Friday, September 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻസുതാര്യത വേണ്ട, മോദിക്കൂറ് മതി 
സിഎജിയോട് കേന്ദ്രസർക്കാർ

സുതാര്യത വേണ്ട, മോദിക്കൂറ് മതി 
സിഎജിയോട് കേന്ദ്രസർക്കാർ

രാജ്യത്തെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വരവുചെലവു കണക്കുകളാകെ പരിശോധിക്കുന്നതിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നതിനുംവേണ്ടി ഇന്ത്യൻ ഭരണഘടനയുടെ 148 മുതൽ 151 വരെയുള്ള വകുപ്പുകൾപ്രകാരം അധികാരപ്പെടുത്തപ്പെട്ട പരമോന്നത സ്ഥാപനമാണ് സിഎജി (കംപ്-ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ). കൃത്യമായ ഇടവേളകളിൽ സിഎജി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും മറ്റും ചർച്ചയ്ക്കുവയ്ക്കുന്നു. സർക്കാർ പ്രവർത്തനങ്ങളിലെയും പദ്ധതികളിലെയും സുതാര്യത ഉറപ്പാക്കുന്നതിനും അവയെ അഴിമതിവിമുക്തമാക്കുന്നതിനും ജനാധിപത്യവേദിയിൽ അവലോകനം ചെയ്യുന്നതിനും സിഎജി റിപ്പോർട്ടുകൾ സഹായിക്കാറുണ്ട്. രാജ്യത്താകെ പടർന്നുകിടക്കുന്ന സിഎജി സംവിധാനത്തിൽ 40000ത്തിലേറെ പേർ പണിയെടുക്കുന്നുണ്ട്; രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ വരവു ചെലവുകണക്കുകൾ ഒാഡിറ്റു ചെയ്യുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ, സിഎജി എന്ന ഭരണഘടനാ സ്ഥാപനവും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീരാളിപ്പിടുത്തത്തിൽ വീർപ്പുമുട്ടുകയാണ്. കാര്യക്ഷമതയോടെയും പണിയെടുക്കുന്നത് സിഎജി നിർത്തലാക്കിയിരിക്കുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട് സിഎജി 2015ൽ ഇറക്കിയ റിപ്പോർട്ടുകളുടെ ആകെ എണ്ണം 55 ആയിരുന്നെങ്കിൽ 2020ൽ അത് 14 ആയി ചുരുങ്ങി, അതായത് 75 ശതമാനത്തോളം കുറവ്. സിഎജി റിപ്പോർട്ടുകളുടെ എണ്ണത്തിലുണ്ടായ ഈ ചുരുങ്ങൽ ഓരോ വർഷവും പടിപടിയായിട്ടായിരുന്നു – 2015ൽ 55, 2016ൽ 42, പിന്നെ 45, 23, 21, 14 എന്നിങ്ങനെ. 2017ൽ ഏഴ് ഡിഫൻസ് ഓഡിറ്റ് റിപ്പോർട്ടുകളിറക്കിയ സിഎജി പക്ഷേ 2020ൽ ഒറ്റയൊരെണ്ണം പോലും ഇറക്കാൻ തയ്യാറായില്ല. 2ജി അഴിമതി, കൽക്കരിപ്പാടം ലേലം, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ അഴിമതികളും ക്രമക്കേടുകളും ശക്തമായ റിപ്പോർട്ടുകളിലൂടെ പുറത്തുകൊണ്ടുവന്ന് മൻമോഹൻസിങ് സർക്കാരിനെ പ്രതികൂട്ടിൽ നിർത്തിയ സ്ഥാപനമാണ് സിഎജി എന്നോർക്കണം.

എന്താണിപ്പോൾ സിഎജിയിൽ സംഭവിക്കുന്നത്? ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ഏതാനും ഉദ്യോഗസ്ഥർ അതിനെ സ്വതന്ത്ര സ്ഥാപനമായി നിലനിർത്തുവാൻ ശ്രമിക്കുമ്പോൾ അവർ ശിക്ഷിക്കപ്പെടുന്നു; പുറത്താക്കപ്പെടുന്നു; മാനസികമായി വലിയ തോതിൽ സമ്മർദ്ദം നേരിടേണ്ടിവരുന്നു. പാർലമെന്റിന്റെ 2023ലെ മൺസൂൺ സെഷനിൽ 12 സിഎജി റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കകം തന്നെ, കേന്ദ്ര ഗവൺമെന്റിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന ആ ഓഡിറ്റ് റിപ്പോർട്ടുകളുടെ ഭാഗമായിരുന്ന സിഎജി ഉദ്യോഗസ്ഥരെ തുടരെത്തുടരെ സ്ഥലംമാറ്റി. സ്ഥലംമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിലൊരാളായ ദത്തപ്രസാദ് സൂര്യകാന്ത് ശിർസത് ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ നടത്തിപ്പ് ഓഡിറ്റു ചെയ്ത ഉദ്യോഗസ്ഥനാണ്. അദ്ദേഹം 28 സംസ്ഥാനങ്ങളിലായി 161 ജില്ലകളിലെ 964 ആശുപത്രികൾ ഓഡിറ്റ് ചെയ്തു; അദ്ദേഹം കണ്ടെത്തിയ വസ്തുതകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു: ആശുപത്രി രേഖകളിൽ, 2.25 ലക്ഷം കേസുകളിൽ രോഗികളെ ഡിസ്ചാർജു ചെയ്ത തീയതിക്കുശേഷമുള്ള തീയതിയിലാണ് സർജറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. അത്തരം 1.79 ലക്ഷത്തിലധികം കേസുകൾ മഹാരാഷ്ട്രയിൽ കണ്ടു; അതിലൂടെ ക്ലെയിം ചെയ്തിട്ടുള്ളത് 300 കോടിയിലധികം രൂപയാണ്. 1.57 ലക്ഷം സംഭവങ്ങളിൽ ഉപഭോക്താക്കൾ ഇരട്ടിപ്പും ഉണ്ടായതായി ദത്താപ്രസാദിന്റെ ഓഡിറ്റുവഴി വ്യക്തമായി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഉടനടി ശിക്ഷയും ലഭിച്ചു.

ഹെെവേ പ്രോജക്ടുകൾ ഓഡിറ്റു ചെയ്ത അതൂർവ സിൻഹ, ദ്വാരക എക്സ്പ്രസ്-വേ പ്രോജക്-റ്റിൽ പരിധിയിൽ കവിഞ്ഞ ചെലവു തുക എടുത്തിട്ടുള്ളതായി കണ്ടെത്തി. കിലോമീറ്ററിന് 18 കോടി രൂപ ചെലവു വരുന്നിടത്ത് 250 കോടി രൂപയാക്കി പെരുപ്പിച്ചു കാണിച്ചിരിക്കുന്ന തുക സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യാതൊരു സംശയവുംകൂടാതെ അനുവദിച്ചുകൊടുത്തിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി; ഉടനടിതന്നെ സ്ഥലംമാറ്റ ഉത്തരവും കെെയിൽ കിട്ടി. ഈ വിഷയങ്ങളെല്ലാം പാർലമെന്റിലും പുറത്തും ഉയർത്തുവാൻ പ്രതിപക്ഷം ശ്രമിച്ചുവെങ്കിലും തെറ്റുകൾ അംഗീകരിക്കുവാനോ പേരിനെങ്കിലും ഒരു നടപടിയെടുക്കുവാനോ കേന്ദ്ര ഗവൺമെന്റ് തയ്യാറായില്ല. മാധ്യമങ്ങളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം പ്രധാന ശത്രു പ്രതിപക്ഷവും പൗരസമൂഹവുമാണ്; മോദി ഗവൺമെന്റ് ഇഷ്ട സുഹൃത്തും.

നിലവിൽ ഇന്ത്യയുടെ സിഎജി തലവൻ ഗിരീഷ് മുർമ്മുവാണ്. ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായ അയാൾ മോദിയുടെ അനുയായിയും വിനീതവിധേയ ദാസനുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നാനാവതി കമ്മിഷനു മുൻപിൽ മൊഴിമാറ്റാൻ ഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാറിനുമേൽ സമ്മർദ്ദം ചെലുത്തി ഈ മോദി ശിങ്കിടി; അന്ന് മുർമ്മു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അങ്ങനൊരാൾ തലപ്പത്തിരിക്കുമ്പോൾ ഇനിയങ്ങോട്ടുള്ള സർക്കാരിന്റെ ഓഡിറ്റു രേഖകൾ തികച്ചും അതാര്യവും മോദിക്കൂറ് കലർത്തിയിട്ടുള്ളതുമായിരിക്കുമെന്ന് തീർച്ച. ഇതിനൊന്നും കൂട്ടുനിൽക്കാത്ത സിഎജി ഉദ്യോഗസ്ഥർ ഇനിമേൽ പടിക്കുപുറത്തും. ഏറ്റവുമൊടുവിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചില പ്രധാന വകുപ്പുകളിൽ ഓഡിറ്റ് നടത്തേണ്ടതില്ലെന്ന് ഉത്തരവും നൽകിയിരിക്കുന്നു. ഓഡിറ്റ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ തകർക്കാനുള്ള വഴി മാത്രമായിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − nine =

Most Popular