിന്തിക്കാൻ ഞാൻ നിർബന്ധിതയായി. അപ്പോഴാണു തലച്ചോറിൽ വെളിച്ചം മിന്നിയത്. എനിക്കു കിട്ടിയ കള്ളനോട്ട് അച്ചടിച്ചത് അടുത്തുള്ള ഏതെങ്കിലും പ്രസിൽ ആയിരു ന്നെങ്കിലോ? ഞാൻ ആ നോട്ടിലെ ചിത്രത്തിന്റെ ഒരു ഫോട്ടോ എടുത്തു. ആ മുഖം മാത്രമാക്കി ക്രോപ് ചെയ്തു. പ്രതീക്ഷിച്ചതുപോലെ വൈകിട്ടു പരമാർത്ഥ് വന്നു. അമ്മയും അവനും കൂടി ഒരു സംവാദം പതിവായിരുന്നു. അവർ സംഭാഷണം തുടങ്ങുവോളം ഞാൻ അകത്തെ മുറിയിൽ കാത്തിരുന്നു. അമ്മ അവനു ബ്രഡ് ടോസ്റ്റ് നൽകി സൽക്കരിച്ചു. ഞാൻ അവർക്ക് ഇടയിലേക്കു ചെന്ന് ഡാവിൽ അവനെ ഒരു സംഭാഷണത്തിലേക്കു നയിച്ചു:
“പരമാർത്ഥ് ഇന്നലെ പറഞ്ഞത് പശുവിന് ആധാർ ഏർപ്പെടുത്താൻ പോകുന്നു എന്നല്ലേ?”
“ആധാർ അല്ല. ആരോഗ്യ കാർഡ്. ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനം വരും’’.
“അതെന്താ ആടിനില്ലാത്തത്?’’
“ഹിന്ദുക്കളുടെ അമ്മ പശുവാണ്.’’
“ഗാന്ധിജി ആട്ടിൻ പാലാണ് കുടിച്ചിരുന്നത്’’.
“അതൊന്നും എനിക്ക് അറിയണ്ട’’.
“പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ട് അടിക്കുന്നു എന്നു കേട്ടതു ശരിയാണോ?”
“ഇതൊക്കെ എന്തിനാ നിങ്ങൾ അന്വേഷിക്കുന്നത്?” “നോട്ടുകളിൽനിന്ന് ഗാന്ധിജിയുടെ പടം മാറ്റുമോ?”
“കള്ളനോട്ട് തടയാൻ വേണ്ടി ഗവൺമെന്റ് പല നടപടികളും എടുക്കും’’.
‘‘പകരം ആരുടെ പടം വയ്ക്കും?”
“”അതൊക്കെ ഗവൺമെന്റ് തീരുമാനിച്ചോളും. നിങ്ങള് അതേക്കുറിച്ച് കൂടുതൽ ചൊറിയാൻ വരണ്ട.’’
“ഞാൻ വേറൊരു കാര്യം ചോദിക്കാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. ഇവിടെ അടുത്ത് ഏതാ നല്ല പ്രിന്റിങ് പ്രസ്?’’
“എന്തിനാ?”
“എന്റെയൊരു ഫ്രണ്ട് എഴുതിയ പുസ്തകം അച്ചടിപ്പിക്കാനാ.
എന്തു പുസ്തകം?”
“ഹൈന്ദവാചാരങ്ങളുടെ ശാസ്ത്രീയ രഹസ്യങ്ങൾ’’.
“ആചാരങ്ങളെ കുറിച്ചാണെങ്കിൽ ഞാൻ ബിനോയേട്ടനോടു പറഞ്ഞു ശരിയാക്കാം.
“ഏതു ബിനോയേട്ടൻ?’’
“ബിനോയേട്ടന്റെ അപ്പച്ചിയുടെ ഭർത്താവിനു പ്രസ് ഉണ്ട്. ’’
“ബിനോയേട്ടന്റെ ചിറ്റപ്പൻ രാജേന്ദ്രൻ നായരല്ലേ?”
“അല്ല. കൃഷ്ണകുമാർ നായർ.’’
“ഓ, എനിക്കു മനസ്സിലായി. ആ കൃഷ്ണ പ്രസ് ആൻഡ് പ്രിന്റേഴ്സ്?’’
“അല്ല. ശ്രീറാം പ്രസ് ആൻഡ് പ്രിന്റേഴ്സ്’’.
‘‘ഞങ്ങടെ കാലത്ത് ഒരു കൃഷ്ണ പ്രസ് ആയിരുന്നു ഉണ്ടായിരുന്നത്.’’
“എനിക്കു ശ്രീറാം പ്രസേ അറിയൂ’’.
“ശ്രീറാം എങ്കിൽ ശ്രീറാം. ആ സ്ഥലം ഒന്നു പറഞ്ഞുതാ’’.
അവൻ എനിക്കു സ്ഥലം പറഞ്ഞുതന്നു. അങ്ങനെയാണു ഞാൻ അവിടെ ചെന്നത്, ഹരീഷിന്റെ ഓട്ടോയിലാണു പോയത്. “ശ്രീറാം’ പ്രസിന്റെ മുദ്ര ‘ആംഗ്രി’ഹനുമാന്റേത് ആയിരുന്നു. അതു കണ്ടപ്പോഴേ എന്റെ മതവികാരം വ്രണപ്പെട്ടു. കുട്ടിക്കാലം മുതൽ ഹനുമാന് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉള്ളതായിരുന്നു. രാമായണത്തിൽ അത്രയും നർമബോധവും കുസൃതിയും മറ്റാർക്കാണ് ഉള്ളത്? വാലിൽ തീ കത്തുമ്പോഴും ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഹനുമാനെ അല്ലാതെ പല്ലു ഞെരിച്ചും കണ്ണുരുട്ടിയും നിൽക്കുന്ന ഹനുമാനെ സങ്കൽപ്പിക്കാൻ ‘രാമായണം’ വായിച്ചിട്ടുള്ള ആർക്കു സാധിക്കും? അതു കൃഷ്ണകുമാർ നായരോടു ചോദിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, ആളെ കണ്ടതും ആഗ്രഹം ആവിയായി. അത്രയ്ക്ക് മുറുകിയ ഭാവം. എല്ലാവരെയും സംശയിക്കുന്ന കണ്ണുകൾ. ജീവിതത്തിൽ ഒരിക്കലും ആഹ്ലാദിച്ചിട്ടില്ലാത്ത ഒരാൾ ആണെന്നു തോന്നി. അതുകൊണ്ടാകാം, ആ മുഖം പരിചിതമായിരുന്നു. എവിടെയോ കണ്ടതുപോലെ. അയാൾ ആദ്യം എന്റെ കാലിലേക്കാണു നോക്കി യത്. പിന്നെ ജീൻസിലേക്ക്. അതും കഴിഞ്ഞു ഷർട്ടിലേക്ക്. മാറിടങ്ങൾ വരെ എത്തിയപ്പോഴേ അയാളുടെ മുഖം ഇരുണ്ടു. സ്ത്രീകൾ ഭാരതീയ വേഷം ധരി ക്കണം എന്നു നിർബന്ധമുള്ള ആൾ ആയിരിക്കണം. പിന്നെന്റെ ബോയ് കട്ട് മുടി ക്ഷമിക്കുമോ? അവജ്ഞയോടെയും സംശയത്തോടെയുമാണ് അയാൾ എന്നെ നേരിട്ടത്. “എവിടെനിന്നു വരുന്നു’, “എവിടെയാണ് വീട്’, ‘എന്താണ് ഇങ്ങോട്ട് വന്നത്, “ആരാണ് ഈ പ്രസിന്റെ കാര്യം പറഞ്ഞു തന്നത്’ എന്നിങ്ങനെ ചോദ്യശരങ്ങൾ മഴപോലെ പെയ്തു. മറുപടി പറഞ്ഞ് എന്റെ നാവു കുഴഞ്ഞു. അയാൾ ‘രാമായണം’ വായിച്ചിട്ടുണ്ടെങ്കിൽത്തന്നെ എന്താണു മനസ്സിലാക്കിയിരിക്കുക എന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ♦



