Sunday, May 12, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംമാനവമോചനത്തിനായുള്ള വിപ്ലവ മുന്നേറ്റത്തിന്റെ വഴികാട്ടി

മാനവമോചനത്തിനായുള്ള വിപ്ലവ മുന്നേറ്റത്തിന്റെ വഴികാട്ടി

സീതാറാം യെച്ചുരി

54 വർഷത്തെ ഹ്രസ്വമായ ജീവിത കാലത്തിനുള്ളിൽ വ്ളാദിമിർ ഇല്ലിച്ച് ലെനിൻ ആഗോള തൊഴിലാളിവർഗ വിപ്ലവ മുന്നേറ്റത്തിനായുള്ള മായാത്ത മുദ്ര പതിപ്പിച്ചു. മാർക്സിസം എന്ന സൃഷ്ടിപരമായ ശാസ്ത്രത്തിന്റെ അന്തഃസത്ത സ്വായത്തമാക്കുക മാത്രമല്ല, അതിനെ തന്റെ കാലത്തിന്റെ ചലനത്തിനനുസരിച്ച് അദ്ദേഹം കാലോചിതമാക്കുകയും ചെയ്തു; അങ്ങനെയാണ് അദ്ദേഹം റഷ്യൻ വിപ്ലവത്തെ വിജയകരമായി നയിക്കുകയും യുഎസ്എസ്ആർ എന്ന, ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തത്. എല്ലാവിധത്തിലുള്ള വ്യതിയാനങ്ങൾക്കുമെതിരെ പൊരുതിയാണ് ലെനിൻ മാർക്സിസത്തെ സമ്പുഷ്ടമാക്കിയത്; അങ്ങനെ അദ്ദേഹം വിപ്ലവപ്രസ്ഥാനം പാളം തെറ്റിപ്പോകാതെ കാത്തു രക്ഷിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ ഓരോ വളവു തിരിവിലും വേണ്ട ശരിയായതും അനുയോജ്യമായതുമായ അടവുകൾ സ്വീകരിക്കുന്ന മികച്ച തന്ത്രജ്ഞനായിരുന്നു അദ്ദേഹം. മറ്റാരെക്കാളും മികച്ച മാർക്സിസ്റ്റ് സെെദ്ധാന്തികനും വിപ്ലവതന്ത്രത്തിന്റെയും അടവുകളുടെയും ആചാര്യനുമായിരുന്നു ലെനിൻ. ആഗോളതലത്തിലും ലോകത്തെ ഓരോ രാജ്യത്തും വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുന്നതിന് അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിരന്തരം പഠിക്കേണ്ടതുണ്ട്.

മാർക്സിസത്തിന്റ അന്തഃസത്തയിൽ അവഗാഹം നേടിയ ലെനിൻ
റഷ്യൻ വിപ്ലവത്തെ, മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെ വിജയകരമായി നയിച്ച ലെനിൻ, ‘‘തത്വചിന്തകർ പലപ്പോഴും ലോകത്തെ നാനാ വിധത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്; എന്നാൽ ലോകത്തെ മാറ്റിമറിക്കുകയാണ് വേണ്ടത്’’ എന്ന മാർക്സിന്റെ പ്രസിദ്ധമായ ഉദ്ബോധനത്തെ എങ്ങനെ പ്രയോഗത്തിൽ വരുത്താമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
മാർക്സിസത്തിൽ സമഗ്രമായ അവഗാഹം നേടിയും അതിന്റെ ശാസ്ത്രീയ ശെെലിയും സൃഷ്ടിപരമായ സാധ്യതയും ലോകവീക്ഷണവും ശരിയായ രീതിയിൽ ഉൾക്കൊണ്ടുമാണ് ഇത്തരത്തിൽ ലോകത്തെ മാറ്റത്തിലേക്ക് നയിക്കാൻ ലെനിന് കഴിഞ്ഞത്. മാർക്സിസത്തിന്റെ ഭണ്ഡാഗാരത്തിലേക്ക് അദ്ദേഹം നടത്തിയ അനുപമവും മാർഗദർശകവുമായ സംഭാവനകളുടെ ഇൗ വശങ്ങളെക്കുറിച്ച് സവിശേഷമായി തന്നെ ആഴത്തിലുള്ള അറിവ് ആർജിക്കേണ്ടതുണ്ട്. ഭരണകൂടവും വിപ്ലവവും, സോഷ്യൽ ഡെമോക്രസിയുടെ, രണ്ട് അടവുകൾ, എന്തുചെയ്യണം?, സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം തുടങ്ങി ലെനിൻ എഴുതിയ പ്രധാനപ്പെട്ട നിരവധി കൃതികളെക്കുറിച്ച് പലരും പഠനം നടത്തിയിട്ടുണ്ട്.

ഹോചിമിൻ

നിശ്ചയമായും ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്; തികച്ചും പ്രാധാന്യമുള്ളതുതന്നെ. ഈ കൃതികളിൽ ഓരോന്നിനെക്കുറിച്ചും ശരിയായും കൃത്യമായും മനസ്സിലാക്കിയിരിക്കണം; ഇന്നത്തെ സാഹചര്യത്തിൽ സമ്പൂർണമായ മാനവമോചനത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഓരോ വിപ്ലവകാരിയും ഈ കൃതികളുടെ അന്തഃസത്ത ശരിക്കും ഗ്രഹിച്ചിരിക്കണം. എന്നാൽ, റഷ്യൻ വിപ്ലവത്തിന്റെയും ലോക തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും വളവുതിരിവുകളിലെ ഓരോ സവിശേഷ ദശാസന്ധികളിൽ ലെനിൻ എന്തുകൊണ്ട് ഈ കൃതികൾ രചിച്ചു എന്ന കാര്യം നാം കൃത്യമായി അറിഞ്ഞിരിക്കേണ്ടതും അതുപോലെതന്നെ പ്രാധാന്യമുള്ള കാര്യമാണ്.

മാർക്സിസത്തെ സംബന്ധിച്ച് ലെനിൻ മുന്നോട്ടുവച്ച രണ്ട് ആശയങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം; മാർക്സിസം എന്ന ക്രിയാത്മകമായ ശാസ്ത്രത്തെ ലെനിൻ എത്രത്തോളം പ്രാധാന്യത്തോടെ ആന്തരികവൽക്കരിച്ചു എന്നറിയാൻ ഈ രണ്ട് ആശയങ്ങൾ നമ്മെ സഹായിക്കും എന്ന് ഞാൻ കരുതുന്നു. ഒന്നാമത്, ആരാണ് ജനങ്ങളുടെ മിത്രങ്ങൾ…. എന്ന കൃതിയിൽ ലെനിൻ പറയുന്നു, ‘‘ലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനങ്ങളാണ് മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെടുന്നത്; ഒരേസമയം രണ്ടുവശങ്ങളെ, അതായത് വിപ്ലവപരവും പരമപ്രധാനവും ശാസ്ത്രീയവുമായവയെ, കൂട്ടിയോജിപ്പിക്കുന്ന ഒരേയൊരു തത്വശാസ്ത്രം മാർക്സിസമായതുകൊണ്ടാണത്. മാർക്സിസത്തിന്റെ സ്ഥാപകർ തന്നെ തങ്ങളുടെ ജീവിതകാലത്ത് രണ്ടു വശങ്ങളെയും കൂട്ടിയോജിപ്പിച്ചിരുന്നു എന്നതുകൊണ്ടല്ല ലെനിൻ ഇവയെ കൂട്ടിയോജിപ്പിക്കുന്നത്, മറിച്ച് മാർക്സിസം സമഗ്രമായും സഹജമായുംതന്നെ ഇവയെ കൂട്ടിയോജിപ്പിക്കുന്നു.’’ രണ്ടാമതായി, ‘‘മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനമാണ് മാർക്സിസത്തിന്റെ ഏറ്റവും അനുപേക്ഷണീയമായ കാര്യം; മാർക്സിസത്തിന്റെ ജീവൻ തുടിക്കുന്ന ആത്മാവ് തന്നെ അതാണ്’’ എന്നാണ് ലെനിൻ അടിവരയിട്ട് പറയുന്നത്.

മാർക്സിസത്തിന്റെ ഈ രണ്ടു വശങ്ങളും, വിപ്ലവപരമായ വശവും പരമമായ ശാസ്ത്രീയവശവും, ഒരുമിച്ച് ചേർക്കപ്പെടുന്നതിലൂടെയാണ് മാനവ മോചനമെന്ന വിപ്ലവപരമായ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയുന്നത്. ഇതിൽ ഏതെങ്കിലുമൊന്നിന് കൂടുതൽ ഉൗന്നൽ നൽകുന്നതോ കുറച്ച് ഊന്നൽ നൽകുന്നതോ വ്യതിയാനങ്ങൾക്കിടയാക്കും. വിപ്ലവസാധ്യതയെ അവഗണിക്കുകയും സാഹചര്യത്തെ സംബന്ധിച്ച ശാസ്ത്രീയ വിശകലനത്തിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്നത് അനിവാര്യമായും പരിഷ്കരണവാദത്തിനിടയാക്കും. സാഹചര്യത്തെ സംബന്ധിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ നടത്താതെ വിപ്ലവാവേശത്തെയും മുദ്രാവാക്യം മുഴക്കലിനെയും മാത്രം അവലംബിക്കുകയാണെങ്കിൽ ഇടത് സാഹസിക വ്യതിയാനത്തിനിടയാക്കും. കൃത്യമായും ഈ രണ്ട് വ്യതിയാനങ്ങളും സംഭവിക്കാതിരിക്കുന്നതിന്, ഈ രണ്ടു വശങ്ങളും ശരിയായ വിധത്തിൽ കൂട്ടിച്ചേർക്കേണ്ടത് അനിവാര്യമാണ്.

‘‘മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ചുള്ള മൂർത്തമായ വിശകലന’’ത്തിന് മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായി വിപ്ലവപരമായ വിശകലനം നടത്തേണ്ടതും ആവശ്യമാണ്. ആത്മനിഷ്ഠമായ പരിഗണനകളെ അടിസ്ഥാനമാക്കി മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ കണക്കുകൂട്ടൽ നടത്തുന്നത് തെറ്റായതും അബദ്ധജടിലവുമായ രാഷ്ട്രീയ വിശകലനത്തിനിടയാക്കുകയും വിപ്ലവപ്രസ്ഥാനത്തിന്റെ പാളം തെറ്റലിൽ കലാശിക്കുകയും ചെയ്യും. അതിനാൽ സമൂർത്ത സാഹചര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തുകയും മാർക്സിസത്തിന്റെ, മേൽ സൂചിപ്പിച്ച രണ്ടുവശങ്ങളെയും കൃത്യമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് അവിടെ നിന്ന് മുന്നോട്ടുപോവുകയുംചെയ്യുന്നതിനുള്ള ഒരു വിപ്ലവകാരിയുടെ ശേഷിയാണ് വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിനുള്ള അടിസ്ഥാനം. കൃത്യമായ വിശകലനത്തെ തുടർന്ന് ശരിയായ കണക്കുകൂട്ടലുകളിൽ എത്തിച്ചേരുകയും വിപ്ലവപ്രസ്ഥാനം പിന്തുടരേണ്ട ശരിയായ രാഷ്ട്രീയ അടവുനയത്തിൽ എത്തിച്ചേരുകയും ചെയ്യുമ്പോൾപോലും രാഷ്ട്രീയമായ ഈ ശരിയെ പ്രയോഗത്തിൽ വരുത്തുന്നത് പാർട്ടി സംഘടനയുടെ കരുത്തിനെ ആശ്രയിച്ചിരിക്കും. ലെനിന്റെ പാത പിന്തുടർന്ന് ഒരിക്കൽ സ്റ്റാലിൻ പറഞ്ഞ പ്രസിദ്ധമായ ഒരു കാര്യമുണ്ട്-– രാഷ്ട്രീയനയം നൂറുശതമാനവും ശരിയായിരിക്കുമ്പോൾ പോലും ഈ രാഷ്ട്രീയനയത്തെ ജനങ്ങളിലെത്തിക്കാൻ ശേഷിയുള്ള സംഘടനയുടെ അഭാവത്തിൽ അതിന് കാര്യമായ ഒരു ഫലവുമുണ്ടാക്കാൻ കഴിയില്ല. അങ്ങനെ പാർട്ടി സംഘടനയാണ്, അതിന്റെ കഴിവുകളും യോഗ്യതകളുമാണ്, വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നത്– വിപ്ലവത്തിന്റെ ആത്മനിഷ്ഠ ഘടകം എന്നാണ് ലെനിൻ അതിനെ വിശേഷിപ്പിച്ചത്.

എം ബസവപുന്നയ്യ

ഈ തലങ്ങളിലെല്ലാം, രണ്ട് തരത്തിലുമുള്ള വ്യതിയാനങ്ങൾക്കെതിരെയും –പരിഷ്-കരണവാദത്തിനും ഇടത് സാഹസികതയ്ക്കും (‘ബാലാരിഷ്ടത’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്) എതിരെ–ലെനിൻ വിശ്രമരഹിതമായി പൊരുതി. ഈ വ്യതിയാനങ്ങളോരോന്നിനെ പൊളിച്ചടുക്കുന്നതിനും വിപ്ലവമുന്നേറ്റത്തിന്റെ നിർണായകമായ ദശാസന്ധികളിൽ തെറ്റായ ദിശയിലൂടെ നീങ്ങാതിരിക്കുന്നതിന് വേണ്ടിയാണ്, മുന്നോട്ടുള്ള ശരിയായ മാർഗം തൊഴിലാളിവർഗ പ്രസ്ഥാനത്തിന് വ്യക്തമായും കാണിച്ചുകൊടുക്കുന്ന എക്കാലവും സ്മരിക്കപ്പെടുന്ന കൃതികൾ ലെനിൻ എഴുതിയത്. വിപ്ലവപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതിനെ വ്യക്തവും ശരിയുമായ ദിശയിലൂടെ നയിക്കുന്നതിന്, അദ്ദേഹത്തിന് തന്റെ കാലത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിലെ സർവഥാ സ്വീകാര്യരായിരുന്ന പല നേതാക്കളുമായും ഏറ്റുമുട്ടേണ്ടതായും പ്രത്യയശാസ്ത്രപരമായ പോരാട്ടം നടത്തേണ്ടതായും വന്നിട്ടുണ്ട്; അങ്ങനെയാണ് ലെനിൻ വിപ്ലവത്തെ ആത്യന്തികമായും വിജയത്തിലേക്ക് നയിച്ചത്.

മാർക്സിസത്തെ 
കാലോചിതമാക്കി
റഷ്യൻ വിപ്ലവം 
സാക്ഷാത്കരിക്കുന്നു
മാർക്സിനെയും മാർക്സിസത്തെയും ശരിയായവിധം മനസ്സിലാക്കിയതിലൂടെ ലെനിന് ബോധ്യപ്പെട്ടത്, റഷ്യൻ വിപ്ലവം ഉൾപ്പെടെ ഒരു വിപ്ലവത്തിനും ആഭ്യന്തര സ്ഥിതിഗതികളെയും ആഭ്യന്തര വെെരുദ്ധ്യങ്ങളെയും സംബന്ധിച്ച വിശകലനത്തോടൊപ്പം ആഗോള സംഭവവികാസങ്ങളെയും ആഗോള വെെരുദ്ധ്യങ്ങളെയുംകുറിച്ചും ശരിയായ വിധത്തിൽ വിശകലനം നടത്താതെ വിജയിക്കാനാവില്ല എന്നാണ്.

മുതലാളിത്തത്തെയും അതിന്റെ പ്രവണതകളെയുംകുറിച്ച് മാർക്സ് തലനാരിഴ കീറി പരിശോധിച്ച് കണ്ടെത്തിയ നിഗമനങ്ങളെ ആധാരമാക്കി, ആഗോളതലത്തിൽ മുതലാളിത്തത്തിലെ സംഭവവികാസങ്ങളെ പിൻപറ്റി ലെനിൻ വ്യക്തമാക്കിയത്, മുതലാളിത്തം വികസിക്കുന്നതിനനുസരിച്ച് മൂലധനത്തിന്റെ കേന്ദ്രീകരണ പ്രവണതയും സാന്ദ്രീകരണപ്രവണതയും ഒരു പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്നും അത് ഗുണപരമായ മാറ്റത്തിനിടയാക്കിയിരിക്കുന്നുവെന്നുമാണ്. തന്റെ ജീവിതത്തിന്റെ അവസാനകാലത്തോടെ മാർക്സ് കുത്തകമുതലാളിത്തത്തിന്റേതായ പ്രവണതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു; പിന്നീട് മാർക്സിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച മൂലധനത്തിന്റെ മൂന്നാം വോള്യത്തിൽ എംഗത്സ് ആ നിഗമനങ്ങൾകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കുത്തകമുതലാളിത്തത്തിന്റെ വികാസം ആഗോളാടിസ്ഥാനത്തിൽതന്നെ മൂലധന വാഴ്ചയുടെ അടിമത്തത്തിലകപ്പെടുന്ന തലത്തിലേക്ക് –സാമ്രാജ്യത്വദശയിലേക്ക് –എത്തുകയുണ്ടായി എന്ന് ലെനിൻ വ്യക്തമാക്കി. ഈ ദശയെ മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്നാണ് ലെനിൻ അടയാളപ്പെടുത്തിയത്. തൽഫലമായി സാമ്രാജ്യത്വം സൃഷ്ടിച്ച വെെരുദ്ധ്യങ്ങളെ കൃത്യമായി വിലയിരുത്തുകയും വിശകലനം നടത്തുകയും ചെയ്ത ലെനിൻ, സാമ്രാജ്യത്വഘട്ടത്തിലെ മുതലാളിത്തം ലോകത്തെയാകെ ഒരു ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും, സാമ്രാജ്യത്വ ചേരിക്കുള്ളിലെ വെെരുദ്ധ്യങ്ങളെ ഉപയോഗിച്ച് സാമ്രാജ്യത്വ ശൃംഖലയിലെ ദുർബലമായ കണ്ണിപൊട്ടിക്കണമെന്നും ലെനിൻ ചൂണ്ടിക്കാണിച്ചു; മാനവചരിത്രത്തിൽ ആ കാലത്ത് സാമ്രാജ്യത്വ ചേരിയിലെ ഏറ്റവും ദുർബലമായ കണ്ണിയായിരുന്നു റഷ്യ. സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധത്തെ (അക്കാലത്ത് നടന്നുകൊണ്ടിരുന്ന ഒന്നാം ലോകയുദ്ധം), ‘സമാധാനം, ഭക്ഷണം, ഭൂമി’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ആഭ്യന്തരയുദ്ധമാക്കി മാറ്റണമെന്ന് ലെനിൻ റഷ്യൻ ജനതയോട് ആഹ്വാനം ചെയ്തു. ഇത്തരത്തിൽ സമൂർത്ത സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലെനിൻ റഷ്യൻ വിപ്ലവപ്രസ്ഥാനത്തെ ക്രമേണ – 1917ലെ ഒക്ടോബർ വിപ്ലവം – വിജയത്തിലെത്തിച്ചു.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിനിസ്റ്റ് ധാരണയും സാമ്രാജ്യത്വത്തെകുറിച്ചുള്ള വിശകലനവും സാമ്രാജ്യത്വ ചേരിക്കുള്ളിലെ വെെരുദ്ധ്യങ്ങളുടെ ആവിർഭാവവും ശക്തമായി സാധൂകരിക്കപ്പെട്ടു. ഈ വെെരുദ്ധ്യങ്ങൾ രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയുടെ നേതൃത്വത്തിൽ പുതിയൊരു ആഗോള പുനഃക്രമീകരണത്തിനുള്ള അന്വേഷണത്തിനിടയാക്കി. സാമ്രാജ്യത്വചേരിക്കുള്ളിലെ ഈ വെെരുദ്ധ്യങ്ങൾ ഉപയോഗപ്പെടുത്തിയത് ക്രമേണ ഫാസിസത്തിന്റെ പരാജയത്തിലും കിഴക്കൻ യൂറോപ്പിന്റെ മോചനത്തിലും കലാശിച്ചു. ഇത് സോഷ്യലിസത്തിനനുകൂലമായി നീങ്ങിയ വർഗശക്തികളുടെ അന്താരാഷ്ട്ര ബലാബലത്തിനോടുള്ള പ്രതികരണമെന്ന നിലയിൽ ക്ഷേമ മുതലാളിത്തം എന്ന ഗുണപരമായ പുതിയൊരു ഘട്ടത്തിലേക്ക് ലോകത്തെ കൊണ്ടെത്തിച്ചു.

