Tuesday, December 3, 2024

ad

HomeUncategorisedഇസ്രയേലിൽ നിന്ന് ദക്ഷിണാഫ്രിക്ക നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നു

ഇസ്രയേലിൽ നിന്ന് ദക്ഷിണാഫ്രിക്ക നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നു

സിയ റോസ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ അപലപിച്ചുകൊണ്ട് ഇസ്രായേലിലെ തങ്ങളുടെ നയതന്ത്ര ഉദ്യമവും നയതന്ത്ര പ്രതിനിധികളെയും പിൻവലിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ ഗവൺമെൻറ് നവംബർ ആറിന് പ്രഖ്യാപിച്ചു. പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെയും നിഷ്കളങ്കരായ പൗരരെയും കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതിയിൽ തികഞ്ഞ ആശങ്കയുണ്ടെന്നും ഇസ്രായേൽ നടത്തുന്നത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്നും സൗത്താഫ്രിക്കൻ വിദേശകാര്യ മന്ത്രി നളേദി പാന്തർ സമ്മേളനത്തിൽ പറയുകയുണ്ടായി.

ഒക്ടോബർ ഏഴിന് ആരംഭിച്ച ഗാസയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണം ഇതുവരെ 10000ലധികം പലസ്തീൻ പൗരരെയാണ് കൊന്നൊടുക്കിയത്. വ്യോമമാർഗത്തിലും ഷെല്ലിംഗ് വഴിയും കരമാർഗ്ഗത്തിലും നടത്തിയ ആക്രമണങ്ങളിലൂടെ ഇസ്രയേൽ കൊന്നൊടുക്കിയ ഈ പലസ്തീൻ പൗരരിൽ 4000ത്തിനടുത്ത് കുഞ്ഞുങ്ങളും ആയിരക്കണക്കിന് സ്ത്രീകളുമുണ്ട്. ഹമാസ് അടക്കമുള്ള പലസ്തീൻ പ്രതിരോധ സംഘങ്ങൾ നടത്തിയ സായുധപരമായ പ്രതിരോധ പ്രവർത്തനത്തിന് മറുപടിയായി ഇസ്രയേൽ തുടങ്ങിവെച്ച യുദ്ധം ലോക ജനതയും ഐക്യരാഷ്ട്രസഭയും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നിർത്തുവാൻ ആ രാജ്യം ഇനിയും തയ്യാറായിട്ടില്ല. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെതിരായി ദക്ഷിണാഫ്രിക്കയിൽ ഉയർന്നുവരുന്ന വിമർശനങ്ങളോടും പ്രതിഷേധങ്ങളോടും അവിടുത്തെ ഇസ്രായേലി അംബാസിഡർ നടത്തിയ മര്യാദകേട്ടതും അപകീർത്തികരവുമായ പരാമർശങ്ങളോടുള്ള നിലപാടുകൾ കൂടിയായി ദക്ഷിണാഫ്രിക്കൻ സർക്കാർ ഇപ്പോൾ എടുത്ത ഈ തീരുമാനത്തെ കാണേണ്ടിയിരിക്കുന്നു.

പലസ്തീൻ വിഷയത്തിൽ സ്ഥിരമായി നിലപാട് കൈക്കൊള്ളുകയും ആ രാജ്യത്തെ അനുകൂലിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കൂട്ടക്കുരുതിയും ദുരിതവും ഇനിയുമേറെ വർധിക്കുന്നതിനുമുൻപ് അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണം എന്ന് ആഹ്വാനം ചെയ്ത രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക. പൊതുവിൽ വെടിനിർത്തൽ നടപ്പാക്കണം എന്ന ആവശ്യം ആഗോളതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അനേകം രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും സഹായ ഏജൻസികളും ലോകത്ത് ആകമാനം പലസ്തീൻ ജനതയ്ക്ക് വേണ്ടി അണിനിരന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ഒന്നടങ്കം വെടിനിർത്തൽ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിട്ടും അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്ന ഇസ്രയേൽ അതിനു തയ്യാറാകുന്നില്ല. ദക്ഷിണാഫ്രിക്കയെ കൂടാതെ ചിലി, കൊളംബിയ, ഹോണ്ടുറാസ്‌, ജോർദാൻ, ബഹ്റൈൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇസ്രായേലിലെ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചിരുന്നു. ഗാസയ്ക്കുനേരെ ഇസ്രയേൽ ആക്രമണം നടത്താൻ തുടങ്ങിയ ഉടനടിതന്നെ ചോരക്കൊതിപൂണ്ട ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം പിൻവലിച്ച രാജ്യമാണ് ബൊളിവിയ. ഇത്തരത്തിൽ ശക്തമായി പലസ്തീൻ ഐക്യദാർഢ്യ നടപടികളും ഇസ്രായേൽവിരുദ്ധ നിലപാടുകളും ലോകത്താകമാനം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിന്റെ നിർണായകമായ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular