ലോകമെമ്പാടുമുള്ള സാംസ്‌കാരിക ദശാസന്ധികളിലെ വർണവൈവിധ്യങ്ങളാൽ സമൃദ്ധമാണ് ഓരോ രാജ്യത്തിന്റെയും നാടിന്റെയും ചുവർചിത്രകലാപാരമ്പര്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമത് ദർശിക്കാവുന്നതാണ്. പ്രത്യേകിച്ച് കേരളത്തിൽ. ചിത്രകലയുടെ സൃഷ്ടിപരമായ സങ്കേതങ്ങളോടൊപ്പം ഇതര കലകളായ നൃത്തം, സാഹിത്യം, വാസ്‌തുശിൽപം, അനുഷ്‌ഠാനകലകൾ എന്നിവയുമായും ഇണങ്ങിനിൽക്കുന്നതാണ് കേരളീയ ചുവർചിത്രകല. ഈ കേരളീയ ചിത്രകലയുടെ പൈതൃക വഴികളിലും ചുവർചിത്രകലയ്‌ക്കുള്ള സ്ഥാനം ഏറെ പ്രധാനമാണ്. ചടുലമായ രേഖകളും വർണശാലീനതയും സൗന്ദര്യവുംകൊണ്ട് സമ്പന്നമാണ് കേരളീയ ചുവർചിത്രങ്ങൾ. ആരോഹണാവരോഹണങ്ങളുടെ നിരന്തര താളവും ചലനാത്മകതയും ഇവയുടെ കലാമൂല്യം വർധിപ്പിക്കുന്നു. കേരളീയ ചുവർചിത്രങ്ങളുടെ പൗരാണികവും ചരിത്രപരവും സാംസ്‌കാരികവുമായ പ്രചോദനങ്ങൾ, ഘടന, ഉപാധികൾ, ദേശപ്രത്യേകതകൾ, ശൈലീഭേദങ്ങൾ എന്നിവയൊക്കെ സജീവമായി പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌ത ശ്രദ്ധേയരായ കേരളീയ കലാകാരർ നിരവധിയാണ്. അവരിലൊരാളാണ് സുരേഷ് കെ നായർ. 1990ൽ സംസ്ഥാനത്ത് ആരംഭിച്ച ചുവർചിത്ര പഠനകേന്ദ്രത്തിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു അദ്ദേഹം.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ മ്യൂറൽ വിഭാഗം അധ്യാപകനായ സുരേഷ് കെ നായരുടെ പുതിയ ചിത്രങ്ങളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വിഖ്യാത ശിൽപി കാനായി കുഞ്ഞുരാമൻ ഉദ്‌ഘാടനംചെയ്‌ത പ്രദർശനം ക്യൂറേറ്റ് ചെയ്‌തത് മേഘാ ശ്രേയസാണ്. ലളിതകലാ അക്കാദമിയുടെ 2022‐23 വർഷത്തിലെ സമകാലിക ഏകാംഗ കലാപ്രദർശനപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം ഒരാഴ്‌ച നീണ്ടുനിന്നു. ‘എലമെന്റൽ തീസസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ദാർശനികമായ ഉൾക്കാഴ്‌ച പ്രകടമാകുന്നവയാണ്. കൊറോണക്കാലത്തെ തന്റെ ആശങ്കകളും ഒറ്റപ്പെട്ടുപോകുന്ന പ്രകൃതിയും മനുഷ്യനുമപ്പുറമുള്ള ചിത്രകാരന്റെ മനസ്സുമാണ് തെളിയുക. ഈ ചിത്രങ്ങളിൽ മനുഷ്യനും പ്രകൃതിയും ചലനാത്മകമാവുന്നതും അനുഭവപരമായ രൂപങ്ങളെ ആസ്വാദകരുമായി സംവദിക്കുകയും ചെയ്യുംവിധമാണ് ചിത്രകാരൻ ആവിഷ്‌കരിക്കുന്നത്.
കൊറോണക്കാലത്തെ തന്റെ ഒറ്റപ്പെട്ടുപോയ മനസ്സിന്റെ ആശങ്കകളിലേക്ക് പ്രകൃതിയും മനുഷ്യനും പുതിയ രൂപമാതൃകകളായിട്ടാണ് കടന്നുവന്നതെന്ന് അദ്ദേഹം പറയുന്നു. അതിന്റെ പ്രതിഫലനമാണ് ചലനാത്മകമാകുന്ന പ്രകൃതിയും മനുഷ്യരൂപവും ഉൾപ്പെടുന്ന ചെറുചിത്രങ്ങൾ. ചലനാത്മകമാകുന്നതും അനുഭവപരവുമായ രൂപങ്ങളെ കലയിലേക്ക് സ്വാംശീകരിക്കുന്ന പ്രക്രിയയും സുരേഷ് കെ നായർ പ്രകടമാക്കുന്നു. ചെറിയ ചിത്രങ്ങളിൽ ഒതുങ്ങുന്ന മനുഷ്യരൂപം ഒന്നിലധികം ചിത്രങ്ങളിലൂടെ വിപുലമായ ഒരാശയപ്രചഞ്ചം സൃഷ്ടിക്കുന്ന പ്രകൃതി മാതൃകയായാണ് നമുക്ക് ദർശിക്കാനാവുക. ഇവിടെ ആസ്വാദകർക്ക് അവരുടെ ആസ്വാദനതലത്തിൽനിന്ന് പുതിയ കാഴ്‌ചയെ രൂപപ്പെടുത്താനാവും എന്നതും പ്രത്യേകതയാവുന്നു.
ജ്യാമതീയ രൂപത്തിലേക്ക് ചെറുചിത്രങ്ങളുടെ കൂട്ടം സഞ്ചരിച്ചികൊണ്ടിരിക്കുന്നു. ഒരു നദിയുടെ ഒഴുക്കുപോലെ ഋജുരേഖകളായും വക്രരേഖകളായും തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ട് ആസ്വാദകരോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ചുവർചിത്രകലാ പാരന്പര്യത്തിന്റെ ഉൾക്കരുത്തോടെയാണ് തന്റെ ചിത്രകലാശൈലിയെ ഒരു ചിത്രഭാഷയായി സുരേഷ് കെ നായർ ആവാഹിച്ചിട്ടുള്ളത്. മനുഷ്യരൂപങ്ങളുടെ പൂർണതയിലേക്ക് വിരൽചൂണ്ടുന്നതും കലയുശട പൊരുൾ വിശകലനം ചെയ്യപ്പെടുന്നതുമായി ആയിരക്കണക്കായ ചെറുചിത്രങ്ങൾ. ദേവീ‐ദേവതാ സങ്കൽപങ്ങളെ ഓർമിപ്പിക്കുന്ന രൂപങ്ങൾ‐ അവയിൽ സ്‌ത്രീ പുരുഷന്മാർ, മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പൂക്കൾ, ഇലകൾ, നദി, പർവതങ്ങൾ അങ്ങനെ മനുഷ്യരൂപങ്ങളിൽ നിന്നാണ് ഇവയൊക്കെ രൂപപരിണാമം സംഭവിച്ചുകൊണ്ട് വലിയൊരു ചിത്രതലത്തിലേക്ക് കടന്നുവരുന്നത്. മനുഷ്യരൂപത്തെയും പ്രകൃതിയെയും ഒന്നായി കാണുകയെന്ന ഭാരതീയ സങ്കൽപമായും ചിന്തയായും ഇതിനെ വ്യാഖ്യാനിക്കാനാവും. മറ്റൊരർഥത്തിൽ പ്രചഞ്ചസംബന്ധിയാകുന്ന ഒരു സന്തുലിതാവസ്ഥ ഈ ‘വലിയ’ ക്യാൻവാസാകുന്ന ‘ചെറിയ’ ചിത്രങ്ങളിൽ നമുക്ക് ദർശിക്കാം.
വൈവിധ്യമാർന്നതും പ്രസാദാത്മകവുമായ നിറങ്ങൾ ചിത്രകാരന്റെ ചിന്തയുടെ പൂർണതയും പ്രകാശനവുമാകുന്നു. സവിശേഷവും ശ്രദ്ധേയവുമായ സുരേഷ് കെ നായരുടെ ഈ പ്രദർശനം നമ്മോട് ഇങ്ങനെ പറയുന്നു.
‘സ്വാതന്ത്ര്യത്തിന്റെ അർഥവും വിശാലതയും അനുഭവിച്ചറിഞ്ഞത് കോവിഡ് കാലത്താണെന്ന് കലാകാരർ അടക്കംപറയുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്. അടച്ചിരിക്കുമ്പോഴും എന്റെ അവകാശമായി കരുതിയിരുന്ന സ്വാതന്ത്ര്യത്തെ സർഗാത്മകമാക്കുകയായിരുന്നു ഈ ചിത്രകാരൻ. സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവികതാബോധവും ചേർത്തുപിടിച്ചുകൊണ്ട്’. ♦