Saturday, April 27, 2024

ad

Homeവിശകലനംനവകേരള സദസ്സിൽ വിറളിപൂണ്ട് പ്രതിപക്ഷം

നവകേരള സദസ്സിൽ വിറളിപൂണ്ട് പ്രതിപക്ഷം

സി പി നാരായണൻ

ഴിഞ്ഞ നവംബർ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച നവകേരള സദസ്സ് എന്ന കേരള മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടി ജനുവരി 2ന് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോലഞ്ചേരിയിൽ സമാപിച്ചു. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നു മാറ്റിവെക്കപ്പെട്ട എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ സദസ്സുകളാണ് ജനുവരിയിലെ ആദ്യ ദിവസങ്ങളിൽ നടത്തപ്പെട്ടത്. ശ്രദ്ധേയമായ ഒരു വസ്തുത, മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള സകല നിയോജകമണ്ഡലങ്ങളിലും, അവയെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത് എൽഡിഎഫോ യുഡിഎഫോ എന്ന ഭേദമില്ലാതെ, വലിയ ജനക്കൂട്ടങ്ങളാണ് നവകേരള സദസ്സുകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ പ്രസംഗം കേൾക്കാൻ എത്തിയത‍് എന്നതായിരുന്നു.

ഇത് വാസ്തവത്തിൽ എൽഡിഎഫ് പരിപാടിയായിരുന്നില്ല. സർക്കാരിന്റെ പരിപാടിയായിരുന്നു. അങ്ങനെയാണ് ആവിഷ്കരിക്കപ്പെട്ടത്. മന്ത്രിസഭയോടൊപ്പം ഈ യാത്രയിലും പരിപാടിയിലും പങ്കെടുക്കുന്നതിനു പ്രതിപക്ഷ നേതാവിനെക്കൂടി സർക്കാർ ക്ഷണിച്ചിരുന്നു. ജനാധിപത്യ വ്യവസ്ഥയിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേരുന്നതാണ് സർക്കാർ; അതിനെ നിയന്ത്രിക്കുന്ന നിയമസഭ –– ആ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിവിധ സദസ്സുകളെ മന്ത്രിമാരോടൊപ്പം അഭിസംബോധന ചെയ്യുന്നതിനു പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചത്. സദസ്സുകളിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കും എന്നു കണ്ടാണ് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിച്ചത്. രണ്ടു കൂട്ടരുടെയും അഭിപ്രായങ്ങൾ അവരെ കേൾപ്പിക്കാം. പക്ഷേ, പ്രതിപക്ഷനേതാവ് ആ പരിപാടിയെ എൽഡിഎഫ് സർക്കാരിന്റേതായി മാത്രം കണക്കാക്കി ബഹിഷ്കരിക്കുകയാണ് ചെയ്തത്. സർക്കാരിന്റെ സകല പരിപാടികളും ബഹിഷ്കരിക്കുക ഒരു പതിവായി അംഗീകരിച്ചുവരികയാണല്ലോ കുറെ നാളായി പ്രതിപക്ഷ നേതാവ്.

നവകേരള സദസ്സിന്റെ ലക്ഷ്യം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരോ പ്രതിപക്ഷ നേതാവോ അവയിൽ പങ്കെടുക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുക മാത്രമല്ല. അതോടൊപ്പം അവരുടെ വ്യക്തിപരം വരെയുള്ള പരാതികളും ആവശ്യങ്ങളും സംബന്ധിച്ച അപേക്ഷകളും കത്തുകളും അവയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിലൂടെ സ്വീകരിക്കുകയും കൂടിയായിരുന്നു. അത്തരം കാര്യങ്ങൾ ആദ്യ ദിവസം മുതൽക്കുതന്നെ സർക്കാർ കെെകാര്യം ചെയ്തു തുടങ്ങിയിരുന്നു എന്ന് ജനങ്ങൾക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. ചില ആവശ്യങ്ങളിലും പരാതികളിലും ഇതിനകം നടപടികൾ ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ട്. ഇവയിൽ ചിലവയെങ്കിലും അപേക്ഷകർ സർക്കാരിന്റെ താഴെ തട്ടിലുള്ള ഓഫീസുകളിൽ ആവശ്യങ്ങളായോ പരാതികളായോ മുമ്പ് ഉന്നയിച്ചവയാകാം. അവയിൽ എന്തെങ്കിലും നടപടിയോ തൃപ്തികരമായ മറുപടിപോലുമോ ഇല്ലാത്തതുകൊണ്ടാകാം, മന്ത്രിമാർ തങ്ങളുടെ നിയോജകമണ്ഡലത്തിൽ എത്തിയപ്പോൾ വീണ്ടും ഉദ്യോഗസ്ഥർ മുഖേന പരാതികൾ സമർപ്പിക്കപ്പെട്ടത്.

ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ, ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം നിറവേറ്റുകയും അവർക്ക് ഈ വ്യവസ്ഥയിൽ അവശ്യം ലഭിച്ചിരിക്കേണ്ട സേവനങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുകയും ആണല്ലോ. ഈ ആവശ്യങ്ങളും സേവനങ്ങളും തന്നെ കാലക്രമത്തിൽ മാറാം. വിദ്യാഭ്യാസം, ആരോഗ്യരക്ഷ മുതലായവ ഒരു ജനാധിപത്യ സർക്കാർ നിർബന്ധമായും എല്ലാവർക്കും ലഭ്യമാക്കേണ്ടതാണ്. അവ തന്നെ ഒരു പരിധിയിൽ അപ്പുറമുള്ളത് പാവപ്പെട്ടവർക്ക് സൗജന്യമായും അല്ലാത്തവർക്ക് ഒരു നിശ്ചിത നിരക്കിലും ലഭ്യമാക്കണം എന്ന് ഇപ്പോൾ പൊതുവിൽ അംഗീകരിക്കപ്പെട്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കേരളം രൂപീകരിക്കപ്പെട്ടശേഷം ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരാണ് സ്കൂൾ വിദ്യാഭ്യാസം മൊത്തത്തിൽ സൗജന്യമാക്കിയത്. അത്തരത്തിലുള്ള വേറൊരു സർക്കാരാണ് വൃദ്ധർക്ക് പെൻഷൻ നൽകാൻ ആരംഭിച്ചത്. അത് പല സന്ദർഭങ്ങളിലായി വർധിപ്പിച്ച് ഇപ്പോൾ പ്രതിമാസം 1600 രൂപ വീതം 62 ലക്ഷം പേർക്കു ലഭ്യമാക്കുന്ന ബൃഹത് പദ്ധതിയായി മാറിയിട്ടുണ്ടല്ലോ. ഇങ്ങനെ അർഹരായ ജനങ്ങൾക്ക് പലതരം ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നു.

അതുപോലെയുള്ള മറ്റൊരു ബൃഹത് പദ്ധതിയാണ് വീടില്ലാത്തവർക്ക് സൗജന്യമായി വീട് വെക്കാൻ സഹായം നൽകൽ. അതിനു നൽകപ്പെടുന്ന തുക പല സന്ദർഭങ്ങളിലായി വർധിപ്പിച്ചു. ഇപ്പോൾ 4 ലക്ഷം രൂപയാണ് ഒരു കുടുംബത്തിനു നൽകുന്നത്. കേന്ദ്ര സർക്കാർ 75,000 രൂപ നൽകുന്ന സ്ഥാനത്താണ് സംസ്ഥാന സർക്കാർ ഇത്രയും തുക നൽകുന്നത് എന്ന് ഓർക്കണം. ഇതിനകം നാലുലക്ഷം കുടുംബങ്ങൾക്ക് ഇൗ എൽഡിഎഫ് സർക്കാർ വീടുകൾ സൗജന്യമായി നൽകിക്കഴിഞ്ഞു. ഇപ്പോഴും ഈ പദ്ധതിയനുസരിച്ച് വീടുകൾ നൽകിവരികയാണ്.

ഭക്ഷ്യവസ്തുക്കളായ അരി, ഗോതമ്പ്, പഞ്ചസാര എന്നിവയും വിദ്യാഭ്യാസവും ആരോഗ്യരക്ഷയും ആയിരുന്നു ആദ്യകാലത്ത് കേരള സർക്കാർ സൗജന്യമായി നൽകിവന്നതെങ്കിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എൽഡിഎഫ് സർക്കാർ പ്രത്യേകിച്ചും വീടില്ലാത്തവർക്ക് സൗജന്യമായി വീടുവെച്ചു നൽകി വരികയാണ്. അത്തരം സൗജന്യങ്ങൾ സംസ്ഥാനത്ത് അതിദാരിദ്ര്യം വലിയ അളവോളം ഇല്ലാതാക്കിയിട്ടുണ്ട്. ശേഷിക്കുന്നതുകൂടി ദൂരീകരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.

ഒരുവശത്ത് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുമ്പോൾ തന്നെ സേവനങ്ങളുടെ നിലവാരവും വ്യാപ്തിയും വർധിപ്പിച്ചുകൊണ്ടും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും ഒരു നവ കേരള സൃഷ്ടി ലാക്കാക്കിയാണ് ഈ എൽഡിഎ-ഫ് സർക്കാർ പ്രവർത്തിച്ചുവരുന്നത്. ഇല്ലായ്മകൾ തുടച്ചുനീക്കുന്നതിൽ വലിയ അളവോളം വിജയം വരിച്ചുകഴിഞ്ഞു. അതിനാൽ വികസിത നാടുകളിലെന്നപോലെ ആധുനിക വ്യവസായങ്ങളും നവീന ശാസ്ത്ര – സാങ്കേതിക സിദ്ധികൾ പ്രയോഗിച്ചുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ മൂന്നു ദശകങ്ങളിലായി കേരളത്തിലെ പ്രധാന നഗരങ്ങളോട് അനുബന്ധിച്ച് ഐടി പാർക്കുകൾ ആരംഭിച്ചത്. ഇതിനകം പതിനായിരക്കണക്കിന് ഐടി വിദ്യാഭ്യാസം ലഭിച്ച ചെറുപ്പക്കാർക്ക് അവയിൽ ജോലി ലഭിച്ചു. വിവിധ ആധുനിക ശാസ്ത്ര – സാങ്കേതിക ശാഖകളിൽ പ്രാവീണ്യം നേടിയ യുവതീ യുവാക്കളെ കേരളത്തിൽ ഇന്നു ലഭ്യമാണ്. അതുപോലെ ആധുനിക വ്യവസായങ്ങൾക്ക് അവശ്യം വേണ്ട പശ്ചാത്തല സൗകര്യങ്ങളും. അവയെ ഉപയോഗപ്പെടുത്തുന്നതിന് ഐബിഎം, ഏണസ്റ്റ് ആൻഡ് യങ്, വിപ്രൊ, യുഎസ്ടി, മെെക്രോസോഫ്ട് തുടങ്ങിയ ലോക പ്രശസ്ത കമ്പനികൾ കേരളത്തിലെത്തി. അവയുമായി ഐടി ബിസിനസ് ചെയ്യുന്നതിനു അപ്-സ ഐടി, കൊളാബ്ര എന്റർപ്രൈസ് സോഫ്ട്-വെയർ സൊലൂഷൻസ്, എക്സൽ സർവീസ്, കമേഷിയ ഇൻഫോലോജിക്സ്, വെെറ്റ് ഓവൽ ടെക്നോളജീസ് തുടങ്ങിയ കേരളത്തിലെ കമ്പനികൾ മത്സരിക്കുന്നു.

ഇതാണ് ഐടി രംഗത്തെ കുതിച്ചു മുന്നേറ്റം. അവയ്ക്കു പ്രവർത്തിക്കുന്നതിന് അനുകൂലമായ വ്യവസായാന്തരീക്ഷം – എളുപ്പത്തിൽ ബിസിനസ് ചെയ്യാനുള്ള സൗകര്യം – ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത്തരം രംഗങ്ങളിൽ മാത്രമല്ല, കൃഷി, ചെറുകിട വ്യവസായങ്ങൾ തുടങ്ങി സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങൾ തൊഴിലിനും ഉപജീവനത്തിനുമായി ആശ്രയിക്കുന്ന തൊഴിൽ മേഖലകളിലും തൃപ്തികരമായ പ്രവർത്തനമാണ് നടക്കുന്നത്. നാലഞ്ച് വർഷങ്ങൾക്കു മുമ്പായിരുന്നല്ലോ കേരളത്തെ കശക്കിയെറിഞ്ഞ പ്രളയ സമാനമായ വെള്ളപ്പൊക്കം ഉണ്ടായത്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരാണ് അന്ന് നിലവിലിരുന്നത് എന്നതിനാൽ സർവവും നഷ്ടപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങളെ പട്ടിണി അറിയാതെ പുനരധിവസിപ്പിക്കാനും അതിവേഗം പ്രളയബാധിത പ്രദേശങ്ങളെ പൂർവസ്ഥിതിയിൽ എത്തിക്കാനും കഴിഞ്ഞു. അതിന്റെ ക്ഷീണം മാറും മുമ്പാണ് കോവിഡ് 19 രാജ്യമെങ്ങും എന്നപോലെ കേരളത്തിലും ആഞ്ഞടിച്ചത്. പക്ഷേ, ഇവിടെ നേരത്തെ ഏർപ്പെടുത്തിയ വിപുലമായ രോഗപ്രതിരോധ – ചികിത്സാ സൗകര്യങ്ങൾ അതിവേഗം ഫലപ്രദമായി ഉപയോഗപ്പെടുത്തി കോവിഡ് ബാധയെ തളച്ചുനിർത്താനും ജനങ്ങളുടെ ആരോഗ്യത്തെ കാത്തുരക്ഷിക്കാനും കഴിഞ്ഞു. അന്യരാജ്യങ്ങളിൽനിന്നു മരുന്നായും മറ്റു തരത്തിലും വിപുലമായ സഹായം എത്തിക്കാൻ അവിടത്തെ ഭരണാധികാരികളും വിദേശ മലയാളികളും മറ്റും നൽകിയ വാഗ്ദാനത്തെ നിരസിക്കുകയാണ് മോദി സർക്കാർ ചെയ്തത്. ആ പരീക്ഷണ ഘട്ടത്തെ ജനങ്ങളും സർക്കാരും ഒരുമെയ്യായി പ്രവർത്തിച്ചുകൊണ്ട് അതിജീവിച്ചു.

ഇത്തരത്തിൽ പ്രതിസന്ധികളിൽനിന്നും ആപത്തുകളിൽനിന്നും തങ്ങളെ ചേർത്തുനിർത്തി സംരക്ഷിക്കുന്നതിനു നേതൃത്വം നൽകിയ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഒരേ ബസ്സിൽ ഓരോ നിയോജകമണ്ഡലത്തിൽ എത്തി അവിടത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും നേതൃത്വം നൽകുന്നത് അടുത്തുനിന്നു നിരീക്ഷിക്കാൻ ജനങ്ങൾക്ക് അവസരം ലഭിച്ചു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറയുന്നതും അവ പരിഹരിക്കുന്നതിനു തങ്ങൾ കെെക്കൊണ്ടുവരുന്ന നടപടികൾ അവർ വിശദീകരിക്കുന്നതും ചിലതൊക്കെ നേരിൽ നടപ്പാക്കുന്നതും കാണാൻ ജനങ്ങൾക്ക് അവസരം ലഭിച്ചു. ഗവൺമെന്റും ജനങ്ങളായ തങ്ങളും ഇത്രയും അടുത്തുനിന്നു സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അനുഭവം ഇതിനുമുമ്പ് ഇവിടത്തെ ജനങ്ങൾക്ക് ഇതുപോലെ ഉണ്ടായിട്ടില്ല. അക്കാര്യത്തിൽ എൽഡിഎഫിനെ അനുകൂലിക്കുന്നവർ, യുഡിഎഫിനെ അനുകൂലിക്കുന്നവർ എന്നിങ്ങനെ തങ്ങളെ സർക്കാർ വേർതിരിച്ചു കാണുന്നുമില്ല. ഈ അനുഭവം ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒാരോ നിയോജക മണ്ഡല യോഗങ്ങളിലും ശരിക്കും ഒഴുകിയെത്താൻ ഇടയാക്കി.

മന്ത്രിസഭയുടെ ക്ഷണം തള്ളിക്കളഞ്ഞ് നവകേരള സദസ്സിനെ പ്രതിപക്ഷ നേതാവ് സ്വയം ബഹിഷ്കരിക്കുക മാത്രമല്ല, സഹപ്രവർത്തകരെ അതിൽ പങ്കെടുക്കുന്നതിൽനിന്നു തടയുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ഭരണ – പ്രതിപക്ഷാടിസ്ഥാനത്തിൽ വേർതിരിച്ചല്ല കാണുന്നത് എന്നും ജനങ്ങളെ ഒന്നായി കണ്ട് അവരുടെ പ്രശ്നപരിഹാരത്തിനായാണ് പ്രവർത്തിക്കുന്നത് എന്നും ജനങ്ങൾ ആദ്യം മുതലേ തിരിച്ചറിഞ്ഞു. അതുകൊണ്ട് ആദ്യ മണ്ഡലമായ മഞ്ചേശ്വരത്തെ യോഗത്തിൽ തന്നെ പതിനായിരക്കണക്കിനാളുകൾ പങ്കാളികളായി. മന്ത്രിസഭയാകെ തങ്ങളുടെ മുമ്പിൽ വന്നു നിൽക്കുന്നതും തങ്ങളുടെ പരാതികൾ കേൾക്കുന്നതും പ്രശ്നങ്ങൾ വിശദീകരിക്കുന്നതും അവർക്ക് പുതുമയും അൽഭുതവുമായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ അവർ മന്ത്രിമാർക്ക് എഴുതി നൽകുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ നിയോജകമണ്ഡലമായ പറവൂരിൽപോലും അദ്ദേഹംപോലും പ്രതീക്ഷിക്കാത്ത തോതിലുള്ള ജനക്കൂട്ടമാണ് യോഗത്തിൽ ഹാജരായത്. മന്ത്രിമാർ ഒന്നടങ്കം നേരിട്ടു വന്നു തങ്ങളെ കാണുന്നതും പ്രശ്നങ്ങൾ കേൾക്കുന്നതും പരിഹാരം ഉണ്ടാക്കുന്നതും അവരെ സന്തുഷ്ടരാക്കി. ജനാധിപത്യ ഭരണത്തിന്റെ ഒരു പുതിയ രൂപ മാതൃക കേരളത്തിലെ ജനങ്ങൾ നേരിട്ടു ദർശിക്കുകയായിരുന്നു നവംബർ രണ്ടാം പകുതി മുതൽ ജനുവരി 2 വരെ.

ജനാധിപത്യ സർക്കാർ എന്ന പേരിന് ഒരു സർക്കാർ അർഹമാകുന്നത് ജനസാമാന്യത്തിന്റെ അടിസ്ഥാനപരവും നിലനിൽപിന്റേതും വളർച്ചയുടേതുമായ പ്രശ്നങ്ങൾ മനസ്സിലാക്കി ഫലപ്രദമായി കെെകാര്യം ചെയ്യുന്നതിലൂടെയാണ്. സർക്കാരിന് അങ്ങനെ ചെയ്യാൻ കഴിയുന്നത് ജനങ്ങളെ സമീപിച്ച് പ്രശ്നങ്ങൾ അവയുടെ പ്രാധാന്യത്തോടെ ജനങ്ങളിൽനിന്നു മനസ്സിലാക്കുന്നതിലൂടെയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏഴു വർഷമായി കേരളത്തിൽ നിലവിൽ വന്നിട്ട്. ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് പ്രളയവും കോവിഡും നടത്തിയ തേർവാഴ്ചയിൽനിന്നു ജനങ്ങളെ കാത്തുരക്ഷിക്കുകയായിരുന്നു സർക്കാരിന്റെ പ്രധാന കടമ. അത് നിർവഹിച്ചതിലുള്ള സംതൃപ്തിയാണ് എൽഡിഎഫിനെ തന്നെ വീണ്ടും ഭരണം ഏൽപിക്കുന്നതിനു ജനങ്ങളെ പ്രേരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ കക്ഷിയെത്തന്നെ ജനങ്ങൾ വീണ്ടും ഭരണം ഏൽപിക്കുന്നത്. വലിയ ഉത്തരവാദിത്തമാണ് ജനങ്ങൾ നൽകിയിരിക്കുന്നത്. അതിനോട് മന്ത്രിസഭ നീതി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ടു വർഷത്തെ ഭരണം പിന്നിട്ടപ്പോൾ അതിനെക്കുറിച്ച് ജനങ്ങൾക്ക് തങ്ങളോട് നേരിട്ട് പറയാനുള്ളത് എന്താണെന്നു മനസ്സിലാക്കാനും അവരോട് പറയാനുള്ളത് പറയാനുമായി മന്ത്രിമാർ ഒരേ ബസ്സിൽ നിയോജകമണ്ഡലംതോറും സന്ദർശനം നടത്തിയത്. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ജനങ്ങൾ കൂട്ടമായി എത്തി അവർ പറയുന്നതു കേട്ടു. കഴിയുന്നിടത്തോളം അവരുമായി സംവദിച്ചു.

മന്ത്രിസഭയുടെ ഇൗ പരിപാടിയെ പരാജയപ്പെടുത്താനും ഇകഴ്ത്തിക്കാട്ടാനും പ്രതിപക്ഷ നേതാവും കുറേ കോൺഗ്രസ്സുകാരും അതിലുപരിയായി ചില മാധ്യമങ്ങളും പരമാവധി ശ്രമിച്ചു. പക്ഷേ, പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലടക്കം ജനങ്ങൾ അവരുടെ നീക്കത്തെ പരാജയപ്പെടുത്തി. ഈ സന്ദർശന പരിപാടി തീർത്തും വിജയകരമായി നടക്കുന്നതിൽ രോഷംപൂണ്ട ചില കോൺഗ്രസ് പ്രവർത്തകർ ചിലേടങ്ങളിൽ കയ്യേറ്റത്തിനു വരെ ശ്രമിച്ചു. അവയോട് ഒട്ടും സഹകരിക്കാതെ ആ നീക്കങ്ങളെ പരാജയപ്പെടുത്തുകയാണ് യുഡിഎഫുകാർ ഉൾപ്പെടെ ജനസാമാന്യം ചെയ്തത്. അതേസമയം നിരവധി യുഡിഎഫ് പ്രവർത്തകർ നവകേരള സദസ്സുകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

നവകേരള സദസ്സുകളുടെ നീക്കിബാക്കി എന്താണ്? കോൺഗ്രസ് നേതാക്കൾ മുൻകയ്യെടുത്ത് നടത്തിയ യുഡിഎഫ് പ്രചരണവും അതിനെ ഏറ്റു പിടിച്ച ചില കുത്തക മാധ്യമങ്ങളുടെ റിപ്പോർട്ടുകളും വരച്ചുകാട്ടിയതല്ല യഥാർഥത്തിൽ എൽഡിഎഫ് ഭരണത്തിൻകീഴിൽ നടന്നതും നടക്കുന്നതും എന്നു ജനങ്ങൾക്ക് ബോധ്യപ്പെടാൻ സദസ്സുകൾ സഹായിച്ചു. എന്താണ് ഈ സർക്കാർ ലക്ഷ്യംവെക്കുന്നത് എന്നും അവർക്ക് ബോധ്യപ്പെട്ടു. അതിനാൽ, മറിച്ചെന്തു പ്രചരണം ഉണ്ടായാലും, ജനസാമാന്യത്തിന്റെ പിന്തുണയും സഹകരണവും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പരിപാടികൾക്കും പ്രവർത്തനത്തിനും ലഭിക്കും എന്ന് ഉറപ്പുവരുത്താൻ ഈ സദസ്സുകൾ വഴി സർക്കാരിനു കഴിഞ്ഞു. ജനങ്ങളും സർക്കാരും ഒരേ മനസ്സോടെ തുടർന്നു പ്രവർത്തിക്കാൻ ഈ സദസ്സുകൾ വഴി തുറന്നു. അത് ഒരു വലിയ നേട്ടം തന്നെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − 2 =

Most Popular