സർവകലാശാലകളുടെ ചാൻസലർ എന്ന അധികാരത്തെ ശരിക്കും ദുർവിനിയോഗം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ശ്രമിക്കുന്നത്. അതിനുവേണ്ടി സർവകലാശാലകളുടെ ചട്ടങ്ങളും ഇതുവരെ ഉണ്ടായിരുന്ന കീഴ്-വഴക്കങ്ങളും പാടേ അട്ടിമറിക്കുകയാണ് അദ്ദേഹം. ബിജെപി ഓഫീസിൽനിന്ന് കൊടുത്തുവിടുന്ന ലിസ്റ്റിലെ അംഗങ്ങളെ ഒരു മാനദണ്ഡവും നോക്കാതെ സർവകലാശാലകളുടെ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യുകയാണ് ഗവർണർ. കേരള സർവകലാശാലയുടെ സെനറ്റിലേക്ക് വിദ്യാർഥിമണ്ഡലത്തിൽനിന്ന് സർവകലാശാല നൽകിയ പട്ടിക അവഗണിച്ചുകൊണ്ട് ചാൻസലർ നൽകിയ നാലുപേരുടെ നാമനിർദ്ദേശങ്ങൾ ഹെെക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്.
ഹ്യുമാനിറ്റിസ്, സയൻസ്, ഫെെൻ ആർട്സ്, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വിശിഷ്ട സംഭാവന ചെയ്ത നാലു വിദ്യാർഥികളെ സെനറ്റിലേക്ക് ചാൻലസർക്ക് നാമനിർദ്ദേശം ചെയ്യാം എന്നാണ് കേരള സർവകലാശാല നിയമത്തിലെ വ്യവസ്ഥ. അതനുസരിച്ച് ഒന്നാം റാങ്ക് നേടിയ വിദ്യാർഥികളുടെ പട്ടികയാണ് സർവകലാശാല ഗവർണർക്ക് സമർപ്പിച്ചത്. എന്നാൽ ഈ ലിസ്റ്റ് പാടേ തള്ളിക്കൊണ്ട് എബിവിപിയുടെ സജീവ പ്രവർത്തകരും നേതാക്കളുമായിട്ടുള്ളവരെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്.
സർവകലാശാല ഗവർണർക്ക് നൽകിയ ലിസ്റ്റിലെ വിദ്യാർഥികളുടെയും ചാൻലസർ നാമനിർദ്ദേശം ചെയ്ത വിദ്യാർഥികളുടെയും യോഗ്യത പരിശോധിച്ചാൽ ആരിഫ് മൊഹമ്മദ് ഖാന്റെ ആർഎസ്എസ് പക്ഷപാതിത്വം വളരെ പ്രകടമാണ്. സർവകലാശാല സയൻസ് വിഭാഗത്തിൽനിന്ന് സെനറ്റിലേക്ക് നോമിനേറ്റു ചെയ്യാൻ നൽകിയ പേര് ബിഎസ്-സി മാത്തമാറ്റിക്സിൽ ഒന്നാം റാങ്കു നേടിയ ടി എസ് കാവ്യയുടെ പേരാണ്. എന്നാൽ ആ പേര് നിരാകരിച്ചുകൊണ്ട് ചാൻസലർ എന്ന നിലയ്ക്ക് ആരിഫ് മൊഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്തത് മാറനല്ലൂർ ക്രൈസ‍്റ്റ് നഗർ കോളേജിലെ എബിവിപി യൂണിറ്റ് പ്രസിഡന്റ് എസ് എൻ ധ്രുവിനെയാണ്. ബിഎസ്-സി മാത്തമാറ്റിക്സ് വിദ്യാർഥിയായ ധ്രുവിന് മൂന്നു സെമസ്റ്റർ പരീക്ഷകളിൽ ബി, സി ഗ്രേഡുകൾ മാത്രമാണ് ലഭിച്ചത്. ഒന്നാം റാങ്ക് നേടിയ വിദ്യാർഥിയെ അവഗണിച്ചുകൊണ്ട് എബിവിപി നേതാവിനെ നോമിനേറ്റു ചെയ്യാൻ ചാൻസലറെ പ്രേരിപ്പിച്ചത് പച്ചയായ രാഷ്ട്രീയ പക്ഷപാതിത്വം മാത്രമാണെന്ന് പകലുപോലെ വ്യക്തമാണ്.
ഹ്യുമാനിറ്റിസ് വിഭാഗത്തിൽനിന്ന് സർവകലാശാല സമർപ്പിച്ച പേര് ഒന്നാം റാങ്കുകാരിയായ അരുണിമ അശോകിന്റേതാണ്. എന്നാൽ ആ പേര് തള്ളിക്കൊണ്ട് ആരിഫ് മൊഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്തതാകട്ടെ എബിവിപി നേതാവ് അഭിഷേക് ഡി നായരെയണ്. ഈ വിദ്യാർഥി നേതാവിന്റെയാകട്ടെ ആദ്യ വർഷത്തെ പരീക്ഷയുടെ -ഫലം പോലും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അപ്പോൾ ഈ വിദ്യാർഥിയിൽ ചാൻസലർ കണ്ട പ്രധാന യോഗ്യത അദ്ദേഹം കടുത്ത ആർഎസ്എസുകാരനാണ് എന്നത് മാത്രമാണ്.
ഫെെൻ ആർട്സ് വിഭാഗത്തിൽനിന്ന് യൂണിവേഴ്സിറ്റി നൽകിയ പേര് 2023ലെ കലാപ്രതിഭ നന്ദ കിഷോറിന്റേതാണ്. എന്നാൽ അദ്ദേഹത്തെ തഴഞ്ഞ് കേരള നടനത്തിൽ പങ്കെടുക്കുക മാത്രം ചെയ്ത മാളവിക ഉദയനെയാണ് ആരിഫ് മൊഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്തത്. കായിക വിഭാഗത്തിൽനിന്ന് സർവകലാശാല നൽകിയ പേര് വടംവലിയിൽ ദേശീയതലത്തിൽ വെങ്കല മെഡൽ നേടിയ പി എസ് അവന്ത് സെന്നിന്റേതാണ്. എന്നാൽ അതിനുപകരം ചാൻസലർ നോമിനേറ്റ് ചെയ്തത് സുധി സദനെയാണ്. ആ വിദ്യാർഥിയാകട്ടെ ബോഡി ഫിസിക് എന്ന മൽസര ഇനത്തിൽ പങ്കെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഒടുവിൽ പറഞ്ഞ രണ്ടു പേരും പന്തളം എൻഎസ്എസ് കോളേജിലെ എബിവിപിയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ്. അതാണ് അവർക്കുള്ള ‘യോഗ്യത’യായി ആര-ിഫ് മൊഹമ്മദ് ഖാൻ കണ്ടത്. കേരള സർവകലാശാലയിലേക്ക് ഇതര മണ്ഡലങ്ങളിൽനിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ ഏറെയും സംഘപരിവാർ പ്രവർത്തകരും അനുഭാവികളുമാണ്. കേരള സർവകലാശാല സെനറ്റിലേക്ക് വി സി സമർപ്പിച്ച 17 പേരുടെ ലിസ്റ്റിൽ നിന്ന് രണ്ടു പേരെ മാത്രമാണ് ആരിഫ് ഖാൻ നോമിനേറ്റു ചെയ്തത്. ബാക്കി പതിനഞ്ചുപേരും സ്വന്തം നിലയ്ക്ക് ബിജെപി ഓഫീസിൽനിന്ന് നൽകിയ ലിസ്റ്റിൽനിന്ന് നോമിനേറ്റു ചെയ്തു.
കേരള സർവകലാശാലയുടെ സെനറ്റിൽ ആകെ 106 അംഗങ്ങളാണുള്ളത്. അതിൽ 15 പേർ എക്സ് ഒഫീഷേ-്യാ അംഗങ്ങളാണ്. 23 അംഗങ്ങൾ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിൽ പതിനേഴുപേരെ നോമിനേറ്റു ചെയ്യുന്നത് ചാൻസലറായ ഗവർണറും ആറുപേരെ സർക്കാരുമാണ‍്. സാങ്കേതികമായി ചാൻസലറാണ് ഈ പതിനേഴുപേരെ നോമിനേറ്റു ചെയ്യുന്നതെങ്കിലും സർവകലാശാലയുടെ അധികൃതർ നൽകുന്ന ലിസ്റ്റ് അംഗീകരിക്കുന്ന സമീപനമായിരുന്നു ഗവർണർമാർ ചെയ്തിരുന്നത്.
ചാൻസലറുടെ പ്രതിനിധിയായി സെനറ്റിലേക്ക് നിർദേശിക്കുന്നതിനും സർവകലാശാലാ നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. രണ്ട് ഹെെസ്കൂൾ ഹെഡ് മാസ്റ്റർമാർ, രണ്ട് സ്കൂൾ അധ്യാപകർ. ആദ്യം നാല് വിദ്യാർഥികൾ (ആദ്യം പറഞ്ഞ വിഭാഗങ്ങളിൽനിന്ന്) എന്നിവരാണ്. ശേഷിക്കുന്ന ഒമ്പതുപേരിൽ ഇനി പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ഓരോരുത്തർ വീതമാണ് നോമിനേറ്റ് ചെയ്യപ്പെടേണ്ടത്. ഗവേഷണ സ്ഥാപനം, സാംസ്കാരിക സംഘടന, ചേംബർ ഓഫ് കൊമേഴ്സ്, വ്യവസായം, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, കായികരംഗത്തെ പ്രതിഭാശാലികൾ, ഭാഷാന്യൂനപക്ഷ വിഭാഗം.
കാലിക്കറ്റ് സർവകലാശാലയുടെ സെനറ്റിലേക്കുള്ള നാമനിർദേശത്തിന്റെ കാര്യത്തിലും സമാനമായ സമീപനമാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത്. സർവകലാശാല അധികൃതർ സമർപ്പിച്ച പതിനെട്ടുപേരുടെ ലിസ്റ്റിൽനിന്ന് രണ്ടുപേരെ മാത്രമാണ് അദ്ദേഹം നോമിനേറ്റു ചെയ്തത്. ബാക്കിയുള്ളവരെ സ്വന്തം നിലയിൽ നോമിനേറ്റു ചെയ്തു. അതിൽ മഹാഭൂരിപക്ഷവും ആർഎസ്-എസിന്റെയോ അതിന്റെ പരിവാർ സംഘടനകളുടെയോ പ്രവർത്തകരാണ്. ചുരുക്കം ചില യുഡിഎഫുകാരെ ഉൾപ്പെടുത്തി നേതൃത്വത്തെ പാട്ടിലാക്കാനും അദ്ദേഹത്തിന് സാധിച്ചു.
കേരള കാലിക്കറ്റ് സർവകലാശാലകളുടെ സിൻഡിക്കേറ്റുകളിലേക്ക് രണ്ട് ബിജെപി പ്രതിനിധികളെ വീതം ജയിപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിലാണ് ചാൻസലർ സെനറ്റംഗങ്ങളെ നോമിനേറ്റു ചെയ്തത്.
സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് ഗവർണറെത്തിയത്. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളാണ് നിയമം നിർമിക്കുന്നത്. ആ നിയമസഭ തന്നെ ഗവർണറെ തൽസ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ബിൽ പാസാക്കി. ആ ബില്ലിന്മേൽ തീരുമാനമെടുക്കാതെ മാസങ്ങളായി അടയിരിക്കുകയായിരുന്നു ഗവർണർ. സഹികെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ആ ബിൽ രാഷ്ട്രപതിക്കയച്ച് കാലതാമസം വരുത്താൻ ഗവർണർ തീരുമാനിച്ചത്. അതായത് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരുന്നതുതന്നെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണെന്ന് സാരം.
ഗവർണറുടെ നെറികെട്ട നിലപാടുമൂലം സർവകലാശാലകളിൽ 8 എണ്ണത്തിൽ വെെസ് ചാൻസലർമാരെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥിരം വെെസ് ചാൻസലർമാർ നിയമിക്കപ്പെടാത്തതുമൂലം, സർവകലാശാലകൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ചാൻസലർ സ്ഥാനത്തെ ദുർവിനിയോഗം ചെയ്തുകൊണ്ട് സർവകലാശാലകളെ കാവിവത്-കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ കച്ചകെട്ടിയിറങ്ങിയ പശ്ചാത്തലത്തിലാണ് അതിൽ പ്രതിഷേധിക്കാൻ എസ്എഫ്ഐ നിർബന്ധിതമായത്. പ്രതിഷേധിക്കാനുള്ള അവകാശമാണ് ഖാനെ കരിങ്കൊടി കാണിച്ചുകൊണ്ട് എസ്എഫ്ഐ നിർവഹിച്ചത്.
വിദ്യാർഥികളുടെ പ്രതിഷേധത്തോട് എല്ലാ നിലയും വിട്ടുള്ള പെരുമാറ്റമാണ് ഗവർണറിൽനിന്നുണ്ടായത്. പ്രതിഷേധിച്ച വിദ്യാർഥികളെ കാറിൽ നിന്നിറങ്ങി അദ്ദേഹം പുലഭ്യം പറഞ്ഞു. അതാകട്ടെ പ്രോട്ടോകോൾ ലംഘനമെന്നു മാത്രമല്ല സുരക്ഷാ പ്രശ്നങ്ങളുളവാക്കുന്നതുമാണ്. ഇസഡ് വിഭാഗം സുരക്ഷയാണ് ഗവർണർക്കുള്ളത്. അതിനനുസരിച്ചുള്ള പെരുമാറ്റവും പക്വതയും ഗവർണറിൽനിന്നുണ്ടാകണം.
നിരവധി പ്രതിഭാശാലികളും പ്രഗൽഭരും ഇരുന്ന കസേരയാണ് കേരള ഗവർണറുടേത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് എസ് എസ് കാംഗ്, പി രാമചന്ദ്രൻ… ഇങ്ങനെ നീളുന്നു ആ ലിസ്റ്റ്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കെെപ്പിടിയിലൊതുക്കുക എന്നത് ആർഎസ്എസിന്റെയും അതിന്റെ പരിവാർ സംഘടനയുടെയും പ്രധാന അജൻഡകളിലൊന്നാണ്. അതിലൂടെ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കുകയാണ് അവരുടെ ലക്ഷ്യം. ആർഎസ്എസ് പ്രീതിക്കുവേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണ് ആരിഫ് മൊഹമ്മദ് ഖാൻ. ഗവർണർ സ്ഥാനത്തിന്റെ അന്തസ്സ് കെടുത്തുന്ന ആരിഫ് മൊഹമ്മദ് ഖാന്റെ പെരുമാറ്റത്തിനു പിന്നിലെ കാരണവും മറ്റൊന്നല്ല. നിലയ്ക്ക് നിന്നാൽ മലയ്ക്ക് സമം എന്നാണ് നമ്മുടെ നാട്ടിലെ ചൊല്ല്. ഗവർണർ അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ അന്തസ്സിനനുസരിച്ച് പെരുമാറിയാൽ അദ്ദേഹം ആദരിക്കപ്പെടും. പ്രതിഷേധങ്ങളെ ക്ഷണിച്ചു വരുത്തുന്ന പ്രവൃത്തിയും പെരുമാറ്റവുമായി ഗവർണർ നിന്നാൽ ജനങ്ങൾക്ക് പ്രതിഷേധിക്കാതിരിക്കാനാവില്ലല്ലോ. ♦