Sunday, April 28, 2024

ad

Homeലേഖനങ്ങൾവി ഐ ലെനിൻ: ദൈവരാജ്യത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരാൻ ശ്രമിച്ചൊരാൾ

വി ഐ ലെനിൻ: ദൈവരാജ്യത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരാൻ ശ്രമിച്ചൊരാൾ

കെ ടി കുഞ്ഞിക്കണ്ണൻ

ഹാനായ ലെനിൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 100 വർഷമാവുകയാണ്. 1924 ജനുവരി 21-നാണ് സംഭവബഹുലവും ധൈഷണികോത്സുകവുമായ തന്റെ ജീവിതം അവസാനിപ്പിച്ച് ലെനിൻ ഈ ഭൂമിയിൽ നിന്നും യാത്രയാവുന്നത്. മാർക്‌സ് പറഞ്ഞതുപോലെ, മേഘങ്ങളുടെ ഇടയിൽപോയി ഒളിച്ചിരിക്കുന്ന മാലാഖമാരെയും ദൈവത്തെയും മാത്രമല്ല ദൈവരാജ്യത്തെതന്നെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരാൻ ശ്രമിച്ച്‌ വിജയിച്ച ഒരാളായിരുന്നു ലെനിൻ. അതിനായുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ മാർക്‌സിസ്റ്റ് കാഴ്ചപ്പാട് വികസിപ്പിക്കുന്നതിൽ നിർണ്ണായകമായ സംഭാവനകളാണ് ലെനിൻ നൽകിയിട്ടുള്ളത്. ഭൂമിയിൽ സോഷ്യലിസം സ്ഥാപിച്ചുകൊണ്ട് ഇഹലോകത്തും സ്വർഗരാജ്യം സൃഷ്ടിക്കാമെന്നാണ് ലെനിൻ റഷ്യൻ ജനതയോട് പറഞ്ഞുകൊണ്ടേയിരുന്നത്.

സഹസ്രാബ്ദങ്ങളായി റെമനോവ് രാജവംശത്തിന്റെയും സ്ലാവ്പുണ്യപുരാണ മഹിമയുടെയും അധീശത്വത്തിലമർന്ന യൂറോപ്പിലെ രോഗിയെന്ന് വിശേഷിപ്പിക്കപ്പെട്ട റഷ്യയിൽ തൊഴിലാളിവർഗവിപ്ലവം വിജയിപ്പിച്ച ലെനിനും കമ്യൂണിസ്റ്റ്പാർടിയും (ആർ.എസ്.ഡി.എൽ.പി) ആ രാജ്യത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുകയായിരുന്നു. സോഷ്യലിസത്തിന്റെ ലക്ഷ്യം മുതലാളിത്തം സൃഷ്ടിച്ച അസമത്വങ്ങളിൽ നിന്നുള്ള മോചനമാണെന്നും അത് സ്വർഗരാജ്യത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരാനുള്ള മനുഷ്യപ്രയത്‌നമാണെന്നും ലെനിൻ മാർക്‌സിനെ ഉദ്ധരിച്ച് വ്യക്തമാക്കി. മുതലാളിത്തം വികസിച്ചുവരുന്ന ഒരു പിന്നോക്ക കാർഷികരാജ്യമായ റഷ്യയിലെ നാട്ടിൻപുറത്തെ പട്ടിണിപ്പാവങ്ങളായ ജനങ്ങളോട് ലെനിൻ പറഞ്ഞത് നിങ്ങൾ സ്വർഗരാജ്യം പ്രാപിക്കാനുള്ള പ്രാർത്ഥനകളും ആരാധനകളും നടത്തിക്കോളൂ, അതോടൊപ്പം ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാനുള്ള വിപ്ലവസമരങ്ങളിലും അണിനിരക്കൂ എന്നാണ്.

ചരിത്രത്തെയും സാമൂഹ്യവിപ്ലവങ്ങളെയും നിർണയിക്കുന്ന വർഗശക്തികളെയും വർഗസമരങ്ങളെയും ലെനിൻ റഷ്യയിലെ ജനങ്ങളെ പഠിപ്പിച്ചു. നരോദിനിസവും മെൻഷെവിസവും സൃഷ്ടിച്ച വ്യതിയാനങ്ങളെയും അപചയങ്ങളെയും റഷ്യൻ സമൂഹത്തിന്റെ ശരിയായ വിശകലനങ്ങളിലൂടെയും തുറന്നുകാട്ടി. സാമ്രാജ്യത്വമായി വികസിച്ച മുതലാളിത്തവുമായി ഉദ്ഗ്രഥിക്കപ്പെട്ട റഷ്യൻ ചൂഷകവർഗത്തിന്റെ സ്വഭാവവിശേഷങ്ങളെയും സാമ്രാജ്യത്വത്തിന്റെ ദുർബലകണ്ണിയായി നിലകൊള്ളുന്ന റഷ്യൻസമൂഹത്തിനകത്തെ വിപ്ലവസാധ്യതകളെയും ലെനിൻ സൂക്ഷ്മമായിതന്നെ റഷ്യയിലെ മുതലാളിത്തത്തിന്റെ വളർച്ച തുടങ്ങിയ കൃതികളിലൂടെ വിശകലനം ചെയ്തു.

റഷ്യൻ വിപ്ലവത്തിന്റെ മൂർത്തവും പ്രായോഗികവുമായ കടമകളെ സൈദ്ധാന്തികമായി വിശകലനം ചെയ്തുകൊണ്ട് സാമ്രാജ്യത്വകാലഘട്ടത്തിലെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവും വികസിപ്പിച്ചു. അവനവന്റെ കഴിവനുസരിച്ച് മാർക്‌സിസം വികസിപ്പിക്കുന്നതിനും മാറിയ അവസ്ഥകൾക്കനുസൃതമായരീതിയിൽ അതിനെ അനുരൂപമാക്കുന്നതിലും ഇടപെടാതെ ഒരാൾക്കും ഒരു വിപ്ലവകാരിയാകാൻ കഴിയില്ല എന്നതായിരുന്നു ലെനിന്റെ നിലപാട്. സാമ്രാജ്യത്വകാലഘട്ടത്തിലെ മാർക്‌സിസം എന്ന രീതിയിലാണ് ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വികസിച്ചുവന്നത്.

ഒക്ടോബർ വിപ്ലവത്തിന് നേതൃത്വം നൽകുകയും ഒരുരാജ്യത്ത് മാത്രമായി സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ സൈദ്ധാന്തികമായി സ്ഥാപിക്കുകയും ചെയ്തത് ലെനിനാണ്. മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമായ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ലെനിന്റെ പഠനങ്ങളാണ് പിന്നോക്കം നിൽക്കുന്ന റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള സാധ്യത തെളിച്ചത്. സാമ്രാജ്യത്വത്തിന്റെ ദുർബലകണ്ണി സിദ്ധാന്തത്തിലൂടെ പാശ്ചാത്യമുതലാളിത്തക്രമവുമായി ഉദ്ഗ്രഥിക്കപ്പെട്ട പിന്നോക്കസമ്പദ്ഘടനയായ റഷ്യയിൽ വിപ്ലവം നടത്താമെന്ന സൈദ്ധാന്തിക കാഴ്ചപ്പാടാണ് ലെനിൻ അവതരിപ്പിച്ചത്. ലെനിന്റെ സാമ്രാജ്യത്വകാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങളാണ് പിന്നീട് മൂന്നാം ഇന്റർനാഷണലിലവതരിപ്പിച്ച കൊളോണിയൽതിസീസിന് അടിസ്ഥാനമായത്. ചൈനയിലും അതുപോലുള്ള കോളനി അർദ്ധകോളനി രാജ്യങ്ങളിലും വിമോചന വിപ്ലവ സമരങ്ങൾക്ക് വഴിയിട്ടത് ലെനിന്റെ സൈദ്ധാന്തിക കാഴ്ചപ്പാടാണ്.

ഒന്നാംലോകയുദ്ധത്തിൽ ബൂർഷ്വാദേശീയസങ്കുചിത താൽപര്യങ്ങൾക്ക് കീഴ്‌പ്പെട്ട് പിതൃഭൂമിയെ രക്ഷിക്കുകയെന്ന നിലപാടുകളിൽ കുടുങ്ങി തൊഴിലാളിവർഗ സാർവദേശീയത കയ്യൊഴിയാൻ ശ്രമിച്ച കൗട്‌സ്‌കിയൻ നിലപാടുകൾക്കെതിരായ സമരങ്ങളിലൂടെയാണ് ലെനിൻ തന്റെ വിപ്ലവസിദ്ധാന്തം വികസിപ്പിച്ചത്. രണ്ടാം ഇന്റർനാഷണലിന്റെ തിരുത്തൽവാദ നിലപാടുകളെ പ്രതിരോധിച്ചുകൊണ്ട് ലെനിൻ മുന്നോട്ടുവെച്ച വിപ്ലവസിദ്ധാന്തങ്ങളാണ് റഷ്യൻവിപ്ലവവും കോളനിരാജ്യങ്ങളിലെ വിമോചനപോരാട്ടങ്ങളും സാധ്യമാക്കിത്തീർത്തത്. മാവോ നിരീക്ഷിച്ചതുപോലെ റഷ്യൻവിപ്ലവം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിപ്ലവങ്ങൾക്ക് പാലമായി വർത്തിച്ചു. കോളനിനാടുകളിലേക്കുകൂടി സോഷ്യലിസം സാധ്യമാക്കുന്ന കാഴ്ചപ്പാടുകളിലൂടെ ലെനിൻ തൊഴിലാളിവർഗ സാർവ്വദേശീയതയുടെ ആഴവും പരപ്പും വർദ്ധിപ്പിക്കുകയായിരുന്നു.

ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഒരുരാജ്യത്ത് മാത്രമായി സോഷ്യലിസ്റ്റ് വിപ്ലവത്തിനും സോഷ്യലിസ്റ്റ് നിർമ്മാണത്തിനുമുള്ള സാധ്യതയെ തന്റെ സാമ്രാജ്യത്വത്തെയും വിപ്ലവത്തെയും സംബന്ധിച്ച പഠനങ്ങളിലൂടെ സൈദ്ധാന്തികമായി സമർത്ഥിക്കുമ്പോൾതന്നെ ലെനിൻ റഷ്യൻവിപ്ലവത്തെ ലോകസോഷ്യലിസ്റ്റ് വിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു ഘടകമെന്ന രീതിയിൽ മാത്രമാണ് നോക്കിക്കണ്ടത്. സാമ്രാജ്യത്വത്തെ സംബന്ധിച്ച ഹിൽഫർഡിംഗ്, ബുക്കാറിൻ, റോസ അലക്‌സാണ്ടർ തുടങ്ങിയവരുടെ പഠനങ്ങളുടെ ബലദൗർബല്യങ്ങളെ പരിശോധിച്ചുകൊണ്ടാണ് ലെനിൻ സാമ്രാജ്യത്വകാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെയും വിപ്ലവസാധ്യതകളെയും മുന്നോട്ടുവെക്കുന്നത്.

ലെനിന്റെ കൊളോണിയൽ തിസീസിലെ നിലപാടുകൾ സാമ്രാജ്യത്വ കൊളോണിയൽ വ്യവസ്ഥയുടെ സാമ്പത്തിക രാഷ്ട്രീയ പ്രക്രിയകളെയും പ്രത്യാഘാതങ്ങളെയും സംബന്ധിച്ച അനവധിയായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വഴിതുറന്നിട്ടു. സാമ്രാജ്യത്വമായി വളരുന്ന ബൂർഷ്വാസിയുടെ പ്രതിലോമസ്വഭാവത്തെയും അപചയങ്ങളെയും ലെനിൻ അനാവരണം ചെയ്യുന്നുണ്ട്. ഫ്യൂഡൽ മതവംശീയ പൗരോഹിത്യ അധികാരങ്ങളെ ചോദ്യംചെയ്തുകൊണ്ട് ചരിത്രത്തിലേക്ക് കടന്നുവന്ന ബൂർഷ്വാസി എങ്ങനെയാണ് സാമ്രാജ്യത്വഘട്ടത്തിൽ തങ്ങൾ എതിർത്തുപോന്ന ചരിത്രത്തിലെ ജീർണശക്തികളുമായി സന്ധിചെയ്യുന്നതെന്നും ലെനിൻ വിശദീകരിക്കുന്നുണ്ട്. സാമ്രാജ്യത്വ ബൂർഷ്വാസി ഒരുവശത്ത് ബൂർഷ്വാദേശീയതയെയും അതിലൂടെ ആധുനിക ദേശീയരാഷ്ട്രഘടനയെയും വളർത്തിയപ്പോൾതന്നെ മറുവശത്ത് അതതിന്റെ ആരംഭകാലംമുതൽ മുതലാളിത്തത്തിന്റെ ശ്രേണീബദ്ധമായ ഒരു ആഗോളകൊളോണിയൽ വ്യവസ്ഥയായി പ്രവർത്തിച്ചിട്ടുമുണ്ട്.

സമ്പദ്ശാസ്ത്രത്തിന്റെ സാന്ദ്രീകൃതരൂപമായിട്ടാണ് ലെനിൻ രാഷ്ട്രീയത്തെ കണ്ടത്. ബൂർഷ്വാധനശാസ്ത്രത്തിൽനിന്ന് മാർക്‌സിയൻ അർത്ഥശാസ്ത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ അപഗ്രഥനരീതിയാണെന്ന് ലെനിൻ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം, റഷ്യയിലെ മുതലാളിത്തത്തിന്റെ വളർച്ച തുടങ്ങിയ കൃതികളിലൂടെ വ്യക്തമാക്കുന്നു. സാമൂഹ്യമാറ്റത്തിന് ഇടയാക്കുന്ന ഘടകങ്ങളെല്ലാം മാർക്‌സിയൻ അർത്ഥശാസ്ത്രം അതിന്റെ വിശകലനപരിധിയിലേക്ക് കൊണ്ടുവരുന്നു. സാമ്രാജ്യത്വത്തെയും വിപ്ലവത്തെയുമെല്ലാം സംബന്ധിച്ച വിശകലനങ്ങൾ കേവലം ലിബറൽ വ്യവഹാരങ്ങളായി അധഃപതിപ്പിക്കുന്ന നവസൈദ്ധാന്തികരുടെ കാലത്ത് ലെനിന്റെ കാഴ്ചപ്പാടുകൾക്ക് വളരെ പ്രസക്തിയുണ്ട്. ബൂർഷ്വാധനശാസ്ത്രം സാമ്പത്തികഘടകങ്ങളിൽ മാത്രം ഊന്നുകയാണ് ചെയ്യുന്നത്. അത് മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണ് ചെയ്യുന്നത്. മാർക്‌സിസം മുതലാളിത്ത വ്യവസ്ഥയുടെ വളർച്ച, ഉയർച്ച തളർച്ച എന്നിവയെ പരസ്പരം ബന്ധപ്പെടുത്തി പ്രതിപാദിക്കുകയാണ് ചെയ്യുന്നത്. ലെനിൻ മാർക്‌സിസത്തിന്റെ ചരിത്രസമീപനത്തെയും ദർശനത്തെയും അടിസ്ഥാനമാക്കി പറയുന്നത് സാമൂഹ്യമാറ്റം നിരന്തരപ്രക്രിയാണെന്നാണ്. ലോകം ഉണ്ടായതുമുതൽ മുതലാളിത്തം നിലവിലില്ല എന്നും മുതലാളിത്തം ഇന്നത്തേതുപോലെ എക്കാലത്തും നിലനിൽക്കുകയില്ല എന്നുമാണ്. വർഗസംഘർഷങ്ങളാണ് ഈ മാറ്റത്തിന് അടിസ്ഥാനം. മുതലാളിത്തത്തിന്റെ പ്രാകൃതമായ ആവിർഭാവത്തെയും സംഘർഷാത്മകമായ വളർച്ചയെയും അതിന്റെ കാരണങ്ങളെയും ഫലങ്ങളെയും മൂലധനത്തിൽ മാർക്‌സ് ആഴത്തിൽതന്നെ അപഗ്രഥിച്ചിട്ടുള്ളതാണ്. മുതലാളിത്തത്തിന്റെ ചലനനിയമങ്ങളാണ് മാർക്‌സിന്റെ മൂലധനമെന്ന വിഖ്യാതകൃതിയുടെ പ്രതിപാദനവിഷയംതന്നെ. വൈരുദ്ധ്യവാദമായും ഭൗതികവാദമായും ഇരുവഴികളിലൂടെ വികസിച്ചുവന്ന ദർശനപദ്ധതികളെ സമന്വയിപ്പിച്ചാണ് മാർക്‌സിസം അതിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദ കാഴ്ചപ്പാട് മുന്നോട്ടുവെച്ചിട്ടുള്ളത്. ഒരേകത്വത്തെ രണ്ടായി പിളർക്കുകയും വിരുദ്ധവശങ്ങളെപ്പറ്റി പഠിക്കുകയും ചെയ്യുന്നതാണ് വൈരുദ്ധ്യവാദമെന്ന് ലെനിൻ ഹെറാക്ലിറ്റസിനെ ഉദ്ധരിച്ച് പറയുന്നുണ്ട്. മാർക്‌സിസത്തിന്റെ തത്വചിന്താപരമായ വളർച്ചയിൽ ലെനിൻ വലിയ സംഭാവനയാണ് നൽകിയത്.

