പതിനേഴാം ലോക്-സഭ നിലവിൽ വന്നത് 2019 മെയ് മാസത്തിലാണ്. 2024 മെയ് മാസത്തോടെ അതിന്റെ കാലാവധി തീരും. അതിനുമുമ്പായി തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്ന തീയതികളിൽ തിരഞ്ഞെടുപ്പ് നടക്കും; നടക്കണം. അതിനാൽ ഡിസംബറിൽ ക്രിസ്-മസിനു മുമ്പു തീർന്ന സെഷനാണ് ഈ ലോക്-സഭയുടെ ഫലത്തിൽ അവസാനത്തേത് എന്നു പറയാം. മാർച്ച് അവസാനിക്കുന്നതിനും മുമ്പ് ഏതാനും മാസത്തെ ചെലവ് ഔപചാരികമായി അനുവദിക്കുന്നതിനായി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് പാസാക്കും. അങ്ങനെ ഡിസംബറിൽ ശരിക്കും ഫലപ്രദമായി നടത്തപ്പെടേണ്ടിയിരുന്ന സഭാ സമ്മേളനത്തെ ഭരണനേതൃത്വം പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടലിന്റെ വേദിയാക്കി മാറ്റുകയായിരുന്നു.
പ്രതിപക്ഷാംഗങ്ങളുടെ സസ്-പെൻഷന്റെയും ബഹിഷ്കരണത്തിന്റെയും ഫലമായി അവരിൽ മിക്കവരും സഭയിൽ ഹാജരായില്ല. അതുതന്നെ അവസരമായി കണക്കാക്കി ഭരണപക്ഷം ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ഇന്ത്യൻ ക്രിമിനൽ നടപടിക്രമനിയമാവലി (സിആർപിസി), തെളിവുനിയമം എന്നിവ ഭേദഗതി ചെയ്തു. പ്രതിപക്ഷത്തുള്ള മഹാഭൂരിപക്ഷം പേരും ഭരണപക്ഷം പ്രതിപക്ഷത്തോടു പുലർത്തുന്ന ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച വേളയിലാണ് ഭരണപക്ഷം ഈ നിയമഭേദഗതികൾ ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കിയെടുത്തത്. പ്രതിപക്ഷത്തോട് എന്നതിനേക്കാൾ ആ നിയമഭേദഗതികളോടും ജനങ്ങളോടും സർക്കാർ ചെയ്ത കയ്യേറ്റമായിരുന്നു പ്രതിപക്ഷത്തിൽ ഭൂരിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ തിടുക്കത്തിൽ ആ നിയമഭേദഗതികൾ അവതരിപ്പിച്ച് പാസാക്കിയത്.
ഐപിസി എന്ന ഇന്ത്യൻ ശിക്ഷാനിയമത്തെ ഭേദഗതി ചെയ്താണ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സഭ പാസാക്കിയത്. ഇനി മുതൽ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യപ്പെടുക ഈ നിയമം അനുസരിച്ചായിരിക്കും. ഓരോ വർഷവും ലക്ഷക്കണക്കിനാണ് ഈ കേസുകൾ ഉണ്ടാവുക. അവയിലൂടെ വിചാരണ ചെയ്യപ്പെടുക പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകളാണ്. ഉദാഹരണത്തിന് 2021ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഐപിസി കേസുകളിൽ പ്രതികളാക്കപ്പെട്ടത് 36 ലക്ഷം പേരായിരുന്നു. ഇതുപോലെ സിആർപിസിക്കുപകരം പാർലമെന്റ് പാസാക്കിയതാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്). ബിജെപി സർക്കാരും പാർലമെന്റും ഈ നിയമനിർമാണങ്ങളെ ഗൗരവത്തോടെ കെെകാര്യം ചെയ്തുവോ എന്ന ചോദ്യം വളരെ പ്രസക്തവും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. ബിജെപി സർക്കാർ എത്ര സേ-്വച്ഛാധിപത്യത്തോടെയാണ് ഈ നിയമസംഹിതകളെ കാലോചിതമായി ഭേദഗതി ചെയ്യുന്ന പ്രശ്നം കെെകാര്യം ചെയ്തത് എന്നതിനു തെളിവാണ് അതിന്റെ അന്ത്യഘട്ടത്തിൽ പാർലമെന്റിൽ വിശദമായ ചർച്ചയില്ലാതെ പാസാക്കപ്പെട്ടത്.
നിയമനിർമാണ ചർച്ചകൾ പാർലമെന്റിന്റെ ഇരുസഭകളിലും മാത്രമല്ല നടക്കുക. സ്റ്റാൻഡിങ്/സബ്ജക്ട് കമ്മിറ്റികളിലെ ബിൽ ചർച്ചയ്-ക്കായി രൂപീകരിക്കുന്ന പാർലമെന്റ് കമ്മിറ്റികളിലോ ഒക്കെ ചർച്ച നടക്കും, നടക്കണം.
എന്നാൽ, ഈ നിയമഭേദഗതികൾ കെെകാര്യം ചെയ്യുന്ന ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിയിലോ അതിനു സമമായ മറ്റ് ഏതെങ്കിലും കമ്മിറ്റിയിലോ വിശദമായ ചർച്ചയ്ക്ക് വിഷയമായില്ല. ഈ ബില്ലുകളിൽ ചില വകുപ്പുകൾ പുനഃക്രമീകരിച്ചത് ഒഴിച്ചാൽ പഴയ നിയമങ്ങളിലെ ഉള്ളടക്കവും ഭാഷയും വരെ ഏതാണ്ട് അതേപടി നിലനിർത്തപ്പെട്ടു. ഐപിസി, സിആർപിസി തെളിവു നിയമം എന്നിവയ്ക്കു പകരം തീർത്തും ഇന്ത്യൻ നിയമചട്ടക്കൂട്ടിലുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു എന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ അവകാശവാദം ഒട്ടും തന്നെ വസ്തുതാപരമല്ല. രാജ്യത്ത് പൊലീസ് സംവിധാനം പ്രവർത്തിക്കുന്ന രീതി, കുറ്റാനേ-്വഷണ സമ്പ്രദായം, നീണ്ടുപോകുന്ന കേസ് വിചാരണ എന്നിവയിലൊന്നും തന്നെ അടിസ്ഥാനപരമായ മാറ്റം നിർദേശിക്കപ്പെട്ടിട്ടില്ല. പിന്നെ എങ്ങനെ അമിത് ഷാ പറയുന്നത് വസ്തുതാപരമാകും?
രാജ്യദ്രോഹം സംബന്ധിച്ച കാലഹരണപ്പെട്ട വകുപ്പ് ഭാരതീയ ന്യായ സംഹിതയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം ഒരാളുടെ വംശം, ജാതി, സമുദായം, ലിംഗം, ഭാഷ, ജനനസ്ഥലം എന്നിവയിൽ ഏതിനെയും ചൊല്ലി ആരെയെങ്കിലും ഗുരുതരമായി പരിക്കേൽപ്പിക്കുകയോ വധിക്കുകയോ ചെയ്യുക പോലുള്ള ശത്രുതാപരമായ കുറ്റങ്ങൾ പ്രത്യേക കുറ്റമായി കണക്കാക്കപ്പെടും. സുപ്രീംകോടതി കുറ്റകരമല്ലാതാക്കിയ വ്യഭിചാരത്തെ കുറ്റകരമായി കണക്കാക്കണമെന്ന സമിതിയുടെ ശിപാർശയെ സർക്കാർ അംഗീകരിച്ചില്ല. ഭീകരവാദത്തെ പ്രത്യേക നിയമനിർമാണം വഴി കുറ്റമായി ഉൾക്കൊള്ളിച്ച സ്ഥിതിയിൽ അതിനെ വീണ്ടും പൊതുശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടും; ചെയ്യപ്പെടണം. ഭീകരവാദത്തെ ലഘുവായ കുറ്റമായി നിയമത്തിൽ കെെകാര്യം ചെയ്തുകൂട. പുതിയ ക്രിമിനൽ നടപടിക്രമത്തിലും 15 ദിവസത്തിൽ കൂടുതൽ പൊലീസ് കസ്റ്റഡി അനുവദിക്കുമോ എന്ന ചോദ്യമുണ്ട്. ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമുള്ള ആദ്യത്തെ ഒന്നോ രണ്ടോ മാസക്കാലത്ത് പലപ്പോഴായി ഏർപ്പെടുത്താവുന്നതാണോ പൊലീസ് കസ്റ്റഡി എന്നത് വ്യക്തമാക്കപ്പെടേണ്ടതാണ്. അത് നിർബാധം തുടരാൻ അനുവദിച്ചുകൂട. നിയമം ഭേദഗതി ചെയ്യുമ്പോൾ ക്രിമിനൽ നീതിവ്യവസ്ഥയുടെ എല്ലാ പോരായ്മകളും പരിശോധിക്കപ്പെടുന്ന നിയമചട്ടക്കൂടിന്റെ കാഴ്ചപ്പാട് വളരെ പ്രധാനമാണ്. അതൊന്നും ചെയ്യാതെയാണ് തിടുക്കത്തിൽ ഈ മൂന്ന് നിയമഭേദഗതികളും പ്രതിപക്ഷത്ത് മിക്കവരും ഇല്ലാത്ത വേളയിൽ നടന്നത്. അത് ജനാധിപത്യ ധ്വംസനമാണ്.
ചുരുക്കത്തിൽ, മോദി സർക്കാരും ബിജെപിയും ഇതേവരെ നിലനിന്നിരുന്നതും ബ്രിട്ടീഷ് ഭരണകാലത്ത് ആവിഷ്കരിച്ചിരുന്നതുമായ ക്രിമിനൽ നിയമങ്ങളെ ജനാധിപത്യനിയമവ്യവസ്ഥക്ക് അനുസൃതമായല്ല ഭേദഗതി ചെയ്തിട്ടുള്ളത് –അതും പ്രതിപക്ഷത്തെ പുറത്താക്കിക്കൊണ്ട്.