Friday, May 3, 2024

ad

Homeസമകാലികംസ്വേച്ഛാധിപത്യത്തിന്റെ ഗ്യാരന്റി

സ്വേച്ഛാധിപത്യത്തിന്റെ ഗ്യാരന്റി

എം വി ഗോവിന്ദൻ

ജൂൺ 25ന് അർധരാത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനയുടെ 352–ാം വകുപ്പ് പ്രകാരമായിരുന്നു. 21 മാസത്തിനുശേഷം അത് പിൻവലിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇന്ന് ഭരണഘടനാ വ്യവസ്ഥകളെയാകെ കാറ്റിൽപറത്തി, ഭരണഘടനയെതന്നെ ചുരുട്ടിക്കൂട്ടി അട്ടത്തുവച്ചുകൊണ്ട് നഗ്നമായ സേ-്വച്ഛാധിപത്യമാണ് ഇന്ത്യയിൽ നടമാടുന്നത്. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളാകെ മോദി ഭരണത്തിൽ ചവിട്ടിമെതിക്കപ്പെടുകയാണ്.

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ബിജെപിയുടെ മഹിളാസംഗമം ഉദ്ഘാടനം ചെയ്യവെ മോദിയിൽ നിന്നുയർന്നത് സേ-്വച്ഛാധിപതിയുടെ, ഫാസിസത്തിന്റെ അലർച്ചയായിരുന്നു. ‘മോദി ഗ്യാരന്റി’ എന്ന് പുട്ടിനു പീരയിടുന്നതുപോലെ മോദിതന്നെ ആവർത്തിക്കുന്നതിലൂടെ ജനാധിപത്യഭരണസംവിധാനത്തെ നയിക്കുന്ന ഭരണാധികാരിയെയല്ല, തന്നിഷ്ടവും തൻപ്രമാണിത്തവും മാത്രം നടപ്പാക്കുന്ന ഒരു ഏകാധിപതിയെയാണ് ഓർമിപ്പിക്കുന്നത്. അതിൽ അത്ഭുതകരമായി ഒന്നുമില്ല. കാരണം സംഘപരിവാറിന്റെ പ്രഖ്യാപിതമായ അജൻഡതന്നെ, ഭരണഘടനാ നിർമാണസഭയിലും പുറത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ മനുസ്-മൃതിക്കുപരിയായി മറ്റൊരു ഭരണഘടന ഇന്ത്യക്കാവശ്യമില്ലയെന്നതാണല്ലോ. ജനാധിപത്യത്തെയോ ജനഹിതത്തെയോ അല്ല രാജവാഴ്-ചയെയാണ് ഭരണസംവിധാനമായി മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ന് ഇന്ത്യാ രാജ്യം അത്തരമൊരവസ്ഥയിൽ എത്തിയിരിക്കുന്നതായാണ് തൃശ്ശൂരിൽ കേട്ട മോദിയുടെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേൾക്കുന്ന പ്രചാരണപരമായ ഒച്ചയിടലിൽ മാത്രമല്ല, 2014 മുതലുള്ള മോദിയുടെ നടപടികളിൽതന്നെ സേ-്വച്ഛാധിപതിയുടെ സമീപനമാണ് കാണാനാവുന്നത്. നോട്ടുനിരോധനം കൊണ്ടുവന്നതിൽ തന്നെ ഈ സേ-്വച്ഛാധിപത്യ നിലപാട് കാണാൻ കഴിയും. കേന്ദ്രമന്ത്രി സഭയിലോ ഭരണകക്ഷിയുടെ നേതൃയോഗത്തിലോ ചർച്ച ചെയ്യാതെ, എന്തിന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയെപോലും ഇരുട്ടിൽ നിർത്തി, നിയമസാനുസരണം തീരുമാനമെടുക്കേണ്ട റിസർവ് ബാങ്കിന്റെ ഗവേണിങ് ബോഡിയെപോലും അറിയിക്കാതെ 2016 നവംബർ 8ന് രാത്രി രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് 500 രൂപയുടെയും 1000 രൂപയുടെയും നോടുകൾ പിൻവലിക്കാനും പകരം പുതുതായി 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചിറക്കാനുമുള്ള തീരുമാനം മോദി പ്രഖ്യാപിക്കുകയാണുണ്ടായത്. പ്രഖ്യാപനം നടത്തിയ ആ രാത്രി മുതൽ അത് നടപ്പാക്കപ്പെടുകയായിരുന്നു. നൂറിലേറെ പേരാണ് മോദിയുടെ ആ സേ-്വച്ഛാധിപത്യ നടപടിയുടെ രക്തസാക്ഷികളായത്. പുതുതായി അവതരിപ്പിച്ച 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ട് ഇപ്പോൾ ഒളിച്ചോടിയമോദി അതിന്റെ കാരണംപോലും രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കാൻ ഇതേവരെ തയ്യാറായിട്ടില്ല. നോട്ടുനിരോധനം കൊണ്ടുണ്ടായ ഏക കാര്യം രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ അത് തകർത്തുവെന്നതാണ്.

അതുപോലെതന്നെ മറ്റൊരു പാതിരാത്രിയിൽ വേണ്ടത്ര ചർച്ചയോ അവധാനതയോ കൂടാതെ ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പാക്കി. സേ-്വച്ഛാധിപത്യപരമായി നടപ്പാക്കിയ ഇവയുടെ അനന്തരഫലം രാജ്യത്തെ ജനസാമാന്യത്തിന്റെ ജീവിതം തകർത്ത് താറുമാറാക്കിയെന്നതു മാത്രമാണ്.

പാർലമെന്റിലേക്കുള്ള മോദിയുടെ രംഗപ്രവേശം തന്നെ നാടകീയമായിട്ടായിരുന്നു.പാർലമെന്റ് മന്ദിരത്തിന്റെ കവാടത്തിൽ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് അകത്തേക്ക് കടന്നതിലൂടെ നൽകപ്പെട്ട സന്ദേശം അക്ഷരാർഥത്തിൽത്തന്നെ ‘‘ജനാധിപത്യത്തിന്റെ ശ്രീകോവിൽ’’ എന്ന നിലയിൽ ആരാധിക്കാനുള്ള ഇടം മാത്രമാണ് എന്നാണ്; ഗഹനമായ ചർച്ചകൾക്കും ആശയസംവാദങ്ങൾക്കുമുള്ള ഇടമായിട്ടല്ല താൻ പാർലമെന്റിനെ വീക്ഷിക്കുന്നത് എന്നാണ്; ജനപ്രതിനിധികൾക്ക് ഭരണാധികാരികളെയും ഭരണനടപടികളെയും നിശിതമായ വിമർശനത്തിനു വിധേയരാക്കാനും ചോദ്യംചെയ്യാനുമുള്ള ഇടമായും മോദി പാർലമെന്റിനെ കാണുന്നില്ല എന്ന് ഇതിനകം തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഇതഃപര്യന്തം മോദി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിദേശയാത്രാവേളകളിൽ സാധാരണ പ്രധാനമന്ത്രിമാർ രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സംഘത്തെ കൂടെക്കൊണ്ടുപോകുന്ന പതിവും മോദി പ്രധാനമന്ത്രിയായതോടെ നിർത്തലാക്കി. പത്ര സമ്മേളനങ്ങൾതന്നെ മോദിയുടെ കാലത്ത് ഉപേക്ഷിച്ചു. പത്രക്കാരെ കാണരുതെന്നാണ് മോദി മന്ത്രിസഭാംഗങ്ങൾക്ക് തുടക്കത്തിൽ നൽകിയ ഉപദേശം.

പാർലമെന്റിൽ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയെന്നത് അതത് വകുപ്പ് കെെകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ബാധ്യതയാണ്; ഉത്തരവാദിത്തമാണ്. എന്നാൽ ഇന്നേവരെ മോദി ഒരൊറ്റ ചോദ്യത്തിനുപോലും പാർലമെന്റിൽ മറുപടി പറഞ്ഞിട്ടില്ല. മറ്റേതെങ്കിലും മന്ത്രിയെ, പലപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയായിരിക്കും മറുപടി പറയുന്നത്. നിർണായകമായ എന്ത് വിഷയം പാർലമെന്റിൽ ഉയർന്നുവന്നാലും മോദി പാർലമെന്ററി വേദിയിൽ വാതുറക്കാൻ തയ്യാറാകാതെ ഒളിച്ചോടുകയാണ് പതിവ്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തത്തിനാണ് പാർലമെന്റിന്റെ ഏറ്റവും ഒടുവിലത്തെ സമ്മേളനം സാക്ഷ്യം വഹിച്ചത്. പാർലമെന്റിനുനേരെ നടന്ന ആക്രമണം സംബന്ധിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിൽ പ്രസ്താവന നടത്താൻ തയ്യാറായില്ലെങ്കിൽ സ്വാഭാവികമായും പ്രതിപക്ഷം സഭാവേദിയിൽ പ്രതിഷേധിക്കും. അതും പാർലമെന്ററി നടപടിക്രമത്തിന്റെ ഭാഗമാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് (മുൻകാലങ്ങളിലും) നിരവധി തവണ ലോക്-സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടിട്ടുണ്ട്. അന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്ന അരുൺ ജയ്റ്റ്ലി പാർലമെന്റിൽ പറഞ്ഞത് പ്രതിഷേധിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നുമാണ്. ലോക്-സഭയിലെ പ്രതിപക്ഷനേതാവായിരുന്ന സുഷമ സ്വരാജും സമാനമായ അഭിപ്രായപ്രകടനം അന്ന് സഭയിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോദിവാഴ്ചയിൽ ഉണ്ടായതുപോലെ പ്രതിപക്ഷാംഗങ്ങളെ ഒന്നടങ്കം 141 പേരെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും തുടർനടപടികൾക്കായി സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിടുകയും ചെയ്തുകൊണ്ട് അവശേഷിക്കുന്ന കാലാവധി മുഴുവൻ പ്രതിപക്ഷത്തെ ഒഴിവാക്കിയ നടപടി ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തതാണ്. അങ്ങനെ പ്രതിപക്ഷമില്ലാത്ത പാർലമെന്റ് എന്ന സംഘപരിവാർ ആശയം നടപ്പാക്കപ്പെടുകയാണ്.

പ്രതിപക്ഷത്തെ ഒഴിവാക്കിക്കൊണ്ട് തുടർന്ന സഭയിൽ നിർണായകമായ ചില നിയമനിർമാണങ്ങൾ ചർച്ചയൊന്നും കൂടാതെ നടത്തി എന്നതിലാണ് മോദി ഭരണത്തിന്റെ സേ-്വച്ഛാധിപത്യ സ്വഭാവം കാണാൻ കഴിയുന്നത്. കൊളോണിയൽ കാലത്തിന്റെ മുദ്രപതിഞ്ഞ നിയമങ്ങൾ തനി തദ്ദേശീയമാക്കുകയാണെന്ന പ്രഖ്യാപനത്തോടെ ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവുമടക്കമുള്ളവയുടെ പേര് ഭാരതവൽക്കരിക്കുകയും വകുപ്പുകളുടെ ക്രമങ്ങളിൽ മാറ്റംവരുത്തുകയും ചിലവയെ കൂടുതൽ മാരകമാക്കുകയുംചെയ്തിരിക്കുന്നു. ഇത്ര സുപ്രധാനമായ നിയമങ്ങൾ അംഗീകരിക്കുമ്പോൾ രാജ്യത്തെ നിയമജ്ഞരുടെയും ബാർ കൗൺസിലുകളുടെയും പൊതുചർച്ചയ്ക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും പാർലമെന്റംഗങ്ങളുടെ പോലും സമഗ്രമായ ചർച്ച കൂടാതെയും പാസ്സാക്കിയത് നഗ്നമായ സേ-്വച്ഛാധിപത്യ നടപടിയാണ്. മാത്രമല്ല, ഇതിൽ പല വകുപ്പുകളിലും വരുത്തിയ മാറ്റങ്ങൾ നിലവിലുണ്ടായിരുന്ന കൊളോണിയൽ കാലത്തെ വകുപ്പുകളേക്കാൾ മാരകമാണ്. റോഡപകടമുണ്ടായാൽ ഡ്രൈവർക്ക് 10 വർഷത്തെ കഠിനതടവ് ശിക്ഷ നിശ്ചയിക്കുന്ന വകുപ്പ് അതിലൊന്നാണ്. രാജ്യത്തെ ട്രക്ക് ഡ്രൈവർമാർ ഒന്നടങ്കം പണിമുടക്ക് പ്രഖ്യാപിച്ചതിനെതുടർന്ന് ആ വകുപ്പ് ദേഭഗതി ചെയ്യാമെന്ന് ഇപ്പോൾ സർക്കാരിന് സമ്മതിക്കേണ്ടതായി വന്നു. ഇതുപോലെ നിരവധി അമിതാധികാരപ്രയോഗ സാധ്യതയുള്ള വകുപ്പുകൾ ഈ നിയമങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. പാർലമെന്ററി ചർച്ചകൂടാതെ ഈ നിയമനിർമ്മാണങ്ങളെല്ലാം ഒളിച്ചുകടത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടു തന്നെയാണ് പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കിയത്.

ഇതുപോലെ തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതു സംബന്ധിച്ച നിയമനിർമാണവും മാധ്യമ രജിസ്ട്രേഷൻ നിയമവും പാർലമെന്റിൽ പാസാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭരണാധികാരികൾ തങ്ങളുടെ ഹിതാനുവർത്തികളെ നിയമിക്കുന്നത് ഒഴിവാക്കുന്നതിനായി സുപ്രീംകോടതി മുന്നോട്ടുവച്ച നിർദേശം മറികടക്കുന്നതിനാണ് ഈ നിയമനിർമാണം നടത്തിയത്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതിനെ ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന മറ്റൊരു മന്ത്രിസഭാംഗത്തെ ഉൾപ്പെടുത്തണമെന്ന പുതിയ നിയമത്തിലൂടെ ഭരണാധികാരികളുടെ ശിങ്കിടികളെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കാൻ പച്ചക്കൊടി നൽകിയിരിക്കുകയാണ്.

മാധ്യമ രജിസ്ട്രേഷൻ നിയമത്തിൽ ഭരണാധികാരികളെ വിമർശിക്കുന്നത് രജിസ്ട്രേഷൻ നൽകാതിരിക്കാനുള്ള കാരണമായി നിർദേശിക്കുന്നു. ഇത് എതിരഭിപ്രായങ്ങളുടെ വായടപ്പിക്കാനുള്ള സേ-്വച്ഛാധിപത്യ നടപടിയാണ്.

ഇങ്ങനെ സർവവിധത്തിലും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയാകെ തകിടംമറിച്ച് നഗ്നമായ സേ-്വച്ഛാധിപത്യമാണ് ഇന്ന് മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഒന്നടങ്കം അണിനിരത്തിക്കൊണ്ടുമാത്രമേ ഈ മഹാവിപത്തിനെ നേരിടാനാകൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 7 =

Most Popular