അലക്‌സാന്ദ്രി കൊളന്തായി സാമ്രാജ്യത്വയുഗത്തിലെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവുമെന്നനിലയിൽ മാർക്‌സിസത്തെ വികസിപ്പിച്ച മഹാനായ ലെനിനെക്കുറിച്ച് എഴുതിയിരിക്കുന്നത്; ‘‘ഒരു മഹായുഗത്തിന്റെ ആർത്തിരമ്പുന്ന കൊടുങ്കാറ്റിൽ ജന്മമെടുത്തുകൊണ്ട് ഒരു മുഴുവൻ യുഗത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾ ചരിത്രത്തിൽ അപൂർവ്വമായി ഉണ്ടാകാറുണ്ട്. ആത്മവീര്യത്തിലും ഇച്ഛാശക്തിയിലും അതിമാനുഷരായിട്ടുള്ള ഇവരിലൊരാളാണ് വ്‌ളാദിമിർ ഇലിയച്ച്‌ ലെനിൻ.”

റഷ്യയുടെ ഹൃദയഭാഗത്തുള്ള മധ്യവോൾഗയിലെ സിംഭേഴ്‌സ്‌കിലാണ് 1870 ഏപ്രിൽ 22-ന് ലെനിൻ ജനിക്കുന്നത്. ഈ പ്രദേശം കർഷക ജനകീയ മുന്നേറ്റങ്ങളുടെ സുദീർഘമായ പ്രക്ഷോഭചരിത്രമുള്ളതാണ്. റഷ്യക്കാരും അല്ലാത്തവരുമായ കർഷകർ ലെനിൻ ജനിക്കുന്നതിന് ഒരു നൂറ്റാണ്ടുമുമ്പ് നടന്ന റഷ്യയിലെ പ്രക്ഷോഭങ്ങളിൽ പങ്കാളികളായവരുടെ പിൻമുറക്കാരായിരുന്നു. ലെനിന്റെ പിതാവ് ഒരു ഫിസിക്‌സ് അധ്യാപകനായിരുന്നു. ലെനിന്റെ ജനനസമയമാകുമ്പോഴേക്കും പ്രമോഷൻ ലഭിച്ച് അദ്ദേഹം സ്മഴ്‌സ്‌ക്‌സ പ്രവിശ്യയിലെ എലിമെന്ററി സ്‌കൂളിലെ ഇൻസ്‌പെക്ടറായി മാറിയിരുന്നു. പിന്നീട് അതേ പ്രവിശ്യയിലെ സ്‌കൂളുകളുടെ ഡയറക്ടറായും അദ്ദേഹം ഉയർന്നിരുന്നു. 1886-ലാണ് അദ്ദേഹം മരിക്കുന്നത്. ബോൾഷെവിക് വിപ്ലവത്തിന്റെ ഒരുവർഷം മുമ്പുവരെ ജീവിച്ചിരുന്ന ലെനിന്റെ മാതാവ് സ്‌കൂൾ അധ്യാപികയായിരുന്നു. ഉൽപതിഷ്ണുക്കളായ ഈ ദമ്പതികൾക്ക് ലെനിനുൾപ്പെടെ 6 മക്കൾ ജനിച്ചു. ഇവരിൽ ജീവനോടെ ശേഷിച്ച 5 പേർ 1880-കളിലെ സാറിസ്റ്റ് അടിച്ചമർത്തൽ വാഴ്ചക്കെതിരായ പ്രതിരോധങ്ങളുടെയും സമരങ്ങളുടെയും അനുഭവങ്ങളിലൂടെയാണ് വളർന്നത്. അതുകൊണ്ട് അവരെല്ലാം സ്വയമേവ വിപ്ലവകാരികളായി തീർന്നു. ലെനിന്റെ മൂത്ത സഹോദരനായ അലക്‌സാണ്ടർ സാറിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടുന്ന ഭീകരപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്നു. 1887-ൽ അലക്‌സാണ്ടർ മൂന്നാമനെ കൊലചെയ്യാനുള്ള ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 19-ാം വയസ്സിൽ അലക്‌സാണ്ടറെ സാറിസ്റ്റ് ഭരണകൂടം തൂക്കിലേറ്റി. ലെനിന്റെ ജീവിതത്തിൽ ഏറ്റവും ആഘാതമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ലെനിൻ അലക്‌സാണ്ടറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. അവരിരുവരും രാഷ്ട്രീയ സംവാദങ്ങൾ നടത്തിയിരുന്നു. നിരന്തരം സാമൂഹ്യവിപ്ലവത്തെയും സാറിസ്റ്റ് സ്വേച്ഛാധിപത്യം അവസാനിപ്പിക്കുന്നതിനെയും കുറിച്ച് തർക്കങ്ങൾ നടത്തിയിരുന്നു. ലെനിൻ സഹോദരന്റെ ഭീകരവാദപരമായ ലൈനിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അലക്‌സാണ്ടറുടെ വധമുണ്ടാക്കിയ ദുരന്തബോധത്തിൽനിന്നും ലെനിൻ വിപ്ലവത്തിന്റെ മാർഗത്തെ സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഇതല്ല മാർഗം എന്നാണ് ലെനിൻ സഹോദരന്റെ മരണവാർത്തയോട് പ്രതികരിച്ചതെന്ന് പല ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്കുണ്ടായ വ്യക്തിപരമായ ദുരന്തത്തെ രാഷ്ട്രീയമായി മറികടക്കാനാണ് ലെനിൻ ശ്രദ്ധിച്ചത്. വ്യക്തിനിഷ്ഠമായി കാണാതെ സാമൂഹ്യവിപ്ലവത്തിന്റെ വിശാലഭൂമികയിൽ നിന്നാണ് സഹോദരനുണ്ടായ ദുരന്തത്തെയും അത് സ്വന്തം കുടുംബത്തിൽ സൃഷ്ടിച്ച ഒറ്റപ്പെടലിനെയും അതിജീവിക്കാൻ ലെനിൻ ശ്രമിച്ചത്. മധ്യവർഗ സാഹചര്യങ്ങളിലാണ് ലെനിൻ ജനിച്ചതും വിദ്യാഭ്യാസം നേടിയതും. അദ്ദേഹത്തിന്റെ ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നത് പിൽക്കാലത്ത്, 1917-ൽ ബോൾഷെവിക്കുകൾ അട്ടിമറിച്ച ഗവൺമെന്റിന്റെ തലവനായിരുന്ന കെരൻസ്‌കിയുടെ പിതാവായിരുന്നു. അദ്ദേഹം തന്റെ സ്‌കൂളിന്റെ അഭിമാനമായിട്ടാണ് ലെനിനെ വിശേഷിപ്പിച്ചത്. ലെനിന്റെ അസാധാരണമായ ശ്രദ്ധയും പരിശ്രമശീലവും ചിട്ടയായ ചിന്താശൈലിയും കാര്യങ്ങളെ സംക്ഷിപ്തതയിലും സ്പഷ്ടതയിലും അതീവലളിതമായി അവതരിപ്പിക്കാനുള്ള കഴിവിനെയും സീനിയർ കെരൻസ്‌കി പലപ്പോഴായി പ്രശംസിച്ചിരുന്നു. അങ്ങനെയൊക്കെ ആയിരിക്കുമ്പോഴും സാർ ചക്രവർത്തിയായ അലക്‌സാണ്ടറെ വധിച്ച ഭീകരപ്രസ്ഥാനത്തിൽപ്പെട്ട ഒരാളുടെ സഹോദരനെന്ന നിലയിൽ ലെനിൻ നിരന്തരമായി ആക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു. കസാനിലെ പ്രാദേശിക സർവ്വകലാശാല അദ്ദേഹത്തിന് പ്രവേശനം നൽകിയെങ്കിലും നാലുമാസം കഴിഞ്ഞ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പേരിൽ ലെനിനെ പുറത്താക്കുകയായിരുന്നു.

ചരിത്രം അവസാനിച്ചുവെന്ന പ്രചണ്ഡമായ പ്രചാരവേലയിലൂടെയാണല്ലോ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകർച്ച മുതലാളിത്തലോകം ആഘോഷിച്ചത്. ചരിത്രനിരാകരണത്തിന്റെയും അരാഷ്ട്രീയവൽക്കരണത്തിന്റേതുമായ ഇന്നത്തെകാലത്ത് പുരോഗമനവിപ്ലവശക്തികളെ സംബന്ധിച്ചിടത്തോളം ചരിത്രം പഠിക്കുക എന്നത് ഒരു പ്രത്യയശാസ്ത്രപരമായ പ്രതിരോധമാണ്.

ചരിത്രമാണ് എല്ലാ സാമൂഹ്യശാസ്ത്രങ്ങളും കുതികൊള്ളുന്ന ഭൂമികയെന്ന് മാർക്‌സ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ചരിത്രത്തിൽ നിന്ന് പഠിക്കുക എന്നതും ചരിത്രം പഠിക്കുക എന്നതും ഒരു സൈദ്ധാന്തിക പ്രവർത്തനമാണ്. ലോകത്തെ മാറ്റിത്തീർക്കുന്ന സാമൂഹ്യപുരോഗതിയിലേക്ക് മനുഷ്യസമൂഹത്തെ നയിക്കുന്ന വിപ്ലവപ്രവർത്തനങ്ങളുടെ മുന്നുപാധിയാണ് ചരിത്രപഠനം. ചരിത്രത്തെയും സംസ്‌കാരത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുകയാണ് മാർക്‌സും ലെനിനുമൊക്കെ ചെയ്തത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും എംഗൽസും മനുഷ്യസമൂഹത്തിന്റെ ലിഖിത ചരിത്രത്തെ വർഗസമരങ്ങളുടെ ചരിത്രമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉല്പാദനശക്തികളും ഉല്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് വർഗസമരങ്ങളുടെ അടിസ്ഥാനം. സാമൂഹ്യവിപ്ലവങ്ങളിലേക്ക് മനുഷ്യരെ നയിക്കുന്നത് വർഗസമരങ്ങളാണ്. മുതലാളിത്ത വ്യവസ്ഥക്കു കീഴിൽ സ്വന്തം അധ്വാനശക്തി വിൽക്കുന്ന കൂലിവേലക്കാരും അധ്വാനശക്തി കൈയടക്കി മിച്ചമൂല്യം സൃഷ്ടിക്കുന്ന മുതലാളിമാരും തമ്മിലാണ് വൈരുദ്ധ്യം. മുതലാളിത്ത സമൂഹത്തിൽ നടക്കുന്ന വർഗസമരം സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും പരിവർത്തനപ്പെടുമെന്നാണ് മഹാനായ മാർക്‌സ് തന്റെ വർഗസമരസിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്.

