Wednesday, February 28, 2024

ad

Homeപ്രതികരണംജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അധിഷ്ഠിതമായ നവകേരളത്തിനായി

ജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അധിഷ്ഠിതമായ നവകേരളത്തിനായി

പിണറായി വിജയൻ

വകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്തു ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ ‘ഇന്റര്‍വൽ‍’ എന്ന എഡ് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ അസ്ല തടത്തിൽ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ നാഷണൽ പ്രോഗ്രാമായ ‘ടാലന്‍റ് ബൂസ്റ്റ്’ലേക്ക് ഇന്റര്‍വെല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്റര്‍വെല്‍. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നത്.

കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്ര ധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡല്‍.

2022 ഒക്ടോബറില്‍ കേരള സംഘം നടത്തിയ ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം നമ്മുടെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിന്‍ലാൻഡുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു. ഫിന്നിഷ് ഗവണ്മെന്റ് ‘ടാലന്റ് ബൂസ്റ്റ് പ്രോഗ്രാം’ എന്ന വിപുലമായ പദ്ധതി അതിനു സഹായകമായി. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്തത്.

‘ഇന്റര്‍വൽ‍’ കൈവരിച്ച ഈ നേട്ടം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന്റെ വളർച്ചയ്ക്ക് അടിവരയിടുകയാണ്.

4,800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. 2021–-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെടുകയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിങ്ങില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു.

വൻ നഗരങ്ങളിൽ ഒതുങ്ങുന്ന വികസനമല്ല കേരളത്തിന്റേത് എന്ന യാഥാർത്ഥ്യം കൂടി ഈ നേട്ടം വ്യക്തമാക്കുന്നു. അരീക്കോട് പോലെ ഒരു ചെറിയ പട്ടണത്തിൽ നിന്നും ലോകമറിയുന്ന ഒരു ഐടി സ്റ്റാർട്ടപ്പ് ഉണ്ടാകുന്നു എന്നത് വികസനത്തെ സമഗ്രവും സർവതലസ്പർശിയുമാക്കുക എന്ന എൽ ഡി എഫ് സർക്കാരിന്റെ നയത്തിന്റെ ഫലമാണ്. അതിലൂടെ മറ്റൊരു മാതൃക കൂടി കേരളം ലോകത്തിനു സമ്മാനിക്കുന്നു.

2021 മാർച്ചിൽ 2,315 സ്റ്റാർട്ടപ്പുകളും ഡിസംബറിൽ 2,812 സ്റ്റാർട്ടപ്പുകളുമായിരുന്നു കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്തിരുന്നത്. 2023 നവംബർ 29 ആയപ്പോൾ അത് 4,909 എണ്ണമായി ഉയർന്നു. രണ്ടാം ഇടത് സർക്കാർ അധികാരമേറ്റ ശേഷം മാത്രം 2,594 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്തു. യുഡിഎഫ് കാലത്ത് 300 എണ്ണം മാത്രം ആയിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം കഴിഞ്ഞ എൽഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് 3,900 ആയി ഉയർത്തി.

2021-–22 സാമ്പത്തിക വർഷത്തിൽ ഏഞ്ചൽ ഫണ്ട് നിക്ഷേപത്തിനായി സർക്കാർ വകയിരുത്തിയ 10.5 കോടി രൂപ പൂർണ്ണമായും വിനിയോഗിച്ചിട്ടുണ്ട്. 2022-–23 ൽ ഇതിലേക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥലസൗകര്യം നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്റ്റാർട്ടപ്പ് മേഖലയിൽ പുതിയ മുന്നേറ്റം കുറിക്കുന്ന ലീപ് കോവർക്കിംഗ് സ്പേയ്സിനു കേരളം തുടക്കം കുറിച്ചു. ഒരു വർഷത്തെ കാലാവധിയുള്ള അംഗത്വ കാർഡിലൂടെ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ സബ്സിഡി നിരക്കിൽ ഉപയോഗിക്കാൻ സാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, ഏയ്ഞ്ചല്‍സ്, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ് ലീപ് അംഗത്വ കാര്‍ഡ് ലഭിക്കുക.

നവസംരംഭകരെ പ്രോത്സാഹിപ്പിക്കുക, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുക, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യം തന്നെ ഉപയോഗപ്പെടുത്തുക തുടങ്ങി വിജ്ഞാന സമ്പദ് വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് സർക്കാർ കൈക്കൊണ്ടു വരുന്നത്.

അനുയോജ്യമായ വര്‍ക്ക് സ്റ്റേഷനുകള്‍ മുന്‍കൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കേരള സ്റ്റാർട്ടപ് മിഷന്റെ എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡില്‍ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യുഎം പരിപാടികളിലേക്കുള്ള അംഗത്വം, പരിപാടികളില്‍ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്‌സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേണ്‍ഷിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാര്‍ട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാര്‍ഡിലൂടെ ലഭിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മെന്റര്‍ഷിപ്പ് , ബിസിനസ് വികസന സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം, വിദഗ്ദ്ധ മാര്‍ഗനിര്‍ദ്ദേശം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഗ്രാന്റുകള്‍, വായ്പകള്‍, മാര്‍ക്കറ്റ് ആക്സസ്, മെന്റേഴ്സ് കണക്ട്, ഇന്‍വെസ്റ്റര്‍ കണക്റ്റ് തുടങ്ങിയ കെഎസ്-യുഎം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും അതുവഴി സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും ലീപ് കേന്ദ്രങ്ങള്‍ ചാലകശക്തിയായി വർത്തിക്കും.

ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിനു കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ ഒരുക്കുന്നത്. അതിൽ ആദ്യത്തേതാണ് ദുബായിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ യു.എ.ഇയ്ക്ക് പുറമേ യു.എസ്.എ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നത്.

പഠിച്ചു കഴിഞ്ഞാൽ ഉടൻ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴിൽദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങനെ നമ്മുടെ നാട്ടിൽ യുവജനങ്ങളിൽ ഗുണകരമായ വിധത്തിൽ നടപ്പാക്കാൻ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന നിരവധി സുപ്രധാന പദ്ധതികൾക്കും തുടക്കമായി. ഡിജിറ്റൽ സയൻസ് പാർക്ക്, ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ, ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി, സയൻസ് പാർക്കുകൾ, മൈക്രോബയോം മികവിന്റെ കേന്ദ്രം, ന്യൂട്രാസ്യൂട്ടികൽസിൽ മികവിന്റെ കേന്ദ്രം, പുതിയ ഐടി പാർക്കുകളും ഇടനാഴികളും, യുവസംരംഭക സമൂഹത്തിനായി മേക്ക് ഇൻ കേരള തുടങ്ങിയ നിരവധി പദ്ധതികൾ വിജ്ഞാന തൊഴിൽ മേഖലയുടെ സൃഷ്ടിക്കും വികാസത്തിനും സഹായിക്കും.

ജ്ഞാനസമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായ ആധുനിക കേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിദ്യാഭ്യാസ-വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കൊത്തുയരാനും അതിന്റെ സാധ്യതകൾ മികച്ച രീതിയിൽ ഉപയോഗിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ആ ബോധ്യം മുൻനിർത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ സ്റ്റാർട്ടപ്പ് മേഖല സർക്കാരിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. അഭ്യസ്ത വിദ്യരായ നമ്മുടെ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും നാടിന്റെ സാമ്പത്തികമായ വികസനത്തിന് ആക്കം നൽകാനും അത് അനിവാര്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular