ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 91-–ാം വാര്‍ഷികാഘോഷങ്ങള്‍ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ജാതിചിന്ത വെടിഞ്ഞ് മാനവികതയിലൂന്നിയ ഐക്യബോധം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ശിവഗിരി തീര്‍ത്ഥാടനത്തിന് ശ്രീനാരായണ ഗുരു അനുവാദം നല്‍കിയത്. ചരിത്രത്തിലിടംപിടിച്ച മറ്റു ചില സംഭവങ്ങളുടെയും ശതാബ്ദിയാചരണ വേളയാണിത്. അതിലേറ്റവും പ്രധാനം ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യന്‍ കൂടിയായ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദിയാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും അനാചാരങ്ങളാണെന്നും കാലഹരണപ്പെട്ടതാണെന്നും തിരിച്ചറിഞ്ഞ ജ്ഞാനയോഗികളും കര്‍മ്മയോഗികളുമായിരുന്നു അവര്‍ ഇരുവരും. നിലവിലിരിക്കുന്ന ആചാരങ്ങള്‍ അനാചാരങ്ങളാണെന്ന് തിരിച്ചറിയുകയും അവയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെയാണ് നവോത്ഥാനം എന്നു പറയുന്നത്. അതിനു നേതൃത്വം കൊടുത്ത യോഗിവര്യരായിരുന്നു ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും.
ശ്രീനാരായണ ഗുരു എങ്ങനെയാണ് കേരളത്തെ മാറ്റിപ്പണിതത്? ഒരുകാലത്ത് എല്ലാ സാമൂഹിക നിയമങ്ങളും നീതിപ്രമാണങ്ങളും ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊണ്ട് മലീമസമായ അയിത്ത വ്യവസ്ഥ സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ സാമൂഹികമായി അകറ്റിനിര്‍ത്തുക മാത്രമല്ല, സാമ്പത്തികമായി ചൂഷണം ചെയ്തുകൊണ്ടുമിരുന്നു. അവര്‍ണര്‍ മണ്ണില്‍ അധ്വാനിക്കണം. എന്നാല്‍, അധ്വാനഫലം ഭൂവുടമകളായ സവര്‍ണര്‍ക്ക് അവകാശപ്പെട്ടതാണ്. അതിനുംപുറമെ, ലോകത്തൊരിടത്തും ഏറ്റവും ഇരുളടഞ്ഞ കാലഘട്ടത്തില്‍പ്പോലുമില്ലാത്ത തരത്തിലുള്ള നികുതികള്‍ അവര്‍ണര്‍ക്കുമേല്‍ ചുമത്തിയിരുന്നു.
ഒരുപാട് അനാചാരങ്ങള്‍ സമൂഹത്തെയാകെ ഗ്രസിച്ചിരുന്നു. ജീര്‍ണിച്ച ആചാരങ്ങളും അന്യായമായ നികുതിഭാരങ്ങളും അയിത്തവും ഭൂപ്രമാണിമാരുടെ ഭീഷണികളും ഒക്കെയായി മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ജീവിതം ദുസ്സഹമായ അവസ്ഥ. മനുഷ്യത്വം പാടേ അസ്തമിച്ച ഒരു ചരിത്രഘട്ടത്തില്‍, എല്ലാം മനുഷ്യവിരുദ്ധമായ ഘട്ടത്തില്‍, ഉയര്‍ന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരു.
സമൂഹത്തെയും ജീവിതത്തെയും മനുഷ്യത്വവത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗുരുവിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി.
ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരളചരിത്രത്തിലെ മഹത്-സംഭവമായി. ജാതിവ്യവസ്ഥയുടെ ഘടനയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന സാമൂഹിക നടപടിയായി. ജാതിവ്യവസ്ഥയുടെ പല്ലും നഖവും കൊഴിച്ച പില്‍ക്കാലത്തെ കാര്‍ഷികബന്ധ, – ഭൂപരിഷ്‌കരണ നിയമനടപടികള്‍ ഭരണരംഗത്തുണ്ടായതില്‍പ്പോലും അതിന്റെ സ്വാധീനം കാണാം.
അയിത്ത നിരോധന പ്രസ്ഥാനത്തിന്റെയും പൗരസമത്വ ബോധത്തിന്റെയും വൈക്കം, – ഗുരുവായൂര്‍, പാലിയം സത്യഗ്രഹങ്ങളുടെയുമെല്ലാം ഊര്‍ജ്ജകണങ്ങള്‍ ആ പ്രതിഷ്ഠാ നടപടിയിലുണ്ട്. വലിയ ഒരു സാമൂഹ്യ നവോത്ഥാന പോരാട്ട പ്രസ്ഥാനത്തിന്റെ ആരംഭമായിരുന്നു അത്. അതുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാട്, ഗുരുവിന്റെ ജീവിതാനുഭവങ്ങള്‍ ഓരോ കേരളീയ കുടുംബത്തിലെയും കെടാവിളക്കായി പ്രശോഭിക്കണം എന്ന് പിന്നീട് രേഖപ്പെടുത്തിവെച്ചത്.
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയില്‍ വിളിച്ചുചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികവും നമ്മള്‍ ആചരിക്കാന്‍ പോവുകയാണ്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ സര്‍വമത സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത് എന്ന പ്രഖ്യാപനം മതാന്ധത ബാധിച്ചവർക്കുള്ള ഉണര്‍ത്തുപാട്ടാണ്. ‘പലമത സാരവുമേകം’ എന്ന ഗുരുസൂക്തം തുറന്ന ചര്‍ച്ചയിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്നത്.
ജാതിവിവേചനം അടിച്ചേല്‍പ്പിച്ച സഞ്ചാരവിലക്കിനെതിരെ നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷം നടക്കുന്നതും ഇക്കാലത്താണ് എന്നത് വളരെ പ്രസക്തമാണ്. ക്ഷേത്രപ്രവേശനത്തിനും ആരാധനയ്ക്കും വേണ്ടിയല്ല ക്ഷേത്രമതിലിനു ചുറ്റുമുള്ള പൊതുവഴികളില്‍ കൂടി ജാതി-മതഭേദമന്യേ എല്ലാവര്‍ക്കും സഞ്ചരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു വൈക്കം സത്യഗ്രഹം. പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ഭക്തിയായാലും വിഭക്തിയായാലും അതിന്റെ പിന്നിലൊരു രാഷ്ട്രീയമുണ്ടെന്നതും സമൂഹത്തെ സംബന്ധിക്കുന്ന പ്രശ്‌നമാണെങ്കില്‍ അതിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്നതും വൈക്കം സത്യഗ്രഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന തീണ്ടല്‍പ്പലക സമരത്തിന്റെ ഫലമായി എടുത്തു മാറ്റേണ്ടതായി വന്നുവെന്നത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയായിരുന്നു.
ശ്രീനാരായണ ശിഷ്യനും എസ് എന്‍ ഡി പി യോഗത്തിന്റെ പ്രഥമ കാര്യദര്‍ശിയുമായിരുന്ന മഹാകവി കുമാരനാശാന്റെ ‘ചണ്ഡാലഭിഷുകി’ എന്ന കൃതി പ്രസിദ്ധീകൃതമായതിന്റെ ശതാബ്ദിയാഘോഷങ്ങളും ഇതേ ഘട്ടത്തില്‍ നടക്കുകയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുസൂക്തമുള്‍ക്കൊണ്ടിട്ടാണ് കവി ആ കൃതി എഴുതിയത്. ഊരുട്ടമ്പലത്തിലെ വിദ്യാലയത്തില്‍ പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച സവര്‍ണ പ്രമാണിമാരുടെ കൂട്ടത്തില്‍ ചില ഈഴവരും ഉണ്ടെന്നറിഞ്ഞ അയ്യങ്കാളി അരുവിപ്പുറത്തുചെന്ന് ഗുരുവിനെ കണ്ട് സഹായം തേടുകയുണ്ടായി. ഗുരു എസ് എന്‍ ഡി പി നേതാക്കളെ വിളിച്ചുവരുത്തി ഉപദേശിക്കുകയും പുലയ സമുദായത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാലയപ്രവേശനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 1916 ല്‍ ജാതിയില്ലാ വിളംബരം ഗുരു പ്രസിദ്ധം ചെയ്തത്. വൈക്കം സത്യഗ്രഹത്തിന് അനുകൂലമായി സവര്‍ണരെ മാറ്റിയെടുക്കുന്നതിനും അവരുടെ മനസ്സിലിരുപ്പ് എന്തെന്നറിയുന്നതിനും വേണ്ടിയുള്ളതായിരുന്നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണജാഥ. സവര്‍ണപ്രമാണിമാരും പൗരോഹിത്യവും പറയുന്നതല്ല യാഥാര്‍ത്ഥ്യമെന്നും സവര്‍ണരിലെ ഭൂരിപക്ഷവും അവര്‍ണരുടെ അവകാശങ്ങള്‍ക്ക് അനുകൂലമാണെന്നും അധികാരികളെയും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരെയും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ സവര്‍ണജാഥയ്ക്കു കഴിഞ്ഞു.
ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു ബഹുജനജാഥ സംഘടിപ്പിക്കുന്നത് കേരളത്തിലാണ്. പിന്നീട് ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് എ കെ ഗോപാലന്റെ നേതൃത്വത്തിലും ഉപ്പുസത്യഗ്രഹ കാലത്ത് ഗാന്ധിജിയുടെ നേതൃത്വത്തിലും നടത്തിയിട്ടുള്ള ബഹുജനജാഥകള്‍ വൈക്കം സമര ജാഥയുടെ വിജയാനുഭവത്തില്‍ നിന്നുമുണ്ടായതാണ്. യാഥാര്‍ത്ഥ്യം ജനങ്ങളില്‍ നിന്നു മറച്ചുവെക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ അക്കാര്യം ജനങ്ങളെ അറിയിക്കാനും അവരുടെ പിന്തുണ തേടാനും ബഹുജന ജാഥകള്‍ക്കു കഴിയുമെന്നതാണ് ചരിത്രം നല്‍കുന്ന പാഠം.
ഇങ്ങനെ, ജനജീവിതം മെച്ചപ്പെടുത്താന്‍ തത്ത്വചിന്ത കൊണ്ട് ഇടപെട്ട എത്ര സന്ന്യാസിശ്രേഷ്ഠരുണ്ട് നമുക്ക് എന്ന് ആലോചിക്കുമ്പോഴാണ് ഗുരുവിന്റെ വേറിട്ട വ്യക്തിത്വം നമുക്കു കൂടുതലായി മനസ്സിലാക്കാനാവുക. ജഗത്ത് മിഥ്യയാണെന്ന വാദത്തിന്റെ നേരേ എതിര്‍ ദിശയിലാണ് ഈ ഗുരുവര്യന്‍ നിലകൊണ്ടത്. ജഗത്ത് സത്യമാണെന്നും ഈ ലോകജീവിതം നന്നാവേണ്ടതുണ്ട് എന്നുമാണ് ഗുരു പഠിപ്പിച്ചത്.
നമ്മുടെ ലോകത്തിന്റെ ഒരു ഭാഗത്ത് , പലസ്തീനിൽ, പിഞ്ചുകുഞ്ഞുങ്ങള്‍ വരെ അതിനിഷ്ഠുരമായി കൊല ചെയ്യപ്പെടുന്നു. ദശലക്ഷക്കണക്കിനാളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. മിസൈലുകളേറ്റു തകര്‍ന്നടിയുന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ട് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങള്‍ മരിക്കുന്നു. യേശുക്രിസ്തുവിന്റെ ജന്മനാടായ ബത്‌ലഹേമില്‍ ഇക്കുറി ക്രിസ്-മസ് ആഘോഷങ്ങളില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കാണുന്നില്ല. പുല്‍ക്കൂടു വേണ്ടിടത്തു തകര്‍ന്നടിഞ്ഞ വീടുകള്‍. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങള്‍.
പലസ്തീന്‍ എന്നു കേള്‍ക്കുന്ന നിമിഷം മുസ്ലീം വിശ്വാസികളുടെ ചിത്രം മാത്രമാണ് പലരുടെയും മനസ്സില്‍ തെളിയുക. എന്നാല്‍, ആ പലസ്തീനില്‍, ആ ഗാസയില്‍ ക്രൈസ്തവരുണ്ട്. പള്ളികളുമുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ പിടഞ്ഞുവീണു മരിക്കുന്നവരില്‍ ധാരാളം ക്രൈസ്തവരുണ്ട്. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ളതല്ല, മനുഷ്യത്വത്തിനെതിരെയുള്ളതാണ് ഈ ആക്രമണം എന്നു പറയുന്നത്. യേശു ജനിച്ച മണ്ണില്‍ സമാധാനം മുങ്ങിമരിക്കുന്നുവെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈയിടെ പറഞ്ഞത്. അവിടുത്തെ പള്ളികളും ക്രൈസ്തവ സഭകളും ക്രിസ്-മസ് ആഘോഷങ്ങള്‍ റദ്ദാക്കി. ജീവനു വേണ്ടിയുള്ള കുഞ്ഞുങ്ങളുടെ കരച്ചിലിനിടയില്‍ നിന്ന് എങ്ങനെ ക്രിസ്-മസ് ആഘോഷിക്കും എന്നാണ് അവിടെ സഭ ചോദിക്കുന്നത്.
ഗുരുസന്ദേശത്തിന്റെ പ്രസക്തിയും പ്രാധാന്യവും ലോകമാകെ എത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഈ സന്ദർഭം അടിവരയിടുന്നു. ജാതി-, മത, -വംശ ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ ഒരുമ. അതാണു ഗുരു ആഗ്രഹിച്ചത്. ഒരു ജാതി എന്നും ഒരു മതം എന്നും പറഞ്ഞതിലൂടെ മനുഷ്യജാതി എന്നും മനുഷ്യമതം എന്നുമാണ് ഗുരു ഉദ്ദേശിച്ചത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണു ഗുരു ചിന്തിച്ചത്. ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ – മനുഷ്യനു ജാതി ഒന്നേയുള്ളൂ; അതു മനുഷ്യത്വമാണ്. ഇതായിരുന്നു ഗുരുസന്ദേശം. ഇതില്‍ ജാതിസ്പര്‍ദ്ധയ്‌ക്കോ, വംശവിദ്വേഷത്തിനോ ഇടമില്ല. മനുഷ്യരാകെ ഏകോദരസഹോദരങ്ങള്‍. ദേശാതീതമായി, എല്ലാ ലോകത്തിനും എന്നും ആവശ്യമായി വരുന്നവയാണ് ഗുരുവിന്റെ മഹത്തായ മാനവികസൂക്തങ്ങള്‍. അവ പകരുന്ന വെളിച്ചം ലോകമാകെ പടർത്താൻ നമുക്ക് സാധിക്കണം. അവ ഏറ്റെടുത്ത് എല്ലാ ഭേദചിന്തകളും മാറ്റിവച്ച് മനുഷ്യരായി കൈകോർത്ത് മുന്നോട്ടു പോകാം. ♦