രാജ്യത്തെ ജനാധിപത്യ മുന്നേറ്റത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ ഇത്തരം ചുവടുവെപ്പുകള്‍ കേരളം നടത്തിയിരുന്നു. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടം ദേശീയ പ്രസ്ഥാനം ഏറ്റെടുക്കണമെന്ന കാഴ്ചപ്പാട് കേരളത്തില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്ന സവിശേഷതയും കേരളത്തിന് അഭിമാനിക്കാനുള്ളതാണ്. ഭൂപരിഷ്കരണ നിയമം സമഗ്രമായി നടപ്പിലാക്കപ്പെട്ട സംസ്ഥാനമെന്ന സവിശേഷതയും കേരളത്തിനുള്ളതാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ലോക ശ്രദ്ധ തന്നെ ആകര്‍ഷിക്കാനും കേരളത്തിന് കഴിഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ഈ നേട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനും, കോട്ടങ്ങള്‍ പരിഹരിച്ച് നവകേരളത്തെ സൃഷ്ടിക്കുന്നതിനുമുള്ള ഇടപെടലാണ് നടത്തിയത്. പ്രളയവും കോവിഡും കേരളത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ അതിനെ മറികടന്ന് ലോക ശ്രദ്ധ തന്നെ കേരളത്തിന് നേടാനായി. ജനാധിപത്യ സംവിധാനത്തില്‍ പുതിയ ചുവടുവെച്ചുകൊണ്ടാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ചത്. പ്രകടനപത്രികയില്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ എത്രത്തോളം നടപ്പിലാക്കിയെന്നത് ഓരോ വര്‍ഷവും പ്രഖ്യാപിക്കുന്നത് ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നത് സംശയമാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ജനാധിപത്യ രംഗത്തെ ചുവടുവെപ്പുകളെ കൂടുതല്‍ കരുത്തോടെ പുഷ്ടിപ്പെടുത്തുന്നതിനുള്ള ഇടപെടലാണ് നവകേരള സദസ്സ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളാണ് യഥാര്‍ഥ ഭരണാധികാരികള്‍ എന്ന സങ്കല്‍പമാണ് ജനാധിപത്യം മുന്നോട്ടുവെക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം എന്ന, അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ നിര്‍വചനം വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതും ഇതിനാലാണ്. ജനാധിപത്യത്തിന്റെ ഈ യഥാര്‍ത്ഥ സത്തയെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറങ്ങിച്ചെ ല്ലുന്നത്.
കേരളത്തിലെ മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളോടൊപ്പം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒരു പ്രത്യേക സാഹചര്യത്തില്‍ കൂടിയാണ്. ഇടതുപക്ഷ ജാനാധിപത്യ മുന്നണിക്ക് കേരളത്തിലാദ്യമായി തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ഒന്നായി നിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിവിധ തരത്തില്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അത് ജനങ്ങളിലെത്തിക്കുകയും, ഒപ്പം ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിശോധിക്കുകയും ചെയ്യുന്ന ഒരു ബൃഹത്തായ ജനാധിപത്യ പ്രക്രിയയായി ഇത് മാറുകയാണ്. ജനങ്ങളില്‍ നിന്ന് പഠിച്ച് ജനങ്ങളെ നയിക്കുകയെന്ന മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ ഭാഗം കൂടിയാണ് ഇത്തരമൊരു ഇടപെടല്‍.
കേരളത്തിലെ ജനങ്ങള്‍ അവര്‍ക്കുവേണ്ടി ഭരണം നടത്താനായി 140 എം.എല്‍ എ.മാരെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കുന്നത്. ഈ 140 മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസില്‍ സഞ്ചരിക്കുകയാണ്. ജനങ്ങളെ നേരിട്ടുകണ്ട് അവരില്‍ നിന്നും പരാതികള്‍ സ്വീകരിച്ച് സമയബന്ധിതമായി അവ പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. അതും ഒരു കൂട്ടുകക്ഷി സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങള്‍ ഒറ്റക്കെട്ടായി മേല്‍ സൂചിപ്പിച്ചതുപോലെ ലോകത്തിന് കേരളം സംഭാവന ചെയ്യുന്ന മറ്റൊരു കേരള മോഡലാണിത്.
ജനാധിപത്യ കേരളത്തിന്റെ ഈ ചുവടുവെപ്പ് ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇതിനെതിരെ ശക്തമായ പ്രചാരവേലയുമായാണ് ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും രംഗത്തിറങ്ങിയത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന അര്‍ഥത്തിലാണ് ഈ വിശേഷണം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ കാണുന്നത് ജനാധിപത്യത്തെയും ഭരണഘടനയെ തന്നെയും കശക്കിയെറിയുന്ന മോദി സര്‍ക്കാരിന്റെ വിനീതദാസരായി ഭൂരിപക്ഷം മാധ്യമങ്ങളും മാറുന്നതാണ്. ജനാധിപത്യത്തിന് ശക്തി പകരുന്നതിനുപകരം അതിന്റെ തകര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കുകയാണോ മാധ്യമങ്ങള്‍ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ചിത്രവും വ്യത്യസ്തമല്ല. ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനത്തിനുതന്നെ പുതിയ മാതൃകയാക്കുന്ന നവകേരള സദസ്സിനെ ഇകഴ്ത്താനും, പരിഹസിക്കാനും മാധ്യമങ്ങള്‍ നടത്തിയ മത്സരം ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി ഒരു ബസ് വാങ്ങിയതിനെക്കുറിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. കൊട്ടാര സമാനമായ ബസ്, ആഡംബരയാന യാത്ര തുടങ്ങിയ വിശേഷണങ്ങളാണ് മാധ്യമങ്ങള്‍ നല്‍കിയത്. മുഖ്യമന്ത്രിക്ക് പ്രത്യേക ക്യാബിന്‍, ഇരിക്കാന്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കറങ്ങുന്ന കസേര, റൗണ്ട് ടേബിള്‍ റൂം, മിനി കിച്ചൺ, കയറാനും ഇറങ്ങാനും ലിഫ്റ്റ് തുടങ്ങി ഇല്ലാക്കഥകളാണ് ഇവര്‍ പടച്ചുവിട്ടത്. ഒരു എ സി ലക്ഷ്വറി ബസിലെ സൗകര്യങ്ങളേ ഈ ബസിലും ഉള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ ബസില്‍ കയറി പരിശോധന നടത്തിയപ്പോള്‍ മനസ്സിലായി. എന്നാല്‍ ഭൂരിപക്ഷം മാധ്യമങ്ങളും തങ്ങള്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നുവെന്ന് പറയാനുള്ള ആര്‍ജവം കാട്ടിയതുമില്ല. മന്ത്രി നല്‍കിയ വിവരമനുസരിച്ചാണ് വാര്‍ത്ത നല്‍കിയതെന്നുപറഞ്ഞ് സ്വന്തം കള്ളക്കഥയെ ന്യായീകരിക്കാന്‍ തെല്ലും മടിയില്ലാത്ത മാധ്യമങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഈ കള്ള പ്രചാരണങ്ങള്‍ കൊണ്ടൊന്നും നവകേരള സദസിനെ പരാജയപ്പെടുത്താനായില്ല. സ്വന്തം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും പങ്കാളിത്തം ഉറപ്പാക്കി കള്ള പ്രചാരണങ്ങള്‍ക്ക് മറുപടി പറയുകയാണ് ജനങ്ങള്‍. യു.ഡി.എഫിന്റെ ബഹിഷ്കരണ ആഹ്വാനവും ആവിയായിപ്പോകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കാസര്‍കോട്ട് പ്രമുഖ മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. പാലക്കാട് ജില്ലയിലെ യു.ഡി.എഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് നവകേരള സദസിന് അരലക്ഷം രൂപ അനുവദിച്ചു. പാലക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥും നവകേരള സദസ്സില്‍ പങ്കെടുത്തു. ബഹിഷ്കരണാഹ്വാനം നടത്തിയ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ വന്നുചേര്‍ന്ന ജനാവലി അദ്ദേഹത്തിന്റെ ആഹ്വാനത്തിന് ജനങ്ങള്‍ പുല്ലുവിലയാണ് നല്‍കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ജനങ്ങളില്‍ നിന്ന് തങ്ങള്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കോണ്‍ഗ്രസ് സ്വയം തിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്.
പ്രാദേശികമായി യു.ഡി.എഫിലെ പല പഞ്ചായത്ത് മെമ്പര്‍മാരും മറ്റും പരാതികളുമായി നവകേരള സദസ്സിലെത്തുന്നുണ്ട്. തലശ്ശേരി അതിരൂപതാ ബിഷപ്പ് പാംപ്ലാനി നവകേരള സദസ്സിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. കണ്ണൂരില്‍ ‘‘കേരള സര്‍ക്കാര്‍ ബഹുത് അച്ചാ ഹേ” ‘‘കേരള സര്‍ക്കാര്‍ വളരെ നല്ലതാണ്” എന്ന ബാനറുമായി അതിഥി തൊഴിലാളികള്‍ എത്തിയത് സര്‍ക്കാരിന്റെ കരുതല്‍ ഏതെല്ലാം ജനവിഭാഗങ്ങളെ സ്പര്‍ശിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്. ഓരോ നവകേരള സദസ്സും ജനസാഗരമായി മാറുന്നത് സര്‍ക്കാരിന്റെ ഈ നൂതന പരിപാടിയെ ജനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങിയെന്നതിന്റെ തെളിവാണ്.
ഇടതുപക്ഷ പ്രസ്ഥാനത്തിന് താരതമ്യേന സ്വാധീനം കുറഞ്ഞ കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തുനിന്നാണ് നവകേരള സദസ്സ് തുടങ്ങിയത്. എന്നാല്‍ വമ്പിച്ച ജനമുന്നേറ്റമാണ് ഇവിടെയുണ്ടായത്. അതുകൊണ്ടാണ് ഒരു പത്രം അവരുടെ മുഖപ്രസംഗത്തില്‍ നവകേരള സദസ്സിനെ എങ്ങനെയാണ് ജനങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായി അതിനെ കണ്ടത്. ആ നിരീക്ഷണം അക്ഷരംപ്രതി ശരിയായിത്തീരുന്ന വിധത്തിലാണ് പിന്നീടുള്ള ഓരോ സ്വീകരണവും മാറിയത്. നഗരമെന്നോ നാട്ടിൻപ്രദേശമെന്നോ, ശക്തികേന്ദ്രമെന്നോ ദുര്‍ബല പ്രദേശമെന്നോ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. സര്‍ക്കാരിന്റെ ഈ പരിപാടിയെ തകര്‍ക്കുന്നതിനുള്ള എല്ലാ ഗൂഢ ശ്രമങ്ങളേയും മറികടന്നുകൊണ്ടാണ് ഈ മുന്നേറ്റമുണ്ടായത് എന്നത് എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ള പ്രചാരവേലകളുടെ നീണ്ട പരമ്പര തന്നെ മാധ്യമങ്ങളും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരുമെല്ലാം വ്യത്യസ്ത രീതിയില്‍ നടത്തിനോക്കി. എന്നാല്‍ അതിനെയെല്ലാം മറികടന്ന് കേരള ജനത എല്‍ഡിഎഫിനെ തുടര്‍ഭരണം എല്‍പ്പിക്കുകയുണ്ടായി. അതിന് സമാനമായ വിധത്തിലാണ് എല്ലാ പ്രചരണങ്ങളേയും മറികടന്ന് പതിനായിരങ്ങള്‍ ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിച്ചേരുന്ന സ്ഥിതിയുണ്ടായത്. ഒരു സംസ്ഥാനത്ത് ജനസംഖ്യയുടെ വലിയ ശതമാനം അണിനിരന്ന ഇത്തരമൊരു പരിപാടി ഇതുവരെ ഉണ്ടായിട്ടില്ലെന്ന കാര്യം ഉറപ്പാണ്.
സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കേരളീയം ബഹിഷ്കരിച്ചതുപോലെ നവകേരള സദസ്സും യു.ഡി.എഫ് ബഹിഷ്കരിച്ചിരിക്കുകയാണ്. എന്നാല്‍ ബഹിഷ്കരണ ആഹ്വാനം നടത്തിയ യു.ഡി.എഫിനെ തന്നെ ജനങ്ങള്‍ ബഹിഷ്കരിച്ച നിലയാണ് ഇപ്പോള്‍ കാണാനാവുന്നത്. ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ മന്ത്രിസഭയാകമാനം എത്തിയതോടെ ജനങ്ങള്‍ വലിയ തോതില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥിതിയുണ്ടായി. അതുകൊണ്ട് അവിടെ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ അകറ്റാനുള്ള പദ്ധതികളാണ് യു.ഡി.എഫ് ആവിഷ്കരിച്ചത്. എന്നാല്‍ അത്തരം തടസ്സങ്ങളെയെല്ലാം മറികടന്നുകൊണ്ട് ജനങ്ങള്‍ ഒഴുകിയെത്തുന്ന സ്ഥിതിയാണുള്ളത്. പല യു.ഡി.എഫ് എം.എല്‍.എമാരും ബഹിഷ്കരണ ആഹ്വാനം വലിയ മണ്ടത്തരമായിപ്പോയി എന്നടക്കം പറയുന്ന സ്ഥിതിയിലേക്ക് അത് മാറിയിരിക്കുകയാണ്. ജനങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ സന്നദ്ധമായി സര്‍ക്കാര്‍ ഇടപെട്ടപ്പോഴും മാറിനിന്നവര്‍ക്ക് ജനങ്ങള്‍ തക്ക ശിക്ഷ നല്‍കുമെന്നത് ഉറപ്പാണ്.
നവകേരള സദസ് വമ്പിച്ച ജനപിന്തുണയാര്‍ജ്ജിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായ ജനസംമ്പര്‍ക്ക പരിപാടിയെ ഉയര്‍ത്തിക്കാണിച്ച് ജനമനസ്സില്‍ ഇത് നേടിയ അംഗീകാരം ഇകഴ്ത്താനുള്ള ശ്രമവും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ലഭിച്ച ഓരോ പരാതിയും റെക്കോഡ് ചെയ്ത് ഡിജിറ്റലൈസ് ചെയ്ത് ഫോളോഅപ് ചെയ്യാനുള്ള മാര്‍ഗ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നു. കേവലം ആനുകൂല്യ വിതരണമല്ല നവകേരള സദസ്സില്‍ നടക്കുന്നത്. മറിച്ച് ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും അടിമുടി പരിഷ്കരിക്കുന്നതിനുള്ള നടപടികളാണ്. അതുവഴി രൂപപ്പെടുത്തുന്നത് കേരളത്തിന്റെ സൃഷ്ടിക്കുള്ള അടിത്തറയാണ്. അടിയന്തരമായി പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങള്‍ സർക്കാർ പരിഹരിക്കുകയും ചെയ്യുന്നുണ്ട്.
തൃശൂരിലെ നവകേരള സദസ്സ് പ്രഭാത വേദിയില്‍ ഒളകര ആദിവാസി കോളനിയിലെ 44 കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയെന്ന സ്വപ്നം സഫലമാക്കുന്ന നടപടി സംബന്ധിച്ച വിവരം ഊരുമൂപ്പത്തി മാധവിക്ക് ലഭിച്ചു. ആദിവാസികള്‍ക്ക്, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക്, അവശതയനുഭവിക്കുന്നവര്‍ക്ക് ഒപ്പമുണ്ട് സര്‍ക്കാര്‍ എന്ന ഉറപ്പ് നേരിട്ട് ലഭിച്ചിരിക്കുന്നു. അതാണ് നവകേരള സദസ്സ് കൊണ്ടുവന്ന ഗുണപരമായ മാറ്റം. ഭരണത്തിന്റെ ജനകീയത ജനങ്ങള്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. പ്രഭാത യോഗത്തിന് സാധാരണക്കാരെ മാറ്റി നിര്‍ത്തുന്നുവെന്ന പ്രചാരവേലയും യുഡിഎഫും ബിജെപിയും കുത്തക മാധ്യമങ്ങളും ചേർന്ന് ഇക്കാലത്തുയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ അതില്‍ പങ്കെടുത്തവര്‍ തന്നെ ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയപ്പോള്‍ ആ പ്രചാരണവും ഇല്ലാതാവുകയാണ് ചെയ്തത്.
യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തുന്ന പ്രചരണങ്ങളെ യെല്ലാം മറികടന്ന് നവകേരള സദസ്സ് ജനങ്ങള്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവിഷ്കരിച്ചിരിക്കുന്ന ജനാധിപത്യ സമീപനങ്ങള്‍ ഭാവികേരളത്തെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിന് ഇടയാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഒരു ഇടതുപക്ഷ മനസ്സ് കേരളത്തില്‍ രൂപപ്പെടുത്തി. അതുപോലെ എല്‍.ഡി.എഫ് നടത്തുന്ന ഇത്തരം ഇടപെടല്‍ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുന്നതിന് ശക്തമായ അടിത്തറയായി വികസിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിന്റെ ജനാധിപത്യ വല്‍ക്കരണത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് ഈ പരിപാടി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ♦