Monday, July 22, 2024

ad

Homeപുസ്തകംമറുനാട്ടിൽനിന്നൊരു മലയാള നോവൽ

മറുനാട്ടിൽനിന്നൊരു മലയാള നോവൽ

ജി വിജയകുമാർ

സിൻ
ഹരിത സാവിത്രി
മാതൃഭൂമി ബുക്‌സ്‌
വില: 450/‐ രൂപ

കാഫ്‌കയുടെ മനോഹരമായ നോവലുകളിലൊന്നാണ്‌ ‘അമേരിക്ക’. പക്ഷേ കാഫ്‌ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഒരിക്കൽപോലും സന്ദർശിച്ചിട്ടില്ലാത്ത അമേരിക്കയെക്കുറിച്ച്‌ വായനയിലൂടെയും മറ്റും ലഭിച്ച അറിവുവച്ചാണ്‌ ആ നോവൽ രചിച്ചത്‌. എന്നാൽ മലയാളത്തിന്റെ പ്രിയ കഥാകാരി കെ ആർ മീര ‘ആരാച്ചാർ’ എഴുതുന്നതിനു മുമ്പ്‌ ആ നോവലിന്റെ പശ്ചാത്തലമായ കൊൽക്കത്തിയിൽ പോയി ആറുമാസത്തോളം താമസിക്കുകയും ഒട്ടേറെ രേഖകൾ ശേഖരിച്ച്‌ വിശകലനം നടത്തുകയും ചെയ്‌തിരുന്നു. മലയാള സാഹിത്യചരിത്രത്തിൽ ഇടംനേടിയ മീരയുടെ ‘ആരാച്ചാർ’ എന്ന നോവലിനെക്കുറിച്ച്‌ നിസ്സംശയം പറയാവുന്ന ഒരു വിശേഷണമാണ്‌ മലയാളത്തിൽ എഴുതപ്പെട്ട ഒരു ഇന്ത്യൻ നോവൽ എന്നത്‌. അതുപോലെ തന്നെ മറ്റൊരു വിധത്തിൽ അടയാളപ്പെടുത്താവുന്ന ഒരു കൃതിയാണ്‌ ഹരിത സാവിത്രിയുടെ ‘‘സിൻ’’‐ മലയാളത്തിൽ എഴുതപ്പെട്ട സാർവദേശീയ നോവൽ. ആരാച്ചാരിലേതുപോലെ തന്നെ സിന്നിനും സാർവലൗകികമായ ഒരു തലമുണ്ട്‌. ആ നിലയിൽ സിൻ അടയാളപ്പെടുത്തപ്പെടുമെന്ന്‌ നിസ്സംശയം പറയാം.

ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള, അതിജീവിനത്തിനായുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന നോവലാണ്‌ ഹരിതയുടെ ‘‘സിൻ’’. തുർക്കിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ വാഴ്‌ചയ്‌ക്കെതിരെ അതിൽനിന്ന്‌ മോചനം നേടാൻ തങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിച്ച്‌ പൊരുതുന്ന കുർദുകളുടെ കഥയാണ്‌ ഈ നോവൽ പറയുന്നത്‌. ബാഴ്‌സലോണയിൽ (സ്‌പെയിൻ) സ്ഥിരവാസമുറപ്പിച്ച ഹരിത സർവകലാശാലയിലും പുറത്തും തന്റെ സുഹൃദ്‌വലയത്തിൽ വന്ന തുർക്കികളും കുർദുകളും ഉൾപ്പെടെയുള്ള ചെറുപ്പക്കാരിൽനിന്ന്‌ തുർക്കിയിൽ (അവിടെ മാത്രമല്ല, ഇറാക്കിലും ഇറാനിലും സിറിയയിലുമെല്ലാം ന്യൂനപക്ഷമായ കുർദുകൾ പീഡിപ്പിക്കപ്പെടുന്നുണ്ട്‌) കുർദുകൾ നേരിടുന്ന അടിച്ചമർത്തലുകളെക്കുറിച്ച്‌ അറിയുന്നു. ലോകത്തെവിടെയുമുള്ള മർദിതർക്കൊപ്പം ചേർന്നു നിൽക്കാനുള്ള മനസ്സും പ്രത്യയശാസ്‌ത്ര നിലപാടുമുള്ള ഹരിത കുർദു ജനതയുടെ ദുരിതജീവിതവും പോരാട്ടങ്ങളും കേദ്ന്രീകരിച്ച്‌ ഒരു നോവൽ രചിക്കാൻ തീരുമാനിച്ച്‌ തുർക്കിയിലെ കുർദു മേഖലയിലേക്ക്‌ പോവുകയും തുർക്കി ഭരണാധികാരികളുടെ അടിച്ചമർത്തലുകൾക്ക്‌ വിധേയരായവരെ നേരിൽക്കണ്ട്‌ അവരനുഭവിക്കുന്ന കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നു. ഒപ്പം കുർദുകളുടെ മോചനത്തിനായി പൊരുതുന്ന വിപ്ലവകാരികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും നേരിട്ട്‌ മനസ്സിലാക്കുന്നു. ഇങ്ങനെ ലഭിച്ച നേരനുഭവത്തിൽനിന്നും ഇരുവംകൊണ്ടതാണ്‌ സിൻ എന്ന മനോഹരമായ നോവൽ.

