Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഇറ്റലിയിൽ തൊഴിലാളികൾ അടച്ചുപൂട്ടപ്പെട്ട ഫാക്ടറി ഏറ്റെടുക്കുന്നു

ഇറ്റലിയിൽ തൊഴിലാളികൾ അടച്ചുപൂട്ടപ്പെട്ട ഫാക്ടറി ഏറ്റെടുക്കുന്നു

ആര്യ ജിനദേവൻ

റ്റലിയിലെ ജികെഎൻ ഫാക്ടറി തൊഴിലാളികളുടെ സമരം ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. ഇറ്റലിയിലെ ഫ്ലോറൻസിനടുത്ത്‌ ക്യാന്പി സെൻസിയോയിൽ സ്ഥിതിചെഞയ്യുന്ന ജികെഎൻ ഫാക്ടറി യാതൊരു മുന്നറിയിപ്പും കൂടാതെ പാടെ അടച്ചുപൂട്ടുകയും തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിടുകയും ചെയ്‌ത മാനേജ്‌മെന്റ്‌ നടപടിക്കെതിരായി 900 ദിവസം നീണ്ട സമരത്തിനൊടുവിൽ ബദൽ ചരിത്രം കുറിച്ചു ഈ ഫാക്ടറി തൊഴിലാളികൾ. ഐക്യദാർഢ്യ ഫണ്ട്‌ പിരിവിലൂടെ ശേഖരിച്ച തുകകൊണ്ട്‌ ജികെഎൻ ഫാക്ടറി തൊഴിലാളികളുടെ സഹകരണസംഘം ഫാക്ടറി ഏറ്റെടുക്കുകയും കൂടുതൽ ആധുനിക സൗകര്യങ്ങളോടും തൊഴിലാളിസൗഹൃദ സമീപനത്തോടും കൂടിയ ഒന്നാക്കി അത്‌ വീണ്ടും തുറക്കുകയും ചെയ്‌തിരിക്കുന്നു. ഇരുട്ടിവെളുത്തപ്പോൾ ജീവിതമാർഗം വഴിമുട്ടിപ്പോയ 500 ഓളം തൊഴിലാളികൾക്ക്‌ തൊഴിൽ തിരിച്ചുകിട്ടിയിരിക്കുന്നു.

1994 വരെ ഡ്രൈവ്‌ ഷാഫ്‌റ്റുകൾ നിർമിക്കുന്ന ക്യാന്പി ബിസെൻസിയോയിലെ ഈ നിർമാണ പ്ലാന്റ്‌ ഫിയറ്റിന്റെ (Fiat) ഉടമസ്ഥതയിലായിരുന്നു. പിന്നീട്‌ ബ്രിട്ടീഷ്‌ മൾട്ടിനാഷണൽ കന്പനിയായ ജികെഎൻ ലിമിറ്റഡിന്‌ പ്ലാന്റ്‌ കൈമാറി. 2018ൽ ജികെഎന്നിന്റെ എല്ലാ പ്ലാന്റുകളും ബ്രിട്ടണിലെ നിക്ഷേപകരായ മെൽറോസ്‌ വാങ്ങി. 2021 ജൂലൈ 9ന്‌ 422 സ്ഥിരം തൊഴിലാളികളെയും 800 ഓളം താൽക്കാലിക തൊഴിലാളികളെയും പിരിച്ചുവിട്ടുകൊണ്ടുള്ള ഇ‐മെയിൽ സന്ദേങ്ങൾ അവർക്കോരോരുത്തർക്കും ലഭിച്ചു. നോട്ടീസോ മറ്റ്‌ യാതൊരു മുന്നറിയിപ്പുകളോ കൂടാതെ, മെൽറോസ്‌ പ്ലാന്റുകൾ അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും തീരുമാനിച്ചത്‌ ഇറ്റാലിയൻ ഗൺമെന്റിന്റെ പിന്തുണയോടെയായിരുന്നു.

ഇതിൽ പ്രതിഷേധിച്ചുകൊണ്ട്‌ FIOM‐GCGL എന്ന ലോഹത്തൊഴിലാളികളുടെ സംഘടനയിൽ മൂന്നേതന്നെ അഫിലിയേറ്റ്‌ ചെയ്‌തിരുന്ന ജികെഎൻ ഫാക്ടറി തൊഴിലാളികൾ പ്ലാന്റിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരുപ്പ്‌ സമരം ആരംഭിച്ചു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും പ്ലാന്റ്‌ തുറന്ന്‌ പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന ഈ പ്രക്ഷോഭത്തിന്‌ ഐക്യദാർുഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ `Let`s rise with the GKN workers` എന്ന മുദ്രാവാക്യമുർത്തിക്കൊണ്ട്‌ ഫ്ലോറൻസിലെ തൊഴിലാളിവർഗവും രാജ്യത്തെ മറ്റ്‌ ലോഹകമ്പനി തൊഴിലാളികളും മുന്നോട്ടുവന്നു. അവർ ക്യാമ്പി ബിസെൻസിയോയിലും ഫ്ലോറൻസിലുടനീളവും പണിമുടക്കും റാലികളും പ്രകടനങ്ങളും നടത്തുകയും ജികെഎന്നിലെ സമരംചെയ്യുന്ന തൊഴിലാളികൾക്ക്‌ സാമ്പത്തികസഹായം നൽകുകയും ചെയ്‌തു. ഇതിനിടയിൽ പിരിച്ചുവിടലിനും അടച്ചുപൂട്ടലിനുമെതിരെ ജികെഎന്നിലെ തൊഴിലാളികൾ കോടതിയിൽ പോകുകയും 2021 സെപ്‌തംബറിൽ പിരിച്ചുവിടൽ അന്യായമാണെന്നും ‘മെൽറോസ്‌’ കമ്പനി തൊഴിലാളികൾക്ക്‌ മൂന്നുമാസത്തെ ശമ്പളം നൽകണമെന്നും കോടതി ഉത്തരവിട്ടു.

തുടർന്നുള്ള മാസങ്ങളിൽ സമരംചെയ്യുന്ന തൊഴിലാളികളെ ഒഴിപ്പിക്കാനും പ്ലാന്റ്‌ വിൽക്കാനും മെൽറോസ്‌ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തൊഴിലാളികളുടെ സംഘടിതശക്തിക്കു മുമ്പിൽ അതെല്ലാം വിഫലശ്രമങ്ങളായി മാറി. ഒടുവിൽ, തൊഴിലാളികൾ ചേർന്ന്‌ എക്‌സ്‌‐ജികെഎൻ ഫോർ ഫ്യൂച്ചർ (ജിഎഫ്‌എഫ്‌) എന്ന സഹകരണ കൂട്ടായ്‌മ രൂപീകരിക്കുകയും ഇതേ പ്ലാന്റ്‌ ഏറ്റെടുത്ത്‌ യന്ത്രസംവിധാനങ്ങൾ പുതുക്കി മൊത്തത്തിൽ നവീകരിച്ച്‌ വീണ്ടും തുറക്കുകയും ചെയ്‌തു. അതിനുള്ള പണം രാജ്യത്താകെ വിപുലമായ ക്യാമ്പയിൻ നടത്തി തൊഴിലാളികളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും പിടിച്ചെടുത്ത്‌ ഇതൊരു പുതിയ ബദലാണ്‌. അതിജീവനത്തിന്‌ സംഘടിത സമരമല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത തൊഴിലാളികൾ സൃഷ്ടിച്ച ചരിത്രപ്രധാനമായ സോഷ്യലിസ്റ്റ്‌ ബദലായി ഇത്‌ അടയാളപ്പെടുത്തും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular