രണ്ടാം മോദി സർക്കാർ നിലവിൽ വന്ന് മാസങ്ങൾക്കുള്ളിലാണ് ജമ്മു – കാശ്മീർ സംസ്ഥാനത്ത് നിലവിലിരുന്ന സർക്കാരിനെ പിരിച്ചുവിട്ട് അതിനെ വിഭജിച്ച് ജമ്മു – കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ആർഎസ്എസ് നിർദ്ദേശിച്ച ചട്ടക്കൂട്ടിനുള്ളിൽ നിന്നുകൊണ്ടാണ് മോദി സർക്കാർ കാശ്മീർ പ്രശ്നത്തിനു പരിഹാരം നിർദ്ദേശിച്ചത്. ആദ്യം ഭരണഘടനയിലെ 370 –ാം അനുച്ഛേദം പ്രയോഗിച്ച് രാഷ്ട്രപതി ഒരു പ്രഖ്യാപനം നടത്തി. തുടർന്ന് മോദി സർക്കാർ ആദ്യം രാജ്യസഭയിലും തുടർന്ന് ലോക്-സഭയിലും ബിൽ അവതരിപ്പിച്ച് ജമ്മു – കാശ്മീർ സംസ്ഥാനം വിഭജിച്ച് ജമ്മു–കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾ രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ജമ്മു –കാശ്മീരിനെ നിയമസഭയോടുകൂടിയ സംസ്ഥാനമാക്കി പിന്നീട് മാറ്റുമെന്നും പ്രഖ്യാപിച്ചു. ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി തുടരും എന്നും.
1947 ലോ 1950കളിലോ ഇന്ത്യ സർക്കാർ ജമ്മു കാശ്മീരിനെ സംബന്ധിച്ച് കൈകൊണ്ട തീരുമാനങ്ങൾ താൽക്കാലിക സ്ഥിതി തരണം ചെയ്യാനായിരുന്നു, സ്ഥിരമായ ഏർപ്പാടല്ല ഉണ്ടാക്കിയത് എന്നാണ് മോദി സർക്കാർ കൈക്കൊണ്ട നിലപാട്. അത് സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുന്നു. ഭരണഘടനയിലെ 370–ാം വകുപ്പും അതിൻപ്രകാരമുള്ള നടപടികളും താൽക്കാലിക ഏർപ്പാടായിരുന്നു എന്ന മോദി സർക്കാർ നിലപാട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യത്യസ്ത വിധികളിലൂടെയാണെങ്കിലും, അംഗീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് 367–ാം അനുച്ഛേദത്തിൽ രാഷ്ട്രപതി ഭേദഗതി വരുത്തിയത്. നേരായ വഴിയിലൂടെ ചെയ്യാൻ കഴിയാത്ത കാര്യം വളഞ്ഞ വഴിയിലൂടെ ചെയ്യാനാണ് മോദി സർക്കാർ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സുപ്രീംകോടതിയെ എതിർപ്പുകളുമായി സമീപിച്ച കക്ഷികളുടെ വാദം. സർക്കാരിന്റെ തെറ്റായ ഈ നടപടി തിരുത്തിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.മോദി സർക്കാരിന്റെ നടപടിക്രമം തെറ്റായിരുന്നു എന്ന് ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്ജിമാരും സമ്മതിച്ചു. എന്നാൽ 370 –ാം അനുച്ഛേദത്തെ പ്രവർത്തനരഹിതമാക്കാനുള്ള മറ്റു ഭേദഗതികളെ ഇത് അസാധുവാക്കുന്നില്ല എന്നാണ് അവർ വിധിച്ചത്. അതിനാൽ ഉന്നയിക്കപ്പെട്ട നിയമപ്രശ്നങ്ങളുടെ മർമ്മത്തിലേക്ക് കടക്കാൻ ജഡ്ജിമാർ തയ്യാറായില്ല.
ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ഒരു പ്രധാനപ്പെട്ട നിയമപ്രശ്നം ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്നതിന് ഭരണഘടനയിലെ മൂന്നാം അനുച്ഛേദം അനുവദിക്കുന്നുണ്ടോ എന്നതായിരുന്നു. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നത് ദൂരവ്യാപക അനന്തരഫലങ്ങൾ ഉളവാക്കുമോ, ഫെഡറലിസത്തെ അത് ബാധിക്കുമോ എന്നീ പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നു. ഇവ സുപ്രീംകോടതി അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തതായി അനുഭവപ്പെട്ടില്ല. മേലിലും ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്ര സർക്കാർ മാറ്റുന്ന സ്ഥിതിവിശേഷം ഉണ്ടാകാം എന്നതിനാൽ ഈ നിയമപ്രശ്നത്തിനു ഈ കേസിനപ്പുറം കടക്കുന്ന പ്രാധാന്യമുണ്ട്. എന്നാൽ ജമ്മു – കാശ്മീരിനു സംസ്ഥാന പദവി തിരികെ നൽകാമെന്നു കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതോടെ ഭരണഘടനാ ബഞ്ച് പ്രശ്നം ഗൗരവത്തോടെ പരിഗണിക്കാതെ വിടുകയാണുണ്ടായത്. കേന്ദ്രസർക്കാരിനു അതിന്റെ രാഷ്ട്രീയമോ മറ്റുതരത്തിലോ ഉള്ള താൽപര്യമനുസരിച്ച് സംസ്ഥാനങ്ങളുടെ പദവി മാറ്റിമറിക്കാം എന്ന ഭീഷണിക്ക് സ്ഥിരമായ പരിഹാരം നിർദ്ദേശിക്കാൻ കൈവന്ന അവസരം കോടതി പ്രയോജനപ്പെടുത്തിയില്ല എന്നതാണ് വസ്തുത.അതിനാൽ സംസ്ഥാനങ്ങളെ അങ്ങനെ അല്ലാതാക്കുന്നത് അന്നന്നത്തെ കേന്ദ്രസർക്കാരിന്റെ സ്ഥാപിതമോ സങ്കുചിതമോ ആയ താൽപര്യം അനുസരിച്ചും ആ സംസ്ഥാനത്തെ ദശലക്ഷക്കണക്കിനുവരുന്ന ജനങ്ങളുടെ ആഗ്രഹവും താല്പര്യവും നോക്കാതെയും ആകാം എന്ന സ്ഥിതി ഇനിയും തുടരാൻ സാധ്യതയുണ്ട്.
ജമ്മു – കാശ്മീരിനെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള നിയമസഭയോടു കൂടിയ സംസ്ഥാനമാക്കി പുനഃസ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി വിധി. പുതിയ നിയമസഭ 2024 സെപ്തംബർ 30നു മുമ്പ് തിരഞ്ഞെടുപ്പ് നടത്തി രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അതിനു അനുസൃതമായി 370 –ാം അനുച്ഛേദം അതിനകം റദ്ദാക്കി സംസ്ഥാന പുനഃസംഘടന നടത്തിക്കൊണ്ടുള്ള നിയമനിർമാണം നടക്കണം. അതിനു ഉപകരിക്കുന്ന വിധത്തിൽ ഒരു വസ്തുതാന്വേഷണ അനുരഞ്ജന കമ്മീഷൻ രൂപീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആർഎസ്എസിന്റെയും പഴയ ജനസംഘത്തിന്റെ യും ഇപ്പോൾ ബിജെപിയുടെയും നീണ്ടകാലത്തെ ആഗ്രഹമാണ് ജമ്മു – കാശ്മീരിനു നൽകപ്പെട്ടിട്ടുള്ള പ്രത്യേക പദവി റദ്ദാക്കുക എന്നത്. അതിന്റെ ഭാഗമായാണ് 2019 ആഗസ്തിൽ അതിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. 370 (3) ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ജമ്മു–കാശ്-മീരിന്റെ ഭരണഘടനാ നിർമാണ സഭക്കു മാത്രമേ അവിടത്തെ ഭരണഘടന ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികാരമുള്ളൂ. 2019 ആഗസ്ത് അഞ്ചിന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയുടെയും നിയമ നിർമാണത്തിന്റെയും ചില ഭാഗങ്ങൾ അസാധുവാണ് എന്ന് സുപ്രീംകോടതി വിധിച്ചു. അതേശ്വാസത്തിൽ തന്നെ 370–ാം അനുച്ഛേദം അസാധുവാണെന്നും ആഗസ്ത് 6നു രാഷ്ട്രപതി ചെയ്ത പ്രഖ്യാപനം സാധുവാണ് എന്നുമാണ് കോടതി വിധിച്ചത്. പാർലമെന്റിനു ഇല്ലാത്ത അധികാരം രാഷ്ട്രത്തലവനായ രാഷ്ട്രപതിക്ക് ഉണ്ട് എന്നായിരുന്നു മറ്റൊരു നിരീക്ഷണം. രാഷ്ട്രപതി സാധാരണഗതിയിൽ കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണം എന്നതാണ് ഭരണഘടനാ വ്യവസ്ഥ. എന്നാൽ, ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുക എന്ന ഗൗരവമായ നടപടി ആരുടെയും ഉപദേശമില്ലാതെ രാഷ്ട്രപതിയ്ക്ക് സ്വമേധയാ ചെയ്യാം എന്നു സുപ്രീംകോടതി വിധിച്ചു. പാർലമെന്റ് 2019 ആഗസ്ത് 5നും 6നും ചെയ്ത നിയമഭേദഗതികൾ ഫലത്തിൽ സാധുവാണെന്നും (അത് ഈ ഒറ്റ സന്ദർഭത്തിനു മാത്രം ബാധകമാണെന്നും) ഉള്ള സുപ്രീംകോടതിയുടെ ഭരണഘടനാ വ്യാഖ്യാനം ഒരുപക്ഷേ നിയമചരിത്രത്തിൽ പുതിയ അധ്യായമായി മാറിയേക്കാം. ആരുടെയും ഉപദേശം കൂടാതെ ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പദവി രാഷ്ട്രപതിക്ക് നീക്കം ചെയ്യാം എന്നതാണ് ഇതിന്റെയെല്ലാം ആകത്തുക.
ജമ്മു–കാശ്മീരിലെ ഭരണഘടനാ നിർമാണസഭ 2019നുശേഷം ഇല്ലാതായി, അതിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതോടെ. ഇന്ത്യയുമായി അതിനെ യോജിപ്പിക്കുന്നതിന്റെ പര്യവസാനം മാത്രമാണ് എന്നു സുപ്രീംകോടതി പറയുന്നു. ജമ്മു–കാശ‍്മീരിനു ഇന്നു പരമാധികാരമൊന്നും ഇല്ല എന്നു വ്യക്തം. അതേസമയം അത് ഇന്ത്യയോട് ചേർന്നതിനെ തുടർന്നു 1947 നുശേഷമുള്ള പത്തുവർഷങ്ങൾക്കിടയിൽ ജമ്മു–കാശ്-മീരിന്, അവിടത്തെ അധികാരികൾക്കും ജനങ്ങൾക്കും, ഇന്ത്യ ചില ഉറപ്പുകൾ നൽകിയിരുന്നു എന്നാണ് അക്കാലത്ത് ആധികാരികമായി ഒപ്പുവയ്ക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ പല രേഖകളുടെയും ഉള്ളടക്കം വെളിപ്പെടുത്തുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നേതൃത്വം മാറുന്നതിനു അനുസരിച്ച് അതെല്ലാം ഇഷ്ടംപോലെ മാറ്റാനാവില്ല. അക്കാലത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും മാറി, പുതിയ ഭരണനേതൃത്വത്തിനു അന്നുണ്ടാക്കിയ ധാരണയോട് താൽപ്പര്യമില്ല എന്നത് അതാകെ മാറ്റുന്നതിനോ തിരുത്തുന്നതിനോ മതിയായ കാരണമാകുന്നില്ല, കാരണമാക്കിക്കൂട.
ജമ്മു–കാശ്മീർ ഇന്ത്യയിൽ ലയിക്കാൻ കരാർ ഒപ്പിട്ടശേഷം അതിനു പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. അപ്പോൾ ഭരണഘടനയുടെ 370–ാം അനുച്ഛേദത്തിൽ ജമ്മു–കാശ്മീരിനു പ്രത്യേക പദവി വ്യവസ്ഥ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നു കോടതി പറയുന്നില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ ലഡാക്കിനെ വേറിട്ട കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റി. അതിനാൽ 370–ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കെന്ന പോലെ പ്രത്യേകാവകാശം ലഭിക്കുക ലഡാക്ക് ഇല്ലാത്ത ജമ്മു–കാശ്മീരിനു മാത്രമാണ്. അതിനെ കോടതി ശരിവച്ചത് ലഡാക്കിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടാണോ എന്ന ചോദ്യം പ്രസക്തമാണ്. ജമ്മു–കാശ്മീർ പ്രത്യേക സംസ്ഥാനമാക്കി നിയോജകമണ്ഡലം പുനർവിഭജനം നടത്തി തിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധികൾക്ക് അധികാരം നൽകുക. 2024 സെപ്തംബർ 30നകമാണ്. അതുവരെ അവിടത്തെ ജനങ്ങൾ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരിക്കും. സാധാരണഗതിയിൽ സംസ്ഥാന പുനഃസംഘടനാബിൽ അതത് സംസ്ഥാന നിയമസഭ അംഗീകരിക്കേണ്ടതുണ്ട്. ജമ്മു–കാശ്മീരിൽ അടുത്ത സെപ്തംബറിനു ശേഷമേ അത് നിലവിൽ വരൂ. ഇങ്ങനെ നോക്കിയാൽ നിയമപരമായും രാഷ്ട്രീയമായും ഭരണപരമായും ഉള്ള ഒട്ടേറെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉയർന്നുവരാൻ അവസരം നൽകുന്ന വിധത്തിലാണ് സുപ്രീംകോടതി നീണ്ട കാലത്തെ വിചാരണക്കു ശേഷം ഈ കേസിൽ വിധി പറഞ്ഞത് എന്നത് അസ്വാസ്ഥ്യജനകമാണ്. കോടതിയെ അതിനു നിർബന്ധിതമാക്കുന്ന വിധത്തിലായിരുന്നു മോദി സർക്കാരിന്റെ നടപടികളും. ♦