ഇന്ന്, നമ്മുടേത് ഒരു മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടിയാണെന്ന് നാം പറയുമ്പോൾ, മാർക്സിസത്തെ ലെനിൻ എങ്ങനെയെല്ലാം സമ്പുഷ്ടമാക്കിയോ അതേ പാതയിലൂടെ നാം നീങ്ങുമെന്ന് ബോധപൂർവംതന്നെ പറയുകയാണ്– എല്ലാ വിധത്തിലുമുള്ള വ്യതിയാനങ്ങളോടും പരിഷ്-ക്കരണവാദത്തോടും ഇടതുപക്ഷ സാഹസികതയോടും ഒരേപോലെ പൊരുതൽ; തൊഴിലാളി–കർഷകസഖ്യം എന്ന അച്ചുതണ്ടിൽ നിന്നുകൊണ്ട് എല്ലാ ചൂഷിതവർഗ വിഭാഗങ്ങളെയും അണിനിരത്തുന്നതിനുള്ള അടവ്; മനുഷ്യരാശിയുടെ മോചനത്തിനായി ചരിത്രത്തിന്റെ ഗതിക്രമത്തെ രൂപപ്പെടുത്തുന്നതിന് മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ സമൂർത്ത സാഹചര്യങ്ങളിൽ ഇടപെടുന്നതിനും വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ അനുയോജ്യമായ അടവുകൾ സ്വീകരിക്കുന്നതിനും ശേഷിയുള്ള തൊഴിലാളിവർഗത്തിന്റെ പാർട്ടി കെട്ടിപ്പടുക്കൽ. ലെനിനിസത്തെ സ്റ്റാലിൻ വിശേഷിപ്പിച്ചത് ‘‘സാമ്രാജ്യത്വകാലഘട്ടത്തിലെ മാർക്സിസം’’ എന്നാണ്.

ആഗോള സാമ്രാജ്യത്വവിരുദ്ധ പോരാട്ടം
ലോക തൊഴിലാളിവർഗ വിപ്ലവത്തിന്റെ നേതാവായിരുന്നു ലെനിൻ. റഷ്യയിൽ സോഷ്യലിസത്തിന്റെ വിജയവും സോവിയറ്റ് യൂണിയൻ സ്ഥാപിക്കപ്പെട്ടതും ആഗോളാടിസ്ഥാനത്തിൽ സാമ്രാജ്യത്വത്തിനെതിരായ വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പ്രചോദനമായിരിക്കുന്നുവെന്ന് ലെനിൻ മനസ്സിലാക്കി. ഈ ധാരണയോടുകൂടിയാണ് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ലോകത്തെ മിക്കവാറുമെല്ലാ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ രൂപീകരണത്തിന് സഹായിച്ചത്; അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ രാജ്യത്തെയും ജനങ്ങൾ ആഭ്യന്തരമായി നടത്തുന്ന സമരത്തെ സാമ്രാജ്യത്വത്തിനെതിരായ ആഗോള പോരാട്ടവുമായി വിളക്കിച്ചേർക്കുക എന്നതാണ്. സാമ്രാജ്യത്വത്തിനെതിരായ ആഗോളപോരാട്ടവുമായി എല്ലാ കൊളോണിയൽ രാജ്യങ്ങളിലെയും ദേശീയ വിമോചന പോരാട്ടങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള അടിത്തറ പാകിയത് ലെനിന്റെ ‘‘ദേശീയ–കൊളോണിയൽ പ്രശ്നം’’ സംബന്ധിച്ച തീസിസാണ്.

ഈ തീസിസ് ലോകത്തുടനീളമുള്ള ദേശീയ വിമോചന സമരങ്ങളിലും കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിലും അഗാധമായ സ്വാധീനം ചെലുത്തി. ചരിത്രത്തെത്തന്നെ മാറ്റിമറിച്ച വിപ്ലവപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങൾക്കിടയാക്കിയ സ്വാധീനമായിരുന്നു അതുണ്ടാക്കിയത്. ഹോചിമിൻ തന്റെ പ്രതികരണത്തിൽ ഈ സ്വാധീനത്തിന്റെ ശക്തി കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ഫ്രാൻസിൽ കഴിഞ്ഞിരുന്ന കാലത്ത് വിയറ്റ്നാമിൽ ഫ്രഞ്ച് കോളനി മേധാവികൾ നടത്തിയിരുന്ന കൊടുംക്രൂരതകളെയും കുറ്റകൃത്യങ്ങളെയും അപലപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തിരുന്ന ഹോചിമിൻ ഇങ്ങനെ എഴുതി:

‘‘ആ കാലത്ത് ഞാൻ സഹജവാസന കൊണ്ടുമാത്രമാണ് ഒക്ടോബർ വിപ്ലവത്തെ പിന്തുണച്ചത്; അതിന്റെ ചരിത്രപരമായ പ്രാധാന്യമാകെ ഉൾക്കൊണ്ടുകൊണ്ടായിരുന്നില്ല അത്. ലെനിൻ തന്റെ രാജ്യത്തെ ജനങ്ങളെയാകെ മോചിപ്പിച്ച മഹാനായ ഒരു രാജ്യസ്നേഹിയായതുകൊണ്ട് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു; അതേവരെ അദ്ദേഹത്തിന്റെ കൃതികളൊന്നുംതന്നെ ഞാൻ വായിച്ചിരുന്നില്ല…

‘‘പിന്നീടൊരിക്കൽ ഒരു സഖാവ് ലെ ഹുമാനിത്തെയിൽ പ്രസിദ്ധീകരിച്ച ലെനിന്റെ ദേശീയ പ്രശ്നങ്ങളെയും കൊളോണിയൽ പ്രശ്നങ്ങളെയും സംബന്ധിച്ച തീസിസ് എനിക്ക് വായിക്കാൻ തന്നു. ഈ തീസിസിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള രാഷ്ട്രീയ സംജ്ഞകൾ ഉണ്ടായിരുന്നു. എന്നാൽ കഠിനമായി പ്രയത്നിച്ച് വീണ്ടും വീണ്ടും വായിച്ച്, ഒടുവിൽ എനിക്കതിന്റെ മുഖ്യഭാഗം മനസ്സിലാക്കാൻ കഴിഞ്ഞു. അതെന്നിൽ തീവ്രമായ മാനസികോന്മേഷവും ആവേശവും വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവും നിറച്ചു! അത്യാഹ്ലാദംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ മുറിയിൽ തനിച്ചിരിക്കുകയായിരുന്നെങ്കിലും ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതുപോലെ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു – ‘‘എന്റെ ദേശവാസികളായ പ്രിയപ്പെട്ട രക്തസാക്ഷികളേ, ഇതാണ് നമുക്ക് ആവശ്യമായിരുന്നത്; നമ്മുടെ മോചനത്തിനുള്ള പാത ഇതുതന്നെയാണ്’’. (‘എന്നെ ലെനിനിസത്തിലേക്ക് നയിച്ച പാത’; 1960, ഹോചിമിന്റെ തിരഞ്ഞെടുത്ത കൃതികൾ, വോള്യം 4).

യൂണിവേഴ്സിറ്റി ഫോർ ദി ടോയ്‌ലേഴ്സ് ഓഫ് ദി ഈസ്റ്റ് (കിഴക്കുനിന്നുള്ള അധ്വാനിക്കുന്നവർക്കായുള്ള യൂണിവേഴ്സിറ്റി) ലെനിൻ സ്ഥാപിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ നിരവധി വിപ്ലവകാരികൾ അവിടെ വന്ന് വിപ്ലവ സിദ്ധാന്തവും പ്രയോഗവും അഭ്യസിക്കുകയും തങ്ങളുടെ രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി മടങ്ങിപ്പോവുകയും ചെയ്തു. അങ്ങനെ ലെനിൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സാർവദേശീയ സൗഹൃദം – കമ്യൂണിസ്റ്റ് സാർവദേശീയത – ഊട്ടിയുറപ്പിക്കുന്നതിൽ മാർഗദർശകമായ പങ്കുവഹിച്ചു. ‘‘സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ! നിങ്ങൾക്ക് നഷ്ടപ്പെടാൻ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല!’’.

‘‘ആത്മനിഷ്ഠ ഘടകം’’
മുതലാളിത്തം ഒരിക്കലും സ്വമേധയാ തകരില്ല. അതിനെ തകർത്തെറിയുക തന്നെ വേണം. അതിന് സമൂഹത്തിൽ തൊഴിലാളിവർഗ നേതൃത്വത്തിലുള്ള ഭൗതികശക്തിയെ കരുത്താർജിപ്പിക്കുക തന്നെ വേണം; മൂലധനവാഴ്ചയ്ക്കെതിരായ രാഷ്ട്രീയമായ കടന്നാക്രമണം അഴിച്ചുവിടുന്നതിന്, ജനകീയ സമരങ്ങളിലൂടെ വർഗസമരം തീവ്രമാക്കാൻ തൊഴിലാളിവർഗത്തിനു മാത്രമേ കഴിയൂ. ഈ ഭൗതികശക്തി കെട്ടിപ്പടുക്കുകയും അതിനെ കരുത്തുറ്റതാക്കുകയും ചെയ്യുന്നതാണ് ‘ആത്മനിഷ്ഠ ഘടകം’. ഈ ‘ആത്മനിഷ്ഠ ഘടക’ത്തെ ശക്തിപ്പെടുത്തുന്നതാണ് പരമപ്രധാനമായ കാര്യം. ഒരു വിപ്ലവ മുന്നേറ്റത്തിന് വസ്തുനിഷ്ഠ ഘടകം – പ്രതിസന്ധിയുടെ മൂർത്തമായ സാഹചര്യങ്ങൾ – എത്രമാത്രം അനുയോജ്യമാണെങ്കിലും ഈ ‘ആത്മനിഷ്ഠ ഘടക’ത്തെ കരുത്തുറ്റതാക്കാതെ മൂലധനവാഴ്ചയ്ക്കെതിരായ വിപ്ലവപരമായ കടന്നാക്രമണമായി അതിനെ മാറ്റിയെടുക്കാൻ കഴിയില്ല.

‘ആത്മനിഷ്ഠ ഘടക’ത്തെ ശക്തിപ്പെടുത്തുന്നതിന് തൊഴിലാളി വർഗം വിവിധ ഇടക്കാല മുദ്രാവാക്യങ്ങളും നടപടികളും അടവുകളും പ്രയോഗിക്കേണ്ടതുണ്ട്; യഥാർത്ഥ സാഹചര്യങ്ങളുടെ വെല്ലുവിളികളെ നേരിടുന്നതിനും വർഗസമരത്തെ മൂർച്ഛിപ്പിക്കുന്നതിനും ഇങ്ങനെയേ കഴിയൂ. അങ്ങനെ തങ്ങളുടെ രാജ്യങ്ങളിൽ വിപ്ലവപരമായ പരിവർത്തന പ്രക്രിയയുടെ മുന്നേറ്റം സാധ്യമാക്കാം.

വിപ്ലവ അടവുകൾ
ഈ പ്രക്രിയയുടെ മുന്നേറ്റത്തിന് അനുയോജ്യമായ അടവുകൾ ആവശ്യമാണ്; ഇക്കാര്യത്തിലും ലെനിന്റെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും നമുക്ക് വഴികാട്ടിയായുണ്ട്. ലെനിന്റെ ജന്മശതാബ്ദി വേളയിൽ, രാഷ്ട്രീയാധികാരത്തിനും അതിന്റെ ദൃഢീകരണത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ തൊഴിലാളിവർഗത്തിന്റെ അടവുകളുടെ ആചാര്യൻ എന്ന ശീർഷകത്തിൽ പീപ്പിൾസ് ഡെമോക്രസിയിൽ എം ബസവ പുന്നയ്യ ഒരു ലേഖനം എഴുതിയിരുന്നു. പലപ്പോഴും പലരും അടവുകളുടെ കാര്യത്തിലുള്ള ലെനിന്റെ പ്രതിഭയെക്കുറിച്ചും റഷ്യൻ വിപ്ലവത്തെ വിജയത്തിലേക്കു നയിച്ച സംഭവങ്ങളുടെ ഓരോ വളവുതിരിവുകളിലും ശരിയായ അടവുകൾ അദ്ദേഹം എങ്ങനെ കണ്ടെത്തുകയും പ്രയോഗിക്കുകയും ചെയ്തുവെന്നതിനെക്കുറിച്ചും ശ്രദ്ധിച്ചിട്ടില്ല. ആഗോളതലത്തിൽ, ലെനിൻ സാമ്രാജ്യത്വത്തിനെതിരായ ലോകവിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് സ്വീകരിക്കേണ്ട അടവുകളെക്കുറിച്ചുള്ള ദിശ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ലെനിന്റെ അടവുപരമായ തത്വങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത് എന്തിനെയൊക്കെയാണെന്ന് സ്റ്റാലിൻ ലെനിനിസത്തിന്റെ അടിത്തറ എന്ന കൃതിയിൽ സംഗ്രഹിച്ചിട്ടുണ്ട്: (1) ദേശീയമായ പ്രത്യേകതകളും സവിശേഷതകളും; (2) വിപ്ലവ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകാൻ തൊഴിലാളിവർഗത്തിന് സഖ്യശക്തികളെ നേടിയെടുക്കാനുള്ള ഏറ്റവും ചെറിയ സാധ്യതകളെപോലും ഉപയോഗപ്പെടുത്തൽ – അവ താൽക്കാലികമോ ചാഞ്ചാട്ടസ്വഭാവമുള്ളതോ ആടിക്കളിക്കുന്നതോ വിശ്വസിക്കാൻ കൊള്ളാത്തതോ ആണെങ്കിൽ പോലും പ്രയോജനപ്പെടുത്തണം; (3) ബഹുജനങ്ങളുടെ പ്രായോഗിക രാഷ്ട്രീയാനുഭവം എന്ന നിലയിലുള്ള പ്രചാരണ – പ്രക്ഷോഭങ്ങൾ മാത്രം മതിയാവില്ല രാഷ്ട്രീയ വിദ്യാഭ്യാസത്തിന് എന്നതാണ് സത്യം.

ഇന്നത്തെ സാഹചര്യം
സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഈ ദിശയിലൂടെ മുന്നോട്ടുപോകുന്നതിന് നമ്മുടെ അടിയന്തര കടമ ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുകയെന്നതാണ്; ഭരണകൂടത്തിനുമേൽ അത് കടുത്ത നിയന്ത്രണം സ്ഥാപിച്ചിരിക്കുകയാണ്; അതുപയോഗിച്ച് ബിജെപി ഇന്ത്യൻ ഭരണഘടനയെത്തന്നെ നശിപ്പിക്കുകയും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ആർഎസ്എസ് കാഴ്ചപ്പാടനുസരിച്ചുള്ള ഭ്രാന്തമായതും അസഹിഷ്ണുതനിറഞ്ഞതുമായ, ഫാസിസ്റ്റ് സ്വഭാവമുള്ള ‘‘ഹിന്ദുത്വ രാഷ്ട്രം’’ ആക്കി മാറ്റുകയുമാണ്. ബിജെപിയെ ഒറ്റപ്പെടുത്തുകയും തകർക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നേടുന്നതിന് വിപ്ലവപരമായ അടവുകളെക്കുറിച്ചുള്ള ലെനിനിസ്റ്റ് തത്വങ്ങളെ ആധാരമാക്കി അനുയോജ്യമായ അടവുകൾ നാം സ്വീകരിക്കണം.

ലെനിൻ നീണാൾ വാഴട്ടെ!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 5 =

Most Popular