Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിഎൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തേകി നവകേരള സദസ്സ്

എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തേകി നവകേരള സദസ്സ്

പിണറായി വിജയൻ

ഹിഷ്കരണാഹ്വാനങ്ങളെയും വ്യാജപ്രചരണങ്ങളെയും അപ്രസക്തമാക്കി ആയിരങ്ങളണിനിരക്കുന്ന ജനകീയ മുന്നേറ്റമായി മാറുകയാണ് നവകേരള സദസ്സ്. ജനാധിപത്യത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും പുതിയ കേരള മാതൃകയെന്ന നിലയിൽ സദസ്സ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഭരണകർത്താക്കളും ജനങ്ങളും നാടിന്റെ നവയുഗ സൃഷ്ടിക്കായി ഒത്തുചേരുന്ന ഈ അപൂർവ്വ സന്ദർഭം രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് കൂടിയാണ് തുടക്കം കുറിച്ചത്.

വളരെ സവിശേഷമായ ഒരു രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പ്രതികൂലമായ ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദൽ ഉയർത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും ഇവിടത്തെ വികസനത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ, ഇതിലൊന്നും തളരാതെ വൈഷമ്യങ്ങളെ മൗലികമായ വഴികൾ കണ്ടെത്തി മറികടന്നുകൊണ്ട്‌ കേരളം മുന്നോട്ടു പോകുകയാണ്, നവകേരളസൃഷ്ടി യാഥാർഥ്യമാക്കുകയാണ്. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാർത്തെടുത്തുകൊണ്ട്‌ പുതിയൊരു കേരളമാതൃക സൃഷ്ടിക്കുകയാണ്. ആ പ്രക്രിയ കൂടുതൽ ജനകീയവും ഊർജ്ജസ്വലവുമാക്കുക എന്ന ലക്ഷ്യമാണ് നവകേരള സദസ്സിനുള്ളത്.

സദസ്സിന്റെ പ്രഖ്യാപനം മുതൽ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് പല കോണുകളിൽ നിന്നുമുണ്ടായത്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണാഹ്വാനത്തിനും അപവാദ പ്രചരണങ്ങൾക്കും ഒപ്പം പലവിധ വ്യജ വാർത്തകളുമായി മാധ്യമങ്ങളും അരങ്ങു വാണു. എന്നാൽ ഇതെല്ലാം തെറ്റാണെന്നു തിരിച്ചറിയാൻ അധികം താമസമുണ്ടായില്ല. വ്യാജ വാർത്തകൾ തിരുത്തി ഖേദം പ്രകടിപ്പിക്കുന്ന അവസ്ഥയിൽ ചില മാധ്യമങ്ങളെത്തിയത് നാം കണ്ടു.

രാഷ്ട്രീയ ലക്ഷ്യത്തോടെ എൽഡിഎഫ് നടപ്പാക്കുന്ന പരിപാടിയാണിതെന്നായി മറ്റൊരു പ്രചരണം. കൂടാതെ സദസ്സിന് പണം അനുവദിക്കരുതെന്ന പരസ്യ പ്രഖ്യാപനങ്ങൾ തന്നെ ഉണ്ടായി. തിരുവനന്തപുരം വരെ പ്രതിഷേധിച്ച് സദസ്സിന്റെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തണമെന്ന ആഹ്വാനങ്ങൾ നാം കണ്ടു. എന്നാൽ അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ നവകേരള സദസ്സിനൊപ്പം അണിചേരുകയാണുണ്ടായത്. ഇത്തരം ആഹ്വാനങ്ങളെ തിരസ്കരിച്ചുകൊണ്ട് യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ പോലും സദസ്സിലേക്കെത്തി. യുഡിഎഫ് എൽഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും വൻ ജനാവലിയാണ് സദസ്സിനെ എതിരേറ്റത്.

സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണിത്. സർക്കാരിലുള്ള വിശ്വാസം എല്ലാ എതിർ പ്രചാരണങ്ങളെയും അപ്രസക്തമാക്കുന്ന ബോധ്യമായി നെഞ്ചേറ്റുന്ന ജനതയാണ് പൊരിവെയിലിനെപ്പോലും കൂസാതെ ഓരോ കേന്ദ്രത്തിലേക്കും ഒഴുകിയെത്തുന്നത്. സർക്കാർ ജനങ്ങളുമായി വികസനകാര്യങ്ങൾ സംവദിക്കുന്ന ഒരു പരിപാടിയിൽ ഇതുപോലെ ജനപങ്കാളിത്തവും ഉത്സാഹവും പ്രകടമാകുന്നു എന്നത് നാടിന്റെ ഭാവി കൂടുതൽ പ്രതീക്ഷാനിർഭരമാക്കുന്നു.

മാധ്യമങ്ങളും പ്രതിപക്ഷവും മറച്ചുവയ്ക്കുന്ന കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയാനുള്ള വേദി കൂടിയായി നവകേരള സദസ്സ് മാറി. ലൈഫ് മിഷൻ തകർന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി ജനങ്ങൾ തന്നെ നവകേരള സദസ്സിൽ പങ്കു വച്ചു. തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതിൽ കേരളം രാജ്യത്തിനു മാതൃകയാണെന്നും പൊതുവിദ്യാലയങ്ങൾ എക്കാലത്തേക്കാളും മികച്ചതായെന്നും പൊതുആരോഗ്യമേഖല മികവിന്റെ ഉയരങ്ങളിലാണെന്നും ക്ഷേമ പെൻഷൻ കൃത്യമായി കിട്ടുന്നുണ്ടെന്നും നാട് വ്യവസായ സൗഹൃദമായെന്നും വനിതകൾ ശാക്തീകരിക്കപ്പെടുന്നു എന്നും എല്ലാം നാടാകെ ഉറക്കെ പ്രഖ്യാപിക്കുകയാണ്. വർഗീയതയ്ക്കും മറ്റു വിഭാഗീയതകൾക്കും കേരളത്തിൽ ഇടമില്ലെന്നും നവകേരള സദസ്സിന്റെ വിജയം അടിവരയിടുന്നു.

കേരളം നിലവിൽ സാമൂഹിക ഉന്നമനത്തിന്റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. എന്നാൽ ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാർഗമായി കാണുകയാണ് കേന്ദ്രം. ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകേണ്ട വിഹിതം വർഷങ്ങളായി ഗുണഭോക്താക്കൾക്ക് കേരളമാണ് വിതരണം ചെയ്യുന്നത്.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി അവകാശങ്ങൾ മിക്കവാറും നഷ്ടപ്പെട്ടു. 2017-–18 മുതൽ കേന്ദ്രത്തിൽ നിന്നു ലഭിക്കാനുള്ള വിവിധ തുകകൾ കുടിശ്ശികയാണ്. ഇതിന്റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. ഇത്തരത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും കേരളം നേരിടുന്ന അവഗണനയും അനീതിയും ജനങ്ങളുമായി വിശദമായി ചർച്ച ചെയ്യാനും നവകേരള സദസ്സ് സഹായകമായി. കേന്ദ്ര നയത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങൾ ഓരോ വേദിയിലും മുഴങ്ങിക്കേട്ടു.

സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള സന്തോഷം അറിയിച്ചും വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമാണ് നവകേരള സദസ്സിന്റെ പ്രഭാതയോഗങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ പ്രഭാത യോഗങ്ങളിൽ പ്രമാണിമാർ എന്ന പേരിൽ യോഗങ്ങൾക്കു നേരെയും തെറ്റായ പ്രചരണമുണ്ടായി. യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസർകോട്ട് ചേർന്ന പ്രഭാത യോഗത്തിന്റെ വാർത്തകൾ പുറത്തു വന്നതോടെ ആ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ഏവർക്കും ബോധ്യമായി. സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള വേദിയായി ഓരോ പ്രഭാതയോഗങ്ങളും വർത്തിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി കൃഷിക്കാർക്ക് ഉപകരിക്കുന്ന രീതിയിലാക്കണമെന്നതായിരുന്നു കർഷകൻ അൻവർ ഹാജി അരവഞ്ചാലിന്റെ ആവശ്യം. കലാ സാംസ്‌കാരിക രംഗത്ത് മലബാറിന് കൂടുതൽ പൊതുഇടങ്ങൾ വേണമെന്നതായിരുന്നു ചിത്രകാരൻ എബി എൻ ജോസഫിന്റെയും നടൻ സന്തോഷ് കീഴാറ്റൂരിന്റെയും നിർദേശം. സ്‌കൂൾ പാചക തൊഴിലാളികളുടെ അധ്വാനഭാരം കുറയ്‌ക്കാൻ നടപടി വേണമെന്ന ആവശ്യം പാചക തൊഴിലാളി യൂണിയൻ പ്രതിനിധി ഉന്നയിച്ചു. ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രകടമാക്കപ്പെടുന്ന യോഗങ്ങളിൽ അവയാകെ കേട്ട് മറുപടി പറയാനും സമയം കണ്ടെത്തുന്നു.

കോടികളുടെ മുതൽമുടക്കിൽ ആരംഭിക്കുന്ന വ്യവസായം ഏതു സംസ്ഥാനത്ത് ആരംഭിക്കണമെന്ന പരിശോധനയിൽ കേരളത്തെ തെരഞ്ഞെടുത്തതും കാസർകോട് ജില്ലയിലെ അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ അത് ആരംഭിച്ചതും കേരളം പൂർണമായും വ്യവസായ സൗഹൃദമായതിനാലാണെന്ന് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാൾ കാസർകോട്ടെ പ്രഭാതയോഗത്തിലാണ് പറഞ്ഞത്. സർക്കാരിന്റെ പിന്തുണയും ഉദ്യോഗസ്ഥരുടെ സൗഹൃദ സമീപനവും വ്യവസായത്തിന് അനുകൂലമാണ്. കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്തനാണെന്ന് ഇതരനാട്ടിൽ നിന്നെത്തിയ അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്.

സമൂഹത്തിന്റെ വ്യത്യസ്തത മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യമാണ് പ്രഭാത യോഗങ്ങളിൽ ഉണ്ടാകുന്നത്. ജനാധിപത്യപരമായ സംവാദം ജനങ്ങളും സർക്കാരുമായി സാധ്യമാകുന്നു എന്നതാണ് ഈ യോഗങ്ങളുടെ സവിശേഷത. രാജ്യത്തിനു പുറത്തു ജീവിക്കുന്ന പ്രവാസികളുടെ യാത്രാദുരിതം മുതൽ നമ്മുടെ കണ്മുന്നിലുള്ള മാലിന്യപ്രശ്നം വരെ വിവിധ വിഷയങ്ങൾ പ്രഭാത യോഗങ്ങളിൽ ഉയർന്നു വരുന്നു. ഇവയ്ക്കാകെ നവകേരള സദസ്സുകൊണ്ടു ഒറ്റയടിക്ക് പരിഹാരം ഉണ്ടാകും എന്ന അവകാശവാദമൊന്നും ആരും ഉന്നയിക്കുന്നില്ല. എന്നാൽ, സാധ്യമായ പരിഹാരം അടിയന്തര സ്വഭാവത്തോടെ നടപ്പാക്കും. പുതിയ നിർദേശങ്ങളും ആശയങ്ങളും വരുംകാല ഇടപെടലുകൾക്ക് മാർഗ്ഗദർശനമാകുന്ന വിധത്തിൽ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് നടപടികൾ സ്വീകരിക്കുകയും ചെയ്യും.

നവകേരള സദസ്സ് ജനാധിപത്യത്തിന്റെ മാത്രമല്ല; ഭരണനിർവ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയർത്തുകയാണ്. ഓരോ വേദിയിലും തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനുമായി ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങൾ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെപരിഹാരങ്ങൾ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണ്.

വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നവകേരള സദസ്സിന് ഇതിനകം സാധിച്ചു. ഉദാഹരണമായി കാസർകോട് മുളിയാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ഏരിഞ്ചേരിയിൽ 9 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം ഉയരാൻ പോവുകയാണ്. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തിനാണ് ദിവസങ്ങൾക്കുള്ളിൽ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്.

30 ശതമാനം പണമടച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്നറിയിച്ച് പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെ ആർഡി നഗർ മന്നിപ്പാടിയിലെ വി.അനഘ എന്ന വിദ്യാർത്ഥി നൽകിയ പരാതിയ്ക്ക് ദിവസങ്ങൾക്കുള്ളിൽ പരിഹാരമായി. അനഘയെപ്പോലെ വഞ്ചിതരായ മറ്റു കൂട്ടുകാർക്കും പണം തിരികെ ലഭിച്ചു. അതുപോലെ കാറ്റിലും മഴയിലും ഭാഗികമായി തകർന്ന വീടിന്റെ പുനരുദ്ധാരണത്തിന് ധനസഹായം ആവശ്യപ്പെട്ട് ഉദുമ മയിലാട്ടിയിലെ എം.രത്‌നാകരൻ നൽകിയ നിവേദനത്തിനും പരിഹാരമായി. രത്നാകരനു തുകയനുവദിക്കുന്ന സെയ്പ് പദ്ധതിയിൽ ജില്ലയിൽ നടപ്പു സാമ്പത്തിക വർഷം 150 പേർ ഗുണഭോക്താക്കളാകും. നിലവിൽ 72 പേർക്ക് സേവനം നൽകിക്കഴിഞ്ഞു.

തേജസ്വിനി പുഴയുടെ പാലായി തീരവളപ്പ് മുതൽ കരുവാത്തല വരെയുള്ള 500 മീറ്ററോളം പുഴയുടെ വലതു കരയിൽ കരയിടിച്ചിൽ ഭീഷണിയിലായതിനാൽ പേരോൽ സ്വദേശി പി മനോഹരൻ നൽകിയ അപേക്ഷയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഈ ഭാഗത്ത് പുഴയുടെ കര കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണ്.

ലഭിക്കുന്ന നിവേദനങ്ങളിൽ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സർക്കാരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങളും ഒക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾക്കും നിവേദനം സമർപ്പിച്ചവർ ഉണ്ട്. ചില പരാതികൾക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമർപ്പിക്കാൻ തയ്യാറാവുന്നവരുമുണ്ട്. ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ടാണ് കൂടുതൽ പേർ ഇങ്ങനെ മുന്നോട്ടു വരുന്നത്.

നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളിൽ ഉയർന്നു കേട്ടു. തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും സർക്കാർ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നൽകാൻ ജനങ്ങൾക്ക് പ്രചോദനമാകുന്നത്. ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം.

ഒരു മന്ത്രിസഭ ഒരുമിച്ച് ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഒരു നാടിന്റെയാകെ ശബ്ദമാണ് ഇവിടെ ഉയരുന്നത്. ആ ശബ്ദം ജനാധിപത്യത്തിന്റെ കരുത്താണ്. അത് കേൾക്കുകയും അതിൽ നിന്നുൾക്കൊള്ളുകയും മറുപടി നൽകുകയും തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന പ്രക്രിയ കൂടിയാണ് നവകേരള സദസ്സ്. തുടക്കം മുതൽ സദസ്സിലുണ്ടായ ജനപങ്കാളിത്തം ഈ പരിപാടിയോട് നാടിനുള്ള തുറന്ന സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ്. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ജനങ്ങൾ ഒരേ മനസ്സോടെ ഒത്തുചേരുന്ന കാഴ്ചയാണ് ഒരോ വേദിയിലും കണ്ടത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കും സർക്കാരിനൊപ്പം തങ്ങൾ ഉണ്ടെന്ന ജനങ്ങളുടെ ഉറച്ച പ്രഖ്യാപനമായി നവകേരള സദസ്സ് മാറി. കേരളം കൈവരിച്ച സമഗ്രവികസനത്തിന്റെയും സർവ്വതലസ്പർശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതൽ ഊർജ്ജിതമായി കൊണ്ടുപോകാനുള്ള കരുത്ത് സർക്കാരിനു നവകേരള സദസ്സ് സമ്മാനിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 4 =

Most Popular