ബാഴ്‌സലോണ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയും മലയാളിയുമായ സീത കാമുകനും തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ പിതാവുമായ ദേവ്‌റാനെ തേടി സുഹൃത്തായ തിമൂറുമൊത്ത്‌ (ദേവ്‌റാൻ കുർദും തിമൂർ തുർക്ക്‌ വിഭാഗത്തിൽപെട്ടവനുമാണ്‌) കുർദ്‌ മേഖലയിലെ സുർ എന്ന നഗരത്തിൽ എത്തുന്നിടത്താണ്‌ നോവൽ ആരംഭിക്കുന്നത്‌. നമ്മൾ അധികമൊന്നും ചർച്ച ചെയ്‌തിട്ടില്ലാത്ത, സാഹിത്യത്തിലോ സിനിമയിലോയെന്നല്ല, രാഷ്‌ട്രവ്യവഹാരങ്ങളിലും ചരിത്രകഥനങ്ങളിലും പോലും കാര്യമായി ചർച്ചാവിഷയമാക്കിയിട്ടില്ലാത്ത സ്വന്തം സ്വത്വം നിലനിർത്താനും സ്വാതന്ത്ര്യം നേടാനുമുള്ള കുർദ്‌ ജനതയുടെ പോരാട്ടഭൂമിയിലേക്കാണ്‌ ഹരിത സാവിത്രി നമ്മെ നയിക്കുന്നത്‌. ചോര മണക്കുന്ന, ചാവുനിലങ്ങളാക്കപ്പെട്ട, നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന ഭീതിദമായ ആ അന്തരീക്ഷത്തിലും ജീവിതം നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും പൊരുതുന്ന മനുഷ്യന്റെ സാർവത്രികതയുടെ, സാർവലൗകികതയുടെ മുഖങ്ങളാണ്‌ നമുക്ക്‌ ഈ നോവലിലുടനീളം കാണാനാവുന്നത്‌. അടിച്ചമർത്തലിനെതിരായ മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യബോധവും പോരാട്ടവീര്യവും തെളിയോടെ അവതരിപ്പിക്കപ്പെടുകയാണ്‌ ഈ നോവലിലുടനീളം. കുർദുകളുടെ പോരാട്ടത്തിൽ തോളോടു തോളുരുമ്മി നിൽക്കുകയും രക്തസാക്ഷിത്വം വരിക്കാൻ സന്നദ്ധമാവുകയും ചെയ്യുന്ന മാനുഷികതയും നീതിയും ന്യായവും ഉയർത്തിപ്പിടിക്കുന്ന പുരോഗമനപക്ഷത്തു നിൽക്കുന്ന തുർക്കി യുവതയുടെ പ്രതീകമായ തിമൂറിലൂടെ, തന്റെ പുത്രൻ ശരിയുടെ പക്ഷത്താണെന്ന്‌ തിരിച്ചറിയുന്ന, അവനുയർത്തിപ്പിടിക്കുന്ന ശരികൾക്കുവേണ്ടി സ്വയം ത്വജിച്ചും പൊരുതാനിറങ്ങുന്ന അവന്റെ പിതാവ്‌ ബഹാദീറിലൂടെ സമകാലിക തുർക്കിയിലെ പോരാട്ടങ്ങളുടെ മുഖങ്ങളിലേക്കാണ്‌ ഹരിത നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. വംശീയതയ്‌ക്കതീതമായ മാനുഷികതയുടെ മറ്റൊരു മുഖമാണ്‌ ഈ നോവലിലെ അബ്ദുല്ലയെന്ന മുൻ രഹസ്യ പൊലീസ്‌ ഉദ്യോഗസ്ഥനായ വൃദ്ധൻ.

