നവംബർ ആറിന് വലതുപക്ഷ അക്രമിസംഘം സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ (PSOE) ഹെഡ്ക്വാർട്ടേഴ്സിനുനേരെ ആക്രമണം നടത്തുകയുണ്ടായി. ആയുധങ്ങളേന്തിയ ആക്രമിസംഘം പാർട്ടി ഓഫീസിന് ഉള്ളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയുമുണ്ടായി. രാജ്യത്തെ നിലവിലെ ഗവൺമെന്റിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം കൂടിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് നേരെ ഉണ്ടായ ഈ കടന്നക്രമണത്തെ രാജ്യത്തെ പുരോഗമന ഇടതുപക്ഷ ശക്തികൾ രൂക്ഷമായി അപലപിച്ചു.
കാറ്റലൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലെ നേതാക്കൾക്ക് മാപ്പ് നൽകുവാനുള്ള, സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നയിക്കുന്ന ഗവൺമെന്റിന്റെ തീരുമാനമാണ് വലതുപക്ഷ ശക്തികളെ ഈ ആക്രമണത്തിന് പ്രകോപിപ്പിച്ചത്. യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടിയും വോക്സ് അടക്കമുള്ള തീവ്രവാദ സംഘങ്ങളും ചേർന്ന് രാജ്യത്ത് ശക്തമായ, ആക്രമണോത്സുഖമായ പ്രതിഷേധങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിഎസ്ഒഇയുടെയും സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വം ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആണ് വലതുപക്ഷം നടത്തുന്നതെന്ന് അവർ പറയുന്നു.
ഈ വർഷം ജൂലൈയിൽ സ്പെയിനിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ തൂക്കുപാർലമെന്റിനുള്ള എല്ലാ സാധ്യതകളും കണ്ടിരുന്നു. പീപ്പിൾസ് പാർട്ടിയും മറ്റ് വലതുപക്ഷ പാർട്ടികളും ഒന്നിച്ചൊരു കൂട്ടു മുന്നണി രൂപീകരിച്ചാൽ മാത്രമേ ഗവൺമെൻറ് രൂപീകരിക്കാൻ പറ്റു എന്ന അവസ്ഥയിൽ എത്തി നിന്നപ്പോഴാണ് രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് പെദ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള പി എസ് ഓ ഇ 121 സീറ്റും 31.7 ശതമാനം വോട്ടും നേടിയത്. നിലവിൽ തങ്ങളുടെ കൂടെയുള്ള മറ്റു പാർട്ടികൾക്ക് ഒപ്പം കാറ്റലൻ, ബാസ്ക് ദേശീയവാദികളോടും റിപ്പബ്ലിക്കൻ ഗ്രൂപ്പുകളോടും ചേർന്ന് മുന്നണി രൂപീകരിക്കുവാൻ പി എസ് ഒ ഇ ശ്രമിച്ചുവരികയാണ്. അങ്ങനെ പെദ്രോ സാഞ്ചസ് രാജ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഈയൊരു പശ്ചാത്തലത്തിൽ കാറ്റലൻ സ്വാതന്ത്ര്യ പ്രക്ഷോഭനത്തിന് നേതൃത്വം കൊടുത്തവർക്ക് മാപ്പ് നൽകുവാനുള്ള ഗവൺമെൻറിൻറെ തീരുമാനം മുന്നോട്ടുവച്ചുകൊണ്ട് രാജ്യത്താകമാനം ദേശീയ വികാരം ഉയർത്തിക്കൊണ്ടു വരുവാനുള്ള ശ്രമമാണ് ഇപ്പോൾ പീപ്പിൾസ് പാർട്ടിയും വോക്സും അടക്കമുള്ള വലതുപക്ഷ സംഘങ്ങൾ നടത്തുന്നത്.
പി എസ് ഒ ഇ ഹെഡ്ക്വാർട്ടേഴ്സിനുനേരെ ആക്രമണം നടത്തുക എന്നാൽ ശരിക്കും ജനാധിപത്യത്തിനും ആ പാർട്ടിയെ വിശ്വസിക്കുന്നവർക്കും നേരെയുള്ള കടന്നാക്രമണം ആണെന്നും 140 വർഷത്തെ പാർട്ടിയുടെ ചരിത്രം കാണിക്കുന്നത് ഇതുകൊണ്ടൊന്നും പാർട്ടിയെ തകർക്കാൻ ആവില്ല എന്നുള്ളതാണെന്നും പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നവംബർ ഏഴിന് പ്രതികരിച്ചു. സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള രാജ്യത്തെ ഇടതുപക്ഷ വിഭാഗങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുവാനുള്ള വലതുപക്ഷ ശ്രമങ്ങൾക്കെതിരായി ശക്തമായി രംഗത്തുണ്ട്. വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധമായ ഇത്തരം കടന്നാക്രമണങ്ങളെ ജനകീയമായി തന്നെ നേരിടുവാനാണ് രാജ്യത്തെ ഇടതുപക്ഷത്തിന്റെ തീരുമാനം. ♦