ഓരോ വിപ്ലവത്തിനും സാമൂഹ്യപരിവർത്തനപ്രക്രിയയ്ക്കും അതിന്റേതായ സവിശേഷഘട്ടങ്ങളുണ്ടെന്നാണ് മാർക്‌സിസം ലെനിനസത്തിന്റെ ബാലപാഠം. സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന കൃതിയിൽ സാർവദേശീയവും ആഭ്യന്തരവുമായ സ്ഥിതിഗതികളിലെ വർഗശക്തികളെയും അവയുടെ വർഗപരമായ അണിചേരലുകളെയും മൂർത്തമായി വിലയിരുത്തിക്കൊണ്ടാണ് ലെനിൻ സാമ്രാജ്യത്വത്തിന്റെയും ലോകസോഷ്യലിസ്റ്റ് വിപ്ലവത്തിന്റെയും സൈദ്ധാന്തികസമീപനത്തെ വിശദീകരിച്ചിട്ടുള്ളത്.

മുതലാളിത്തം സാമ്രാജ്യത്വമായി വികസിച്ചതോടെ ആഗോളഫൈനാൻസ് മൂലധനവ്യവസ്ഥകളുടെ ദുർബലകണ്ണിയായ റഷ്യയിൽ വിപ്ലവം നടത്താമെന്ന് ലെനിൻ സാർവദേശീയ സ്ഥിതിഗതികളെയും ആഭ്യന്തര പരിസ്ഥിതിയെയും ശരിയായി വിശകലനം ചെയ്തുകൊണ്ട് മുന്നോട്ടുവെച്ചത്. റഷ്യൻ തൊഴിലാളിവർഗത്തിന്റെ ബോധനിലവാരവും സംഘടനയും മറ്റ് വിപ്ലവവർഗങ്ങളുമായുള്ള അവയ്ക്കുള്ള ബന്ധവും പരിഗണിച്ചുകൊണ്ടുകൂടിയാണ് ലെനിൻ മുതലാളിത്തത്തിന്റെ ദുർബലകണ്ണി പൊട്ടിച്ച് റഷ്യൻ ജനതയെ സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നയിച്ചത്.

1917-ൽ വൈദേശികവും ആഭ്യന്തരവുമായ മുതലാളിത്തശക്തികൾക്ക് ഉഷ്ണബാധയേൽപിച്ചുകൊണ്ടാണ് റഷ്യൻ തൊഴിലാളിവർഗം അതിന്റെ വിജയം പ്രഖ്യാപിച്ചത്. യൂറോപ്പിലെ രോഗിയെന്ന് വിശേഷിപ്പിക്കപ്പെട്ട സാറിസ്റ്റ് റഷ്യയിൽ ഒക്‌ടോബർ വിപ്ലവം അത്ഭുതകരമായ പരിവർത്തനങ്ങൾക്കാണ് വഴിതുറന്നത്. മുതലാളിത്തത്തിന് ബദൽ സോഷ്യലിസമാണെന്ന് സോവിയറ്റ് യൂണിയൻ കുറഞ്ഞവർഷങ്ങൾകൊണ്ടുതന്നെ മനുഷ്യരാശിക്ക് കാണിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മൂല്യം ജനജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും ഒക്‌ടോബർ വിപ്ലവം പ്രസരിപ്പിച്ചു.

വൻശക്തിമേധാവിത്വത്തിനും സാമ്രാജ്യത്വയുദ്ധങ്ങൾക്കും ഫാസിസ്റ്റ്ശക്തികൾക്കുമെതിരെ മനുഷ്യരാശിക്കൊപ്പം നിന്ന് സോവിയറ്റ് യൂണിയൻ നീണ്ട 70 വർഷക്കാലം പോരാടി. ലോകസാമ്രാജ്യത്വവും സി.ഐ.എയും പെന്റഗണും നാനാവിധമായ കുത്തിത്തിരുപ്പുകളിലൂടെ സോവിയറ്റ് സോഷ്യലിസ്റ്റ് രാജ്യത്തെ അതിന്റെ ജന്മകാലം മുതൽ തകർക്കാനുള്ള ഗൂഢാലോചനകളിലേർപ്പെട്ടു. അതിനായി മനഃശ്ശാസ്ത്ര യുദ്ധപദ്ധതികൾ ആവിഷ്‌കരിച്ചു. ബുദ്ധിജീവികളുടെയും മതവംശീയവാദികളുടെയും മക്കാർത്തിയൻ സഖ്യങ്ങൾ രൂപീകരിച്ചു. അത്തരം കടന്നാക്രമണങ്ങളുടെ തുടർച്ചയിലാണ് സോവിയറ്റ് യൂണിയൻ തകരുന്നത്.

സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം മുതലാളിത്തവാദികളുടെ സമാധാനത്തെയും ജനാധിപത്യത്തെയും വികസനത്തെയും സംബന്ധിച്ച അവകാശവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ലോകം അപരിഹാര്യമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടപ്പെട്ടിരിക്കുന്നത്. യുദ്ധങ്ങളും മതവംശീയ സംഘർഷങ്ങളും വിലക്കയറ്റവും ലോകമെമ്പാടും അശാന്തി വിതച്ചിരിക്കുകയാണ്. ആഗോളവൽക്കരണം മനുഷ്യസമൂഹത്തെ ദരിദ്രവൽക്കരിക്കുകയും ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകകാലത്തിലേറെയായി സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ചിന്തകളുടെ മേഖലകളിൽ മേൽക്കൈ നേടിയിരുന്ന സ്വതന്ത്രവിപണി സിദ്ധാന്തം ലോകമെമ്പാടും വിചാരണ ചെയ്യപ്പെടുകയാണ്. മാർക്‌സിന്റെ മുതലാളിത്ത വിമർശനങ്ങൾ ലോകമെമ്പാടും ശരിവെക്കപ്പെടുകയുമാണ്. ലെനിന്റെ സാമ്രാജ്യത്വ കാലഘട്ടത്തിലെ തൊഴിലാളിവർഗവിപ്ലവസിദ്ധാന്തങ്ങൾ വിപുലമായ തലങ്ങളിൽ വായിക്കപ്പെടുകയാണ്.

സ്വതന്ത്രവിപണിയെന്നത് ഇടക്കിടെയുള്ള പ്രതിസന്ധികൾക്കും തൻമൂലം സംഭവിക്കുന്ന തൊഴിൽ നഷ്ടത്തിനും ഉൽപാദന ഉപാധികളുടെ വിനാശത്തിനും വിധേയമായൊരു വ്യവസ്ഥയാണെന്നാണ് മാർക്‌സ് വിലയിരുത്തിയിട്ടുള്ളത്. സ്വയം സൃഷ്ടിച്ച ഉൽപാദനശക്തികളെ കൈകാര്യം ചെയ്യാൻ മുതലാളിത്തം അശക്തമാണെന്നാണ് മാർക്‌സ് വിശദീകരിക്കുന്നത്. മാനിഫെസ്റ്റോയിൽ മാർക്‌സും എംഗൽസും ഇങ്ങനെയെഴുതി; ‘‘അന്യലോകത്തുനിന്നും താൻ വിളിച്ചുവരുത്തിയ അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നിസ്സഹായനായി നിൽക്കുന്ന മന്ത്രവാദിയെ”പ്പോലെയാണ് മുതലാളിത്ത കമ്പോളവ്യവസ്ഥയെന്ന്.

കാലാകാലങ്ങളിൽ ഉൽപാദനശക്തികൾ വികാസം നേടുകയും നിലവിലുള്ള മുതലാളിത്ത ബന്ധങ്ങളുമായി അവ സംഘർഷത്തിലേർപ്പെടുകയും ചെയ്യുന്നു. മുതലാളിത്ത ഉൽപാദനവ്യവസ്ഥക്കകത്തെ പ്രതിസന്ധിയുടെ അടിസ്ഥാനമിതാണ്. ‘‘ബൂർഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നതെങ്ങനെയാണ്? ഒരുവശത്ത്, ഉൽപാദനശക്തികളിൽ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികൾ കീഴ്‌പ്പെടുത്തുകയും പഴയ വിപണികളെ കുറേക്കൂടി നന്നായി ചൂഷണം ചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്.” കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ നിരീക്ഷണം, വർത്തമാനലോകത്തെയും ഇന്ത്യയെയും എല്ലാം സംബന്ധിച്ച പഠനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവെക്കുകയാണ്.

ശാസ്ത്രവിപ്ലവവും സാങ്കേതികവിദ്യയും സൃഷ്ടിച്ച ഉൽപാദനക്ഷമത മറ്റൊരുതരത്തിൽ മുതലാളിത്തത്തെ അമിതോല്പാദനത്തിന്റെ കുഴപ്പത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അമേരിക്കയും യൂറോപ്പും കേന്ദ്രമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റുകൾ സാമ്രാജ്യത്വഭരണകൂടങ്ങളെ ഉപയോഗിച്ച് തങ്ങളുടെ ചരക്കുകൾക്കാവശ്യമായ ആഗോളവിപണി കയ്യടക്കുന്നതിനായി സ്വതന്ത്രവ്യാപാരക്കരാറുകളും ഉമ്പടികളും അടിച്ചേൽപ്പിക്കുകയാണ്. വിഭവങ്ങളും സമ്പത്തുൽപാദനമേഖലകളും വിപണിയും കീഴടക്കുവാൻ അഫ്ഗാനിലും ഇറാഖിലും സിറിയയിലും എത്ര ഭീകരമായ നരഹത്യകളാണ് നടത്തിയത്. ഇറാനെയും സിറിയയെയും ലക്ഷ്യമിട്ട് സാമ്രാജ്യത്വകഴുകന്മാർ പറക്കുകയാണ്. ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ നാടുകളെ കാർഷിക തകർച്ചയുടെയും അപവ്യവസായവൽക്കരണത്തിന്റെയും ദുരിതങ്ങളിലേക്കെടുത്തെറിയുകയാണ്.

ഈയൊരു ലോകസാഹചര്യത്തിലാണ് ഒക്‌ടോബർ വിപ്ലവത്തിന്റെ ആചാര്യനായ ലെനിന്റെ 100‐-ാം ചരമവാർഷികം ലോകമാകെ ആചരിക്കുന്നത്. മനുഷ്യരുടെ വിമോചനസ്വപ്നങ്ങളിലേക്ക് പ്രക്ഷോഭജ്വാലകൾ പടർത്തിയ മാർക്‌സിസത്തെയും ഒക്‌ടോബർ വിപ്ലവത്തെയും ലെനിന്റെ സംഭാവനകളെയുമെല്ലാം സംബന്ധിച്ച പഠനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ഏറ്റെടുക്കേണ്ടതുണ്ട്. അതിന് സഹായകരമായ ചരിത്രകൃതികൾ പലതും രചിക്കപ്പെട്ടിട്ടുണ്ട്.

വിപ്ലവപൂർവ സാഹചര്യത്തെയും ലെനിന്റെ സംഭാവനകളെയും വിശദീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന കൃതികൾ. വിപ്ലവത്തിന്റെ കാരണങ്ങളെ അന്നത്തെ സാർവദേശീയ-ദേശീയസാഹചര്യങ്ങളുടെ വിശകലനത്തിലൂടെ വ്യക്തമാക്കുന്ന രചനകളുണ്ട്. വിപ്ലവത്തിന്റെ ചരിത്രപരമായ പ്രക്രിയകളും രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് പാർടിയുടെ രംഗപ്രവേശം മുതൽ വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങളെയും അത് നിർണയിച്ച ലെനിന്റെ സൈദ്ധാന്തിക സംഭാവനകളെയും അപഗ്രഥിക്കുന്ന പുസ്തകങ്ങൾ ലഭ്യമാണ്.

റഷ്യൻ വിപ്ലവത്തിൽ ലെനിന്റെ സംഭാവനകളും വിപ്ലവത്തിന്റെ മഹത്തായ പ്രാധാന്യവും വിശദീകരിക്കുന്ന പഠനങ്ങളും എത്രയോ യുണ്ട്. മുതലാളിത്തത്തെ തകർത്ത് സോഷ്യലിസത്തിലേക്ക് മുന്നേറാനുള്ള മനുഷ്യരാശിയുടെ അദമ്യമായ അഭിലാഷം എങ്ങനെയാണ് റഷ്യൻ വിപ്ലവത്തിലൂടെ പ്രകാശിതമായതെന്നാണ് വരച്ചുകാട്ടുന്ന റഷ്യൻ സാഹിത്യവും വിമർശന പഠനങ്ങളും സുലഭമാണ്. ഇരുപതാം നൂറ്റാണ്ടിലെ മഹാനായ ഭൗതികശസ്ത്രജ്ഞനും ചിന്തകനുമായ ആൽബർട്ട്‌ ഐൻസ്റ്റീൻ പറഞ്ഞതുപോലെ, മനുഷ്യസമൂഹത്തിലെ വേട്ടക്കാരന്റെയും ഇരകളുടെയും യുഗം അവസാനിക്കാറായി. സ്വതന്ത്രമത്സരം വഴി മറ്റുള്ളവരെ വേട്ടയാടി വിഴുങ്ങി സ്വയം വലിയ മീനാകാനുള്ള സ്വാതന്ത്ര്യമാണ് ഫ്യൂഡൽ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച മുതലാളിത്തം വ്യക്തികൾക്ക് നൽകിയത്.

മുതലാളിത്തത്തിന്റെ കുത്തകഘട്ടത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും തുടർന്ന് ആഗോളവൽക്കരണത്തിലേക്കുമുള്ള വളർച്ച ബഹുഭൂരിപക്ഷംപേരിൽ നിന്നും ഈ സ്വാതന്ത്ര്യം എടുത്തുകളഞ്ഞിരിക്കുന്നു. ഇന്ന് വേട്ടയാടുവാനും വിഴുങ്ങുവാനുമുള്ള സ്വാതന്ത്ര്യം ഒരു ചെറുന്യൂനപക്ഷം മഹാപ്രഭുക്കൾക്ക് മാത്രമാണ്. മറ്റുള്ളവരെ വിഴുങ്ങുവാനുള്ള ആഗോള ഫൈനാൻസ് പ്രഭുക്കൾക്കുള്ള ഈ സ്വാതന്ത്ര്യത്തെ തകർത്തുകൊണ്ടും സ്വന്തം കഴിവുകൾ സർവ്വതോന്മുഖമായി വികസിപ്പിച്ചുകെണ്ടും അത് മനുഷ്യരാശിയുടെ സേവനത്തിന് ഉപയോഗപ്പെടുത്തുവാനുള്ള വ്യവസ്ഥയാണ് സോഷ്യലിസം.

മാർക്‌സ് പറഞ്ഞതുപോലെ, മേഘങ്ങളുടെ ഇടയിൽ പോയൊളിച്ചിരിക്കുന്ന മാലാഖമാരെയും ദൈവത്തെയും മാത്രമല്ല, ദൈവരാജ്യത്തെത്തന്നെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരലാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. മുതലാളിത്തം സൃഷ്ടിച്ച അസമത്വങ്ങളിൽ നിന്നുള്ള മോചനമാണ് സോഷ്യലിസമെന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 1 =

Most Popular