അമേരിക്ക കേന്ദ്രീകരിച്ചുള്ള കോർപറേറ്റ് മാധ്യമ കമ്പനികളുടെ ലയനവും, ഒന്ന് മറ്റൊന്നിനെ ഏറ്റെടുക്കലും വമ്പൻ കുത്തക മാധ്യമങ്ങളായി മാറുന്നതും പുതുമയുള്ള കാര്യമല്ല. കേവലമായ ലാഭക്കൊയ്ത്തിൽ മാത്രം കണ്ണുവച്ചല്ല ഇത്തരം ഏറ്റെടുക്കലുകൾ നടക്കുന്നത്. മാധ്യമസാമ്രാജ്യം കെട്ടിപ്പടുക്കുക വഴി രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനും, ഒരു പരിധിവരെ രാഷ്ട്രീയത്തിന്റെ ദിശാസൂചികൾ നിയന്ത്രിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന്റെ ക്ലാസിക് ഉദാഹരണമാണ് അമേരിക്കയിലെ ന്യൂസ് കോർപറേഷനും അതിന്റെ മേധാവിയായ റൂപ്പർട്ട് മർഡോക്കും. അർമേനിയൻ‐അമേരിക്കൻ പത്രപ്രവർത്തകനും വാർത്തമാധ്യമ നിരൂപകനും പ്രൊഫസറുമായിരുന്ന ബെൻ എച്ച് ബാഗ്ദികിയൻ എഴുതിയ മാധ്യമക്കുത്തക (Media Monopoly) എന്ന ഗ്രന്ഥം ഇത്തരത്തിലുള്ള ലയനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അമേരിക്കയിലെ തന്നെ എഡേ-്വർഡ് എസ് ഹെർമനും റോബർട്ട് ഡബ്ല്യു മക് ചെസ്നിയും ചേർന്ന് രചിച്ച ‘ദ ഗ്ലോബൽ മീഡിയ: കോർപറേറ്റ് മിഷനറീസ് ഓഫ് ക്യാപിറ്റലിസം’ എന്ന ഗ്രന്ഥവും ഈ ദിശയിൽ വിശകലനം നടത്തിയിട്ടുണ്ട്.
അമേരിക്കയിലെ മാധ്യമങ്ങളുടെ കേന്ദ്രീകരണം കോർപറേറ്റുകളുടെ ഉടമസ്ഥതയിലേക്കു പോകുന്നു എന്നായിരുന്നു ബാഗ്-ദികിയൻ പറഞ്ഞത്. ഇത് മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും, സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനും ഭീഷണിയായി മാറുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 1983ൽ പ്രസിദ്ധീകരിച്ചപ്പോൾ ബാഗ്ദികിയൻ 50 മാധ്യമ കോർപറേറ്റുകളെപ്പറ്റിയാണ് പരാമർശിച്ചിരുന്നത‍്. ഇതിനു പിന്നീട് പല ഘട്ടങ്ങളിലും പുതിയ പതിപ്പുകൾ ഇറങ്ങി. 2004ൽ അതിന്റെ ഏഴാമത്തെ പതിപ്പു പ്രസിദ്ധീകരിച്ചു. 1983ൽ നിന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ട് 2004ൽ എത്തിയപ്പോൾ മാധ്യമക്കുത്തകകളുടെ എണ്ണം 50ൽനിന്ന് അഞ്ചായി കുറഞ്ഞു. സിഡ്നി, ന്യൂസ് കോർപറേഷൻ, ടെെം വാർണർ, ബെർട്ടെൽസ്-മാൻ എന്നിവയാണ് ആ അഞ്ചു മാധ്യമ കോർപറേറ്റുകൾ.
മാധ്യമ കോർപറേറ്റുകളുടെ ലയന ചരിത്രത്തിൽ ഏറ്റവും വലിയ ലയനമായി കണക്കാക്കപ്പെടുന്നത് 2000 ജനുവരിയിൽ അമേരിക്ക ഓൺലെെനും (AOL) ടെെം വാർണറും (Time Warner) നടത്തിയതാണ്. AOLന്റെ വിപണിമൂല്യം 16,400 കോടി ഡോളറും ടെെം വാർണറിന്റേത് 9,700 കോടി ഡോളറും ഉണ്ടായിരുന്ന സമയത്തായിരുന്നു ലയനം. ലയനശേഷം ഇരുസ്ഥാപനങ്ങളുടെയും കൂടിയുള്ള വിപണി മൂല്യം 36,100 കോടി ഡോളറും. എന്നാൽ രണ്ടുവർഷത്തിനുള്ളിൽത്തന്നെ ഈ ലയനം പരാജയത്തിലേക്കു കൂപ്പുകുത്തി, ലയന സമയത്ത് 47.23 ഡോളർ വിലയുണ്ടായിരുന്ന ഓഹരിയുടെ നിലവാരം 9.64 ഡോളറായി ഇടിഞ്ഞു. ടെെം വാർണറിനു മാത്രം 9,900 കോടി ഡോളർ നഷ്ടമുണ്ടായതായാണ് വാർത്തകൾ വന്നത്. അങ്ങനെ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമക്കുത്തക ലയനം പരാജയത്തിൽ കലാശിച്ചു. ഇരുസ്ഥാപനങ്ങളുടെയും വ്യത്യസ്തങ്ങളായ സാംസ്കാരികധാരകൾ പൊരുത്തപ്പെടുത്താൻ കഴിയാതിരുന്നതാണ് ലയന പരാജയത്തിലെത്താൻ കാരണമായതെന്ന നിരീക്ഷണങ്ങൾ അന്ന് മാധ്യമലോകത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു.
അമേരിക്കൻ മാധ്യമലയനത്തിന്റെ ഇന്ത്യൻ മാതൃക
ഈ മാധ്യമ കോർപറേറ്റ് ലയനത്തിന്റെ ഇന്ത്യൻ പതിപ്പിനുള്ള അരങ്ങാണ് ഒരുങ്ങിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡി (RIL)ന്റെ മീഡിയാവിഭാഗമായ ഇൻഡിപെൻഡന്റ് മീഡിയാ ട്രസ്റ്റും (IMT) അമേരിക്കൻ കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയാ ബിസിനസും തമ്മിലുള്ള ലയനത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതാണ് ഇക്കണോമിക് ടെെംസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ മലയാളത്തിൽ സംഭവിക്കാൻ പോകുന്നത് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലും ഏഷ്യാനെറ്റ് ചാനലും ലയിക്കുകയായിരിക്കും. എണ്ണമറ്റ വ്യവസായ –വാണിജ്യസംരംഭങ്ങളിൽ ഏർപ്പെടുന്ന കുത്തക സ്ഥാപനമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. എണ്ണ–ഗ്യാസ് ഉൽപ്പാദനം, പെട്രോളിയം ഉൽപ്പന്നങ്ങൾ, പോളിയസ്റ്റർ, പ്ലാസ്റ്റിക്സ്, കെമിക്കൽസ്, റബ്ബർ ഉൽപ്പന്നങ്ങൾ, സിന്തറ്റിക് ടെക്-സ്റ്റെെൽസ് തുടങ്ങിയവയാണ് റിലയൻസ് വ്യാപരിക്കുന്ന രംഗങ്ങൾ. ഹെെപ്പർ മാർക്കറ്റുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മൊബെെൽ–കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങി എണ്ണമറ്റ സംരംഭങ്ങളുടെ ഉടമസ്ഥനാണ് അംബാനി. ഇത്തരം സംരംഭങ്ങൾക്കൊപ്പം രാഷ്ട്രീയ–ഭരണരംഗങ്ങളിൽ സ്വാധീനമുറപ്പിക്കാനും, അതുവഴി വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകൾ ആകാശത്തോളം വ്യാപിപ്പിക്കാനും മാധ്യമങ്ങളുടെ ഉടമസ്ഥത ഗുണം ചെയ്യുമെന്ന് അംബാനിക്കു മനസ്സിലായി. ഒരു പക്ഷേ, റൂപ്പർട്ട് മർഡോക്കിനെപ്പോലുള്ളവർ അമേരിക്കൻ ഭരണ–രാഷ്ട്രീയ രംഗങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ ചരിത്രമാകാം മുകേഷ് അംബാനിയെപ്പോലുള്ളവരെ മാധ്യമരംഗത്തേക്ക് ആകർഷിച്ചത്. ഈ ദിശയിൽ അംബാനി ചുവടുവച്ചത് 2014ൽ ആയിരുന്നു. രാജ്യത്തെ പ്രമുഖ വാർത്താചാനലായ ‘നെറ്റ്-വർക്ക് 18’നെ സ്വന്തമാക്കിക്കൊണ്ടായിരുന്നു അംബാനിയുടെ തുടക്കം.
സിഎൻഎൻ –ഐബിഎൻ, സിഎൻബിസിടിവി 18, സിഎൻബിസി ആവാസ് എന്നിവ അടങ്ങുന്നതാണ് ടിവി 18 വാർത്താശൃംഖല. ഇൻഡിപെൻഡന്റ് മീഡിയ ട്രസ്റ്റ് (ഐഎംടി) എന്ന സ്ഥാപനം രൂപീകരിച്ചാണ് ടിവി 18ന്റെ നിയന്ത്രണം റിലയൻസ് ഏറ്റെടുത്തത്. ഫസ്റ്റ് പോസ്റ്റ്.കോം, മണികൺട്രോൾ.കോം എന്നീ വെബ്സെെറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഫോർബ്സ് ഇന്ത്യ മാഗസിൻ, വിനോദചാനലുകളായ കളേഴ്സ്, എം ടിവി, ഹോം ഷോപ്പ് എന്നിവയും ടിവി 18 ശൃംഖലയുടെ ഭാഗമാണ്. 4000 കോടി രൂപ മുടക്കിയായിരുന്നു റിലയൻസ് ടിവി വാർത്താ ശൃംഖല ഏറ്റെടുത്തത്. ചാനൽ റിലയൻസ് ഏറ്റെടുക്കാനുള്ള അരങ്ങ് ഒരുങ്ങിയപ്പോൾത്തന്നെ ടിവി 18 ശൃംഖലയുടെ സ്ഥാപകനും എംഡിയുമായിരുന്ന രാഘവ ബാലും ഭാര്യയും ഡയറക്ടറുമായിരുന്ന റീതു കപൂറും രാജിവച്ചു. ചാനലിന്റെ സിഇഒ ബി ശശികുമാർ, സിഇഒ അജയ് ചാക്കോ എന്നിവരും രാജി സമർപ്പിക്കുകയുണ്ടായി. സിഎൻഎൻ–ഐബിഎൻ ചീഫ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ രാജ്ദീപ് സർദേശായിയും ഭാര്യയും ചാനലിന്റെ ഡപ്യൂട്ടി എഡിറ്ററുമായിരുന്ന സാഗരികഘോഷും ചാനലിനോട് വിട പറഞ്ഞു.
നെറ്റ്-വർക്ക് 18 സ്വന്തമാക്കിയതോടെ റിലയൻസിന് രാജ്യത്തെ ഏറ്റവും വലിയ മാധ്യമക്കുത്തക എന്ന പദവികൂടി അന്ന് സ്വന്തമായി. മൊബെെൽ രംഗത്ത് 5 ജി സാന്നിധ്യം കൊണ്ട് മുൻപന്തിയിലായ റിലയൻസ് ടിവി ശൃംഖലയുടെ ഉടമസ്ഥത കൊണ്ടുതന്നെ മാധ്യമചക്രവർത്തി എന്ന പദവിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഇതു കൂടുതൽ ദദ്രമാക്കാൻ സഹായകമായ വിധത്തിലാണ് റിലയൻസ്– വാൾട്ട് ഡിസ്നി ലയനം നടക്കാൻ പോകുന്നത്. വാൾട്ട്- ഡിസ്-നി അന്താരാഷ്ട്ര തലത്തിലുള്ള വലിയ മാധ്യമ ഗ്രൂപ്പാണ്. ഏഷ്യാനെറ്റിന്റെ വിവിധ ചാനലുകൾ ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. ലയനം യാഥാർഥ്യമാകുമ്പോൾ ന്യൂസ് 18 ചാനലും ഏഷ്യാനെറ്റും റിലയൻസിന്റെ കുടക്കീഴിലാകും. അതോടെ ഏറ്റവും വലിയ മാധ്യമഗ്രൂപ്പായി റിലയൻസ് മാറുകയും ചെയ്യും. 2024 ഫെബ്രുവരിയോടെ ലയനം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി രണ്ടു കമ്പനികളും ചേർന്ന് നോൺ–ബെെൻഡിങ് കരാറിൽ ഒപ്പിട്ടുകഴിഞ്ഞു. ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയിൽ റിലയൻസിന് 51 ശതമാനം ഓഹരിയും വാൾട്ട് ഡിസ്നിക്ക് 49 ശതമാനം ഓഹരി പങ്കാളിത്തവും ആയിരിക്കും ഉണ്ടാവുക എന്നു പറഞ്ഞാൽ, മേൽക്കെെ റിലയൻസിനുതന്നെ. ലയനം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മാധ്യമവിദേശ കമ്പനിയായി ഇതു മാറുകയും, ഇതിന്റെ അമരത്ത് റിലയൻസ് അവരോധിക്കപ്പെടുകയും ചെയ്യും. നിലവിൽ വിയാകോം 18നു കീഴിലായി റിലയൻസിനു നിരവധി ചാനലുകളുണ്ട്. ന്യൂസ് 18 ചാനലും വിവിധ സ്ട്രീമിങ് ആപ്പുകളും റിലയൻസിനു കീഴിലുണ്ട്. സ്റ്റാർ ഇന്ത്യയുടെ നിയന്ത്രണം റിലയൻസിന്റെ കെെകളിൽ ഭദ്രമാകുന്ന വിധത്തിലാണ് പുതിയ കമ്പനിയുണ്ടാക്കാൻ ആലോചിച്ചിട്ടുള്ളത്. 150 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് ഇരുസ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. ഡിസ്നിക്കുകീഴിൽ രാജ്യത്തു പ്രവർത്തിക്കുന്ന ചാനലുകളും ഒടിടി പ്ലാറ്റ്ഫോമുകളും കൂടി റിലയൻസിന്റെ നിയന്ത്രണത്തിലേക്ക് വരും. ഇതോടെ റിലയൻസിന് അന്താരാഷ്ട്ര വാർത്താചാനലുകളും നെറ്റ്-്ഫ്ളിക്സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമായും മത്സരിക്കാൻ കഴിയുന്ന സാഹചര്യവും സംജാതമാകും.
2023 ആഗസ്തിലാണ് എൻഡിടിവിയുടെ ഭൂരിപക്ഷം ഓഹരികളും ഗൗതം അദാനി സ്വന്തമാക്കിയത്. നേരത്തെ എൻഡിടിവി സ്ഥാപകരായ RRPR ഗ്രൂപ്പിന് (പ്രണോയ് റോയിയും രാധികറോയിയും ചേർന്നു സ്ഥാപിച്ച) 61.45 ശതമാനം ഓഹരി ഉടമസ്ഥതയാണുണ്ടായിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഏറ്റവും വസ്തുനിഷ്ഠമായും സ്വതന്ത്രമായും പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനം എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു എൻഡിടിവി. എന്നാൽ ഇപ്പോൾ 64.71 ശതമാനം ഓഹരി സ്വന്തമാക്കി ചാനലിന്റെ നിയന്ത്രണം അദാനി ഏറ്റെടുത്തിരിക്കുകയാണ്.
റിലയൻസ്–വാൾട്ട് ഡിസ്നി ലയനം സാക്ഷാത്കരിക്കപ്പെടുന്നതോടെ രാജ്യത്തെ മാധ്യമങ്ങളുടെ നിയന്ത്രണം രണ്ട് പ്രമുഖ കോർപറേറ്റുകളുടെ കെെകളിലാകും. കോർപറേറ്റുകൾ ഏറ്റവും വലിയ മാധ്യമക്കുത്തകകൾ കൂടിയാകുന്നതോടെ ജനാധിപത്യസംവിധാനത്തിലെ നാലാം തൂണ് എന്ന് കാലങ്ങളായി നാം പാടിപ്പുകഴ്-ത്തിക്കൊണ്ടിരുന്ന മാധ്യമസംവിധാനത്തിന്റെ സ്ഥിതി എന്താകും എന്നതാണ് ഗൗരവതരം. ബഹുസ്വരതയും വിയോജിപ്പിന്റെ സ്വരവും ഒക്കെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അത്തരത്തിലുള്ള ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുക തന്നെയാണ് നാലാം തൂണുകൊണ്ട് ഉദ്ദേശിക്കുന്നതും. എന്നാൽ കോർപറേറ്റുകൾ കെെയാളുന്ന മാധ്യമങ്ങളിൽ നിന്ന് ഇത്തരം ജനാധിപത്യമൂല്യങ്ങൾ പ്രതീക്ഷിക്കുക വയ്യ. ജനാധിപത്യം കേവലം പുറന്തോടായി മാറുന്ന അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നത്.
ഇത്തരം മാധ്യമകോർപറേറ്റുകളുടെ ലയനവും ഏറ്റെടുക്കലുകളും സംബന്ധിച്ച് അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. കോർപറേറ്റുകളുടെ കെെയടക്കൽ വഴി മാധ്യമങ്ങളിലെ ബഹുസ്വരത നഷ്ടപ്പെട്ടു എന്നാണ്. പ്രസ്തുത പഠനങ്ങൾ പറയുന്നത്. കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കാനും, അവരുമായി ചങ്ങാത്തത്തിലേർപ്പെടുന്ന ഭരണകൂടത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനും ആയിരിക്കും ആ മാധ്യമങ്ങൾ ശ്രമിക്കുക. വെെവിധ്യമാർന്ന അഭിപ്രായങ്ങളും ചിന്തകളും കൊണ്ട് പൊതുഇടങ്ങൾ രൂപീകരിക്കുക മാധ്യമങ്ങളുടെ പ്രധാന ധാർമിക ബാധ്യതയാണ്. പക്ഷേ കോർപറേറ്റ്–ഭരണകൂട താൽപ്പര്യസംരക്ഷണം ലാക്കാക്കിയുള്ള ചേരുവകളിൽ ഇത്തരം മാധ്യമങ്ങൾ അഭിരമിക്കുമ്പോൾ കേൾക്കാതാകുന്നത് സാധാരണ മനുഷ്യന്റെ ശബ്ദമായിരിക്കും. ജനാധിപത്യത്തിലെ കാവൽനായ്ക്കൾ മടിത്തട്ടിൽ ലാളനയേൽക്കുന്ന നായ്ക്കളായി മാറുന്ന പ്രതിഭാസം കൂടുതൽ ശക്തിപ്പെടും.
മാധ്യമക്കുത്തകയുടെ അധിപന്മാരായി ഒരുവശത്ത് അംബാനിയും മറുവശത്ത് അദാനിയും മാറുമ്പോൾ കുത്തകവൽക്കരണം ശക്തിപ്പെടുത്തുന്ന അംബാനിയുടെയും അദാനിയുടെയും ചൂഷണങ്ങളും അവയ്ക്കു കുടപിടിക്കുന്ന ഭരണകൂടത്തിന്റെ വഞ്ചനാപരമായ നിലപാടുകളും ആരു പറയും? ആരറിയും? പത്തുവർഷം മുമ്പ് നെറ്റ്-വർക്ക് 18 അംബാനി ഏറ്റെടുത്ത ഘട്ടത്തിൽത്തന്നെ, അന്ന് പ്രസ് കൗൺസിൽ അംഗമായിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകൻ പരഞ്-ജോയ് ഗുഹ താർക്കുത്ത ഈ ചോദ്യം ഉയർത്തിയതാണ്. 2012 ജനുവരിയിലാണ് റിലയൻസ്, ഇൻഡിപെൻഡന്റ് മീഡിയ ട്രസ്റ്റിന്റെ പേരിൽ ടിവി 18ന്റെ ആദ്യ നിക്ഷേപം നടത്തിയത്. റിലയൻസ് ചെറിയൊരു നിക്ഷേപം നടത്തിയപ്പോൾത്തന്നെ വാർത്തകളിൽ മാനേജ്മെന്റിന്റെ ഇടപെടലുകൾ വന്നുതുടങ്ങിതായി വാർത്തകൾ വന്നിരുന്നു. 2014ൽ നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സന്ദർഭത്തിൽ, മോദിക്കെതിരായ വാർത്തകൾ വരാൻ പാടില്ലെന്ന് അന്നത്തെ അവതാരകയായ സാഗരിഗ ഘോഷിന് മാനേജ്മെന്റ് നിർദേശം നൽകുകയുണ്ടായി.
ഇത് കൂടുതൽ ശക്തിപ്പെടുന്ന സ്ഥിതിയാകും ഇനി ഉണ്ടാവുക. ഒരു വശത്ത് അദാനിയും മറുവശത്ത് അംബാനിയും മധ്യത്തിൽ മോദിയടക്കമുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ ജനവിരുദ്ധതയുമായിരിക്കും വാർത്താമുറികളിൽ കാര്യങ്ങൾ നിയന്ത്രിക്കുക. ടിവി 18 ശൃംഖല അംബാനിയുടെ കെെകളിലെത്തിയപ്പോൾ, റിലയൻസ് ഗ്രൂപ്പ് ഉൾപ്പെട്ട കൃഷ്ണ–ഗോദാവരി ബേസിൻ വാതക കുംഭകോണ (കെ ജി ബേസിൻ ഗ്യാസ് ഡീൽ) ത്തെപ്പറ്റി വസ്തുനിഷ്ഠമായ വാർത്ത നൽകാൻ റിലയൻസിന്റെ അധീനതയിലുള്ള മാധ്യമസ്ഥാപനത്തിനു കഴിയുമോയെന്ന് അന്ന് പി സായ്-നാഥ് ചോദിച്ചത് ഇന്നും പ്രസക്തമാണ്. ചുരുക്കത്തിൽ, രാജ്യത്തിനകത്തെ മാധ്യമകോർപറേറ്റുകൾ സാധാരണ മനുഷ്യരുടെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും മാത്രമല്ല, സ്വപ്നങ്ങൾ വരെ അപഹരിക്കുന്ന സ്ഥിതിയായിരിക്കും സംജാതമാവുക.
കേരളത്തിൽ
സംഭവിക്കാൻ പോകുന്നത്
ഏഷ്യാനെറ്റ് ചാനലുകൾ ഇപ്പോൾ ഡിസ്നിയുടെ കീഴിലാണ്. ഇത് ഇനി റിലയൻസിന്റെ കെെകളിലാകും. ഒടിടി പ്ലാറ്റ്ഫോമിൽ കാണിക്കുന്ന ടിവി സീരിയലുകളടക്കം റിലയൻസിനു മേധാവിത്വമുള്ള കമ്പനിയായിരിക്കും നിയന്ത്രിക്കുക. നിലവിൽത്തന്നെ ന്യൂസ്18 ചാനൽ സംഘപരിവാർ രാഷ്ട്രീയത്തിന് സഹായകമായ നിലപാടെടുക്കുന്നുണ്ടെന്ന ആരോപണം ഏറ്റുവാങ്ങുന്നുണ്ട്. ഇതു കുറേക്കൂടി ശക്തിപ്പെടുന്ന സ്ഥിതിയാകും സംജാതമാവുക.
റിലയൻസിന് മറ്റു സംരംഭങ്ങളിലെ ലാഭക്കൊയ്ത്തും ചൂഷണവും അഭംഗുരം തുടരുന്നതിന് ഭരണകൂട താൽപ്പര്യങ്ങൾക്കനുസരിച്ച് നീങ്ങേണ്ടതുണ്ട്. ഭരണകൂടവും തങ്ങളുടെ അജൻഡ നടപ്പാക്കാൻ വേണ്ടി മാധ്യമക്കുത്തകകളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കും. അതുവഴി, സംഘപരിവാർ രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ഇടനിലക്കാരായി വാർത്തമാധ്യമങ്ങൾ മാത്രമല്ല, വിനോദചാനലുകളും മാറുന്ന സ്ഥിതിയുണ്ടാകും. പ്രത്യക്ഷത്തിൽ നിർദോഷവും നിഷ്-കളങ്കവും എന്നു തോന്നുന്ന സീരിയലുകളും കോമഡി പരിപാടികളും വഴി നാമറിയാതെ തന്നെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ആശയാവലികൾ നമ്മുടെ തലച്ചോറുകളിൽ കൂടുകൂട്ടും. ♦