സ്വേച്ഛാധിപത്യം, അത്‌ സൈനികവാഴ്‌ചയിലാകട്ടെ, മതമൗലികതയുടെ വാഴ്‌ചയിലാകട്ടെ, സ്‌ത്രീവിരുദ്ധവും കൂടിയാണെന്ന്‌ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌ മനോഹരമായ, ഹൃദയഹാരിയായ ഈ നോവൽ. ജിസ്‌റെയിൽ അനേകം പട്ടാളക്കാർ ചേർന്ന്‌ ബലാത്സംഗം ചെയ്‌ത്‌ പെട്രോളൊഴിച്ച്‌ ജീവനോടെ ചുട്ടുകൊന്ന അർമാന്റെ (ദേവ്‌റാന്റെ ജ്യേഷ്‌ഠൻ) കാമുകിയും കുർദിഷ്‌ വിപ്ലവകാരിയുമായ ദിൽവ ഉൾപ്പെടെയുള്ള യുവതികളുടെ ചിത്രം വരച്ചിടുന്ന ഹരിത സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ നിഷ്‌ഠുരതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ജിസ്‌റെയിലേക്കുള്ള ദുരിതപൂർണമായ, തനിക്ക്‌ തലചായ്‌ക്കാൻ ഇടം നൽകിയ സാര്യയുടെ ജീവിതപങ്കാളിയെ തേടിയുള്ള യാത്രാമധ്യേ മുസ്‌തഫ കാണുന്ന പെൺജീവിതങ്ങളിലൂടെയും ഹരിത വരച്ചിടുന്നത്‌ ഈ അവസ്ഥയാണ്‌. കഥാനായിക സീത നേരിടുന്ന പീഡാനുഭവങ്ങൾ തന്നെ ഇതിനെക്കുറിച്ചുള്ള സാക്ഷ്യം പറച്ചിലാണ്‌. അർമാൻ തന്റെ സഹോദരനായ പട്ടാളക്കാരനെ (ജിസ്‌റെയിലെ നിലവറയിലെ കൂട്ടബലാത്സംഗത്തിനും കൂട്ടക്കൊലയ്‌ക്കും മുന്നിൽ നിന്ന നരാധമൻ) കൊലപ്പെടുത്തിയതിന്റെ പകവീട്ടാനായി അർമാന്റെയും ദേവ്‌റാന്റെയും സഹോദരി ഗുല്ലിനെ പിടിച്ചുകൊണ്ടുവരാൻ പട്ടാളക്കാർക്ക്‌ ഉത്തരവ്‌ നൽകാതിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ ദേവ്‌റാന്റെ കാമുകി സീയെ പിടികൂടിയ വിവരമറിഞ്ഞ്‌ അങ്കാറയിൽനിന്ന്‌ ഇസ്‌താംബൂളിൽ പറന്നിറങ്ങി ഗർഭിണിയായ അവളെ തടവറയ്‌ക്കുള്ളിൽവെച്ച്‌ അതിക്രൂരമായി പീഡിപ്പിക്കുകയും തന്റെ കിങ്കരന്മാർക്കും കണ്ണിൽ കണ്ടവർക്കുമെല്ലാം എറിഞ്ഞുകൊടുക്കുകയും ചെയ്‌തത്‌, ആ കൂട്ടബലാത്സംഗത്തിൽ അവളുടെ കുഞ്ഞ്‌ നഷ്ടപ്പെട്ടത്‌, അവളുടെ ജീവൻതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയത്‌ എല്ലാം ഈ നോവലിൽ നാം വയിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഭീകരമായ ആ സംവിധാനത്തോടുള്ള രോഷം ഉയരുമെന്നുറപ്പാണ്‌.

