ഇന്ത്യന്‍ ഭരണഘടനയേയും, നീതിന്യായ വ്യവസ്ഥയേയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ടികളേയും സര്‍ക്കാരുകളേയും ദുര്‍ബലപ്പെടുത്തുന്നതിന് വിവിധ വഴികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ക്കെതിരേയും, പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരേയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. രാജ്യത്താകമാനം ഇതിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
കേന്ദ്ര ഏജന്‍സികളെ മാത്രമല്ല ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തേയും ജനങ്ങളുടെ ക്ഷേമത്തേയും തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പദ്ധതികളാണ് ഇവര്‍ ആവിഷ്കരിച്ചുകൊണ്ടിരുന്നത്. കേരളം, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, രാജസ്താന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കുകയുണ്ടായി. അവയ്ക്കെതിരെ ശക്തമായ പ്രതിരോധം രാഷ്ട്രീയമായി ഉയര്‍ന്നുവരികയുണ്ടായി. എന്നിട്ടും യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ ഗവര്‍ണര്‍മാര്‍ തങ്ങളുടെ തുരപ്പന്‍ പണി ആരംഭിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായത്.
നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന നടപടി സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചു. ഇത് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാകെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബില്ലുകളില്‍ തീരുമാനം എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. കേരളത്തിനോടൊപ്പം തന്നെ പഞ്ചാബും ഇതുപോലെ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ആദ്യം പരിഗണിച്ചു. പിന്നീടാണ് സംസ്ഥാന സര്‍ക്കാരിന്റെ കേസ് കോടതി പരിഗണിക്കുന്ന സ്ഥിതി ഉണ്ടായത്.
സുപ്രീം കോടതിയില്‍ പഞ്ചാബിന്റെ കേസ് ആദ്യം വന്നപ്പോള്‍ തന്നെ ഗവര്‍ണറുടെ നടപടിക്കെതിരായി സുപ്രീം കോടതി ഇടപെട്ടു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ കേസ് സുപ്രീം കോടതിക്ക് മുമ്പാകെ വന്നത്. ഗവര്‍ണര്‍ ഭരണഘടനയുടെ എല്ലാ സമീപനങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇടപെടുന്നത് എന്ന കാര്യം സി.പി.ഐ എം നേരത്തെ തന്നെ ശക്തമായി ഉയര്‍ത്തിയതാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വര്‍ഗ – ബഹുജന സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. അന്ന് ഗവര്‍ണറെ ന്യായീകരിച്ചുകൊണ്ട് ഇടപെടാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്.
സുപ്രീം കോടതിക്ക് മുമ്പില്‍ കേരളത്തിന്റെ കേസ് വന്നപ്പോള്‍ കോടതി പറഞ്ഞ വാക്കുകള്‍ പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ അംഗീകരിക്കുന്ന വിധത്തിലുള്ളതായിരുന്നു. കോടതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.
”ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇടപെട്ടില്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളോട് ചോദിക്കും”.
ഇതോടൊപ്പം കോടതി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്. നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള യാതൊരു അധികാരവും ഗവര്‍ണര്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേരള നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രണ്ട് വര്‍ഷം പിടിച്ചുവെച്ചത് എന്തിനാണെന്ന സുപ്രധാനമായ ചോദ്യവും കോടതി മുന്നോട്ടുവെക്കുകയുണ്ടായി. ഈ വലിയ കാലതാമസത്തിന് ഒരു ന്യായീകരണവും ഇല്ലെന്ന് കോടതി അസന്ദിഗ്ധമായി പറയുകയും ചെയ്തു. പഞ്ചാബ് കേസിന്റെ വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചു പഠിക്കാന്‍ നേരത്തെ കോടതി ഗവര്‍ണറോട് പറഞ്ഞിരുന്നു. ഇതിന് ശേഷം ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി കോടതിയെ തന്നെ ധിക്കരിക്കുന്ന വിധത്തില്‍ മാറിയിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. പഞ്ചാബ് വിധി വായിച്ച് വരണമെന്ന് പറഞ്ഞ ദിവസം തന്നെ സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് പറഞ്ഞ ഗവര്‍ണറുടെ പ്രതികരണം ഇതോടൊപ്പം കൂട്ടിവായിക്കണം.
സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക് പോയപ്പോള്‍ തന്നെ അത് തടയാനുള്ള ശക്തമായ ഇടപെടല്‍ ഗവര്‍ണറുടേയും കേന്ദ്ര സര്‍ക്കാരിന്റേയും ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തിരുന്നു. കേരളത്തിന്റെ ഹര്‍ജി തള്ളണമെന്ന ആവശ്യം ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും കോടതിയില്‍ ഉന്നയിച്ചിരുന്നു. കോടതിയില്‍ കേസ് എത്തിയ ശേഷം തനിക്കെതിരായി വിധിവരുമെന്ന് കരുതിയ ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കുകയല്ല രാഷ്ട്രപതിക്ക് അയക്കുന്ന നിലപാടും സ്വീകരിച്ചു. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ശേഷം കോടതിയില്‍ അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ട് രമണി മുന്നോട്ടുവെച്ചത് ഹര്‍ജി തള്ളണമെന്നായിരുന്നു. ഈ നാടകത്തേയും കോടതി പൊളിച്ചുകൊടുത്തു. ഇതോടൊപ്പം കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നത് തടയാന്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയേയും, മന്ത്രിമാരേയും ക്ഷണിക്കുമെന്ന് പറയുകയുണ്ടായി. നേരത്തെ നിരവധി തവണ മന്ത്രിമാരും, ചീഫ് സെക്രട്ടറിയുമുള്‍പ്പെടെ ഗവര്‍ണറെ കണ്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ഗവര്‍ണറാണ് ഇത്തരമൊരു വാദഗതിയുമായി മുന്നോട്ടുവന്നത്.
സാധാരണ നിലയില്‍ നിയമസഭ പാസ്സാക്കുന്ന ബില്ലുകളെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് ചെയ്യാനുള്ളത്. ഒന്നാമതായി ബില്ലുകളില്‍ ഒപ്പിടാം, അല്ലെങ്കില്‍ അവ പിടിച്ചുവെക്കാം, അല്ലെങ്കില്‍ അത് രാഷ്ട്രപതിക്കയക്കാം. പിടിച്ചുവെക്കുകയെന്നത് വ്യക്തത വരുത്താന്‍ വേണ്ടിയായിരിക്കണം. അനന്തമായി പിടിച്ചുവെക്കാനുള്ള യാതൊരു അധികാരവും ഗവര്‍ണ്ണര്‍ക്കില്ല എന്നത് കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും ബില്ല് പിടിച്ചുവെച്ചാല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി നിയമസഭയ്ക്ക് അയക്കാം. അങ്ങനെയുള്ള ബില്ല് നിയമസഭ വീണ്ടും പാസ്സാക്കി നല്‍കിയാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടുകയല്ലാതെ മറ്റു വഴികളില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ബില്ല് പിടിച്ചുവെച്ചത് എന്നോര്‍ക്കണം. നേരത്തെ പഞ്ചാബ് കേസിന്റെ വിധിയില്‍, ഒപ്പിടാതെ ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടെന്നു വന്നാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ അടിസ്ഥാനം തന്നെ തകരുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്.
പഞ്ചാബ് കേസിന്റെ വിധിയില്‍ ബില്ലുകള്‍ തടഞ്ഞുവെച്ചാല്‍ ഗവര്‍ണര്‍ നിയമസഭയെ എത്രയും വേഗം തന്റെ അഭിപ്രായം അറിയിക്കണം എന്ന കാര്യം എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കയക്കുന്ന ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നുവെന്ന പ്രശ്നം കേരളത്തില്‍ സജീവമായി ഉയര്‍ന്നുവന്നതാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞ കാര്യം വൈജ്ഞാനിക സമൂഹ സൃഷ്ടി എന്നതായിരുന്നു. എല്ലാ വിജ്ഞാനങ്ങളേയും ഉള്‍ക്കൊള്ളുന്ന ഉല്‍പ്പാദനവും, ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് നീതിയുക്തമായി വിതരണം ചെയ്യുകയെന്നതായിരുന്നു അതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. അതിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് പ്രധാനമാണെന്നു കണ്ട് അതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്ന നടപടി പിണറായി സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ ഫലമായി വലിയ നേട്ടങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേടിയെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സര്‍വകലാശാലാ റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഡബിള്‍ എപ്ലസ്, എ പ്ലസ് റാങ്കുകള്‍ കരസ്ഥമാക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ മുന്നേറ്റം രൂപപ്പെട്ടപ്പോള്‍ അതിനെ സഹായിക്കാനല്ല ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായത്.
കേരളത്തിലെ ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അവശ്യപ്പെടുകയാണുണ്ടായത്. കേരള സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ അവഹേളിക്കാനും കരിതേച്ചുകാണിക്കാനുമുള്ള ആര്‍എസ്എസ് അജൻഡ നടപ്പിലാക്കുന്ന പ്രവര്‍ത്തനമാണ് മുന്നോട്ടുവെച്ചത്.
വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറാണ്. എന്നാല്‍ സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഇതനുസരിച്ച് വിസിമാരെ പുറത്താക്കണമെങ്കില്‍ വ്യക്തമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പെരുമാറ്റദൂഷ്യം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിക്കപ്പെട്ടാല്‍ ഷോകോസ് നോട്ടീസ് നല്‍കണം. പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണം. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി കൈക്കൊള്ളാനാകൂ. നിയമനത്തെക്കുറിച്ച് യു.ജി.സി ചട്ടം പാലിക്കേണ്ടതുണ്ടെങ്കിലും വി.സിമാരെ നീക്കുന്നതിനെക്കുറിച്ച് ചട്ടത്തില്‍ പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ വി.സിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയു. അതൊന്നും പാലിക്കാതെയാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തിയത്. ബില്ലുകളുടെ കാര്യത്തിലെന്ന പോലെ സര്‍വ്വകലാശാലകളേയും തകര്‍ക്കുന്ന പ്രവര്‍ത്തനം ഗവര്‍ണര്‍ മുന്നോട്ടുവെച്ചുവെന്നര്‍ത്ഥം.
വി.സിമാരെ നിയമിക്കുന്നതില്‍ നടപടി ക്രമം പാലിച്ചില്ലെന്നായിരുന്നു അന്നത്തെ ആരോപണം. നടപടി ക്രമത്തെപ്പറ്റി പറയുന്ന ഗവര്‍ണറാണ് എല്ലാ നടപടിക്രമങ്ങളും ചട്ടങ്ങളും ലംഘിച്ച് വി.സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ദീപാവലി ദിനത്തില്‍ രാവിലെ 11.30 നകം രാജിവെക്കണമെന്നതായിരുന്നു ഗവര്‍ണറുടെ ആവശ്യം. എന്നാല്‍ ശക്തമായ പ്രതിരോധം വൈസ് ചാന്‍സിലര്‍മാര്‍ തന്നെ ഉയര്‍ത്തുന്ന സ്ഥിതി ഈ ഘട്ടത്തിലുണ്ടായി.
എന്താണ് ഗവര്‍ണറുടെ ഈ ഹിറ്റ്ലേറിയന്‍ നടപടിക്ക് കാരണം? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സെക്കന്ററിതലം വരെയുള്ള വിദ്യാഭ്യാസത്തിനായിരുന്നു ഊന്നല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ്. അതോടൊപ്പം മതിനിരപേക്ഷ അടിത്തറയിലാണ് കേരളത്തിലെ വിദ്യാഭ്യാസം പുരോഗമിക്കുന്നത്. ഈ സിലബസ് കാവിവല്‍ക്കരിക്കുകയാണ് മറ്റൊരു അജന്‍ഡ. അതിന്റെ ഭാഗമായാണ് നിലവിലുള്ള വി.സിമാരെ നീക്കി സംഘപരിവാറുകാരായ വി.സിമാരെ നിയമിക്കാനുള്ള ആരിഫ് മുഹ്മ്മദ്ഖാന്റെ നീക്കം. ആര്‍.എസ്.എസ് അജൻഡകേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിക്കാനുള്ള ക്വട്ടേഷനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റെടുത്തിട്ടുള്ളത്. ആര്‍.എസ്.എസിനുവേണ്ടി കുഴലൂത്ത് നടത്തുകയാണ് ഗവര്‍ണര്‍. ആര്‍.എസ്.എസ് മേധാവിയെ അദ്ദേഹം താമസിക്കുന്നിടത്തു പോയി കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണറില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ കേരളം പ്രതീക്ഷിച്ചത് തന്നെയാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ കോര്‍പറേറ്റ് അനുകൂല വര്‍ഗ്ഗീയ ഭരണത്തിനെതിരെ ഒരു ബദല്‍ മുന്നോട്ടുവെക്കുന്നത് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. അതിനെ അട്ടിമറിക്കുക എന്നതും സംഘപരിവാര്‍ അജൻഡയാണ്. അതിനായുള്ള ചാട്ടുളിയാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഇതിനെല്ലാം പുറമെ മറ്റൊരു വിശാല അജൻഡ കൂടി ഗവര്‍ണര്‍ക്കും, ആര്‍.എസ്.എസിനും ഉണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയേയും, നിയമ സംവിധാനത്തേയും ദുര്‍ബലവും നിര്‍ജീവവുമാക്കി ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് നയിക്കുക എന്നതാണ്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുക്കുന്നത് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ ആരംഭിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നീക്കങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും, പ്രതിരോധിക്കാന്‍ തുടങ്ങിയതോടെയുമാണ് ജനങ്ങളുടെ ക്ഷേമത്തിന് തയ്യാറാക്കിയ ബില്ലുകള്‍ തന്നെ പിടിച്ചുവെക്കുകയെന്ന നയം മുന്നോട്ടുവെച്ചത്.
സംഘപരിവാര്‍ ഗവര്‍ണര്‍മാരിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ച അജൻഡക്കാണ് സുപ്രീം കോടതി തടയിട്ടിരിക്കുന്നത്. ഭരണഘടനയെ മറികടന്ന് തങ്ങളുടെ ഇംഗിതം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് കോടതിയുടെ ഈ ഇടപെടല്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. ♦