2014 ജൂണിൽ സുപ്രീംകോടതി കൊളീജിയം നാല് ജഡ്ജിമാരുടെ പട്ടിക, സുപ്രീംകോടതിയിൽ നിയമിക്കുന്നതിനായി കേന്ദ്ര സർക്കാരിനു നൽകി. അതിൽ ഗോപാൽ സുബ്രഹ്മണ്യത്തെ ഒഴികെ എല്ലാവരെയും കേന്ദ്ര സർക്കാർ നിയമിച്ചു. സർക്കാരിന്റെ ഏകപക്ഷീയമായ ഈ വേർതിരിക്കലിനെതിരെ ചീഫ് ജസ്റ്റിസ് ശക്തമായി പ്രതിഷേധിച്ചു. മുൻകാലങ്ങളിൽ സുപ്രീംകോടതിയുടെ കൊളീജിയം കൊടുക്കുന്ന പട്ടികയിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ കൊളീജിയത്തിന് തിരിച്ചയകയ്ക്കുകയോ വിശദീകരണം ചോദിക്കുകയോ ആയിരുന്നു പതിവ്. സുപ്രീംകോടതി ഒരിക്കൽകൂടി അതേ പട്ടിക അയയ്ക്കുകയോ വിശദീകരണം നൽകുകയോ ചെയ്താൽ അതംഗീകരിച്ച് കേന്ദ്ര സർക്കാർ നിയമനം നടത്തുമായിരുന്നു. എന്നാൽ മോദി ആ പതിവ് മാറ്റി, പട്ടികയിലെ ഒരാളെ ഒഴിവാക്കിയതിലൂടെ.
ഗോപാൽ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതിന് ഒരു കാരണമുണ്ടായിരുന്നു. അതായത്, അദ്ദേഹമായിരുന്നു സൊഹ്റാബുദ്ദീൻ കേസിൽ അമിക്കസ് ക്യൂറിയായി പ്രവർത്തിച്ചത്. ആ കേസിലാണ് കോടതി അമിത്ഷായെ പ്രതിചേർക്കുകയും രണ്ടാഴ്ചയിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലടയ്ക്കുകയും ചെയ്തത്. ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശുപാർശ കണക്കിലെടുത്താണ് 2010ൽ സുപ്രീംകോടതി അമിത്ഷായെ ഗുജറാത്തിലേക്ക് കടക്കുന്നത് വിലക്കിയത്. അതിന്റെ പ്രതികാരമായാണ് ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ മോദി സർക്കാർ വിസമ്മതിച്ചത്. സിബിഐയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഗോപാൽ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതിരുന്നതത്രേ! എന്നാൽ ആഴ്ചകൾക്കകം ഇതേ സിബിഐ തന്നെ അദ്ദേഹത്തെ കൽക്കരി കുംഭകോണകേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചുവെന്നതാണ് വിരോധാഭാസം. സംഘപരിവാറിന്റെ അഭിലാഷമനുസരിച്ചാണ് സിബിഐ അദ്ദേഹത്തിനെതിരെ റിപ്പോർട്ട് നൽകിയതെന്ന് വ്യക്തമാണ്.
എന്തായാലും താൻ ജഡ്ജിയാകാനില്ല എന്ന നിലപാടെടുത്ത ഗോപാൽ സുബ്രഹ്മണ്യം പ്രവചനസ്വഭാവമുള്ള വാക്കുകളാണ് പ്രസ്താവനയിൽ ചേർത്തത്: നിലവിലെ കേന്ദ്ര ഭരണാധികാരികൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കില്ല എന്നും. കാലക്രമേണ പോലും അത് മാറാൻ ഇടയില്ല എന്നും അദ്ദേഹം പറഞ്ഞത് പ്രവചനംപോലെ ഇന്നും നിൽക്കുന്നു.
ഈ സംഭവത്തിനുപിന്നാലെ ജുഡീഷ്യൽ നിയമനത്തിന് കൊളീജിയത്തെ ഒഴിവാക്കാൻ ഒരു പ്രത്യേകസംവിധാനം കൊണ്ടുവരുന്നതിൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ ബിൽ കൊണ്ടുവരാൻ മോദി സർക്കാർ തീരുമാനിച്ചു. 2013ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇതേ ബില്ല് പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ ബിജെപിയുടെ എതിർപ്പുമൂലം അത് പാസാക്കാതെപോയി എന്നോർക്കണം. എന്നാൽ 2014ൽ ബിജെപി ഈ ബില്ല് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് അതിനെ പിന്തുണച്ചു. അങ്ങനെ ആ നിയമം പാസായി. എന്നാൽ സുപ്രീംകോടതി 2015 ഒക്ടോബറിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ്സ് കമ്മീഷൻ നിയമം റദ്ദുചെയ്തു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഈ നിയമം എന്നുള്ള നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. എന്നാൽ 2017ൽ ജസ്റ്റിസ് കേഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായതോടെ കേന്ദ്ര സർക്കാരുമായുള്ള സുപ്രീംകോടതിയുടെ ബന്ധത്തിൽ അയവുണ്ടാകാൻ തുടങ്ങി. എന്നാൽ, ആധാർ കേസിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു പൂർണമായും വഴിപ്പെടാൻ തയ്യാറായില്ല. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായതിനെത്തുടർന്ന് കേന്ദ്ര സർക്കാരിന് ഒത്തുനീങ്ങാൻ തയ്യാറാകുന്നതായാണ് കണ്ടത്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അനേ-്വഷണം ആവശ്യപ്പെട്ട് 2018 ജനുവരിയിൽ ബോംബെലോയേഴ്സ് അസോസിയേഷൻ ഫയൽചെയ്ത കേസ് തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധി.
എന്നിട്ടും, കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ മുട്ടുക്കുത്തിക്കുന്നതിനുള്ള നീക്കങ്ങളാണ് തുടർന്നത്. അതിന്റെ ഒരുദാഹരണമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെയും ജസ്റ്റിസ് കെ എം ജോസഫിനെയും സുപ്രീംകോടതിയിൽ നിയമിക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കാതെ മൂന്ന് മാസം അതിന്മേൽ അടയിരിക്കുകയും, പിന്നീട് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിയമനംമാത്രം അംഗീകരിക്കുകയും ചെയ്തത്. ഉത്തരാഖണ്ഡ് ഹെെക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ജസ്റ്റിസ് കെ എം ജോസഫ്, ആ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര നടപടിയെ റദ്ദുചെയ്തതിന്റെ പകവീട്ടലായിരുന്നു പ്രകടിപ്പിക്കപ്പെട്ടത്. സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ജോസഫിനെ ശുപാർശ ചെയ്ത നടപടിയിൽ ഉറച്ചുനിന്നപ്പോൾ 2018 ജൂലെെ 16ന് കേന്ദ്ര സർക്കാർ അദ്ദേഹത്തെ നിയമിക്കാൻ നിർബന്ധിതമായി.
ഏറ്റുമുട്ടൽ ഒഴിവാക്കാൻ കൊളീജിയം പട്ടികയിൽ സംഘപരിവാറിന് സ്വീകാര്യരായവരെക്കൂടി ഉൾപ്പെടുത്താൻ പല ഘട്ടങ്ങളിലും സുപ്രീംകോടതി തയ്യാറായിട്ടുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽപോലും കേന്ദ്ര സർക്കാർ തങ്ങൾക്ക് സ്വീകാര്യരായവരെ മാത്രം നിയമിക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യുന്ന നിലപാടാണ് തുടർന്നത്. അതായത് ജുഡീഷ്യറി എത്രമാത്രം വഴങ്ങിയാലും ബിജെപി സർക്കാർ ആ സംവിധാനത്തെ പാതാളത്തോളം ചവിട്ടിത്താഴ്ത്താനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതിയുടെമേൽ ബിജെപിയും കേന്ദ്ര സർക്കാരും സർവവിധത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നതിന്റെ പ്രതിഫലനം പല പ്രമാദമായ കേസുകളിലെയും വിധിന്യായങ്ങളിൽ കാണാം. ♦