Monday, May 13, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍അറാക്കൽ കുഞ്ഞിരാമൻ: മൊറാഴ ചെറുത്തുനിൽപിന്റെ നായകൻ

അറാക്കൽ കുഞ്ഞിരാമൻ: മൊറാഴ ചെറുത്തുനിൽപിന്റെ നായകൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 17

രിക്കൂർ ഫർക്കയിലെ കയരളത്തെ ഒരു പോക്കിരിക്കുട്ടിയായിരുന്നു അറാക്കൽ കുഞ്ഞിരാമൻ. തൊള്ളായിരത്തി മുപ്പതുകളുടെ മധ്യേ ഒരുനാൾ കേരളീയൻ കയരളത്ത് യുവജനവായനശാലക്കടുത്ത് നിൽക്കുകയാണ്. കർഷകസംഘം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളീയൻ ഏതാനും ദിവസം ആ മേഖലയിലെ പ്രവർത്തനത്തിന് എത്തിയതാണ്. മുമ്പിലത്തെ വയലിൽ കുട്ടികൾ കബഡി കളിക്കുന്നു. അപ്പോൾ അങ്ങോട്ടേക്ക് കരുത്തനായ ഒരു കുട്ടി കടന്നുവരികയാണ്. ‘‘അയ്യോ അവനെ കൂട്ടിയില്ലെങ്കിൽ കുഴപ്പമാകും’’. ആരോ വേവലാതിയോടെ പറയുന്നതുകേട്ട കേരളീയൻ ചോദിച്ചു: ‘‘അതെന്താ അവൻ അത്ര പോക്കിരിയാണോ’’. അത് അറാക്കൽ കുഞ്ഞിരാമനാണെന്നും മറ്റ് വിവരങ്ങളാകെയും കേരളീയൻ മനസ്സിലാക്കി. കർഷക സംഘത്തിലേക്ക് അന്നുതന്നെ റിക്രൂട്ട്മെന്റും നടന്നു. ചിറക്കൽ താലൂക്കിൽ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വംനൽകിയ അറാക്കൽ എന്ന വിപ്ലവകാരിയുടെ തുടക്കം.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിറക്കൽ താലൂക്ക് വളന്റിയർ ക്യാപ്റ്റനാണ് അറാക്കൽ. 1940 സെപ്റ്റംബർ 15ന്റെ മൊറാഴ ചെറുത്തുനില്പിന്റെ യഥാർഥ നായകൻ താനല്ല, അറാക്കലാണെന്ന് കെ.പി.ആർ.ഗോപാലൻ പിൽക്കാലത്ത് വ്യക്തമാക്കുകയുണ്ടായി. സെപ്റ്റംബർ 15ന് കോൺഗ്രസ്സാണ് പ്രതിഷധദിനാചരണത്തിന് ആഹ്വാനംചെയ്തത്. കോൺഗ്രസ് അന്ന് ഫലത്തിൽ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലാണ്. സെക്രട്ടറിയെന്ന നിലയിൽ കെ.ദാമോദരനാണ് പ്രതിഷേധദിനാചരണത്തിന് ആഹ്വാനം ചെയ്തത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം നിലവിൽവന്നെങ്കിലും പരസ്യമായി പുറത്തുവരാതെ കോൺഗ്രസ്സിനകത്തുതന്നെ പ്രവർത്തിക്കുന്നു. ത്രിവർണപതാകയും കർഷകസംഘത്തിന്റെ ചെങ്കൊടിയുമായാണ് അന്നത്തെ പരിപാടി. മൊറാഴയിൽ ഏറ്റവും ഒടുവിലെത്തിയ ജാഥകൾ കയരളം ഭാഗത്തുനിന്നുള്ളതാണ്. വളന്റിയർ ക്യാപ്റ്റൻ അറാക്കലും വൈസ് ക്യാപ്റ്റൻ രൈരു നമ്പ്യാരും നയിച്ച ജാഥകൾ എത്തുമ്പോഴേക്കും സംഘർഷത്തിന് തുടക്കം കുറിച്ചിരുന്നു. കീച്ചേരിയിൽ നിരോധിച്ചതിനെ തുടർന്നാണ് മൊറാഴയിലേക്ക് മാറ്റിയത്. അവിടെയും നിരോധിച്ചപ്പോൾ അനുസരിക്കാൻ ജനങ്ങൾ തയ്യാറായില്ല. എസ്.ഐ. കുട്ടികൃഷ്ണമേനോൻ വിസിൽ മുഴക്കി പൊലീസിനെ ഫോളിൻ ചെയ്യിച്ചു. ഉടൻ കെ.പി.ആറിന്റെ നിർദേശാനുസരണം അറാക്കൽ, പാർട്ടിയുടെ വളന്റിയർമാരെ അണിനിരത്തി. അപ്പോഴേക്കും മുഴുവൻ പൊലീസുകാരും അറാക്കലിനുനേരെ പാഞ്ഞടുത്തു. എസ്.ഐ. കുട്ടികൃഷ്ണമേനോനുമായി അറാക്കലും രൈരു നമ്പ്യാരും ടി.ചാത്തുക്കുട്ടിയുമടക്കമുള്ളവർ നേരിട്ട് ഏറ്റുമുട്ടൽ. എസ്.ഐ. ലാത്തികൊണ്ടാണ് പെരുമാറുന്നത്. അറാക്കൽ കൈകൊണ്ടും. തല കീറി ചോരയിൽ കുളിച്ച് അറാക്കൽ. തൊട്ടടുത്ത് കടയുടെ ഒരു നിരപ്പലകയുമായി അറാക്കലിന്റെ പിന്നിലൂടെ ഒരു പൊലീസുകാരൻ. നിരപ്പലകകൊണ്ടുളള അടിയേറ്റതോടെ അറാക്കൽ വീണു. ഉടൻതന്നെ കെ.പി.ആർ കുതിച്ചെത്തി നിരപ്പലകയുമായി ആഞ്ഞുനിൽക്കുന്ന പൊലീസുകാരൻ അതോടെ നിലംപതിച്ചു. അയാൾ അവിടെത്തന്നെ മരിച്ചു. പരുക്കേറ്റ് ചോര ഒലിപ്പിച്ചുകൊണ്ടുതന്നെ എസ്.ഐ. കുട്ടികൃഷ്ണമേനോൻ പരാക്രമം തുടരുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും രംഗം മുഴുവൻ കെ.പി.ആറിന് കീഴ്പ്പെട്ടിരുന്നു. കുട്ടികൃഷ്ണമേനോനും മരിച്ചുവീണു. പരിക്കേറ്റ എസ്.ഐ. വീരാൻ മൊയ്തീൻ വെടിയുതിർത്തു. അറാക്കലിന് കാലിൽ വെടികൊണ്ടു. അറാക്കൽ മരിച്ചെന്ന വിവരം പ്രചരിച്ചു. വലിയ അറാക്കൽ എന്നറിയപ്പെടുന്ന അറാക്കൽ നാരായണൻ നമ്പ്യാരും ബന്ധുവായ പി.കെ.കൃഷ്ണൻ നമ്പ്യാരും (ഇരുവരും കർഷക സംഘത്തിന്റെ പ്രാദേശികനേതാക്കളാണ്) സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. അറാക്കലിനെ അപ്പഴേക്കും ഒരുവീട്ടിലേക്ക് മാറ്റിയിരുന്നു. വലിയ അറാക്കലിന്റെ നേതൃത്വത്തിൽ ഒരു ചാക്കിൽ കെട്ടിയെടുത്താണ് തോണിയിൽ കയറ്റി മുല്ലക്കൊടിയിൽ എത്തിച്ചത്. കയരളത്തെ കേളുപ്പണിക്കരുടെ ഒറ്റമൂലിയാണ് ചികിത്സ. തലയിലെ മുറിവുകൂടുന്നതിനുമുമ്പുതന്നെ മരുന്നുസഞ്ചിയുമായി നാടുവിട്ടു. പൊലീസ് നാടാകെ അരിച്ചുപൊറുക്കി. അറാക്കലിനെ ചികിത്സിച്ച കേളുപണിക്കരെ പൊലീസ് നിഷ്ഠുരമായി മർദിച്ചു. പണിക്കർക്ക്‌ മുഴക്കുന്നിലേക്ക് നാടുവിട്ടുപോകേണ്ടിവന്നു.

ഏതാനും ദിവസത്തിനകം പിടിയിലായ അറാക്കലിനെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. മൊറാഴ സംഭവത്തിൽ പരിക്കേറ്റ എസ്.ഐ. വീരാൻ മൊയ്തീന്റെ നേതൃത്വത്തിൽ ഇരുപതോളം പൊലീസുകാരാണ് മൂന്ന്‌ രാപ്പകൽ അറാക്കലിനെ കൈകാര്യംചെയ്തത്. മൊറാഴ കേസിൽ തലശ്ശേരി സെഷൻസ് കോടതി അറാക്കലിനെ വെറുതെവിട്ടെങ്കിലും സർക്കാരിന്റെ അപ്പീലിൽ മദിരാശി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരുവർഷം കണ്ണൂർ സെൻട്രൽ ജയിലിൽ. പിന്നീട് കോൺസെൻട്രേഷൻ ക്യാമ്പിന് സമാനമായ രാജമുൻട്രി ജയലിലേക്ക്. കെ.പി.ആറും അറാക്കലുമടക്കമുള്ള അഞ്ചുപേരെ ഭീകരരായി കണക്കാക്കി ദിവസേനയെന്നോണം മർദിക്കുകയായിരുന്നു. കാൽചങ്ങലയിട്ട്, കിടക്കാൻ പറ്റാത്ത വിധത്തിൽ ഏകാന്തതടവിൽ കെട്ടിയിടുകയായിരുന്നു. മദിരാശിയിൽ അധികാരത്തിൽവന്ന പ്രകാശം മന്ത്രിസഭയുടെ തീരുമാനപ്രകാരം 1946 ഒക്ടോബറിൽ അറാക്കൽ അടക്കമുള്ളവരെ ജയിൽമോചിതരാക്കി.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലടയ്‌ക്കപ്പെടുമ്പോൾ അറാക്കലിന്‌ 22 വയസ്സ് പിന്നിട്ടതേയുള്ളൂ. എന്നാൽ ഏതാനും മാസംമുമ്പ് അദ്ദേഹം വിവാഹിതനായിരുന്നു. അരോളിയിലെ മാധവിയമ്മയാണ് ഭാര്യ. ഭർത്താവ് ജയിലിലടയ്‌ക്കെപ്പെട്ട് പിന്നെയും മാസങ്ങളോളം ഭർത്തൃഗൃഹത്തിൽത്തന്നെയാണ് മാധവി കഴിഞ്ഞത്. വീരനായകന്റെ ഭാര്യ എന്ന നിലയിൽ അവർ പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെട്ട് പ്രസംഗിക്കുകയൊക്കെ ചെയ്തു. പി.സി.ജോഷി പങ്കെടുത്ത് 1943 മാർച്ചിൽ മലപ്പട്ടത്തുനടന്ന റാലിയിൽ അവർ പ്രസംഗിച്ചു. അങ്ങനെ അധികകാലംപോയില്ല. ഒരുദിവസം മാധവിയുടെ അച്ഛൻ അറാക്കൽ ഹൗസിലെത്തി നിർബന്ധിച്ചു. വീട്ടിലേക്ക് പോയേ പറ്റൂ. അങ്ങനെ മാധവി വഴങ്ങി. മാസങ്ങൾക്കകം അത് പുനർവിവാഹത്തിലെത്തി. ഈ സംഭവത്തിൽ മനംനൊന്ത മാധവിയുടെ സഹോദരൻ കെ.ഒ.പി.കരുണാകരൻ നമ്പ്യാർ അറാക്കലിന്റെ അനന്തരവളെ വിവാഹം ചെയ്തു. സി.പി.ഐ. എമ്മിന്റെ 23‐ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കാൻപോകുന്ന സന്ദർഭത്തിൽ (2022 മാർച്ച്) ഒരു സംഭവമുണ്ടായി. അറാക്കൽ കുഞ്ഞിരാമന്റെ സഹോദരപുത്രനായ സുകുമാരൻ എന്നെ വിളിച്ചുപറയുകയാണ്, ‘‘വല്ല്യച്ഛന്റെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നറിയുമോ’’. അവർക്ക് പഴയ കാര്യങ്ങളെല്ലാം ഓർമയുണ്ടത്രേ. 1939 അവസാനമോ 1940 ആദ്യമോ വിവാഹിതയായി 43ൽ പുനർവിവാഹിതയായി മക്കളും പേരമക്കളുമെല്ലാമായി കഴിയുന്ന പഴയ മിസിസ് അറാക്കൽ. അവരുടെ വീട് കണ്ടുപിടിച്ച് ഞങ്ങൾ അവിടെ പോയി. എത്രയോ കൊല്ലം മുമ്പ് മറന്നുപോയ ആ കാലം അവർക്കുമുന്നിൽ വീണ്ടും പ്രത്യക്ഷമായത് യാദൃച്ഛികമായാണ്. അവർ താമസിക്കുന്നത് മകളുടെ വീട്ടിലാണ്. മകളുടെ ഭർത്താവ് എൻ.ജി.ഒ. അസോസിയേഷൻ നേതാവായിരുന്നു. ആ വീട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട കടലാസുകളൊന്നുമെത്താറില്ല. പക്ഷേ ഒരുനാൾ എത്തി. പാർട്ടി കോൺഗ്രസ്സുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുൻകൂർ ഇറക്കിയ ഒരു സപ്ലിമെന്റ് കടലാസിൽ പൊതിഞ്ഞ് പലവ്യഞ്ജനം അവിടെയെത്തി. യാദൃച്ഛികമായി അത് നോക്കേേമ്പാൾ മൊറാഴ സമരം‐ അറാക്കൽ. അവർ ആ കടലാസ് ആരോടും ഒന്നും പറയാതെ ഭദ്രമായി സൂക്ഷിച്ചുവെച്ചതും ഇടയക്ക് അതെടുത്തു നോക്കുന്നതും മകളുടെയും മരുമകന്റെയും ശ്രദ്ധയിൽപ്പെട്ടു. രാഷ്ട്രീയപ്രവർത്തകനായ മരുമകൻ കാര്യങ്ങൾ തിരക്കി. വിസ്മയഭരിതരായ അവർ എ.ഐ.ആറിൽ എൻജിനിയറായ സുകുമാരനെ അറിയിക്കുകയായിരുന്നു. ഞങ്ങൾ അവരെ പോയിക്കണ്ടപ്പോൾ വിവാഹചടങ്ങിലെ മംഗളപത്രക്കവിതവരെ അവർ ഓർത്തെടുത്തുപാടി. 82 വർഷം മുമ്പ് നടന്നകാര്യങ്ങൾ. പി.സി.ജോഷി പങ്കെടുത്ത യോഗത്തിൽ പ്രസംഗിച്ചതുൾപ്പെടെ.. 1946‐ൽ അറാക്കലിനെ വിട്ടയച്ചപ്പോൾ അദ്ദേഹത്തെ ആനയിച്ചു നടന്ന പ്രകടനത്തിന്റെ ശബ്ദം വീട്ടിലിരുന്ന് കേട്ടതും. പ്രസവിച്ചുകിടക്കുകയായിരുന്നു അപ്പോൾ.

1946 ഒക്ടോബറിൽ ജയിൽമോചിതനായെത്തിയ അറാക്കൽ വീണ്ടും സജീവരാഷട്രീയപ്രവർത്തനം തുടങ്ങി. പാർട്ടിയുടെ വളന്റിയർ കോർ പുനസംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനം.അതിനിടയിൽ ആ വർഷംതന്നെ വീണ്ടും വിവാഹിതനായി. മൊറാഴ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സഹതടവുകാരൻ പി.വി.അച്യുതൻ നമ്പ്യാരുടെ സഹോദരി ജാനകി. വിവാഹം കഴിഞ്ഞ് അടുത്തദിവസംതന്നെ അവർ കണ്ണൂരിൽ സിനിമ കാണാൻപോയി. രാത്രി നഗരത്തിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് നാട്ടിലേക്ക് പോകാൻ ബസ്സിൽ വളപട്ടണത്തെത്തി. അവിടെനിന്ന് ബോട്ടിലാണ് പോകേണ്ടത്. ബോട്ട് പുറപ്പെടാനായി നിൽക്കുന്നു. അപ്പോഴാണ് വളപട്ടണം പൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ പാത്തുംപതുങ്ങിയും നിന്ന് മാടിവിളിക്കുന്നത്. അയാൾ അടുത്തുവന്ന് സ്വകാര്യമായി പറഞ്ഞത് ഉടൻ രക്ഷപ്പെടണമെന്നാണ്. കാവുമ്പായിയിൽ കരക്കാട്ടിടം നായനാരുടെ ആനക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു. പ്രധാന പ്രതി നിങ്ങളാണ്. അറസ്റ്റ് ചെയ്യാൻ പൊലീസ് ഓടിച്ചാടുകയാണ്. അറാക്കൽ ഭാര്യയോട് ഉടൻ ബോട്ടിൽ കയറി പോകാൻ പറഞ്ഞു. താൻ വൈകാതെ അങ്ങെത്തുമെന്നും.

പി.കൃഷ്ണപിള്ളയുടെ നിർദേശാനുസരണം അറാക്കൽ വൈക്കം മേഖലയിലേക്കാണ് പോയത്. രണ്ട് വർഷത്തോളം അവിടെ പാർട്ടി പ്രവർത്തനം. 1948 കാലത്ത് നേതാക്കളും പ്രവർത്തകരിൽ ഭൂരിഭാഗവും ജയിലിലോ ഒളിവിലോ ആയപ്പോൾ ഇരിക്കൂർഫർക്കയിൽ പ്രവർത്തനം മന്ദീഭവിച്ചു. പൊലീസിന്റെയും ഗുണ്ടകളുടെയും അതിക്രമം നാട്ടിൽ സ്വൈരജീവിതം അസാധ്യമാക്കി. പാർട്ടി നേതൃത്വത്തിന്റെ നിർദേശാനുസരണം അറാക്കൽ വീണ്ടുമെത്തി. ഒളിവിൽ കഴിഞ്ഞുകൊണ്ട് എല്ലായിടത്തും ഓടിയെത്തി, സംഘടനയെ ചലിപ്പിച്ചു. അറാക്കൽ തിരിച്ചെത്തിയ വിവരം പൊലീസിന് അറിയാമായിരുന്നു. അറാക്കലിന്റെ വീട് പൊലീസ് പലതവണ റെയ്‌ഡ് ചെയ്ത് ആക്രമിച്ചു. തളിപ്പറമ്പിൽ ഭാര്യ ജാനകിയുടെ വീട്ടിലുമുണ്ടായിരുന്നു പൊലീസ് അതിക്രമം. അറാക്കൽ ഭാര്യയെ രഹസ്യമായി സന്ധിക്കാറുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ പൊലീസുകാരെയും ഗുണ്ടകളെയും അറിയിച്ചു. അറാക്കലിനെ പിടിക്കാൻ പ്രത്യേക പൊലീസ് സംഘത്തെയും കോൺഗ്രസ്സിന്റെ സേവാദൾ സംഘത്തെയും നിയോഗിച്ചു. ജാനകിക്ക് ഗർഭമുണ്ടോ എന്ന് പരിശോധിക്കാൻ ജാനകിയെ കയരളത്തെ പൊലീസ് ക്യാമ്പിൽ വിളിച്ചുവരുത്തി. അമ്മ, സഹോദരൻ എന്നിവർക്കൊപ്പമാണ് ജാനകി പൊലീസ് ക്യാമ്പിൽ എത്തിയത്. പേറ്റിച്ചിയെ വിളിച്ചുകൊണ്ടുവന്ന് പരിശോധിപ്പിച്ചു. ഗർഭമില്ലെന്ന് അവർ വ്യക്തമാക്കി. അറാക്കലിനെയും പി.വി.കുഞ്ഞിരാമൻ നമ്പ്യാരെയും ഉടനെ ഹാജരാക്കിയില്ലെങ്കിൽ കാണുന്നിടത്തുവെച്ച് വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവരെ വിട്ടയച്ചത്. ജാനകിയുടെ സഹോദരനാണ് പി വി കുഞ്ഞിരാമൻ നമ്പ്യാർ. ഇരവരും മാവിച്ചേരി കൊലക്കേസിലും പ്രതികളായിരുന്നു. ജാനകിയെ വിട്ടയച്ചുവെങ്കിലും സർക്കിൾ ഇൻസ്പെക്ടർ ക്യാമ്പിലേക്കുതന്നെ തിരിച്ചുവിളിപ്പിച്ചു. ക്യാമ്പിൽ പിന്നീടെന്തു സംഭവിച്ചുവെന്നത് അവ്യക്തം. കടുത്ത പനിയോടെയാണ് പിറ്റേന്ന് ജാനകി തളിപ്പറമ്പിലെ വീട്ടിൽ തിരിച്ചെത്തിയത്. കിടപ്പിലായ അവർ പിന്നീട് എഴുന്നേറ്റതേയില്ല. ഏതാനും ദിവസങ്ങൾക്കകം മരണവും സംഭവിച്ചു.

അധികം വൈകാതെ അറാക്കലും കുഞ്ഞിരാമൻ നമ്പ്യാരും അറസ്റ്റിലായി. കണ്ണൂരിനടുത്ത് പുഴാതിയിലെ ഒരു വീടിന്റെ തട്ടിൻപുറത്തായിരുന്നു അവർ. രണ്ട് പിടികിട്ടാപ്പുള്ളികളെ കണ്ടെത്തിയിട്ടും അടുത്തുചെല്ലാൻ പൊലീസ് ഭയപ്പെട്ടു. ഒടുവിൽ അറാക്കൽ ഇരുകയ്യും ഉയർത്തി കീഴടങ്ങുന്നതായി അറിയിച്ചശേഷമാണ് അവർ അടുത്തുചെന്നത്. ആനക്കാരൻ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അറാക്കലിനെ 1957‐ൽ ഇ.എം.എസ്. സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മോചിപ്പിച്ചത്. 13 വർഷം ജയിലിലും മൂന്നുവർഷത്തിലേറെ ഒളിവിലും. കേരളത്തിൽ ഏറ്റവും കൂടുതൽകാലം ജയിലിൽ കഴിയേണ്ടിവന്ന കമ്മ്യൂണിസ്റ്റുകാരൻ. മാവിച്ചേരിയിൽ ഒരു ഒറ്റുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു.

ആനക്കാരൻ കൊലക്കേസിൽ അറാക്കൽ അറസ്റ്റിലായത് 1950 ജൂൺ 20‐നാണ്. അതിന് ഒന്നരമാസം മുമ്പാണ് പാടിക്കുന്നിൽ മൂന്ന് വിപ്ലവകാരികളെ പൊലീസ് വെടിവെച്ചുകൊന്നത്. അറാക്കലടക്കമുള്ളവരെ വെടിവെച്ചുകൊല്ലാനാണ് പൊലീസും കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചിരുന്നതെങ്കിലും പൊലീസിന്റെയോ ഗുണ്ടകളുടെയോ പ്രത്യേക സ്ക്വാഡുകൾ എത്രതന്നെ ശ്രമിച്ചിട്ടും ആ ഘട്ടത്തിൽ അറാക്കലിനെ പിടിക്കാനായിരുന്നില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 5 =

Most Popular