തുർക്കിയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും മർദന നടപടികളും ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിന്‌ തന്റെ ജീവൻപോലും അപകടത്തിലാകുമെന്ന്‌ അറിഞ്ഞിട്ടും അതിന്‌ തയ്യാറാകുന്ന പിനാർ എന്ന തുർക്കിയിലെ ഒരു മാധ്യമപ്രവർത്തകയാണ്‌ സീതയുടെ ദുരന്തം പുറംലോകത്തെത്തിക്കുന്നത്‌. തന്റെ സുഹൃത്തുക്കൾക്കായി ജീവൻ നൽകാൻ തയ്യാറാകുന്ന മുസ്‌തഫ ഒടുവിൽ തീമൂർ കൊല്ലപ്പെടുമ്പോൾ ആകെ തകർന്നുപോകുന്നത്‌ നാം കാണുന്നു.

ഇന്നത്തെ ഇന്ത്യയിലെ കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ നേതാക്കളിൽ ഒരാളാണ്‌ സീതയുടെ അമ്മയുടെ സഹോദരൻ സോമശേഖരൻ. സ്വന്തം മാതാപിതാക്കൾ പോലും തള്ളിപ്പറഞ്ഞ ആ കുട്ടിയോട്‌ സ്‌നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്ന സോമശേഖരൻ യെർദൊഗാന്റെ തുർക്കിയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും പീഡനങ്ങളും കണ്ട്‌, അത്‌ സ്വന്തം സഹോദരീപുത്രി അനുഭവിക്കുന്നത്‌ നേരിൽ ബോധ്യപ്പെടുമ്പോൾ പൊട്ടിത്തെറിക്കുന്നത്‌ തെല്ലൊരു കൗതുകത്തോടെയല്ലാതെ നമുക്ക്‌ വായിക്കാനാവില്ല. കാരണം ഇന്ത്യയിൽ മോദി വാഴ്‌ചയിൽ ഏറെക്കുറെ സമാനമായ പീഡനങ്ങളാണല്ലോ ഇവിടത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്നത്‌. ഈ കഥാപാത്രത്തിന്റെ അവതരണത്തിലൂടെ അത്തരമൊരു രാഷ്‌ട്രീയം കൂടി പറയാതെ പറയുന്നുണ്ട്‌. യെർദൊഗാന്റെ ഇസ്ലാമിക്‌ സ്വേച്ഛാധിപത്യവും മോദിയുടെ ഹിന്ദുത്വ സ്വേച്ഛാധിപത്യവും ഒരേ വർഗത്തിന്റെ താൽപര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌ എന്നും ആ മൂലധനതാൽപര്യം സംരക്ഷിക്കാനുള്ള ഉപാധി കൂടിയാണ്‌ മനുഷ്യത്വരഹിതമായ സ്വേച്ഛാധിപത്യ നടപടികളെന്നും നോവലിസ്റ്റ്‌ പറയാതെ പറയുന്നുണ്ട്‌.

ഈ നോവലിലെ ഉള്ളുലയ്‌ക്കുന്ന ചില പരാമർശങ്ങൾ കൂടി ഇവിടെ ചേർക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ‘മുസ്‌തഫ, ദിൽവ ഇനി ഇല്ല. അർമാനും’. ആ ശബ്ദം തണുത്തിരുന്നു.

‘നീ എന്താണ്‌ പറയുന്നത്‌?’

അവന്റെ സമനില തെറ്റിയോ എന്ന്‌ എനിക്ക്‌ സംശയം തോന്നി.
‘ദിൽവയെ അവർ കൊന്നു. അനേകംപേർ ചേർന്ന്‌ ബലാത്സംഗം ചെയ്‌തതിനുശേഷം ഒരു നിലവറയിൽ അതുപോലെയുള്ള മറ്റനേകം ഇരകൾക്കൊപ്പമിട്ടു ജീവനോടെ കത്തിച്ചുകൊന്നു’.

എനിക്ക്‌ ശരീരം തളരുന്നതുപോലെ തോന്നി. ആ വാക്കുകൾ എന്റെ തലയിൽ വീണ്ടും വീണ്ടും മുഴങ്ങി… അവന്റെ മുഖത്തെ മരവിപ്പ്‌ എന്നെ ഭയപ്പെടുത്തി. ഏതോ നാട്ടിലെ, തികച്ചും അന്യയായ ഒരു പെൺകുട്ടിയെ ആരോ കൊന്ന കഥ പറയുന്നതുപോലെ നിർവികാരമായിട്ടായിരുന്നു അവൻ അത്‌ പറഞ്ഞത്‌…

…‘ദിൽവയെ മാത്രമല്ല മുസ്‌തഫ, അനേകം പെൺകുട്ടികളെ, കുഞ്ഞുങ്ങളെ, വൃദ്ധരെ, അമ്മമാരെ, ചെറുപ്പക്കാരെ, നിരപരാധികളായ അനേകം മനുഷ്യരെ അവർ നിരവധി നിലവറകളിലിട്ടു ചുട്ടുകൊന്നു…’ എന്തിനുവേണ്ടിയാണ്‌ അവർ പോരാടിക്കൊണ്ടിരുന്നത്‌ എന്ന്‌ എനിക്കിപ്പോഴാണ്‌ പൂർണമായി മനസ്സിലായത്‌. അത്‌ ഞാൻ തുടരാൻപോവുകയാണ്‌… അമ്മയെക്കാൾ വലുതാണ്‌ മുസ്‌തഫ ഈ നാട്‌. മരിച്ചുപോയേക്കും എന്നറിഞ്ഞിട്ടും ദിൽവ ജിസ്‌റെയിൽതന്നെ തങ്ങിയത്‌ നമ്മുടെ മണ്ണിനുവേണ്ടിയാണ്‌’’.

രാഷ്‌ട്രീയകാര്യങ്ങളിൽ തെല്ലും താൽപര്യമില്ലാതിരുന്ന അക്കാദമിക്‌ കാര്യങ്ങളിൽ അതീവ തൽപരനായിരുന്ന അർമാൻ എന്ന സമർഥനായ വിദ്യാർഥി സ്വന്തം കാമുകിയുടെ, വിപ്ലവകാരിയായ ദിൽവയുടെ രക്തസാക്ഷിത്വത്തിലൂടെ പകർന്നുകിട്ടിയ രാഷ്‌ട്രീയത്തിലൂടെ പുനർനിർമിതിക്ക്‌ സ്വയം വിധേയനാകുന്നതാണ്‌ നാം ഇവിടെ കാണുന്നത്‌.

ഇതാ മറ്റൊരു രംഗം: ‘‘ഞാൻ എന്റെ മകനെ കാത്തിരിക്കുകയാണ്‌. അവനെ അവർ പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്‌തിട്ട്‌ വിട്ടയയ്‌ക്കുമെന്നാണ്‌ പറഞ്ഞത്‌’’. തനിക്ക്‌ അഭയംതന്നെ സാര്യയുടെ പങ്കാളി ഹൊസാനെ തേടിയുള്ള മുസ്‌തഫയുടെ യാത്രാമധ്യേ വഴിയോരത്തു കാണുന്ന, ഒരു വൃദ്ധന്റെ വാക്കുകളിലൂടെ തുർക്കിയിലെ കുർദു മേഖലയിലെ അനേകം അച്ഛനമ്മമാരുടെ കദനകഥയാണ്‌ നോവലിസ്റ്റ്‌ വരച്ചിടുന്നത്‌.

രാജ്യാതിർത്തികൾക്കപ്പുറമുള്ള സാർവലൗകികമായ ചില മനുഷ്യാവസ്ഥകളെയാണ്‌ കുർദ്‌ ജനതയുടെ പോരാട്ടത്തിന്റെ കഥയിലൂടെ ഹരിത സാവിത്രി അതീവ ഹൃദ്യമായി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്‌. നോവലിസ്റ്റ്‌ തന്നെ സീതയെന്ന കരുത്തുറ്റ പെൺകഥാപാത്രമായി പരകായപ്രവേശം നടത്തിയിരിക്കുകയാണ്‌ നോവലിൽ. മന്ദമാരുതനായി ആരംഭിച്ച്‌ വലിയൊരു ചുഴലിക്കൊടുങ്കാറ്റിനെപ്പോലെ ആഞ്ഞുവീശുന്ന ഇതിന്റെ കഥാഗതി അവസാന വരിവരെ വായിച്ചുതീരാതെ പുസ്‌തകം മടക്കിവെയ്‌ക്കാൻ പറ്റാത്തവിധം നമ്മെ ആവേശം കൊള്ളിക്കുന്നതാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular