ഇക്കണോമിക് നോട്ട് ബുക്ക് –19
ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗ് 2013ൽ പ്രഖ്യാപിച്ച ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് (BRI) പഴയ സിൽക്ക് റോഡിന്റെ ചരിത്രത്തിന്റെ ഓർമകളിലേക്ക് നമ്മെ നയിക്കുന്നു. ചരക്കുല്പാദനത്തിന്റെയും രാജ്യാന്തര കമ്പോള വ്യാപനത്തിന്റെയും ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു സിൽക്ക് റോഡ്. പ്രാചീന ചൈനയെ പടിഞ്ഞാറൻ രാജ്യങ്ങളുമായി ബന്ധിപ്പിച്ചിരുന്ന വ്യാപാരപാതയാണ് സിൽക്ക് റോഡ്. അക്കാലത്തെ ഏറ്റവും വലിയ രണ്ടു നാഗരികതകളെയാണ്, റോമാ സാമ്രാജ്യത്തെയും ചൈനീസ് സാമ്രാജ്യത്തെയും, സുദീഘവും ദുഷ്കരവുമായ ഈ പാത ബന്ധിപ്പിച്ചിരുന്നത്. ചൈനയിൽ നിന്നു സിൽക്ക് ഉല്പന്നങ്ങൾ പടിഞ്ഞാറോട്ടും, കമ്പിളിയും സ്വർണവും വെള്ളിയും കിഴക്കോട്ടും ഈ പാതയിലൂടെ വാണിജ്യ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങി. ചരക്കുകളുടെ സഞ്ചാരത്തിനൊപ്പം വ്യത്യസ്ത സംസ്കാരങ്ങളും ഈ പാതയിലൂടെ ദേശങ്ങൾ താണ്ടി. ക്രിസ്തുമതം ചൈനയിലേക്കും ബുദ്ധമതം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും ഈ പാതയിലൂടെ വ്യാപനം നടത്തി.
ഈ ചരിത്രത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ, ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ വലിയ കുതിപ്പുകൾ നടത്താൻ പര്യാപ്തമായ വലിയ പശ്ചാത്തല വികസന സംരംഭമായിട്ടാണ് ബെൽറ്റ് റോഡ് സംരംഭം (Belt and Road Initiative) ചൈന ആസൂത്രണം ചെയ്തിരിക്കുന്നത്. 2049ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ് ഏഷ്യയിലും യൂറോപ്പിലുമുള്ള 70 രാജ്യങ്ങളിൽ വാണിജ്യ വികസനവുമായി ബന്ധപ്പെട്ട റോഡുകളുടെയും തുറമുഖങ്ങളുടെയും മറ്റു പശ്ചാത്തല സൗകര്യങ്ങളുടെയും വികസനവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിൽ മാത്രമല്ല ഭൗമ രാഷ്ട്രീയതലത്തിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒന്നായിട്ടാണ് ഈ പുതിയ പദ്ധതിയെ പലരും വിലയിരുത്തുന്നത്. ബെൽറ്റ് റോഡിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് സിൽക്ക് റോഡിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കേണ്ടത് ആവശ്യമാണ്.
ചൈനയിലെ ഷിയാനിൽ നിന്നും ആരംഭിച്ച്, തക്ക്‌ളമക്കൻ മരുഭൂമിയും പാമീർ പീഠഭൂമിയും കടന്ന്, അഫ്ഘാൻ മുറിച്ചുകടന്ന്, 6400 കിലോമീറ്റർ പിന്നിട്ട്, മെഡിറ്ററേനിയൻ കടൽ കടന്നുപോകാൻ തക്കരീതിയിലുള്ള ചരക്കുഗതാഗത പാതയാണ് സിൽക്ക് റോഡ്. യൂറോപ്പിലേക്കും ആഫ്രിക്കയുടെ വടക്കൻ പ്രദേശത്തേക്കും ഈ പാതയിലൂടെയുള്ള ചരക്കാഗതാഗതം ഒരുകാലത്തു നീണ്ടുകിടന്നിരുന്നു. മെഡിറ്ററേനിയൻ കടലിൽ കൂടെയുള്ള ചരക്കു കടത്തും കൂടി ഉപയോഗപ്പെടുത്തിയായിരുന്നു ഏഷ്യ മുതൽ ആഫ്രിക്ക വരെയുള്ള ഈ ചരക്കുഗതാഗതം. ദുഷ്കരമായ മലമ്പാതകളിലൂടെയും മരുഭൂമികളിലൂടെയുമുള്ള യാത്ര ഒട്ടും തന്നെ സുഗമമായിരുന്നില്ല. ഒട്ടകങ്ങൾ ഈ റൂട്ടിലൂടെയുള്ള ചരക്കു ഗതാഗതത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അക്കാലത്തുപയോഗിച്ചിരുന്ന ഇരട്ട പൂഞ്ചികളുള്ള ഒട്ടകങ്ങളെ ഇപ്പോഴും ലഡാക്കിലെ നുബ്ര വാലിയിൽ കാണാം.
പ്രധാന സിൽക്ക് റൂട്ടിലേക്ക് എത്തിപ്പെടുന്ന വിവിധ പാതകളും ഈ നെറ്റ്വർക്കിന്റെ ഭാഗമായുണ്ടായിരുന്നു. അവയിലൂടെ ചരക്കുഗതാഗതത്തിനൊപ്പം വിജ്ഞാനത്തിന്റെയും ആശയങ്ങളുടെയും സംസ്കാരത്തിന്റെയും മതത്തിന്റെയും വ്യാപനവും വിപുലമായ തോതിൽ നടന്നു. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെ അവ കാര്യമായി സ്വാധീനിച്ചു. യൂറോപ്യൻ ചരിത്രകാരന്മാരുടെ വ്യാഖ്യാനമനുസരിച്ച് 14‐ാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ ബ്യുബോണിക് പ്ലേഗ് അവിടേക്കെത്തിയതും ചൈനയിൽ നിന്നും സിൽക്ക് റൂട്ടിലൂടെയാണ്.
പ്രാചീന ചൈനയുടെ കുത്തകയായിരുന്നു സിൽക്കിന്റെ വസ്ത്ര നിർമാണം. 2700 ബിസിയിലാണ് സെറികൾച്ചർ ചൈനയിൽ ആരംഭിക്കുന്നത്. ചൈനയിലെ ചക്രവർത്തിമാരുടെ കൊട്ടാരങ്ങളിലെ ആവശ്യങ്ങൾക്കായി മാത്രം രഹസ്യമായി നടത്തപ്പെട്ടിരുന്ന പ്രക്രിയയായിരുന്നു സിൽക്ക് നൂലിന്റെ ഉല്പാദനവും അതുപയോഗിച്ചുള്ള വസ്ത്ര നിർമാണവും. ഏതാണ്ട് 3000 വർഷത്തോളം ഈ വിദ്യകൾ രഹസ്യമായി കൊട്ടാരത്തിലെ ആവശ്യങ്ങൾക്ക് മാത്രമായി നില നിർത്തപ്പെട്ടു. ഇത് പുറത്തുവിടുന്നവർക്ക് വധശിക്ഷയായിരുന്നു കൊടുത്തിരുന്നത്. ബിസിഇ ഒന്നിലാണ് ആദ്യമായി റോമാസാമ്രാജ്യത്തിലേക്ക് സിൽക്ക് എത്തിപ്പെടുന്നത്. ഇതിന്റെ ഉപയോഗം കൊട്ടാരങ്ങളിൽ മാത്രമായി നിലനിർത്തുന്ന നിയമങ്ങൾ റോമാ സാമ്രാജ്യത്തിലും ബൈസന്റൈൻ സാമ്രാജ്യത്തിലും നിലനിന്നിരുന്നു. യൂറോപ്പിൽ നിന്നും കിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാപാര പാതകളുടെ ആവശ്യകത സിൽക്ക് എന്ന വിലയേറിയ ചരക്കിന്റെ വ്യാപാര ആവശ്യങ്ങളിൽ നിന്നും രൂപംകൊള്ളുന്നത് ഇങ്ങിനെയാണ്. ചൈനീസ് ചക്രവർത്തിമാരുടെ വിലക്കുകൾ മറികടന്ന് ഇന്ത്യയിലേക്കും ജപ്പാനിലേക്കും പേർഷ്യൻ സാമ്രാജ്യത്തിലേക്കും പടിഞ്ഞാറൻ യൂറോപ്പിലേക്കും സിഇ ആറാം നൂറ്റാണ്ടോടെ സിൽക്ക് എത്തിപ്പെട്ടു.
ഓരോരോ കാലഘട്ടത്തിലെയും മാറിവരുന്ന ഭൗമ രാഷ്ട്രീയ സ്ഥിതിഗതികൾക്കനുസൃതമായി സിൽക്ക് റൂട്ടുകൾ വളഞ്ഞും തിരിഞ്ഞും മാറിക്കൊണ്ടേയിരുന്നു. ഉദാഹരണത്തിന് റോമിന്റെ ശത്രുക്കളായ പാർഥിയൻസിനെ ഒഴിവാക്കി യാത്ര ചെയ്യാൻ കാക്കസസ് വഴി കാസ്പിയൻ കടലിലേക്കുള്ള റൂട്ടിലേക്ക് റോമാക്കാർ മാറി സഞ്ചരിച്ചു. സാങ്കേതികവിദ്യയിലും നാവിഗേഷൻ ശാസ്ത്രത്തിലുമുള്ള കണ്ടുപിടുത്തങ്ങളും കപ്പൽനിർമ്മാണത്തിലുള്ള പുരോഗതിയുമെല്ലാം ദീർഘദൂര കപ്പൽയാത്ര സാധ്യമാക്കി. ഇത് തുറമുഖ നഗരങ്ങളുടെ വികസനത്തിന് വഴിതെളിച്ചു. അലക്സാൻഡ്രിയ, മസ്കറ്റ്, ഗോവ തുടങ്ങിയ പോർട്ട് നഗരങ്ങൾ ഉദയൻ ചെയ്തു. കൂടുതൽ കൂടുതൽ ചരക്കുല്പാദനത്തിനും ചരക്കുഗതാഗത്തിനുമുള്ള സമ്മർദങ്ങൾ വർദ്ധിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും കടലിലൂടെയും കരയിലൂടെയുമുള്ള സഞ്ചാര പാതകൾ പുതുതായി രൂപംകൊണ്ടു.
വ്യാപാരപാതകൾ വർദ്ധിച്ചതോടെ സഞ്ചാരികൾക്ക് താങ്ങാനുള്ള സത്രങ്ങളും വ്യാപകമായി ഉയർന്നു വന്നു തുടങ്ങി. 10‐ാം നൂറ്റാണ്ടുമുതൽ അവയുടെ വ്യാപകമായ നിർമാണം മധ്യേഷ്യയിൽ പലയിടത്തും ആരംഭിച്ചു. സിൽക്ക് റൂട്ടിൽ കൂടിയുള്ള ചരക്കു ഗതാഗതത്തിന്റെ അവശേഷിക്കുന്ന ആദായങ്ങളായി അവ പലയിടത്തും ഇന്നും നിലകൊള്ളുന്നുണ്ട്.
ആധുനിക ചൈനയുടെ ബെൽറ്റ് റോഡ് സംരംഭം പല രീതിയിലും പഴയ സിൽക്ക് റോഡിന്റെ ഓർമപ്പെടുത്തലാണ്. ബെൽറ്റ് റോഡിന്റെ ഉദ്ദേശങ്ങളായി പരസ്യപ്പെടുത്തിയിരിക്കുന്നത് ഇക്കാര്യങ്ങളാണ്
1. ഏകീകൃതമായ വലിയൊരു അന്തരാഷ്ട്ര കമ്പോളം വികസിപ്പിച്ചെടുക്കുക
2. സാംസ്കാരിക വിനിമയം സാധ്യമാക്കുക
3. അംഗ രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസം ഊട്ടിവളർത്തുക. അതുവഴി മൂലധനത്തിന്റെയും സാങ്കേതിക വിദ്യയുടെയും തൊഴിൽ ശക്തിയുടെയും വ്യാപനം സാധ്യമാക്കുക
2017ൽ ചൈനീസ് ഭരണഘടനയിൽ തന്നെ ബെൽറ്റ് റോഡ് സംരഭം ഒരു ലക്ഷ്യമായി എഴുതിച്ചേർക്കപെട്ടു. ഏഷ്യ പസിഫിക് പ്രദേശങ്ങളിലെ രാജ്യങ്ങളും, കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളും ആഫ്രിക്കയും കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക വളർച്ചയാണ് ബെൽറ്റ് റോഡ് ലക്ഷ്യമിടുന്നത്. ഇത് ചൈനയ്ക്ക് ഈ മേഖലയിലെ രാജ്യങ്ങളുടെ മേലുള്ള സാധീനം വർധിപ്പിക്കാൻ ഇടയാക്കുന്ന ഒരു പദ്ധതിയാണ് എന്നതിനാലുള്ള എതിർപ്പുകളും ഇതിനനുബന്ധമായി ഉയർന്നു വരുന്നുണ്ട്.
1980കൾക്ക് ശേഷം ചൈനീസ് സമ്പദ്‌വ്യവസ്ഥയിലുണ്ടായ വളർച്ച അഭൂതപൂർവ്വമാണ്. വൻതോതിലുള്ള കയറ്റുമതിയുന്മുഖ തന്ത്രങ്ങളിൽ അധിഷ്ഠിതമായിരുന്നു ഈ വളർച്ച. എന്നാൽ 2008ലെ ലോക മാന്ദ്യത്തെത്തുടർന്ന് ആഗോളവ്യാപാരം വലിയതോതിൽ ഇടിഞ്ഞു. ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിച്ചു. കയറ്റുമതിയുന്മുഖ വികസനതന്ത്രങ്ങളുമായി മാത്രം മുന്നോട്ടുപോവുക ദുഷ്കരമായി. ഈ സാഹചര്യങ്ങളെ മുറിച്ചുകടക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കിക്കൊണ്ടുള്ള വൻകിട പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ സഹായിക്കും എന്നതാണ് ബെൽറ്റ് റോഡ് പദ്ധതിയിലേക്ക് കടക്കാൻ ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത് എന്ന കാഴ്ചപ്പാട് പ്രബലമായിട്ടു നില നിൽക്കുന്നുണ്ട്. വാണിജ്യ വ്യാപാര രംഗത്ത് മധ്യ കാലഘട്ടത്തിനു മുൻപ് നിലനിന്നിരുന്ന ഏഷ്യൻ മേൽകോയ്‌മയെ പുനഃസ്ഥാപിക്കാൻ ഇതിടയാക്കും എന്ന ധാരണ വെച്ചുപുലർത്തുന്നവരുമുണ്ട്. ബെൽറ്റ് റോഡ് സൃഷ്ടിക്കാനിടയുള്ള ഭൗമ രാഷ്ട്രീയ സാധ്യതകൾ ദീർഘമായ മറ്റൊരു ചർച്ചയുടെ വിഷയമാണ്. ♦