ഓർക്കുന്നുണ്ടോ 2014ൽ മോദി ആദ്യമായി ലോക്-സഭാംഗമായി കാലുകുത്തിയ ദിവസം! 2014 മെയ് 20ന്റെ ഡെക്കാൺ ഹെറാൾഡ് പത്രം ഇത് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: After alighting from the car, modi bent his forehead and touched the steps before entering the building for the meeting of his party’s Parliamentary Party where he was elected its leader. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനായി ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ മോദി അതിന്റെ മുഖ്യകവാടത്തിലെ പടിക്കെട്ടുകളിൽ സാഷ്ടാംഗം നമസ്കരിച്ചാണ് ‘ആദരവോടെ’ അകത്ത് കടന്നതെന്ന്! ആർഎസ്-എസിന്റെ മുഖപ്രചാരകനായിരുന്ന മോദിയെ സംബന്ധിച്ചിടത്തോളം പാർലമെന്റ് എന്നാൽ ജനാധിപത്യപരമായ സംവാദങ്ങൾക്കും അഭിപ്രായരൂപീകരണത്തിനുമുള്ള, അങ്ങനെ രാജ്യത്തിന്റെ ഭാവിനയങ്ങൾക്കും നിയമങ്ങൾക്കും രൂപംനൽകാനുള്ള ഇടമല്ല. മറിച്ച്, നമസ്കരിക്കാനും പൂജിക്കാനുമുള്ള സ്ഥലംമാത്രം.
2014 മുതൽ ഇന്നേവരെയുള്ള മോദിക്കാലത്തെ പാർലമെന്ററി അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്, പാർലമെന്റിനെ പ്രണമിച്ചുകൊണ്ട് മോദി അകത്തുകടന്നത് പാർലമെന്ററി ജനാധിപത്യവ്യവസ്ഥയെ തന്നെ തകർത്തു തരിപ്പണമാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ്. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രത്തിൽ പാർലമെന്ററി സംവിധാനത്തിനും ജനാധിപത്യത്തിനും ഇടമില്ലല്ലോ. കോർപറേറ്റുകൾക്കും അതൊന്നും അത്ര ഇഷ്ടമുള്ള ഏർപ്പാടുകളല്ല.
നമ്മുടെ പാർലമെന്ററി ചരിത്രത്തിൽ ഇത്ര കുറച്ചുമാത്രം പാർലമെന്റിൽ കയറിയിട്ടുള്ള മറ്റൊരു പ്രധാനമന്ത്രി ഉണ്ടാവില്ല. പ്രധാനമന്ത്രി കെെകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്കും ചർച്ചകൾക്കും അദ്ദേഹംതന്നെ മറുപടി പറയുകയെന്ന കീഴ്-വഴക്കം മോദിയുടെ വരവോടെ നിർത്തലാക്കി. പാർലമെന്റംഗങ്ങളുടെ, അതായത് രാജ്യത്തെ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ ബാധ്യസ്ഥനല്ല എന്ന ഹുങ്കാണ് മോദിക്ക്. ഇടയ്ക്കിടെ (അതും അനിവാര്യമായി വരുമ്പോൾ മാത്രം) മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം വായിക്കുകയല്ലാതെ പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ ഇടപെടുന്നതിനുപോലും മോദി തയ്യാറായിട്ടില്ല, അഥവാ അതിനുള്ള ശേഷി അദ്ദേഹത്തിനില്ല!
പൗരത്വ നിയമഭേദഗതി, കാശ്മീരിന്റെ സംസ്ഥാന പദവിയും 370, 35 എ വകുപ്പുകളും റദ്ദ് ചെയ്യൽ തുടങ്ങിയവ പാർലമെന്റിൽ അവതരിപ്പിച്ച രീതിതന്നെ പാർലമെന്ററി നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനമാണ്. അംഗങ്ങൾക്ക് മുൻകൂട്ടി ബില്ലുകളുടെ പകർപ്പുനൽകുകയോ അജൻഡയിൽ ഉൾപ്പെടുത്തുകയോ പോലും ചെയ്യാതെ സർജിക്കൽ സ്ട്രൈക്കുപോലെ (മിന്നലാക്രമണം) അമിത് ഷാ അവിചാരിതമായി ഭേദഗതി ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുകയും ചർച്ചയൊന്നുമനുവദിക്കാതെ പാസ്സായതായി സ്പീക്കർ പ്രഖ്യാപിക്കുകയുമാണുണ്ടായത്. നിയമസഭയുടെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങൾ പാർലമെന്റിൽ കൊണ്ടുവരാനാകൂ എന്ന നിയമവ്യവസ്ഥ മറികടക്കുന്നതിനായി ജമ്മു–കാശ്മീർ നിയമസഭ തന്നെ മുൻകൂട്ടി പിരിച്ചുവിടുകയായിരുന്നു ബിജെപി ഗവൺമെന്റ്. അതായത് ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഗൂഢാലോചനയിലൂടെ തങ്ങളുടെ അജൻഡകൾ നടത്തിയെടുക്കുകയായിരുന്നുവെന്നർഥം.
പാർലമെന്റിന്റെ പ്രവർത്തനം സുഗമമായി നടത്തുകയെന്നത് ഭരണകക്ഷിയുടെ ആവശ്യമാണ്. എന്നാൽ ബിജെപി ഭരണത്തിൽ മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും തന്നെ സഭയിൽ ബഹളമുണ്ടാക്കി പാർലമെന്റിന്റെ പ്രവർത്തനം അവതാളത്തിലാക്കുകയും അതിനിടയിൽ ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ സുപ്രധാന ബില്ലുകൾ പാസ്സാക്കിയെടുക്കുകയും ചെയ്യുന്ന ശെെലിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കർഷകബില്ലുകൾ പാസ്സാക്കിയത് പാർലമെന്റിൽ മതിയായ ചർച്ച നടത്താതെയാണ്. ഏറ്റവുമൊടുവിൽ ഐപിസി, സിആർപിസി, തെളിവ് നിയമം, മാധ്യമരജിസ്ട്രേഷൻ നിയമം, ഇലക്ഷൻ കമ്മീഷൻ നിയമന നിയമം എന്നിവയെല്ലാം പാസ്സാക്കിയത് പാർലമെന്റിന്റെയോ പാർലമെന്ററി സമിതികളുടെയോ പരിശോധന കൂടാതെയാണ്. അങ്ങനെ നിയമനിർമാണത്തെ തന്നെ പ്രഹസനമാക്കിയിരിക്കുകയാണ്.
ഇന്ത്യൻ പാർലമെന്റിനുനേരെ സ്വാതന്ത്ര്യാനന്തരം രണ്ടു തവണയാണ് ആക്രമണം നടന്നത്– 2001ലും 2023ലും. രണ്ടുതവണയും ബിജെപി തന്നയായിരുന്നു അധികാരത്തിൽ. സമഗ്രമായ അനേ-്വഷണത്തിന് അവർ തയ്യാറായിട്ടില്ല. 2023ൽ നടന്ന ആക്രമണം സംബന്ധിച്ച് ചർച്ച നടത്താനോ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്താനോപോലും തയ്യാറായില്ല. നേരെമറിച്ച്, അതിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. അങ്ങനെ പ്രതിപക്ഷത്തെ പൂർണമായും ഒഴിവാക്കിയാണ് സുപ്രധാനമായ ബില്ലുകൾ പാസ്സാക്കിയെടുത്തത്. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തകരാണ് തങ്ങൾ എന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ♦